gfc

എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത്

എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത്
ഒരു രാത്രി ഒരു തല ഉദിച്ചു വന്നു.
ആ രാത്രി പുറത്തിറങ്ങിയവരെല്ലാം
ആകാശത്ത് ഒരു തല കണ്ട് സ്തബ്ദരായി.

കുന്നുകളിൽ നിന്നും സമതലങ്ങളിൽ നിന്നും
കാടുകളിൽ നിന്നും കായലുകളിൽ നിന്നും
നദികളിൽ നിന്നും നഗരങ്ങളിൽ നിന്നും
അവരതിനെ നോക്കി നോക്കി വിസ്മിതരായി

ആദ്യമൊക്കെ സംശയിച്ചും
പിന്നെപ്പിന്നെ ഉറപ്പിച്ചും
അവർ ആ തലയെ നോക്കി വിളിച്ചു :
ഹിറ്റ്ലർ ... ഹിറ്റ്ലർ ...
മുറിമീശയുള്ള ആ ഭീകരൻ തല
എന്റെ രാജ്യത്തെ നോക്കിച്ചിരിച്ചു.
ആകാശത്തു നിന്ന് ചോര പെയ്തു.

ഞങ്ങൾ ഭയന്ന് കതകടച്ചും കണ്ണടച്ചും കിടന്നു.
ഉണർന്നപ്പോഴും ഇരുട്ടിന്റെ ചിറകുവിരിച്ച്
ആ തല അവിടെത്തന്നെ നിന്നു .
അതിന്റെ മുഖരോമങ്ങൾ വളർന്നു
അത് ഞങ്ങളെ നോക്കി വിളിച്ചു :
'ഭായിയോം ബഹനോം ...'
പക്ഷേ, രക്തമൊഴുകുന്ന ഒരു വാൾത്തല
അദൃശ്യമായ കരങ്ങളാൽ
മേഘങ്ങൾക്കിടയിൽ നിന്ന്
അത് വലിച്ചൂരി
ഞങ്ങളുടെ വീടുകളിലേക്ക് ചൂണ്ടി.
അതിന്റെ വാൾത്തല നീണ്ടു നീണ്ടു വന്ന്
ഞങ്ങളുടെ വീട്ടു വാതിലുകളിൽ കുത്തി നിന്നു.

ആ വാൾത്തലയുടെ അസഹ്യമായ ചൂടിൽ
ഞങ്ങളുടെ പാടങ്ങൾ കരിഞ്ഞു.
ഞങ്ങളുടെ കർഷകർ സ്വന്തം മണ്ണിൽ
കരിഞ്ഞു വീണു.
ഞങ്ങളുടെ കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ
പിടഞ്ഞു വീണു.

'ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ
ഞങ്ങളുടെ രാജ്യത്തിന്റെ ആകാശം
തിരിച്ചു തരൂ 'എന്ന്
ഒഴിഞ്ഞ പാത്രങ്ങൾ മുട്ടി ഞങ്ങൾ പാടി.

ഓരോ വീടുകളിൽ നിന്നും ഞങ്ങൾ ഇറങ്ങി
വരി വരിയായി നടന്ന് തെരുവുകളിൽ കൂടി
മനുഷ്യരായ മനുഷ്യരെല്ലാം കെട്ടിപ്പിടിച്ച് കരഞ്ഞു.
ആകാശത്തേക്ക് നോക്കി
ഞങ്ങൾ ഉച്ചത്തിൽ പാടി :
ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ
ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ

ഞങ്ങളുടെ പാട്ടുകൾ മേഘങ്ങളായി പൊന്തി
മേഘങ്ങളിൽ ഞങ്ങൾ കരുതി വെച്ചിരുന്ന ഇടിവാളുകൾ
ആ തല നൂറായ് നുറുക്കി കടലിലെറിഞ്ഞു
നക്ഷത്രങ്ങൾ വീണ്ടും തെളിഞ്ഞു.
മനുഷ്യർ മനുഷ്യരെ സ്നേഹിച്ചില്ലെങ്കിൽ
ആ തല നമ്മുടെ ആകാശത്ത് വീണ്ടുമുദിക്കുമെന്ന്
ഞങ്ങൾ ഞങ്ങളുടെ കുട്ടികളോട് പറഞ്ഞു

ഹൂല ഹൂപ്ആദ്യമാദ്യം ഇത് പ്രൊഫസറാണ് കാണുന്നത്.
വൈകുന്നേരത്തെ ചായയ്ക്കു ശേഷം അദ്ദേഹം മുറ്റത്തിറങ്ങി കവലയിലേക്കുള്ള റോഡിലേക്ക് നോക്കി നിൽക്കും.

വീട്ടിൽ നിന്ന് കവലയിലേക്ക് നാല് പോയിൻറുകളുണ്ട്.
വീട്, സർവീസ് സ്റ്റേഷൻ, കയറ്റം,കവല.
വീട്ടിൽ നിന്ന് നൂറു മീറ്റർ കഴിഞ്ഞാൽ
ഒരൊന്നൊന്നര കയറ്റമാണ് .
കയറ്റത്തിനപ്പുറം കെട്ടിടങ്ങൾ പുറംതിരിഞ്ഞു നിൽക്കുന്ന കവല.
ഈ കയറ്റത്തിലേക്ക് നോക്കി നിൽക്കുന്ന ഒരു വൈകുന്നേരം പ്രൊഫസർ അതു കണ്ടു.

കയറ്റത്തിൽ
നുരച്ചു വളർന്ന് മാഞ്ഞു കൊണ്ടിരിക്കുന്ന വർണാഭമായ
ഏക കേന്ദ്ര വൃത്തങ്ങളുടെ നടുവിൽ സ്പോർട്സ് സ്യൂട്ടിട്ട ഒരു യുവതി
കേൾക്കാത്ത ഏതോ സംഗീതത്തിനനുസരിച്ച് കായികാഭ്യാസങ്ങൾ നടത്തുന്നു.
വേഗത്തിലാണ് പ്രകടനം.

പലപ്പോഴായി ഇങ്ങനെ കണ്ടപ്പോൾ
പ്രൊഫസർ കയറ്റത്തിലേക്ക് നടന്നു.
അവിടെയെത്തുമ്പോൾ വർണപ്രഭാവലയങ്ങളുടെ ഗുഹയില്ല,
അതിന്റെ കേന്ദ്രമായി ചാടിക്കൊണ്ടിരിക്കുന്ന യുവതിയുമില്ല.
തിരികെ വീട്ടിൽ വന്ന്
കയറ്റത്തിലേക്കു നോക്കിയാൽ അതുണ്ട്.

മാർഗരറ്റ്, എലിസബത്ത്, ഡയാന
ഇതിലേതെങ്കിലും ഒരു പേര്
അവൾക്കിടാമെന്ന് പ്രൊഫസർ നിശ്ചയിച്ചു.
ഒരു ദിവസം രണ്ടോ മൂന്നോ തവണ
മാർഗരറ്റിനെക്കാണാൻ
പ്രൊഫസർ കയറ്റം കയറിപ്പോവും .
പിന്നീടത് ആറും ഏഴും തവണയായി .
ഒടുവിലത് ഇരുപതും ഇരുപത്തഞ്ചുമായി.

എല്ലാവരും കണ്ടുപിടിച്ചു.
പ്രൊഫസർക്ക് സുഖമില്ല.
പ്രൊഫസർ പുറത്തിറങ്ങുന്നത്
ഭാര്യയും കുട്ടികളും കർശനമായി വിലക്കി.

പ്രൊഫസർ വീടിന്റെ രണ്ടാം നിലയിൽ നിന്ന് നോക്കുമ്പോൾ എലിസബത്ത് അക്രോബാറ്റിക്
ഡാൻസിലാണ്.
കാതടപ്പിക്കുന്ന സംഗീതമുണ്ട്.
എത്ര ദിവസമാണ് ഈ ഇരുപ്പ്!
പ്രൊഫസർ ആരോടും മിണ്ടാതെ
പതിയെ പുറത്തിറങ്ങി.
പക്ഷേ, എല്ലാവരും ഇതറിഞ്ഞു.
തടുത്തു.
പ്രൊഫസർ വാശിപിടിച്ചു.
പോവരുതെന്ന് ഭാര്യയും കുട്ടികളും പറഞ്ഞു.
അയൽക്കാർ പറഞ്ഞു.
കയറ്റത്തിൽ നിന്ന് ഡയാന
വർണവെളിച്ച വലയങ്ങൾക്കകത്ത് തിമിർക്കുന്നു.
പ്രൊഫസർക്ക് സഹിക്കാനായില്ല.
ഭാര്യയും കുട്ടികളും അയൽക്കാരും
പ്രൊഫസറെ പിന്നിൽ നിന്ന് വിളിച്ചു.
പോകല്ലേ ... പോകല്ലേ...
പ്രൊഫസർ നടന്നുനടന്നുപോയി.

എല്ലാവരും നോക്കിനിൽക്കെ ഒരാൾ
അപ്രത്യക്ഷമാവുന്നതെങ്ങനെ?
പോലീസുകാരൻ പ്രൊഫസറുടെ ഭാര്യയെ
സംശയത്തോടെ നോക്കി :
-നിങ്ങളുടെ പേരെന്താണെന്നാ പറഞ്ഞത്?
- മാർഗരറ്റ് .
- ഈ പരാതിയിൽ ഡയാന എന്നാണല്ലോ
എഴുതിയിരിക്കുന്നത്?
- പ്രൊഫസറുടെ മൃതശരീരം നിങ്ങൾ എവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
നിങ്ങൾ ബുദ്ധിമാനാണ് എന്നു പറഞ്ഞ്
എലിസബത്ത് പോലീസുകാരന് ഒരുമ്മ കൊടുത്തു.
അനന്തരം,
പോലീസുകാരനേയും കൂട്ടി
കയറ്റത്തിലേക്ക് നോക്കാൻ പറഞ്ഞു.
അവിടെ,
വർണപ്രഭാവലയങ്ങൾക്കകത്ത്
അക്രോബാറ്റിക് ഡാൻസ് ചെയ്യുന്നു പ്രൊഫസർ.

മാർഗരറ്റും പോലീസുകാരനും കൂടി
കയറ്റത്തിലേക്ക് നടന്നു.
കുട്ടികൾ അതു നോക്കി നിന്നു.
മൂന്നു മിനിട്ടിനു ശേഷം അവർ -
പ്രൊഫസർ, മാർഗരറ്റ്, പോലീസുകാരൻ -
മൂന്നു പേരും
വർണപ്രഭാവലയങ്ങൾക്കകത്ത്
കുട്ടികൾക്കഭിമുഖമായി
കായികാഭ്യാസപ്രകടനങ്ങൾ നടത്തുന്നത്
അവർക്ക് കാണായി .

രണ്ട് മിസ്സിംങ് കേസുകൾ കൂടി
ഫയൽ ചെയ്യപ്പെട്ടു:
1) പ്രൊഫസറുടെ ഭാര്യ മാർഗരറ്റ് (51)
വെളുത്ത നിറമുള്ള തടിച്ച് ഉയരം കുറഞ്ഞ സ്ത്രീ
2) തോമസ് (40)
യൂണിഫോമിലുള്ള പോലീസുകാരൻ.
____________________________________________

ചലം

കഴുത്തറുത്തിട്ട പശുവിനെപ്പോലെ
പെയ്യുന്ന  മഴ .
അതിന്റെ ഒച്ചയിലേക്ക് കാതുവെച്ച്
വാലാട്ടിക്കിടക്കുന്ന ഞാൻ.
രാവിലെ മുതൽ വൈദ്യുതിയെ
ആരോ വെളിച്ചത്തിന്റെ ഒരു പിയാനോ ആക്കുന്നുണ്ട്.
അത് വന്നും പോയും തുടരുന്നു.

എന്റെ രാജ്യത്ത് ആളുകൾ ഓരോ നിമിഷവും മരിച്ചു വീഴുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് ഓരോ നിമിഷവും മനുഷ്യർ അപമാനിക്കപ്പെടുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്തെ കുഞ്ഞുങ്ങൾ പ്രാണവായു തിരഞ്ഞുതിരഞ്ഞ് മരിക്കുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് പശു മാംസം കഴിച്ച മുസ്ലീങ്ങളെ അടിച്ചടിച്ച് കൊല്ലുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരെ
ആളുകൾ ബൈക്കിലെത്തി ഒന്നൊന്നായി വെടിവച്ചു കൊല്ലുന്നു.
എനിക്കതിൽ ഒന്നുമില്ല.

കഴുത്തറുത്തിട്ട പശുവിന്റെ ചോരയുടെ ഉപമയിൽ ഈ മഴ അടങ്ങുന്നില്ല.
അതിലേക്ക് ചേർത്ത് വച്ച എന്റെ കാത്
ഒന്നുമില്ലെന്നു ഞാൻ വിശ്വസിച്ചിരുന്ന തലയിലേക്ക് എന്താണ് വലിച്ചെടുക്കുന്നത്?
എനിക്കതിൽ ഒന്നുമില്ല.

ഇപ്പോൾ
കേടുവന്ന ഒരു മത്തങ്ങയെ ഓർമിപ്പിച്ച്
ചുമരിലൂടെ അത് സൂക്ഷിച്ചു വച്ച ചലവും ഒലിപ്പിച്ച്
ഈ മുറിയിൽ എന്റെ തല പൊട്ടിത്തെറിക്കുന്നു.
എനിക്കതിൽ ഒന്നുമില്ലെന്ന് പറയണമെന്നുണ്ടായിരുന്നു.
പക്ഷേ
ഈ ചുമരുകളിൽ
കൊഴുത്ത ചലമൊലിക്കുന്നു...

കവി പുറത്താക്കപ്പെട്ടവനാണ്

സുഹൃത്തുക്കൾക്ക് അയാൾ കോമാളിയും  ബന്ധുക്കൾക്ക് അയാൾ കുപ്പയുമാണ്.
വീടിനകത്തിരിക്കുമ്പോഴും
അയാൾ വീടിനു പുറത്താണ്.
അയാൾ തന്നെ അയാളുടെ വീട്.
അയാൾ ആത്മാവുകൊണ്ട് പിച്ചക്കാരനാണ്.
അയാളുടെ ചോറും വെള്ളവും കിണ്ണവും
എന്നും പുറത്താണ്.
ഉത്തരവാദിത്തങ്ങളുടെ ഒരു ലോകത്ത് നിരുത്തരവാദിത്തത്തിന്റെ മഹനീയമാതൃകയായി
ചൂണ്ടിക്കാണിക്കാൻ അയാൾ സ്ഥാപിക്കപ്പെട്ടു.
ജീവിതത്തിൽ ഒരിക്കൽ പോലും
അയാൾക്ക് സ്നേഹം മതിയായിട്ടില്ല.
തൃപ്തിയുടെ ഒരു ഗ്രന്ഥി ഛേദിച്ചു കളഞ്ഞ് അയാളെ ഭൂമിയിലേക്ക് പറഞ്ഞയച്ചു.

പക്ഷേ,
മരിച്ചിട്ടും മരിക്കാത്ത കവികളുടെ
അദൃശ്യ ഭൂഖണ്ഡത്തിലേക്ക്
അയാൾ നടന്നടുക്കുന്നത്
ആർക്ക് തടുക്കാനാവും?

അല്ലെങ്കിലും,ആർക്കുവേണം പരാജയങ്ങളുടെ സ്മാരകങ്ങൾ?

അച്ഛാ,
പെൻസിൽ കളഞ്ഞു പോയതിന് രണ്ട് കിലോമീറ്റർ തല്ലിയോടിച്ചതും
നുണ പറഞ്ഞതിന് ചുമരിൽ തല കൂട്ടിയിടിച്ചതും
പറഞ്ഞു തെറ്റിയപ്പോൾ കഫംതീനീ എന്ന് വിളിച്ചതും
സ്നേഹം കൊണ്ടാണെന്ന് വിചാരിച്ചിരുന്നു.

ആരുമില്ലെന്ന് ഉറപ്പിച്ച് വീടുവിട്ട്
മാസമൊന്ന് കഴിഞ്ഞപ്പോൾ
കണ്ണു നിറച്ച് കാണാൻ വന്നിരുന്നു. തിരിച്ചുവിളിച്ചിരുന്നു.
കൂടെയുണ്ടാകുമെന്ന് തോന്നിപ്പിച്ചിരുന്നു.

മതം നോക്കാതെ ഒരുവളെ കൂടെക്കൂട്ടിയപ്പോൾ
നിങ്ങളെന്നെ ഉപേക്ഷിച്ചതെന്താണ്?
എത്ര മർദ്ദിച്ചിട്ടും
തോൽക്കാത്ത ഒരു മനുഷ്യൻ 
എന്റെയുള്ളിൽ ഉണ്ടായതു കൊണ്ടാവുമോ?
സ്വന്തം മക്കളോട് തോൽക്കാതെ ഒരു പിതാവും പൂർത്തിയാവുന്നില്ലെന്നചരിത്രസത്യം
എന്നെയും കൊത്തുന്നതു വരെ കാത്തിരിക്കുകയാവുമോ?

കുറ്റബോധങ്ങളുടെ പകൽ

കുറ്റബോധങ്ങളുടെ പകലേ
ഭൂമിയുടെ ഒളിച്ചിരുപ്പേ
മരങ്ങളുടെയും ചെടികളുടെയും മിണ്ടാതിക്കലേ
ഇതിളതളായ് മരിച്ചുകൊണ്ടിരിക്കുന്ന
പൂവാണു ഞാൻ.
എനിക്കു  മുകളിൽ ഈ കൊഴുത്തുകറുത്ത മൗനം
കോരിയൊഴിക്കാതിരിക്കൂ...
അതിന്റെ കനത്ത ഭാരത്തിൽ നിന്ന്
എന്നെ വിടുവിക്കൂ.

കുമ്പള വള്ളികൾക്കു മുകളിൽ
വെളിച്ചം മരിച്ചുകിടക്കുന്നു .
ഇന്നലെ കുടിച്ചുവെച്ച ചായഗ്ലാസിൽ
ഉറുമ്പുകളുടെ ധൃതിപിടിച്ച ആൾക്കൂട്ടം.

മൗനത്തിന്റെ മുകളിൽ
രണ്ടു ക്ലോക്കുകളുടെ നൃത്തം.
നഷ്ടം നഷ്ടമെന്ന്
കൈകൾ കൂട്ടിയടിച്ചും  മലർത്തിക്കാട്ടിയും
മിടിക്കുന്നു.

കുറ്റബോധങ്ങളുടെ പകലേ
നീലരക്തമൊഴുകുന്ന കുഴലേ
ബന്ധുക്കൾ കാവലിരിക്കുന്ന നിർജ്ജീവതേ
നിന്റെ ശീതീകരണിയിൽ
ഞാൻ മരവിച്ചുകൊണ്ടിരിക്കുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ

അവൾ പല്ലുതേക്കുന്ന ശബ്ദം,
അതിനകത്ത് മങ്ങിയവെട്ടത്തിൽ
പുല്ലുകളുടെ മക്കൾ മുളയ്ക്കുന്നു.
അവൾ പല്ലുതേക്കുന്ന ശബ്ദത്തിന്
ഒരു അമീബയുടെ ആകൃതിയാണ്.
അടിനിലയ്ക്കും മുകൾ നിലയ്ക്കുമിടയിൽ
ഗോവണിയിലെവിടെയോ അത് തൂങ്ങുന്നു.
വലിയ ഒച്ചയുള്ള പാട്ടു പോലെ പ്രവർത്തിക്കുകയും
എല്ലാ മുറികളിലേക്കും ചൂലുപോലുള്ള നഖങ്ങൾ നീട്ടുകയും ചെയ്യുന്നു .
അടുക്കളയിലെ പിഞ്ഞാണത്തെ കരയിപ്പിച്ച്
തട്ടിത്താഴെയിടുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദം:
ഉള്ളംകൈ വിസ്താരത്തിൽ ഒരു കൊഴുത്ത ദ്രവദ്വീപ്.
അതിൽ രണ്ടുറുമ്പുകൾ പുറത്തേക്കു പോവാൻ
യത്നിച്ചു കൊണ്ടിരിക്കുന്നു.
അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ നിന്ന്
തിളങ്ങുന്ന കത്തിമുനകൾ ഒഴുകി വന്ന്
ഉറങ്ങുന്ന എന്നെ വരഞ്ഞുകൊണ്ടിരിക്കുന്നു.
ഓരോ വരയിലും ക്രമമായി ഒരേ വലിപ്പമുള്ള
രക്തമുത്തുകൾ  ഉണ്ടായി വരികയും
രക്തമുത്തുകൾ കോർത്ത വരകളായിത്തീരുകയും ...

അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ
അകറ്റി വെച്ച തുടകൾക്കിടയിൽ നിന്ന്
കുറ്റബോധങ്ങളുടെ ഒരു പകൽ പുറത്തേക്ക്
വഴുതിവീഴുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദം,
അവളുടെ വിലകൂടിയ ചാരൻ
ഏതെല്ലാം മുറികളിൽ ആരെല്ലാം ഉണരുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
അതിന്റെ കൺവെട്ടത്ത് പെടാതിരിക്കാൻ
ഞങ്ങളെല്ലാം കണ്ണടച്ചുകിടക്കുന്നു.

കുടിയൻ

രാവിലെ കവി കെ.സി അലവിക്കുട്ടിയുടെ കോൾ ഉണ്ടായിരുന്നു.
കവിത കാണാനില്ല എന്നോ മറ്റോ പറയാനാണ് വിളിച്ചത്.
ഉറക്കപ്പിച്ചിലായിരുന്നതുകൊണ്ട് ശരിക്ക് മനസ്സിലായില്ല.
രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്:
കവിത കാണാതായിരിക്കുന്നു.
പൂക്കളിൽ നിന്ന്
ശലഭങ്ങളിൽ നിന്ന്
കിളികളിൽ നിന്ന്
മരങ്ങളിൽ നിന്ന്
ഗ്രാമത്തിലെ നടവഴികളിൽ നിന്ന്
വയലുകളിൽ നിന്ന്
അത് അപ്രത്യക്ഷമായിരിക്കുന്നു.

ഞാനും എന്റെ ഒരു സുഹൃത്തും കൂടി
ഒരു വണ്ടി വിളിച്ച്‌ പാഞ്ഞു.
കവിത നഷ്ടപ്പെട്ടിട്ട് അധികനേരമായിട്ടില്ല.
വഴിയോരമരങ്ങളേയും കാറ്റിനേയും
ശ്രദ്ധിച്ചാൽ അതറിയാം.
കവിതയില്ലാതെ ഈ ഭൂമി എങ്ങനെ ജീവിക്കും?
വഴിയിൽ കണ്ടവരോടെല്ലാം ഞങ്ങൾ ചോദിച്ചു.
കവിത എങ്ങോട്ടാണ് പോയത്?
കവിതയ്ക്ക് എന്താണ് സംഭവിച്ചത്?
ആളുകൾ ഒന്നും പറഞ്ഞില്ല.
അവർ മുന്നോട്ടു വിരൽ ചൂണ്ടുക മാത്രം ചെയ്തു .
ഞാനും എന്റെ ചങ്ങാതിയും
ആശങ്കാകുലരായി പരസ്പരം നോക്കി.
കവിത നഷ്ടപ്പെട്ട ഒരു വാഹനത്തിൽ
അതിവേഗം പോവുക അസാധ്യമാണ്.
എങ്കിലും ഒരു ചീത്തപ്പേരു വരുത്തിവെക്കാൻ താത്പര്യമില്ലാത്തതിനാൽ വാഹനം
സാമാന്യം വേഗത്തിൽ പോകാൻ തയ്യാറായി.
ഒരു പക്ഷേ കവിത നഷ്ടപ്പെട്ട ഒരു ലോകം
അതിവേഗം ഞങ്ങളെ ഉപേക്ഷിക്കുന്നത്
വാഹനത്തിന്റെ വേഗതയായി തെറ്റിദ്ധരിച്ചതാവാനും ഇടയുണ്ട്.

 വഴിയരികിൽ കണ്ട മലകൾ നദികൾ  അംബരചുംബികൾ മേഘങ്ങൾ
എല്ലാം കവിതയറ്റു നിന്നു.
കവികളായ സുഹൃത്തുക്കളിൽ നിന്നെല്ലാം
മൊബൈൽ വിളികൾ വരുന്നുണ്ട്.
എല്ലാവരും എന്തെല്ലാമോ പുലമ്പുന്നുണ്ട്.
കവിത എവിടേക്കാണ് നിഷ്ക്രമിച്ചത്?
ലോകത്തിലെ കാവ്യപുസ്തകങ്ങളെല്ലാം
വെറും കടലാസുകളായിത്തീർന്നിരിക്കുമോ?
ഞങ്ങൾ പരസ്പരം സംസാരിച്ചില്ല

മധ്യാഹ്നവും സായാഹ്നവും കടന്ന്
ഞങ്ങളുടെ വാഹനം മുന്നോട്ടു പോയി.
അപ്പോൾ പാതയിലൂടൊരാൾ
വഴിയരികിലെ മരങ്ങളിൽ നിന്ന്
പൂക്കളിൽ നിന്ന്
കിളികളിൽ നിന്ന്
മനുഷ്യരിൽ നിന്ന്
നീണ്ടൊരു കുഴലിട്ട്
കവിത വലിച്ചു കുടിക്കുന്നത് ഞങ്ങൾ കണ്ടു.

ലോകത്തുള്ള കവിത മുഴുവൻ
വലിച്ചു കുടിച്ച് ഇയാൾ എങ്ങോട്ടാണീ പോവുന്നത്?
വാഹനത്തിന്റെ വേഗത കുറച്ച് ഞങ്ങൾ അയാളെ അനുഗമിച്ചു.
ലോകം അയാൾക്കു പിന്നിൽ തളർന്നു കിടന്നു.
അയാളെ പിടികൂടി അയാളുടെ കുഴലു വാങ്ങി
വലിച്ചെറിയണമെന്ന് ഞങ്ങൾ നിശ്ചയിച്ചു.
വാഹനം ഒരു ഭാഗത്തുവെച്ച് ഞങ്ങൾ അയാളുടെ പിന്നാലെ നടന്നു .

പൊടുന്നനെ അയാളെയും ഞങ്ങളെയും വേർപെടുത്തി ഭൂമി പിളർന്നുമാറി.
പിളർപ്പിലെ നിലയില്ലാത്ത ആഴം ഭയപ്പെടുത്തി.
ഞങ്ങൾ സ്തബ്ധരായി നോക്കിനിൽക്കെ
ആ കവിതക്കുടിയൻ തിരിഞ്ഞു നോക്കാതെ
കവിത വലിച്ചു കുടിച്ച് അകന്നകന്നു പോയി.

ഞാനല്ലാതെ ആരിനിയുമെന്ന് വിസ്മയിക്കുന്നു!

ഞാനെന്നെ മറന്നു മറന്നു കിടന്ന
ആശുപത്രി മുറിയിൽ
മരണത്തിന് ഒരു നിമിഷം മുമ്പ്
സ്വന്തം ചോരയിലേക്ക് അള്ളിപ്പിടിച്ചിറങ്ങി രക്തക്കുഴലുകളിലൂടെ നീന്തി
ശരീര കലകളിൽ പിടിച്ചുപിടിച്ച്
ഹൃദയത്തിനടുത്തുള്ള
പാറക്കൂട്ടത്തിൽ പോയിരുന്ന്
താഴ്വരയിലേക്കു നോക്കി .

കൊഴുത്ത ചോരയുടെ  ചിറകുകൾ
ഇരുവശങ്ങളിലേക്കും വിടർത്തി ഞരമ്പുകളിലൂടെ കുതിരപ്പടകൾ പാഞ്ഞു.
യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും ചരിത്രം.
അനേക കാലങ്ങളും രാഷ്ട്രങ്ങളും  ഉറങ്ങിക്കിടക്കുന്ന ചരിത്രത്തിന്റെ  മ്യൂസിയമാണ് ഞാൻ.
പോർമുഖങ്ങളിൽ നിന്നുള്ള കരച്ചിലുകളും
ചിന്നംവിളികളും വാദ്യഘോഷങ്ങളും കേട്ട്
ഞാൻ ഉറങ്ങിപ്പോയി.
വംശാവലിയുടെ കഥയുടെ
ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലെ അവസാനത്തെ രംഗമായിരുന്നു.

ഞാനെന്റെ ആദിമ കോശം കണ്ടെത്തി. അഗാധമായ,അനന്തമായ ഇരുട്ടിലേക്ക്
ഒരു പര്യവേഷണപേടകമെന്ന മട്ടിൽ
ഞാൻ നിപതിച്ചു.

വനവൃക്ഷച്ചുവട്ടിൽ എന്റെ ഉറക്കം.
ഞാൻ ആദിമ മനുഷ്യൻ, അനാഥൻ, ഏകാന്തൻ.
എന്റെ വിശപ്പ് ജീവനുള്ളതിനെയെല്ലാം തിന്നു.
എന്റെ ശരീരം ഞാൻ തിന്ന മൃഗങ്ങളുടെ ഒരു തോട്ടം.
ആനയും കടുവയും കുതിരയും മാനും മുയലും
എന്റെ പേശികളിൽ ഉരുകിച്ചേർന്നു.
പരസ്പരം പോരടിച്ചിരുന്ന രണ്ടു കടുവകൾ
എന്റെ ഇടതുകൈയിൽ
നിസ്സഹായരായ രണ്ടു കോശങ്ങളായി
പ്രതികാരമമർത്തി അടുത്തടുത്ത് കഴിഞ്ഞു.

ഞാൻ നടന്നു .
എന്റെ കണ്ണുകളിൽ ഞാൻ പിടിച്ചു തിന്ന
വണ്ടുകളുടെ കൂട്ടമിരമ്പി
എന്റെ തലച്ചോറ് തേനീച്ചകളുടെ മുട്ടകൾ
എന്റെ മുലക്കണ്ണുകൾ ജീവിച്ചിരിക്കുമ്പോൾ പ്രണയം പൂർത്തിയാവതെ കൊല്ലപ്പെട്ട രണ്ടു  മാനുകളുടെ എത്തിനോക്കുന്ന ചുണ്ടുകൾ
എന്റെ കാലുകളിൽ തൊലിക്കുള്ളിൽ ഞരമ്പുകളെന്ന് തള്ളി നിൽക്കുന്നു
പെരുമ്പാമ്പുകൾ
എന്റെ നഖങ്ങളിലേക്ക് ഇറങ്ങി നിൽക്കുന്നു
അകപ്പെട്ട കാട്ടാനയുടെ വിരലുകൾ
ഞാൻ ഒരു മനുഷ്യനേയല്ല;
ജീവജാലങ്ങളുടെ സഞ്ചയം.
അകത്ത് അനേകം കുറുകുന്ന പക്ഷികൾ,
കാടുകൾ...

ഞാൻ നടന്നു.
എന്റെ ശിരസ്സ് കുരുവികളായി ചിതറി.
കാലുകൾ മണ്ണിരകളായി അഴിഞ്ഞു .
ബാഹുക്കളിൽ നിന്ന് കടുവകൾ പുറത്തുചാടി.
ഹൃദയം നിശ്ശബ്ദമായി .
പടയാളിയെ ഉപേക്ഷിച്ച്
രക്തനദിയിലൂടെ ഓടി വന്ന ഒറ്റക്കുതിര
വേഗത കുറഞ്ഞു കുറഞ്ഞ് നിന്നു.

ആരോ വെളുത്ത തുണിയാലെന്റെ ശരീരത്തെ
മറച്ചുവെക്കുന്നു.
ഇനി നടക്കാനില്ലെന്ന് വിരലുകൾ കെട്ടുന്നു .
ആരുടെയോ കരച്ചിൽ കലർന്ന കാറ്റ് എന്നെ തൊടുന്നു .
ഞാനല്ലാതെ ആരിനിയുമെന്ന് വിസ്മയിക്കുന്നു!

കാക്ക

ഒരിടത്തിരുന്ന് കാ കാ എന്നൊച്ചവെക്കുന്ന കാക്ക
കേൾക്കുന്ന എല്ലാ കാതുകളിലും ഒരു കാക്കയെ ഉണ്ടാക്കുകയാണ്.

ഒറ്റ വാക്കു കൊണ്ട് ,
അത് പുറപ്പെടുവിക്കുന്ന
ഒറ്റ നിമിഷം കൊണ്ട്
ഒരായിരം കാക്കകൾ .

പിന്നെയോ?
ചെവിയിൽ ഉരുവപ്പെട്ട ആ കാക്ക
നിശ്ശബ്ദമായി കാ കാ എന്ന് ഒച്ചവെക്കുന്നു.
ചെവി ഒരു കാക്ക കടലാവുന്നു.
കാക്കകളെ തുറന്നു വിടാൻ ഈ തലയോട്ടി
ഒന്നു തുറന്നു തരുമോ പ്രഭാതമേ ?

വെളിച്ചത്തിന്റെ കരച്ചിൽ

ഒരു ദിവസം ഉച്ചയക്ക് ഒറ്റയ്ക്കു വീട്ടിലിരിക്കുമ്പോൾ വാതിൽ മുട്ടി വിളിച്ച്
പരിചയപ്പെടുത്തിയെന്ന് ഭാര്യയോട് പറഞ്ഞു.
അങ്ങാടിയിലെ അരിക്കടകളുടെ അറ്റത്ത്
ഒരു സിഗരറ്റു വലിക്കാനുള്ള മറവിലേക്ക് നിന്നപ്പോഴാണെന്ന് കൂട്ടുകാരോട് പറഞ്ഞു.
പാർക്കിൽ വെച്ചാണെന്നും റെസ്റ്റോന്റിൽ വെച്ചാണെന്നും പോലീസുകാരോട് മാറ്റി മാറ്റിപ്പറഞ്ഞു.

വെളിച്ചത്തിന്റെ കരച്ചിൽ എന്നാണത്രേ
അയാൾ അയാളെ പരിചയപ്പെടുത്തിയത്.
അയാളുടെ സന്ദർശനത്തിനു മുൻപോ പിൻപോ എന്ന് ഈ മനുഷ്യന് നിശ്ചയമില്ല;
എല്ലായിടത്തും വെളിച്ചം കുറഞ്ഞു വരുന്നതായി തോന്നിയിരുന്നു.
കൂടുതൽ വെളിച്ചത്തിനു വേണ്ടി എപ്പോഴും
ഈ മനുഷ്യൻ ദാഹിച്ചു.

മറ്റൊരു വിചിത്ര സംഭവവുമുണ്ടായി.
എവിടെയോ കുടുങ്ങിക്കിടക്കുന്ന
വെളിച്ചത്തിന്റെ കരച്ചിൽ ഈ മനുഷ്യനോട്
സംസാരിച്ചുതുടങ്ങി.
തന്നെ രക്ഷിക്കണമെന്ന് വെളിച്ചത്തിന്റെ കരച്ചിൽ ഈ മനുഷ്യനോട് പറഞ്ഞു കൊണ്ടിരുന്നു.
എവിടെ നിന്നാണ് ഈ ശബ്ദമെന്ന്
ആദ്യമൊന്നും ഈ മനുഷ്യന് മനസ്സിലായില്ല.

പതിവിലേറെ അസ്വസ്ഥനായി
ഏതോ പുസ്തകം വായിക്കാൻ ശ്രമിച്ച്
ഉറക്കം തൂങ്ങുമ്പോൾ
വെളിച്ചത്തിന്റെ കരച്ചിൽ വിളിക്കുന്നത്
ഈ മനുഷ്യൻ കേട്ടു.
ആരേയും കാണാനില്ല.
എവിടെയോ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്.
വീടിന്റെ ചുമരുകളിൽ ചെവി ചേർത്തു.
അപ്പോൾ
വെളിച്ചത്തിന്റെ കരച്ചിൽ അയാളെ രക്ഷിക്കണമെന്ന് കേഴുന്നത്
ഈ മനുഷ്യൻ വ്യക്തമായി കേട്ടു .

വീടു പണിയുമ്പോൾ കട്ടകൾക്കും സിമന്റിനുമിടയിൽ താൻ കുടുങ്ങിപ്പോയിയെന്ന്
വെളിച്ചത്തിന്റെ കരച്ചിൽ പറഞ്ഞു.
അപ്പോൾ നിങ്ങളല്ലേ അന്നെന്നെ വന്നു പരിചയപ്പെട്ടതെന്ന് ഈ മനുഷ്യൻ ചോദിക്കുന്നുണ്ട്.
അതിന് പ്രത്യേകിച്ചൊരുത്തരവും
വെളിച്ചത്തിന്റെ കരച്ചിൽ നൽകുകയുണ്ടായില്ല.
പകരം  പിറുപിറക്കുകയും കരയുകയും
ചീത്ത വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.

അങ്ങനെയാണ്
നിരന്തര സമ്മർദ്ധങ്ങളാൽ
നല്ലവനും അസ്വസ്ഥനുമായ ഈ മനുഷ്യൻ
ചുമരുകൾ ഒന്നൊന്നായി പൊളിച്ചുതുടങ്ങിയത്.
ഓരോ ചുമരു പൊളിക്കുമ്പോഴും
മറ്റൊരു ചുമരിലിരുന്ന്
വെളിച്ചത്തിന്റെ കരച്ചിൽ
താനിവിടെയാണ് കുടുങ്ങിക്കിടക്കുന്നത് മണ്ടാ
എന്ന് ഈ മനുഷ്യനോട്
വിളിച്ചു പറഞ്ഞു.

പണിക്കുപോയ ഭാര്യയും
പഠിക്കാൻ പോയ കുട്ടികളും തിരിച്ചെത്തുമ്പോൾ
നല്ലവനായ ഈ മനുഷ്യൻ
പരിപൂർണ സന്തോഷവാനായി
ചുമരുകളില്ലാത്ത വീട്ടിലേക്ക്
അവരെ ചിരിച്ചു കൊണ്ട്
സ്വീകരിക്കുകയാണ് ഉണ്ടായത്.
ചുമരുകൾക്കിടയിൽ നിന്ന് പുറത്തു വന്ന
വെളിച്ചത്തിന്റെ കരച്ചിലാവട്ടെ
അവിടെ ആ വീട്ടിൽ പരന്നുകിടന്നിരുന്നു.

വെളിച്ചത്തിന്റെ കരച്ചിലിനെ മോചിപ്പിച്ച
ഈ മനുഷ്യൻ അപ്പോൾ എങ്ങനെയാണ്
കുറ്റവാളിയാകുന്നത് പോലീസുകാരാ?

ഹൊറർ

ഈ നഗരത്തിൽ
ഞാനെപ്പോഴാണ്
വണ്ടി ഇറങ്ങിയതെന്ന്
ഓർമ്മയില്ല.
എന്തിനാണ്
ഞാൻ ഇവിടെത്തന്നെ
വന്നതെന്നും
ഓർക്കാനാവുന്നില്ല.

അവിഹിത ബന്ധത്തിനിടയിൽ
പിടിക്കപ്പെട്ട
മറുനാടൻ തൊഴിലാളിയെപ്പോലെ
ആത്മനിന്ദയും മൗഢ്യവും നിറഞ്ഞ
സൂര്യനെ
ഈ നഗരത്തിനു മുകളിൽ
കെട്ടിടങ്ങളേക്കാൾ ഉയരത്തിലല്ലാതെ
ആരോ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.

വഴിയരികിലെ യാചകർ,
കാറിനകത്ത്  പത്രം വായിക്കുന്ന നിലയിലുമല്ലാതെയും
ടാക്സി ഡ്രൈവർമാർ,
റസ്റ്റോറന്റിൽ നിന്ന്
ഭക്ഷണം എടുക്കുകയോ വിളമ്പുകയോ ചെയ്യുന്ന നിലയിൽ ബെയറർമാർ,
മദ്യശാലയുടെ തറയിലേക്ക്
കണ്ണുകളൂന്നിയ നിലയിൽ
കുടിയന്മാർ,
മൊബൈലിൽ
ഏതോസന്ദേശം  നോക്കുന്ന നിലയിൽ ചെറുപ്പക്കാർ ,
എല്ലാവരും നിന്നനിൽപ്പിൽ
ഇരുന്ന ഇരുപ്പിൽ
സ്വിച്ചിട്ടതുപോലെ  ഉറങ്ങുന്നു.

എല്ലാവരും ഉറങ്ങുന്ന
ഈ പകൽ നഗരം
ശിൽപ്പങ്ങളുടെ
ഒരു മ്യൂസിയത്തിലൂടെയെന്ന പോൽ
എന്നെ നടത്തിക്കുന്നു .

എനിക്ക് ആരെയും
ഉണർത്തുവാൻ
തോന്നിയില്ല.
പകലുറങ്ങുന്ന എല്ലാ മനുഷ്യരും
കൂടിയ ദയ അർഹിക്കുന്നു.
ഒരു അനക്കം കൊണ്ട്
ഈ നഗരം ഉണരുമെങ്കിൽ
അതേതുവിധമാവുമെന്ന ഭയം
എനിക്ക് അടക്കാനായില്ല.

ദാഹിച്ചപ്പോൾ
ഞാൻ വെള്ളമെടുത്തു കുടിച്ച
കടയിലെ കടക്കാരനോ
വിശ്രമിക്കാൻ
മുറി അന്വേഷിച്ചുചെന്ന
ലോഡ്ജിലെ മാനേജരോ
ഉണർന്നതേയില്ല.

ഉറങ്ങിക്കിടക്കുന്ന നഗരവഴികൾ
ഉറങ്ങാത്തതായി എന്നെക്കൂടാതെ
കുറച്ചു കാക്കകളെയും പട്ടികളെയും കാണിച്ചുതന്നു.

ബസ് സ്റ്റാൻഡിലെ
നിർത്തിയിട്ട ബസ്സുകളിലും
റെയിൽപ്പാളങ്ങളിൽ നിശ്ചലമായ 
തീവണ്ടിയിലും
ആളുകൾ പല നിലയിലിരുന്ന് ഉറങ്ങുന്നു.

വിവിധ മാതൃകകളിലുള്ള
കൂർക്കം വലികൾ മാത്രം നിറഞ്ഞ ഈ നഗരം ഒരു പ്രേത സിനിമയാണെന്നും
ഞാനതിന്റെ വഴികളാൽ വരിഞ്ഞുമുറുക്കപ്പെടുവാൻപോകുന്ന
ഇരയാണെന്നുമുള്ള
തോന്നൽ ഹൃദയമിടിപ്പ് കൂട്ടി.

മാറാല പിടിച്ച കെട്ടിടത്തിന്റെ തുറന്നിട്ട ജനാലയിലൂടെ ഒരു കാക്ക ദുരൂഹവും ഭയജനകമായ മട്ടിൽ നോക്കി.
ഒരിരുട്ട് അഴിഞ്ഞുവന്നു.

അപ്പോൾ ഒരു ഒഴിഞ്ഞ വാഹനം വന്നു നിന്ന് അതിന്റെ വാതിൽ തുറക്കുകയും
എന്നെ ...

നൃത്തശാല

പെരുന്തൽമണ്ണയിൽ നിന്ന്
പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽ
ഡ്രൈവറുടെ എതിർവശത്ത്
നാലു പേർക്കിരിക്കാവുന്ന സീറ്റിൽ
മുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ്
പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു.

അവളുടെ കണ്ണുകൾക്ക്
ഈ പ്രപഞ്ചത്തെ മുഴുവൻ
ഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്.
അവളൊന്ന് നോക്കിയിരുന്നെങ്കിൽ
ബസ്സിലെ മുഴുവൻ ആളുകളും
പറന്നു വന്ന്
അവളുടെ കണ്ണുകൾക്കുള്ളിലേക്ക്
അപ്രത്യക്ഷമായേനേ...
ഭാഗ്യവശാൽ അതുണ്ടായില്ല.

(ഇടയ്ക്കെപ്പോഴോ വൃദ്ധനായ ഈ കവി
ബസ്സിൽ കയറുകയും പെൺകുട്ടിയുടെ
അടുത്തിരിക്കുകയും പ്രണയത്തിന്റെ കാന്തികവലയം താങ്ങാനാവാതെ
കുറച്ചു കഴിഞ്ഞ് പിൻസീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്യുന്നുണ്ട്.)

അവൾക്കും ഡ്രൈവർക്കുമിടയിൽ
മാറി മാറിയുള്ളനോട്ടത്തിന്റെ
അദൃശ്യമായ ഒരു പാലമുണ്ട്.
അവൾക്കു വേണ്ടിയാണിപ്പോൾ
അയാളീ ബസ്സോടിക്കുന്നത്.
പ്രണയവും മരണവും
രണ്ടല്ലെന്ന് അതിവേഗത കൊണ്ട്
ത്രസിപ്പിക്കുകയാണയാൾ.
ഇടിച്ചു ഇടിച്ചില്ല എന്ന വക്കത്ത്
എത്ര വാഹനങ്ങളെയാണ് വെട്ടിമാറ്റി
അയാൾ മുന്നേറുന്നത് !
നിർഭയമായ വേഗതയിലേക്ക് അഴിച്ചുവിട്ട്
അവളുടെ പ്രണയാതതിയുടെ മർദ്ദനില
ഉയർത്തിക്കൊണ്ടേയിരിക്കുകയാണയാൾ.

(പ്രണയം മരണം എന്നിങ്ങനെ പേരുകളുള്ള
രണ്ടു കുതിരകളെ പൂട്ടിയ വണ്ടിയാണിതെന്നും
ഏതെങ്കിലും ഒന്നേ അവശേഷിക്കൂ എന്നും
എനിക്കു തോന്നുന്നുണ്ട്.
വിട്ടേക്കൂ.
ഭീരുക്കൾക്ക് അങ്ങനെ പലതും തോന്നും. )

അവൾ അയാളിലേക്കും
അയാൾ അവളിലേക്കും
ഇരുന്നിടത്തിരുന്ന് ഒഴുകിക്കൊണ്ടിരുന്നു.
മലയാളം, തമിഴ്, ഹിന്ദി പ്രണയചലച്ചിത്രഗാനങ്ങൾ
ഒന്നൊന്നായി
ഇറങ്ങിവരികയാണ് ബസ്സിലേക്ക്.

ഓടുന്ന ബസ്സിൽ
'ഇത്ര വേഗത വേണ്ട പൊന്നേ
പേടിയാവുന്നു 'എന്നവൾ
ഉമ്മ വെച്ചതു പോലെ
അയാൾ ചിരിക്കുന്നു.
ബസ്സ് ഒരു നൃത്തശാലയാകുന്നു.
ഓടുന്ന ബസ്സിൽ
ഡ്രൈവറും ആ പെൺകുട്ടിയും
നൃത്തം ചെയ്യുന്നു.
ഇത്രയും ഗായകർ
ഇത്രയും ഗാനരചയിതാക്കൾ
ഇത്രയും സംഗീതസംവിധായകർ
അവർക്കു വേണ്ടിയാണീ
പാട്ടുകൾ ചെയ്തതെന്നപോൽ
അത്രയും ചലച്ചിത്രങ്ങളിലെ
നായകനും നായികയുമായി
നിറഞ്ഞാടുകയാണവർ.

പ്രണയത്തിന്റെ മാന്ത്രികതയാൽ
വർണദീപാലംകൃതമാകുന്ന ബസ്സിൽ
യാത്രക്കാരെല്ലാം നൃത്തം ചെയ്തു ചെയ്ത്
ഓരോരോ സ്റ്റോപ്പുകളിലിറങ്ങിപ്പോയി.

എല്ലാ അപകടങ്ങളേയും തരണം ചെയ്ത്
വീരോചിതമായി പട്ടാമ്പിയിലെത്തി
മറവിൽ നിന്ന് സിഗരറ്റു വലിക്കുന്ന അയാളോട്
ഞാൻ ചോദിച്ചു:
'ഇത്രയും നേരം പാട്ടിനൊത്ത്
ആ നീലസാരിയുടുത്ത പെൺകുട്ടിയുമായി
ബസ്സിൽ നൃത്തം ചെയ്യുകയും
ഒരേസമയം ഡ്രൈവർ സീറ്റിലിരുന്ന്
അതിവേഗത്തിൽ ബസ്സോടിച്ചിവിടെ
എത്തിക്കുകയും ചെയ്തതിന്റെ
രഹസ്യമെന്താണ്?'

മൃതശരീരങ്ങളുടെ മ്യൂസിയം

സ്നോഡെത്ത് എന്ന ഐസ് ക്രീം പാർലറിലിരുന്ന്
ഓരോ ഐസ് ക്രീം കഴിച്ചു തീർന്നപ്പോഴാണ്
ചിത്രകാരി കൂടിയായ പ്രമീള സുജാതയോട്
ആ രഹസ്യ മ്യൂസിയത്തെക്കുറിച്ചു പറയുന്നത്.

ഭർത്താക്കന്മാരുടെ കുറ്റങ്ങൾ പറഞ്ഞു പറഞ്ഞ്
അവർ മൂസിയത്തിലെത്തിയത് അറിഞ്ഞില്ല.
മ്യൂസിയത്തിന് പല എൻട്രൻസുകളുണ്ട്.
ഒരു എൻട്രൻസിലൂടെ ഒരാളെയേ പ്രവേശിപ്പിക്കൂ.
രണ്ടു പേരും രണ്ടു വഴികളിലൂടെ മ്യൂസിയത്തി നകത്ത് കടന്നു.
പ്രമീളയെ നോക്കി ആ മൂസിയം സൂക്ഷിപ്പുകാരൻ ചിരിച്ചുവോ?

ഇതൊരു അണ്ടർ ഗ്രൗണ്ട് മൂസിയമാണ്.
ഇതു വളരെ രഹസ്യമായി പ്രവർത്തിക്കുന്ന ഒന്നാണ്.
ഇടുങ്ങിയ പല വിധ ശാഖകളുള്ള ഇരുണ്ട ഗുഹ.
നടക്കുന്നതിനനുസരിച്ച് കാഴ്ചക്കാരന്റെ സാന്നിദ്ധ്യം മനസ്സിലാക്കി ചെറിയ പ്രകാശം ഉണ്ടായി വരും.

സുജാത വളരെ പതുക്കെ നടന്നു.
കട്ട ഇരുട്ടാണ്.
കുറച്ചു ദൂരം നടന്നപ്പോൾ ചെറിയ ഒച്ചകൾ
വിദൂരതയിൽ നിന്നെന്ന പോൽ കേട്ടുതുടങ്ങി.
പെട്ടെന്ന് ഒരു മിന്നൽ വെളിച്ചത്തിൽ
ഗുഹയുടെ ചുമരുകളിൽ നിന്ന് തടിയൻനായ്ക്കൾ
സുജാതയുടെ നേർക്ക് കുരച്ചു ചാടി .
സുജാത ഓടി .
ഒരു ആൾക്കൂട്ടം തന്റെ പിന്നാലെ
പാഞ്ഞു വരുന്ന ഒച്ച .
തല്ല്, കൊല്ല് എന്നെല്ലാമുള്ള ആക്രോശങ്ങൾ,
ആരുടെയോ ദയനീയ വിലാപം...
സുജാത തിരിഞ്ഞു നോക്കി .
മുന്നിലെ ശവപേടകത്തിൽ കാലു തടഞ്ഞ്
അവൾ മുഖമടച്ചു വീണു.

കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ
മൃതശരീരങ്ങളാണ് മ്യൂസിയത്തിലുള്ളത്.
രാജ്യമെങ്ങുമുള്ള കലാപങ്ങൾ !
ശവശരീരങ്ങൾ കൂടിയ വിലയ്ക്കു വാങ്ങി
രഹസ്യമായി ഇവിടെ എത്തിക്കും.
മരണത്തിലേക്കെത്തിച്ച കലാപങ്ങളുടെയും
മരണവീട്ടിലെ വിലാപങ്ങളുടെയും
ലൈവ് സൗണ്ട് ട്രാക്ക് ഓരോ
മൃതശരീരത്തിനു സമീപവുംസജ്ജമാക്കിയിട്ടുണ്ട്.

സുജാത ആ ശവപേടകത്തിനു മുന്നിൽ തളർന്നിരുന്നു.
മരിച്ചു കിടക്കുന്ന മനുഷ്യന്റെ കണ്ണുകൾ.
ബന്ധുജന വിലാപം താഴ്ന്ന ശബ്ദത്തിൽ നിന്ന്
ക്രമേണ ഉയർന്നു തുടങ്ങി.
ചുമരിൽ അയാളുടെ പേരും ചിത്രവും വിവരങ്ങളും തെളിഞ്ഞു:
____________
പേര്:
ജനനം: 1963
മരണം: 2015
മൃതശരീരം ശേഖരിച്ചത്: ദാദ്രി, ഉത്തർപ്രദേശ്
____________________________________________

നേരിയ വെളിച്ചത്തിൽ
ആ ശവ പേടകത്തിനു ചുറ്റുമിരുന്ന്
കരയുന്ന ബന്ധുക്കളെ
അവ്യക്തമായി സുജാത കണ്ടു.
ഒരു മരണവീട്ടിലാണ് താനെന്
സുജാത ഉറപ്പിച്ചു.
ആരോ തല്ലിക്കൊന്നതാണ് ഈ മനുഷ്യനെയെന്ന് അവിടെ കൂടിയവർ
അടക്കം പറയുന്നത് കേട്ടു.
കരച്ചിലുകളെ പിന്നിലാക്കി
സുജാത മുന്നോട്ടു നടന്നു.
ഒരു പൂച്ച വിലങ്ങനെ
കടിപിടികൂടുന്ന ശബ്ദത്തിൽ
ചാടിയോടി .
വവ്വാലുകൾ അവളെത്തട്ടിപ്പറന്നു.

മറ്റൊരു ശവപേടകം സുജാതയെ സമീപിച്ചു.
ചന്ദനത്തിരികളുടെയും കുന്തിരിക്കത്തിന്റെയും മണം.
പ്രാർഥനകളും മണിയടിയും.
ഒരു സ്ത്രീയുടെ വികൃതമാക്കപ്പെട്ട ശരീരം.
കുഞ്ഞുങ്ങളുടെ കരച്ചിൽ.
ഒരു പുരുഷന്റെ അടക്കിപ്പിടിച്ചകരച്ചിൽ..

മുന്നോട്ടു പോവുന്തോറും
കണ്ണുനീറിക്കൊണ്ടിരുന്നു .
ചോരയുടെ മണം വ്യാപിച്ചു.
കുട്ടികളുടെയും വൃദ്ധരുടെയും
ശവപേടകങ്ങൾ കണ്ടു.
യുവാക്കളുടെ ശവപേടകങ്ങൾ കണ്ടു.
എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും
ശവപേടകങ്ങൾ കണ്ടു.
കൊല വാഹനങ്ങളുടെ ഇരമ്പലും
വെടിയൊച്ചകളും കേട്ടു .
കരച്ചിലുകൾക്ക് ഒറ്റ ഭാഷയായിരുന്നു.
മറ്റെല്ലാ ഭാഷകളും അതിൽ ലയിച്ചു.

മരണം നിറഞ്ഞു കിടക്കുന്ന
അനേകം ശാഖകളുള്ള ഈ ഗുഹയിൽ നിന്ന്
എങ്ങനെയാണ് പുറത്തിറങ്ങുകയെന്നറിയാതെ
സുജാത ആദ്യമൊക്കെ ചെറിയ ശബ്ദത്തിൽ
പ്രമീളയെ  വിളിച്ചുകൊണ്ടിരുന്നു.
ഏതു വഴിക്ക് തിരിഞ്ഞാലും
അവിടെല്ലാം ശവ പേടകങ്ങൾ, വിലാപങ്ങൾ ...
ഇരുട്ടിൽ പരുപരുത്ത ഗുഹാഭിത്തികളിൽ
പിടിച്ചുപിടിച്ച് സുജാത നടന്നു.
തന്റെ നിസ്സഹായമായ അവസ്ഥയോർത്ത്
ശബ്ദമില്ലാതെ കരഞ്ഞു.
പ്രമീളയെ ഉറക്കെയുറക്കെ വിളിച്ചു.

സുജാത നടന്നു നടന്ന്
ഛിന്നഭിന്നമായ ശവങ്ങൾ കൊരുത്തിട്ട
ശവപേടകങ്ങളെ ചുറ്റി
വെന്തു കരിഞ്ഞ് ചുരുണ്ടു കിടക്കുന്ന
ശവങ്ങളെക്കണ്ട്
തീ ആളിപ്പടരുമൊച്ചയും ആർപ്പുവിളിയും
കരച്ചിലുകളും പിന്നിട്ട്
നിശ്ശബ്ദമായ ഒരിടത്തെത്തി.
അവിടെ ഒരു ശവപേടകത്തിൽ
ആരെയാണോ അവൾ അലമുറയിട്ടു വിളിച്ചിരുന്നത്
അവൾ, അവളുടെ പ്രമീള കിടക്കുന്നു.
ശവപേടകത്തിൽ ആഞ്ഞടിച്ച്
സുജാത പ്രമീളയെ വിളിച്ചുകൊണ്ടിരുന്നു .
പ്രമീള ഉണർന്നില്ല.
കരഞ്ഞു കരഞ്ഞ് തളർന്ന്
ചില്ലു പേടകത്തിൽ തല വെച്ച്
അർദ്ധബോധത്തോടെ സുജാത കിടന്നു .

എപ്പോഴോ എഴുന്നേറ്റ്
വേച്ചു വേച്ച് സുജാത പിന്നെയും നടന്നു.
അവസാനത്തെ ശവപേടകത്തിനു മുന്നിൽ
ഇനിയൊന്നും കാണുവാൻ വയ്യെന്ന് കണ്ണടച്ചപ്പോൾ
അത്രയും പരിചിതമായ ശബ്ദത്തിൽ
ആരോ കരയുന്നതു കേട്ട് കണ്ണു തുറന്നപ്പോൾ
സുജാത അവളെത്തന്നെ കണ്ടു ;
ആ ശവ പേടകത്തിനുള്ളിൽ ശാന്തയായി.
______

വായനക്കാരേ,
ഒരു അജ്ഞാത മെയിലിൽ നിന്നു കിട്ടിയ വിവരങ്ങളാണ് മുകളിലുള്ളത്.
ഇതൊരു യഥാർത്ഥ സംഭവമാണെന്നാണ്
മെയിലിൽ പറയുന്നത്.
ഞാനും അങ്ങനെ വിശ്വസിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതലറിയാൻ
ഒരെഴുത്തുകാരൻ എന്ന നിലയിൽ
എനിക്കാഗ്രഹമുണ്ട്.
കഴിയുമെങ്കിൽ
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി സഹായിക്കൂ.. :
ഈ മൂസിയം എവിടെയാണ്?
ആരാണിതിന്റെ സൂക്ഷിപ്പുകാരൻ?
ഇത്ര രഹസ്യമായി ഇത്തരമൊരു മ്യൂസിയം നടത്തിപ്പോരുന്നതിന്റെ ഉദ്ദേശ്യമെന്താണ്?
എല്ലാ നിയമങ്ങളുടെയും കണ്ണുവെട്ടിച്ച് ഇതെങ്ങനെ നിലനിൽക്കുന്നു?
പ്രമീള എങ്ങനെയാണ് ശവപേടകത്തിൽ വന്നത് ?സുജാതയും?
സുജാത തന്റെ തന്നെ ശവം കാണുന്നതിന്റെ കാരണമെന്താണ്?
സുജാതയും പ്രമീളയും മൂസിയത്തിനു പുറത്തു വരുമോ?
മൂസിയം സൂക്ഷിപ്പുകാരൻ എന്തിനാണ് ചിരിച്ചത്?

'ഇരു ' ത്തം

ഇല - ഭൂമി

ഇലയിൽ ഭൂമി.
ഇപ്പോൾ ഉരുണ്ടു വീഴുമോ?

ഭൂമി - ചെരുപ്പ്

ഭൂമിയുടെ ചെരുപ്പ്,
ഭൂമി ആകാശത്ത് അഴിച്ചു വെച്ചത്.
നിശാകാശത്ത് മേഘങ്ങൾക്കിടയിൽ
ഒഴുകും ചെരുപ്പുകൾ.

ചെരുപ്പ് - വെള്ളം

ചെരുപ്പിനെ ഉള്ളിലേക്കു കൂട്ടാത്ത വെള്ളം.
വെള്ളപ്പുറത്തെ സഞ്ചാരം.
നിശ്ചലതയിലേക്കുള്ള തിരസ്കാരം.

വെള്ളം -നിഴൽ

വെള്ളത്തിൽ കാലിട്ടിരിക്കും നിഴലുകൾ,
നിഴൽക്കാലുകൊത്തും മീനുകൾ,
നിഴൽച്ചൂണ്ടയിൽ കുരുങ്ങും മീനുമായി
പറക്കും മേഘങ്ങൾ.

നിഴൽ - കെട്ടിടം

കെട്ടിടം ചുറ്റുന്ന നിഴൽ,
(പൈപ്പു കടിച്ചു പിടിച്ച വില്ലൻ)
ആരെ അന്വേഷിക്കുന്നു?
ആരാണ് ഈ ബഹുനിലമാളികയിൽ നിന്ന്
ഇറങ്ങിവരാനുള്ളത്?

കെട്ടിടം - ജനൽ

ജനലുകളൊഴിച്ച് ബാക്കിയെല്ലാം
മാഞ്ഞു പോയ ബഹുനിലക്കെട്ടിടം.
ജനലുകളെ യഥാസ്ഥാനങ്ങളിൽ നിർത്തി
എവിടേക്കു പോയി?
എല്ലാ ജനലുകളിലും
പുറത്തേക്ക് തള്ളുന്ന
ഉൽക്കണ്ഠത്തലകൾ.

ജനൽ - തെരുവ്

തെരുവിനെ വലിച്ചു കുടിക്കും ജനൽ .
റോഡുകളും
ആളുകളും
കെട്ടിടങ്ങളും
പിടിവള്ളിയില്ലാതെ
അതിൻ വായിലേക്കൊഴുകുന്നു.

തെരുവ് -കാർ

തെരുവ് ഒരു കാറിനെ
ഉള്ളംകൈയിലെടുത്ത്
പൊടിച്ചിടുന്നു.

കാർ - പാറ്റ

മലർന്നുകിടക്കുന്ന കാർ :പാറ്റ
മലർന്നു കിടക്കുന്ന പാറ്റ: അപകടത്തിൽപെട്ട കാർ

പാറ്റ -തേങ്ങ

എല്ലാരുമുറങ്ങിക്കിടക്കെ
മുഴുത്തേങ്ങയുമായി പറന്നുപോകുന്നു പാറ്റ

തേങ്ങ -ചിരവ

അത്രയും ബന്ധമുള്ള ബദ്ധവൈരികൾ.
നിർബന്ധിത ഇണചേരൽ.

ചിരവ-പക്ഷി

ചിരവ,അടുക്കളയിലെ പക്ഷി
കിരീടം വെച്ചത്,
ഇരുട്ടിലൂടെ പറന്നു പോവുന്നു .

ഡെസ്പാസീത്തോ

നഗരത്തിലെ ഡാൻസ്ബാർ
ഈ രാത്രി പൊട്ടിത്തെറിക്കുന്നു.
എല്ലാ തെരുവുകളിലും പാതകളിലും
വീടുകൾക്കു മുന്നിലും അതിന്റെ ഒരു കഷ്ണം.
കുടിച്ചു കൊണ്ടിരിക്കുന്നവരുടെ ഒരു മേശ,
ആടിക്കൊണ്ടിരിക്കുന്നവരുടെ ഒരു കൂട്ടം.
ഒരു സംഗീതം എല്ലാ ജനലുകളും തകർത്ത്
എല്ലാ കാതുകളിലേക്കും പ്രവഹിക്കുന്നു.
ഡിംലൈറ്റുകളുടെയും ലേസർ വെളിച്ചങ്ങളുടെയും മിന്നാമിന്നികൾ
എങ്ങും നൃത്തം ചെയ്യുന്നു.
ഡെസ്പാസീത്തോ

ഉറങ്ങിക്കിടക്കാൻ ഇനി വയ്യെന്ന്
ലോകം തെരുവിലേക്കിറങ്ങുന്നു.
എല്ലാവരും ഗായകരും നർത്തകരുമാകുന്ന
മഹത്തായ സ്വപ്നത്തിലേക്ക് ഉണരുന്നു.

രാനഗരങ്ങളെ പിടിച്ചെടുക്കുന്നു
പൊട്ടിത്തെറിക്കുന്ന ഡാൻസ്ബാർ.
സംഗീതത്തിന്റെ മിന്നലുകൾ കടന്നുപോകും
മേഘവഴികളാകുന്നു തലച്ചോറുകൾ .
പൊട്ടിപ്പുറപ്പെട്ട നൃത്തത്തിൻ
നദികളാവുന്നു കാലുകൾ.

ലോകം ഒരു കരീബിയൻ ദ്വീപാകുന്നു.
എല്ലാ മനുഷ്യരും കൈ പിടിച്ചു കൈ പിടിച്ച്
ഒരേ പാട്ടിന്റെ ചങ്ങലയാവുന്നു.
നർത്തകർ ചവിട്ടുന്നിടത്തു നിന്നെല്ലാം
നക്ഷത്രങ്ങൾ ഒഴുകിപ്പോവുന്നു.

കരീബിയൻ കടൽ ചില്ലുതിരമാലകളുയർത്തി
ഏഴുസമുദ്രങ്ങളേയും വിളിക്കുന്നു.
ഏഴുവൻകരകളെയുമെടുത്ത്
കരീബിയൻ ദ്വീപുകൾ നൃത്തം ചെയ്യുന്നു:
പസീത്തോ പസീത്തോ സോവേ സോവേ സീത്തോ
💋💋💋💋💋💋💋💋💋💋💘💘💋💋💋💋

ഡെസ്പാസീത്തോ : ഏറ്റവും കൂടുതൽ ആളുകൾ കണ്ട യൂറ്റ്യൂബ് മ്യൂസിക് വീഡിയോ.

റോങ്സൈഡിൽ വരുന്ന ജീപ്പ് എന്ന കവിത


🚙🚙🚙🚙🚙🚙🚙🚙🚙🚙🚙🚙🚙🚙

റോങ്സൈഡിൽ വരുന്ന ജീപ്പ് എന്ന കവിത
മഞ്ഞിന്റെ വെളുത്ത പാടകെട്ടിയ ജനലുകൾ നോക്കി
മുറിയിലെ വൈദ്യുത വെളിച്ചം അണച്ച് ഇരുട്ടിലാണ് കവി എഴുതുന്നത്.
ജനലിലൂടെ പുറത്തേക്കു നോക്കുംതോറും അയാൾക്ക് കരച്ചിൽ കൂടിക്കൂടി വന്നു.
ഇത്ര നേരത്തെ മരിക്കേണ്ടായിരുന്നു...

ഈ കവിത ഈ വെളുപ്പാൻ കാലത്ത് ദില്ലിയിൽ പ്രഭാത്ഷേണായി എന്ന വൃദ്ധൻ വായിച്ച് അസ്വസ്ഥനാവുകയും
കക്കൂസിൽ പലതവണ പോവുകയും മരുമകളെയും മകനെയും വിളിക്കാൻ
ധൈര്യമില്ലാതെ
ലൈറ്റണച്ച്
ഉറക്കം വരാതെ
റോങ്സൈഡിൽ വരുന്ന ജീപ്പിനെ കണ്ട് കിടക്കുകയുമാണ്

അനുപംഭാട്യ, ജീവൻ അലോക്, നതാലിയ ജോസഫ് എന്നിവർ ഈ കവിതയെ പല സന്ദർഭങ്ങളിലായി അനുകരിച്ചെഴുതുകയും ദിവസങ്ങൾക്കുള്ളിൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു.

അങ്ങനെയാണ് ഈ കവിത ഒരു കൊല്ലുന്ന കവിതയാവുന്നത് ;
കവിതയിലെ പതിമൂന്നാം നമ്പർ മുറി.
വാടകക്കാരൻ ഫാനിൽ കെട്ടിത്തൂങ്ങി ചത്തതിനാൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മുറി
തിരക്കുള്ള ദിവസം കസ്റ്റമറുടെ നിർബന്ധത്താൽ മാനേജർ തുറക്കുകയാണ്.
മാറാല, മാറാല, മാറാല എന്നൊരു സംഗീതത്തിലേക്ക് ജനൽ വഴി വെളിച്ചമിറങ്ങുന്നു.
പൊടുന്നനെ
ഡ്രം സെറ്റിലെ സിമ്പലിൽ ആഞ്ഞടിച്ചതു പോലെ
മാനേജറും ആ ചെറുക്കനും ആഞ്ഞു തുമ്മുന്നു .

കവിത തുടങ്ങുന്നതിങ്ങനെയാണ്:

നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് എത്ര ശ്രമിച്ചിട്ടും ഓർക്കാനാവുന്നില്ല.
റോംങ് സൈഡിൽ ഒരു ജീപ്പ് വരുന്നുണ്ടായിരുന്നു.
അത്ര വേഗത്തിലൊന്നുമല്ല.
വളവായിരുന്നു.
പക്ഷേ, അത് ഓടിക്കുന്നയാൾക്ക് എൺപതുകളിലെ സിനിമകളിലെ വില്ലന്മാരുടെ മുഖഛായയുണ്ടായിരുന്നത് ഞാൻ കണ്ടു/ ശ്രദ്ധിച്ചു.
ഞാനത് കണ്ടത് / ശ്രദ്ധിച്ചത് വണ്ടിയിൽ നിന്ന് തെറിച്ച് മുകളിലേക്ക് പറക്കുമ്പോഴായിരുന്നു.
നമ്മുടേത്  ഇരുചക്രവാഹനം തന്നെ.
നല്ല സ്പീഡിലായിരുന്നു.
ഇടിച്ചതും വണ്ടി ജീപ്പിന്റെ മുൻഭാഗത്ത് കുരുങ്ങി .
നിന്റെ ശവം ജീപ്പിന്റെ ബോണറ്റിലേക്ക് തെറിച്ചു.
ബുള്ളറ്റിന്റെ പിന്നിൽ നിന്ന് ഞാൻ മുകളിലേക്കും.
അവസാനത്തെ പറക്കൽ.
ജീപ്പ് നിൽക്കുന്നു.
അതിലുള്ളവരെല്ലാം നിലവിളിക്കുന്നു.
ആകാശത്ത് കരണം മറിയുന്ന എന്നെ നോക്കുന്നു .
ഇടിയുടെ ശബ്ദം കേട്ട്  ആളുകൾ ഓടി വരുന്നു.
അതിനു മുൻപേ ഞാൻ റോഡിൽ
തലയടിച്ചു വീണ് ചോരയൊലിപ്പിച്ചു കിടക്കുന്നു.
മൊബൈൽ കമ്പനി അതിന്റെ പുതിയ ഓഫർ കേൾപ്പിക്കുവാൻ നിന്റെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കുന്നു,
ജീപ്പിനു മുന്നിൽ കുരുങ്ങിക്കിടക്കുന്ന നിന്റെ ശവം
ഒറ്റനോട്ടം മാത്രം നോക്കി ആളുകൾ മറയത്തേക്കു പോവുന്നു.
ആളുകൾ കൂടിക്കൂടി വരുന്നു;വാഹനങ്ങളും.
എന്നെ ഒരു വണ്ടിയിൽ കയറ്റിക്കൊണ്ടു പോവുന്നു.
വഴിയിലെവിടെയോ വെച്ച് ഞാനും....

അപകടമരണങ്ങൾക്കു ശേഷവും നാം എഴുന്നേറ്റു വന്ന് നമ്മുടെ ബുള്ളറ്റ് തിരയുന്നുണ്ട്.
അതവിടെയില്ല.

ചോര പറ്റിയ റോഡിലൂടെ
വാഹനങ്ങൾ ഇപ്പോഴും കുതിക്കുന്നുണ്ട്.
റോങ് സൈഡിൽ വന്ന ആ ജീപ്പ്
വളവിനപ്പുറത്ത് ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്ന് നീ എന്നോടു പറഞ്ഞു.

അത് സത്യമാണോ എന്ന് അറിയണമെങ്കിൽ നാം വീണ്ടും നമ്മുടെ ബുള്ളറ്റ് കണ്ടുപിടിക്കണം
അത് അസാധ്യമായതിനാൽ
നമ്മൾ ആ അപകടവളവിനപ്പുറം
നെടിയ മരങ്ങളുടെ പിന്നിൽ ഒളിച്ചുനിന്നു.
ദിവസങ്ങളോളം നിന്നപ്പോൾ
ഒരു രാത്രി ഒരു കാർ വന്നു.
അപ്പോൾ എതിർവശത്തുനിന്ന്
റോങ്സൈഡിൽ ആ ജീപ്പ്...

ഡിം ലൈറ്റുകളുടെ മിടിപ്പുകളും ആളുകളുടെ ബഹളങ്ങളും പിന്നിലാക്കി
നമ്മൾ കൈപിടിച്ച് ഒട്ടും തിരക്കില്ലാതെ വെറുതേ നടന്നു.

'റോങ് സൈഡിൽ വരുന്ന ജീപ്പ് ഒരു കവിതയല്ല. അപകട വിവരണം എങ്ങനെയാണ് കവിതയാകുന്നത് ? 'എന്ന കമന്റിട്ട
ജഗദീഷ് കുമാർ അന്നു രാത്രി ഉറങ്ങിയില്ല
ഇരുകണ്ണിലും വെളിച്ചം നിറച്ച്
റോങ്സൈഡിൽ ഒരു ജീപ്പ്
കണ്ണടക്കുമ്പോഴെല്ലാം ഇരച്ചു വരുന്നു.

ലോകത്ത് എക്കാലത്തും
കവിത മനസ്സിലാവാത്തവരും കവിയശപ്രാർത്ഥികളും ഉള്ളതിനാൽ
ആ കവിതയ്ക്കും വൗ എന്നും ഹൃദയാകൃതിയുള്ള വികാരചിഹ്നങ്ങളും കമന്റുകളായി വന്നു .
പക്ഷേ തിരുവനന്തപുരത്തുനിന്നുള്ള നിർമൽകുമാർ
ആ കവിതയിലെ വരികൾക്കിടയിലൂടെ
ഒരു ജീപ്പ് കടന്നു പോകുന്നതും
ബുള്ളറ്റിന്റെ ഇരപ്പും കേട്ടു.

വരികൾക്കിടയിലൂടെ കൈ പിടിച്ചു നടന്ന ഞങ്ങൾ
അയാളെ കൈ വീശിക്കാണിച്ചു.
അയാൾ ഞെട്ടി.
വിൻഡോ ക്ലോസ് ചെയ്ത് പുറത്തു പോയി. ഒറ്റയ്ക്കു നിന്നു മൂത്രം ഒഴിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.
പക്ഷേ,രണ്ടു കാര്യങ്ങളും അയാൾക്ക് നിർത്താൻ കഴിഞ്ഞില്ല.

വാഴത്തോട്ടം നൃത്തം ചെയ്യുന്നു

റഷീദിന്റെ വാഴത്തോട്ടം നൃത്തം ചെയ്യുന്നു വശങ്ങളിലെ പത്തടിവഴികളെ
ഒന്നിച്ചെടുത്ത് തോളത്തിട്ട്
കാലുകൾ താളത്തിൽ ചവിട്ടി
പച്ചിലക്കൈകൾ ചലിപ്പിക്കുന്നു.
കാണുന്നു,നമ്മളിത്  കാണുന്നു
പരസ്പരം മിണ്ടാതെ
നമ്മുടെ വീടുകളിലെ മട്ടുപ്പാവുകളിലിരുന്ന് അത്ഭുതത്തെ വലിച്ചു വലിച്ചു കുടിക്കുന്നു.

റഷീദിന്റെ വാഴത്തോട്ടം നൃത്തം ചെയ്യുന്നു
കൊറ്റികളുടെ വെള്ളപ്പൂക്കൾ
അതിനിടയിൽ നിന്ന് നുരച്ചു പൊന്തുന്നു
വശങ്ങളിലേക്ക് വളഞ്ഞു മായുന്നു
പകലല്ല രാത്രിയല്ല മഴയല്ല വെയിലല്ല
സമയത്തിന്റെ ഒരു കുറ്റിയിലുമല്ല
വിട്ടു കളഞ്ഞ ഒരു വേളയല്ല
സമയത്തിന്റെ ഒരു കണക്കുപുസ്തകത്തിലും വരാതെ രക്ഷപ്പെട്ട  സമയം
മനുഷ്യർ മാത്രമായ നമ്മുടെ മുന്നിൽ വെളിപ്പെടുന്നു

അകത്തേക്കകത്തേക്ക് കുഴിച്ചുപോയാൽ
മരണത്തിനു കൊടുക്കാൻപോലും
തയ്യാറാകും മട്ടിൽ
ശ്വാസത്തെ അടക്കിപ്പിടിച്ചാൽ
കേൾക്കാവുന്ന ഗൂഢസംഗീതത്തിൽ
ചെയ്യുന്നു,
കിടത്തിയുറക്കിയ പച്ചവിരിപ്പോടെ
അരികിലെ കുളത്തെ എടുത്തു പൊക്കി
നൃത്തം ചെയ്യുന്നു.
റഷീദിന്റെ വാഴത്തോട്ടം നൃത്തം ചെയ്യുന്നു.

കുലച്ച തുമ്പിക്കൈകൾ വളച്ചു പിടിച്ച്
ക്രമത്തിലാടുന്നു,വട്ടത്തിൽ ചലിക്കുന്നു
മണൽ കലർന്ന വയൽമണ്ണ് മെതിക്കുന്നു
മെതിച്ച മണ്ണിൽ വിയർപ്പുറവ പൊട്ടുന്നു

ഇരുളോ വെളിച്ചമോ എന്ന് തിരിക്കാത്ത വേള
ഒരേ വാഴത്തോട്ടത്തിലേക്ക് നോക്കി നാമിരിക്കെ
അത്ഭുതം,അത് നൃത്തം ചെയ്യുന്നു!!
അതിലേക്ക് നോക്കി നോക്കി
നാം ഉറങ്ങിപ്പോകുന്നു
നമ്മുടെ മട്ടുപ്പാവുകളിൽ
നമ്മുടെ കസേരകളിൽ നമ്മളുറങ്ങുന്നു
പ്രപഞ്ചത്തിന്റെ മാന്ത്രികത നമ്മെ ഭയപ്പെടുത്താതിരിക്കാൻ
നമ്മളുറങ്ങുന്നു
ഉറക്കത്തിൽ രണ്ടുവെളുത്ത  കൊറ്റികളായ് പറന്നുവന്നു നോക്കുന്നു,
നൃത്തം ചെയ്യുന്ന വാഴത്തോട്ടത്തെ.

തവളക്കരച്ചിലുകളുടെ മഴയിൽ
അനക്കമില്ലായ്മ നടിച്ച് ഇരുട്ടിന്റെ മറപറ്റി
അത് മാന്ത്രികവിദ്യ പഠിക്കുന്നു.
നമ്മുടെ അശ്രദ്ധ അത് ശ്രദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

അതിവാചാലമായ ഒരു കവിതയില്‍ നിന്റെ മൃതശരീരം സൂക്ഷിക്കുന്നു


നീ വെടിയേറ്റു മരിച്ചുവീഴുന്നു
നിനക്കിനി ഒന്നും തെളിയിക്കാന്‍ കഴിയില്ല
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിന്
പകല്‍ വീട്ടില്‍ കുട്ടികളുമായി കളിച്ചിരുന്നതോ
തൊട്ടടുത്ത ടൌണില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതോ
വൈകിട്ട് കൂട്ടുകാരനോടൊപ്പം രണ്ടെണ്ണമടിച്ചതോ...ഒന്നും.

മാവോയിസ്റ്റ്,ഐ.എസ് ഭീകരന്‍ ,സിമി
നീ ഏതാണെന്ന് ഞാന്‍ തീരുമാനിക്കും.
നിനക്ക് ചരിത്രമില്ല,തെളിവുകളില്ല
നീ ജീവിച്ചിരുന്നിട്ടുകൂടിയില്ല.
ഏറിയാല്‍
മരിച്ചുകിടക്കുന്ന നിന്റെ കീശയില്‍
ഒരു ലഘുലേഖ മടക്കിവെക്കും.
അതുമല്ലെങ്കില്‍
നിന്റെ വീട്ടിലെ അലമാരയിലൊരു പുസ്തകം.
അത്ര മതി ,നിന്നെയൊക്കെ കൊല്ലാനുള്ള ന്യായം.
ജീവിച്ചിരിക്കുമ്പോള്‍ നീ കണ്ടിട്ടുപോലുമില്ലാത്ത ഒരു തോക്ക്
മരിച്ചുകിടക്കുന്ന നിന്റെ കൈകളില്‍ പിടിപ്പിക്കും.
ജീവിതത്തില്‍ ഒരാള്‍ക്കൂട്ടത്തില്‍ വെച്ച്
കൂട്ടിമുട്ടിപ്പോലും കണ്ടിട്ടില്ലാത്തവര്‍
നിനക്കെതിരെ സാക്ഷിമൊഴി നല്‍കും.
പോകാത്ത വഴിയില്‍ നീ പോയെന്നു പറയും.
ഭരണകൂടമല്ല,
നിന്റെയൊക്കെ മരണകൂടമാണ് ഞാന്‍.
എനിക്കെതിരെയുള്ള വാക്കുകള്‍ നോക്കുകള്‍,ആലോചനകള്‍
ഒന്നും ഉണ്ടായില്ലെങ്കില്‍പ്പോലും
ഇനിയും ഉണ്ടാവാതിരിക്കാന്‍
ഇടയ്ക്കിടെ ഓരോ കൊല നടത്തേണ്ടതുണ്ട്.
എനിക്ക് ജീവിക്കണം.
എന്റെ ശബ്ദത്തിനുമുകളില്‍ ഉയരരുത്
ഒരു ശബ്ദവും.
ഞാന്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നുവെന്ന തോന്നല്‍
ഉണ്ടാക്കിയെടുത്ത് ചീഞ്ഞ രാഷ്ട്രീയ അശ്ലീലങ്ങള്‍
എനിക്ക് കുഴിച്ചുമൂടണം.
നീ മരിച്ചാലെന്ത്?
വ്യവസ്ഥയെ നിലനിര്‍ത്തുവാന്‍
എനിക്ക് ഭക്ഷണമായതില്‍ നിനക്ക് അഭിമാനിക്കാം.

ജനാധിപത്യത്തെക്കുറിച്ചുള്ള
നിന്റെ ആശങ്ക നിന്റെ അവസാന ശ്വാസത്തിലും
ഞാന്‍ കേട്ടു.
ജനാധിപത്യം എന്നത് ജനങ്ങള്‍ക്കു മുകളില്‍
ഭരണപക്ഷത്തിനുള്ള ആധിപത്യം എന്നേയുള്ളൂ.
ഭരിക്കുന്നവര്‍ മാറുന്നില്ല.
മാറുന്നുവെന്ന് നടിക്കുന്നുവെന്നേയുള്ളൂ.
ഒരു കാല്‍ മുന്നോട്ടുവെക്കുമ്പോള്‍
ഒരുകാല്‍ പിന്നില്‍ ഉള്ളതുപോലെ
ഇരുകാലുകള്‍ മാറിമാറി,
അതല്ലാതെ മറ്റൊന്നും ഈ നടപ്പില്‍
വരികയുമില്ല.

എന്റെ ചിഹ്നങ്ങള്‍-എന്റെ ഇരകളെ
കണ്ടെത്തുന്നതിനുള്ള സൂചകങ്ങള്‍.
എഴുന്നേറ്റു നില്‍ക്കൂ
വരിനില്‍ക്കൂ
നിശ്ശബ്ദരാവൂ
എന്നെല്ലാം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും.
അനുസരിക്കാത്തവരെല്ലാം ഒന്നൊന്നായി മരിച്ചുവീഴും.

സംശയത്തിന്റെ ഒരു കണിക മതി
നിന്റെയൊക്കെ കുടുംബം കുളംകോരും.
ആ പഴയ രാജാവു തന്നെയാണ് അധികാരത്തില്‍.ഇരയെന്ന് പ്രഖ്യാപിച്ച്
ചിലരെ ഞാന്‍ വെറുതെവിട്ടെന്നു വരും.
ഭയത്തിന്റെ കൊടുംവിഷം തിന്ന മൃഗം
കാടിന്റെ ഏതതിരുവരെ ഓടുമെന്ന്
കാണുവാനുള്ള കൌതുകമാണത് .
ജയിക്കും എന്ന് ഉറപ്പുള്ള ഗെയിമില്‍
ഇരയ്ക്ക് അല്പം സാവകാശം നല്‍കുന്നത് തെറ്റല്ല.

ആരോപണങ്ങള്‍ക്കു ചേരുകയില്ല നിന്റെയീ വസ്ത്രങ്ങള്‍ .
അതിനാല്‍  അഴിച്ചുമാറ്റുന്നു
ഭീകരന്മാര്‍ക്കുള്ള യൂണിഫോം നിനക്കുപാകത്തിലുള്ള ഒന്ന്
തയ്ച്ചുകൊണ്ടുവന്നത് അണിയിക്കുന്നു.
നിനക്കിത് ഇഷ്ടപ്പെടാതിരിക്കില്ല.
ചില ജീവിതങ്ങളും അതിവാചാലമായ കവിതകളും
പാഴായെന്നു വരും.
പക്ഷേ നിന്റെ മരണം പാഴാകുന്നില്ലെന്ന്
മാത്രം നീയോര്‍ക്കുക .

വെളിച്ചത്തിന്റെ കാടുള്ള ജലത്തില്‍

ഈയിടെ അവള്‍
കണ്ണടയ്ക്കുമ്പോഴെല്ലാം
വിശാലമായ ജലപ്പരപ്പിന്നടിയില്‍
നീന്തിക്കൊണ്ടിരിക്കുന്ന ഒരാളെ കാണുന്നു.
അയാള്‍ ആരാണെന്ന് അവള്‍ക്കറിഞ്ഞുകൂടാ.
അയാള്‍ എന്തിനാണിങ്ങനെ അന്തമില്ലാതെ
നീന്തുന്നതെന്ന് അവള്‍ക്കറിഞ്ഞുകൂടാ.
പക്ഷേ അയാള്‍ പ്രയാസപ്പെടുന്നുണ്ട്.
മുകള്‍പ്പരപ്പിലേക്ക് ഒരിക്കലും നീന്തിയെത്താനാവാത്ത
ഒരാളാവണം അയാള്‍.
മുകള്‍പ്പരപ്പില്‍ അയാളെ തടയുന്നതെന്തെന്നും
അവള്‍ക്കറിയില്ല.
ചില്ലുകൂട്ടില്‍ പെട്ട ഒരു ശലഭത്തെപ്പോലെ
ജലശരീരത്തിന്റെ എല്ലാ അതിരുകളിലും
അയാള്‍ ഒരു പഴുത് തിരയുന്നു.
അയാളെപ്രതി ഓര്‍ത്തോര്‍ത്ത്
അവള്‍ ജനാല വഴി ഒഴുകിപ്പോവും
മേഘങ്ങളില്‍ ചെന്നുതൊടും.
കെട്ടിടങ്ങള്‍ക്കു മുകളിലൂടെ
ഒഴുകിപ്പോവുന്ന മധ്യവയസ്കയായ സുന്ദരിയെ
പാര്‍ക്കിലിരിക്കുന്ന കൌമാരക്കാരും
തിരക്കേറിയ പാതയില്‍
കാറോടിക്കുന്നവരും കാണും.


അവളുടെ ഭര്‍ത്താവെന്ന് തോന്നിക്കുന്നൊരാള്‍
അവളെ തിരിച്ചുവിളിക്കും.
അവള്‍ തിരിച്ചുവന്ന് പഴയപടി
പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കും.
അവള്‍ ഡ്രൈവു ചെയ്യുകയാണ് ,
ഡ്രൈവു ചെയ്യുകയാണ് എന്ന്
ഇനിയും മുറിക്കാത്ത ഒരു തക്കാളി
അവളെ ഓര്‍മിപ്പിക്കും.
തക്കാളിനിറമുള്ള ഒരു കാറില്‍
പിന്നെ അവളെങ്ങോട്ടോ പോകും.
വഴിയോരമരച്ഛായകള്‍
കാറിന്റെ ചില്ലിലൂടെ കടന്നുപോകും
അപ്പോള്‍ ഒരു നീലനീലത്തടാകം തെളിയും.
അതിനടിയില്‍ അയാള്‍ നീന്തുന്നുണ്ട്
അയാളുടെ ശ്വാസം മുകള്‍പ്പരപ്പില്‍ വന്ന്
കുമിളകുമിളയായി പൊട്ടുന്നുണ്ട്
അയാള്‍ക്ക് ഒരിക്കലും മുകളിലെത്താനാവുന്നില്ല.
വിജനവും ഏകാന്തവുമായ ജലക്കൂടില്‍
നീന്തിത്തളര്‍ന്നിരിക്കുന്നു അയാള്‍.
അവളുടെ തക്കാളി നിറമുള്ള കാര്‍
ആ ജലാശയത്തിനകത്ത് ഒരു പുതിയ ജലജീവിയെപ്പോലെ
പൊയ്ക്കൊണ്ടിരിക്കുന്നു.
വെളിച്ചത്തിന്റെ കാടുള്ള ജലത്തില്‍
നീന്തിക്കൊണ്ടിരുന്ന അയാള്‍ അവളുടെ
കാറിന്റെ ചില്ലുപാളിയില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു,
ചില്ലില്‍ മുഖം ചേര്‍ത്ത് ആഞ്ഞാഞ്ഞുശ്വസിക്കുന്നു

മരിച്ചുപോയ ആരോ ഒരാളാണ് അയാള്‍.
പക്ഷേ എത്രയായിട്ടും അയാളെ ഓര്‍ക്കാനാവുന്നില്ല.

അപ്പോള്‍ അവള്‍ മൂന്നു കാഴ്ചകള്‍ കൂടി കാണുന്നുണ്ട്:

ഒന്ന് :ജലാശയത്തിനടിയില്‍ നീന്തുന്ന ആ മനുഷ്യന്‍
അവളുടെ കാര്‍ വിട്ട് ദൂരേക്ക് നീന്തിനീന്തിപ്പോകുന്നു.

രണ്ട്:ജലാശയത്തിനരികില്‍ അതിനകത്തേക്ക് വീണ ഒരു കാറിനെ നോക്കിനില്‍ക്കുന്ന
ഒരാള്‍ക്കൂട്ടത്തിന്റെ പലനിറപ്രതിച്ഛായകള്‍ ഇളകിയിളകി ഒന്നാവുന്നു.

മൂന്ന്: അവളുടെ വീടിന്റെ കിടപ്പുമുറിയുടെ ജനാല തുറന്ന്
അവളുടെ ഭര്‍ത്താവ് അവളെ തിരിച്ചുവിളിക്കുന്നു.

പറക്കല്‍


മലയിടുക്കുകളിലെ മരക്കൂട്ടത്തലപ്പുകളില്‍ നിന്ന്
കാറ്റ് പലദിശകളില്‍ വലിച്ചുകൊണ്ടുപോകുന്നു കോടയെ.
ചങ്ങലയിട്ട കൈകാലുകളാല്‍ അത് വേച്ചുവേച്ച് പടരുന്നു.
പാതയോരമരത്തില്‍ ഉയരത്തിലൊരു കൊമ്പില്‍
ഇരിക്കുന്നു പൂവന്‍ കോഴി.
മരകൊമ്പിലിരുന്ന് അത് ഞാന്‍ പോകും ബസ്സിലേക്ക്
നോക്കും പ്രഭാതം.

നൂറ്റാണ്ടുകളോളം തലമുറകളായി
വളര്‍ത്തിയിട്ടും കൂട്ടില്‍ കയറാതെ
മരക്കൊമ്പ് അന്തിയുറങ്ങാനുള്ള ഇടമെന്ന്
ഒരു പൂവന്‍‌കോഴി ഇടയ്ക്കിടെ പിറവിയെടുക്കുന്നു.
എത്ര പുനര്‍ജനിച്ചിട്ടും
പരിഷ്കരിക്കപ്പെടാതിരിക്കാന്‍
അത്ര ആഴത്തില്‍
എവിടെയാവും അതിനുള്ളില്‍
ഈ ആദിമ ചോദന കുഴിച്ചിട്ടിരിക്കുന്നത്?
അത്ര ഉയരത്തില്‍ പറക്കുന്നൊരു
പക്ഷിയല്ലാഞ്ഞിട്ടും
പക്ഷി തന്നെ ഞാന്‍ എന്ന്
എന്തിനാണിങ്ങനെ തിരിച്ചറിയുന്നത് !
എത്ര തവണ കൊല്ലപ്പെട്ടിട്ടും
ഭാരിച്ച ശരീരവുമായി
കൂടുവേണ്ട മരക്കൊമ്പു മതിയെന്ന്
അത് ഉയരത്തിലേക്ക് പറക്കുന്നു.
കോട കടന്നു പോകും ബസ്സിന്‍ ജനാലയിലൂടെ
തല പിന്നിലേക്കിട്ട് നോക്കവേ
കുഴിച്ചിട്ടിരിക്കാം നമ്മിലും ചില പറക്കലുകളെന്ന്
ഒരാള്‍ കോടയില്‍ മാഞ്ഞുപോകുന്നു.

മറുകണ്ടം ചാടുന്നവളേ...
പഴയതുപോലല്ല കാര്യങ്ങള്‍
കിടന്ന കിടപ്പാണ്
പൊങ്ങുന്നേയില്ലെന്നല്ല
ഇടയ്ക്കിടെ പൊങ്ങാറുള്ള
ഈ വിളിയൊഴികെ
ഇട്ടേച്ചുപോയ കാലത്തിന്
ഒരു ചവിട്ടുകൊടുക്കാനുള്ള
മോഹമൊഴികെ

ഉറങ്ങുകയല്ല ലോന
ഉറങ്ങുകയില്ല ലോന
കഫത്തിന്റെ വള്ളി കയറിപ്പിടിച്ച
ശബ്ദത്തില്‍ വിളിക്കുകയാണ്
മറുകണ്ടം ചാടുന്നവളേ
ചാടുന്നവളേ
വളേ
ളേ
ളേ

കിടന്ന കിടപ്പാണ്
കിടന്നിടത്താണ് മൂത്രം
കിടന്നിടത്താണ് മലം
പൊങ്ങുന്നില്ല
ഓര്‍മകളുടെയോ
സ്വപ്നങ്ങളുടെയോ
ഭാവനയുടെയോ
ഒരു പൊങ്ങുതടി.
ഏലീ എനിക്കു വെള്ളം വേണം
ഏലീ എനിക്കു വിശക്കുന്നു
ഏലീ എനിക്കു തണുത്തിട്ട് പാടില്ല
ഏലീ എടീ നശിച്ചവളേ
നീ ഏത് മാവന്റൊപ്പം കിടന്ന് മറിയുകാടീ
ഏലീ
ഏലീ
...

അപ്പുറത്തെ മുറി എപ്പോഴും
അപ്പുറത്തെ മുറിവാണ്
അവിടെ നിന്നാണ് ചോര
ഒച്ചകളുടെ പാതിര
ഒലിച്ചൊലിച്ച് നിറയുന്നത്
കട്ടിലു തകരും മട്ടില്‍ അവിടെ എന്താണ്?
എല്ലാവരുമുറങ്ങുന്ന നടുരാത്രിയില്‍
ഉറങ്ങാത്ത നായ്ക്കളുടെ ഓരി കേള്‍ക്കാന്‍
ഉണര്‍ത്തിക്കിടത്തിയതെന്തിനെന്ന് ലോന

ഉണ്ടുണ്ട്
പ്രതികാരമുണ്ട്
പ്രതികരണവുമുണ്ട്
ഏലിയുടെ പൊങ്ങാത്തവനെ
സഹതാപമറിയിക്കാന്‍ വരുന്ന
എല്ലാവര്‍ക്കുമുണ്ട്
ആയിരം കരിമ്പൂച്ചകളെ തിന്നിട്ടുള്ളവാനാണ്
ലോനയെന്ന് ഒരു തരിപ്പുവരും
നിന്റമ്മ ഒളിച്ചോടിപ്പോയ കഥ വല്ലതും
നിനക്കറിയാമോടാ ചെറുക്കാ എന്ന് കൊച്ചാക്കും.
അവളു പെഴച്ചുണ്ടായതാ നീ എന്ന്
കിടന്ന കിടപ്പിലും അവന്റെ അടിവേരു തപ്പും.

ഏലീ നീയൊന്നിങ്ങ് വന്നേ
ഏലീ എന്തൊരൊച്ചയാണിത്
ഏലീ എന്റെ അണ്ണാക്കിലേക്ക്
കുറച്ചു വാറ്റുചാരായം ഒഴിച്ചുതാടീ
ഏലീ ആരാണവിടെ
ഏലീ ഏലീ ഏ...

എല്ലാം കഴിഞ്ഞ് ഏലിയെത്തുമ്പോള്‍
അരണ്ടമുറിയില്‍ ലോനയുടെ ഒരു നോട്ടം
അവളെ കാത്തുകിടക്കുന്നു.
അവളുടെ കൃഷ്ണമണികളിലൂടെ
അത് തലച്ചോറിലേക്കോ
ഹൃദയത്തിലേക്കോ
കൊത്തിപ്പറിക്കാന്‍ പോകുന്നു.
വേണ്ട വേണ്ടെന്ന് തിരിയുമ്പോള്‍
ഒരു പന്തികേട്
ലോനയുടെ മൂക്കില്‍ കൈ വെച്ചു നോക്കുന്നു.
ലോനയുടെ നാഡി പിടിച്ചുനോക്കുന്നു.

(കിടന്ന കിടപ്പില്‍ നിന്ന് അയാള്‍ പൊടുന്നനെ ചാടി എഴുന്നേല്‍ക്കുന്നതായും
ആ വീടിനെ വിറപ്പിക്കും മട്ടില്‍ മറുകണ്ടം ചാടുന്നവളേ...വളേ..ളേ...എന്ന് അയാള്‍ അലറുന്നതായും ഏലി ഇടയ്ക്കിടെ ഇപ്പോഴും ഭാവന ചെയ്യാറുണ്ട്.)

വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള കവിത


പറിച്ചെറിഞ്ഞ മുല പോലൊരു കുന്ന് .
അതിന്റെ വര്‍ത്തുളതയെ നൂറ്റാണ്ടുകളായി
തഴുകിക്കൊണ്ടിരിക്കുന്ന തോട്ടുവെള്ളത്തിന്റെ വിരലുകള്‍ .
അതിന്റെ മുലഞെട്ടിലാണ് കുട്ടേട്ടന്റെ വീട് .
അവിടെയിരുന്ന് ഞാനും കുട്ടേട്ടനും പ്ലംബറാശാനും
ഒന്നാമത്തെ പെഗ്ഗൊഴിക്കുമ്പോള്‍ മഴ തുടങ്ങുന്നു.

ജനല്‍ച്ചതുരം കാട്ടുന്നു താഴ്‌വരയില്‍
തീപ്പെട്ടികള്‍ വെച്ചപോലെ എന്ന പഴയ ഉപമയില്‍
മരങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന വീടുകള്‍ .
കുന്ന് അഴിച്ചിട്ട കള്ളിക്കുപ്പായമെന്ന് വയലുകള്‍ കീഴെ.
അതില്‍ കണ്ടം പൂട്ടുന്ന ട്രാക്ടറിന് കാവല്‍ നില്‍ക്കുന്ന കൊറ്റികള്‍ .

കുട്ടേട്ടന്‍ ഓര്‍മിച്ചു:
തൊഴിലാളിയെ വെട്ടിക്കൂട്ടി ആത്തിക്കണ്ടത്തില്‍ താഴ്ത്തിയ മഠത്തില്‍മത്തായി,
ആ മത്തായിയെ പറഞ്ഞുറപ്പിച്ചുകൊന്ന നക്സലൈറ്റുകള്‍
ആ നക്സലൈറ്റുകളെ വേട്ടയാടിയ പോലീസ്
കേണിച്ചിറയിലെ തോട്ടങ്ങളിലൂടെ ഓടിക്കൊണ്ടിരുന്നു
തലയില്ലാത്ത അയാളുടെ കാലുകള്‍

വാഴകള്‍ തണുത്തുവിറച്ചു
കിളികള്‍ മഴയെ ചീത്തവിളിച്ചുപറന്നു
ആകാശം കറുത്തുവന്നു

മൂന്നാമത്തെ പെഗ്ഗില്‍ കൃഷ്ണന്‍ കുട്ടി നായരെ അനുസ്മരിപ്പിക്കുന്ന
പ്ലംബറാശാന്‍ വ്യാജമായി ചീറി :ങാ ! എന്നോട് കളിക്കണ്ട
എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.
ട്രാക്ടറുകളല്ല തൊപ്പിക്കുട ചൂടിയ മനുഷ്യരാണ്
എരുതുകളെ കെട്ടിയ നുകത്തണ്ടില്‍ ചവിട്ടി നിന്ന് പായുന്നതെന്ന്
തന്നോടുതന്നെ പറഞ്ഞു .

മഴവെള്ളം കടലാക്കിയ പാടത്തുനിന്ന്
വെള്ളം മുകളിലേക്കുമുകളിലേക്ക് കയറിക്കയറിവന്നു.
താഴ്വരയിലെ ആദ്യത്തെ അടുക്ക് വീടുകളെ അത് മൂടി.
പെട്ടിപ്രമാണങ്ങളും സമ്പാദ്യങ്ങളുമെടുത്ത് വളര്‍ത്തുമൃഗങ്ങളെ തെളിച്ച്
ആളുകള്‍ കുന്നിന്‍‌മുകളിലേക്ക് കയറുന്നു .
വെള്ളം കയറാത്ത ബന്ധുവീടുകള്‍ തിരഞ്ഞ്
കുട്ടികളെയെടുത്ത സ്ത്രീകള്‍ ഇടുക്കുവഴികളിലൂടെ കുന്നുകയറുന്നു.
കുന്നിന്‍പുറത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ ചുടലയില്‍ നിന്ന്
മഴവെള്ളച്ചാലുകളുടെ തീനാളങ്ങള്‍ താഴ്വരകളിലേക്ക് ഒഴുകുന്നു.

ആശാന്‍ ഓര്‍ത്തു:പൈപ്പുകള്‍ കൂട്ടിപ്പിടിക്കുന്ന മണിമാളികകള്‍
വെള്ളവും വിസര്‍ജ്യവും ഓടിക്കൊണ്ടിരിക്കുന്ന ചുമരുകള്‍
വിസര്‍ജ്യങ്ങള്‍ കെട്ടിക്കിടക്കുന്ന ക്ലോസറ്റുകള്‍
ഒരു പെഗ്ഗ് വലിച്ച് ആ ഓര്‍മ തുപ്പിക്കളഞ്ഞു ആശാന്‍ .

നീര്‍ക്കോലിപ്പരുവത്തിലുള്ള മഴവള്ളികള്‍
പെരുമ്പാമ്പുകളായി വായ പിളര്‍ന്ന്
ഭൂമിയിലേക്ക് വീണുകൊണ്ടിരുന്നു

കുട്ടേട്ടന്‍ കുട്ടന്മാഷെ ഓര്‍ത്തു:ദയാകരേട്ടന്റെ ടോര്‍ച്ച് വെട്ടത്തില്‍
പാതിരാത്രിയില്‍ വൈക്കോല്‍‌കളത്തില്‍
പാട്ടുകാരിട്ടീച്ചറെ കെട്ടിപ്പിടിച്ചുറങ്ങുന്നു കുട്ടന്മാഷ്.പാറമുനമ്പേല്‍ മേരിയുടെ കൊച്ച്
പതിനൊന്ന് വയസ്സില്‍ മരിക്കുന്നു.
കുട്ടന്മാഷ് നാടകവും വിപ്ലവവുമായി ചുരമിറങ്ങുന്നു.
അയാളുടെ വിപ്ലവലേഖനങ്ങള്‍ ചുരം കയറിക്കൊണ്ടിരുന്നു
കുട്ടേട്ടന്‍ വായിച്ചുകൊണ്ടിരുന്നു.

മഴവെള്ളം കുതിച്ചുകയറി.
രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിര വീടുകള്‍
വെള്ളത്തിനടിയിലായി.
ലൈംഗികത്തൊഴിലാളി പ്രമീളയും അവളുടെ രണ്ട് കസ്റ്റമേഴ്സും
കഴുത്തോളം വെള്ളത്തില്‍ വീട്ടില്‍ നിന്ന് പുറത്തേക്കൊഴുകിപ്പോന്നു.
വാറ്റുകാരന്‍ ചെട്ട്യാര്‍ വാറ്റുകലത്തോടെ ഒഴുകിനടക്കുന്നു.
കള്ളന്‍‌കുമാരന്‍ പകുതിയും മുങ്ങിയ ഒരു മരത്തിന്റെ കൊമ്പില്‍
പേടിച്ചുവിറച്ചിരിക്കുന്നു.

അരക്കുപ്പിയേ തീര്‍ന്നുള്ളൂ.
അടുത്തപെഗ്ഗില്‍ നിന്ന് കാറ്റുകള്‍ ഇറങ്ങിവന്നു.
മരങ്ങളെ കടപുഴക്കി.
മേഘങ്ങളെ തച്ചുടച്ച് വലിയവലിയ കുളങ്ങളെ ഭൂമിയിലേക്ക് മറിച്ചിട്ടു.
മുത്തങ്ങസമരത്തിനു ശേഷം ഒളിവില്‍പ്പോയ ജാനുവിനെ
നമ്പിക്കൊല്ലിയില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചുകൊടുത്തു.
അടികൊണ്ട് വീര്‍ത്ത കവിളുമായി
അവര്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്നു.
ഞങ്ങളുടെ ബൈക്ക് പുതിയൊരു കുപ്പിയുമായി
നമ്പ്യാര്‍കുന്ന് പോയി തിരിച്ചുവരുന്നു
ബൈക്കില്‍ മൂന്നാമതിരിക്കുന്ന ആശാന്‍
ചിറകുവെച്ച് പറക്കുന്നു.
അയാള്‍ ഒരു തുമ്പിയാണ്.
മുലഞെട്ടൊഴികെ മുല മുഴുവന്‍ വെള്ളത്തില്‍ മൂടി.
ഇരുട്ടും വെള്ളവും കൂടി ഭൂമിയെ ഇപ്പോള്‍ വിഴുങ്ങും.
ഒലിച്ചുപോവുന്നവരുടെ ഒച്ചകള്‍
ഒഴുകിപ്പോവുന്ന വാഹനങ്ങള്‍
ഒഴുകിപ്പോവുന്ന വളര്‍ത്തുമൃഗങ്ങള്‍
മുകള്‍പ്പരപ്പിലെ ചുടലയില്‍ നിന്ന്
മണ്ണടിഞ്ഞ ഗോത്രജനത എഴുന്നേല്‍ക്കുന്നു
മഴയെ നോക്കി അവര്‍ പാടുന്നു
തുടിയുടെയും ചീനിയുടെയും താളത്തില്‍
മേഘങ്ങള്‍ തലയിലെടുത്ത് അവര്‍ നൃത്തം ചെയ്യുന്നു.
ഞങ്ങള്‍ അവസാനത്തെ പെഗ്ഗൊഴിച്ച്
ഇരുട്ടിലേക്ക് നോക്കിയിരിക്കുന്നു
ജനല്‍പ്പാളികളില്ലാത്ത,
വാതിലുകളില്ലാത്ത വീട്ടിലേക്ക്
മഴവെള്ളം കുതിച്ചുകയറിവരുന്നു.

അനേകം ശവങ്ങളോടെ
വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഈ കവിത
നിങ്ങളുടെ അടുത്തേക്ക് ഒഴുകിയെത്തുന്നു.
നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന
വരികളുടെ അക്ഷരങ്ങള്‍ വലിയകല്ലുകളായി
ഇടിഞ്ഞ് വീഴുന്നു
അക്ഷരങ്ങള്‍ക്കിടയിലെ മണ്ണ് കലങ്ങിച്ചേര്‍ന്ന വെള്ളം
നിങ്ങളെയുമെടുത്ത് ഒഴുകുന്നു
വായിച്ചുകൊണ്ടിരിക്കുന്നവരില്‍ നിന്നെല്ലാം
അനേകം കൈവഴികളായി ഒഴുകി വന്ന്’
തെരുവുകളെയും പാതകളെയും മുക്കി
ജലം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.
നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ കവിത
ഞാന്‍ ഇപ്പോള്‍ എഴുതാന്‍ തുടങ്ങുന്നു....
കടുവ

ആമുഖം
 
ഒരു മാസം മുന്‍പ് തന്റെ പശുവിനെ കടുവ പിടിക്കും വരെ
ലോപ്പസിന് ഒരു കുഴപ്പവുമില്ലായിരുന്നു. 

കവിത 1

ലോപ്പസിന് ഉറക്കമില്ല.
വീടിനരികിലൂടെ കടുവ നടന്നു പോകുന്ന
കാലടിയൊച്ച തോന്നി അയാള്‍ പാളി നോക്കുന്നു.
ഇരുട്ടില്‍ അതിന്റെ മുരള്‍ച്ച എല്ലായിടത്തു നിന്നും
കേള്‍ക്കുന്നതായി അയാള്‍ക്കു തോന്നുന്നു.അയാള്‍ ചെവിപൊത്തുന്നു.
കണ്ണടച്ചു കിടക്കുന്നു.ഇരുട്ടില്‍ മിന്നി മിന്നി ഒരു കടുവ. 

കവിത 2

ലോപ്പസ് കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നു. 
തെളിഞ്ഞ വെള്ളത്തിലേക്ക് അയാള്‍ സൂക്ഷിച്ച് നോക്കുന്നു.
വെള്ളത്തില്‍ ഒരു കടുവയുടെ മുഖം.
അത് ഗര്‍ജ്ജിച്ചുകൊണ്ട് ലോപ്പസിനു നേരെ ചാടുന്നു.ലോപ്പസ് തൊട്ടിയും കയറും വിട്ട് വീട്ടിലേക്ക് ഓടുന്നു. 

കവിത 3

ലോപ്പസ് കാടിനു സമീപമുള്ള ഒരൊഴിഞ്ഞ സ്ഥലത്ത്
വൈകുന്നേരത്തെ പടിഞ്ഞാറന്‍ ആകാശത്തെ നോക്കിയിരിക്കുന്നു.
ആകാശത്തിന് ഒരു കടുവയുടെ മുഖച്ഛായയുണ്ടെന്ന് അയാള്‍ക്ക് തോന്നുന്നു.

കവിത 4

ചത്ത പശുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം വാങ്ങാന്‍
ലോപ്പസ് സര്‍ക്കാരാപ്പീസില്‍ .
എത്ര തവണയായി താന്‍ വരുന്നുവെന്ന് അയാള്‍ സങ്കടപ്പെടുന്നു.
ഉദ്യോഗസ്ഥന്‍ കൈ മലര്‍ത്തുന്നു.ലോപ്പസ് എന്തോ പറയുന്നു.
ഉദ്യോഗസ്ഥന്‍ ലോപ്പസിനു നേരെ ചാടിവീഴുന്നു.
ആ ഉദ്യോഗസ്ഥന് ഇപ്പോള്‍ കടുവയുടെ മുഖമാണ്.

കവിത 5

ലോപ്പസ് പശുക്കിടാവിനെ വില്‍ക്കുന്നു.
അയാള്‍ അതിനെ കെട്ടിപ്പിടിച്ച് കരയുന്നു.
ഭാര്യ അയാളെ അകത്തേക്ക് വിളിച്ചുകൊണ്ടു പോവുന്നു.

കവിത 6

ലോപ്പസ് പുല്ലരിഞ്ഞ് കൂട്ടുന്നു.
വലിയ തലച്ചുമടായി വീട്ടിലേക്ക് വരുന്നു.
ആര്‍ക്കാണീ പുല്ലെന്ന് ഭാര്യ തലയ്ക്ക് കൈവെച്ചിരിക്കുന്നു.
ഒഴിഞ്ഞ തൊഴുത്തിലേക്ക് നോക്കി
അയാള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നു. 

കവിത 7

ലോപ്പസിന്റെ ഭാര്യ കടയില്‍
സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്നു.
പണമില്ലെന്ന് പറഞ്ഞവളോട്
പറ്റുകാശിന്റെ കണക്ക് കാണിച്ച് കടക്കാരന്‍
സഞ്ചിയിലെ സാധനങ്ങള്‍ തിരിച്ചെടുക്കുന്നു.
ഒഴിഞ്ഞ സഞ്ചി തിരിച്ചുനല്‍കുന്നു.
ആളുകള്‍ അവളെ നോക്കി നില്‍ക്കുന്നു.
അവള്‍ അപമാനഭാരത്തോടെ ഇറങ്ങി നടക്കുന്നു.

കവിത 8

കടുവ പശുവിനെ തിന്ന വീട്ടില്‍ കൂടിയ ആളുകള്‍ക്കിടയില്‍ ലോപ്പസ്.
ചത്ത പശുവിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ ഈച്ചകള്‍ പാടുന്നു.
വീട്ടുകാര്‍ വിഷമിച്ചിരിക്കുന്നു.
ഉദ്യോഗസ്ഥര്‍ വന്നു നോക്കിപ്പോവുന്നു.

കവിത 9

കടുവ ഓടുന്നു.
അത് വീടുകളെ ഭേദിക്കുന്നു.
പശുക്കളെ ഓടിച്ചിട്ട് പിടിച്ചുതിന്നുന്നു.
മനുഷ്യരെ ഓടിക്കുന്നു
അത് പതുങ്ങിനില്‍ക്കുന്നു.
അതിന്റെ കണ്ണുകള്‍ മാത്രം.
അതിന്റെ കൂര്‍ത്ത പല്ലുകളില്‍ നിന്ന് ചോരയൊലിക്കുന്നു. 

കവിത 10

നേരം വെളുത്തുവരുന്ന കാട്ടുവഴിയിലൂടെ ലോപ്പസ്.
നദി കടക്കുന്നു.മലയണ്ണാന്മാരും കാടുമുഴക്കികളും
പോകരുതെന്ന് അയാളോട് പറയുന്നു.
നദിക്കു മുകളില്‍ പറക്കുന്ന തുമ്പികളും ശലഭങ്ങളും
പോകരുതെന്ന് അയാളോട് പറയുന്നു.
കബനി അയാളുടെ കാലുകളെ
ദുര്‍ബലമായ ജലവിരലുകളാല്‍ പിടിച്ചുനിര്‍ത്താന്‍ നോക്കുന്നു.

കവിത11

നടന്നുനടന്നു വലഞ്ഞിരിക്കുന്നു ലോപ്പസ്
അയാള്‍ക്ക് വെള്ളത്തിനു ദാഹമുണ്ട്.
അയാള്‍ ഇടയ്ക്ക് ഇരിക്കുന്നുണ്ട്.
മാനുകള്‍ അയാളെ നോക്കി ഓടിപ്പോകുന്നുണ്ട്. 
ദൂരെ പാറക്കെട്ടിനരികില്‍
അയിനിമരത്തിന്‍ ചുവട്ടില്‍
അയാള്‍ക്ക് കാണാം
കടുവ ഉറങ്ങുന്നു...
ഒരു ചിത്രശലഭത്തെപ്പോലെ.

കവിത 12

ലോപ്പസ് കടുവയുടെ അടുത്തേക്ക് ചെന്നു.
കാലനക്കം കേട്ട് കടുവ ഉണര്‍ന്നു.
അത് മുരണ്ടു.
ലോപ്പസ് ഓടിയില്ല.
അയാള്‍ക്കിപ്പോള്‍ ഭയമില്ല.
അയാള്‍ അതിന്റെ തൊട്ടടുത്തു ചെന്നു.
കടുവ അയാളെത്തന്നെ നോക്കിനില്‍ക്കുകയാണ്.
അയാള്‍ കടുവയുടെ മുന്നില്‍
സ്വയം സമര്‍പ്പിച്ച ഒരിരയെപ്പോലെ
തലകുനിച്ചിരുന്ന് എന്നെ തിന്നോളൂ എന്ന്
കരഞ്ഞുകൊണ്ട് പറഞ്ഞു.
കടുവ മറ്റെവിടേക്കോ നോക്കി
കിടപ്പ് തുടര്‍ന്നു.
അയാള്‍ എഴുന്നേറ്റുചെന്ന് അതിന്റെ
മുഖമുയര്‍ത്തി തന്നെ തിന്നുവാനാവശ്യപ്പെട്ട്
നിലവിളിച്ചുകൊണ്ടിരുന്നു.
അയാള്‍ അതിനെ ചുംബിച്ചു.
സങ്കടം കൊണ്ട് അയാള്‍ അതിനെ അടിച്ചു.
കടുവ എഴുന്നേറ്റു നടന്നു.
അയാള്‍ പിന്നാലെ നടന്ന് പരാതിപറഞ്ഞുകൊണ്ടിരുന്നു.
ഞാന്‍ നിനക്കുള്ള ഭക്ഷണമാണ്.
എന്നെ ഒഴിവാക്കരുതെന്ന് കേണു. 

കവിത 13

നടന്നുനടന്ന് വിദൂരതയിലെത്തിയ കടുവ
ലോപ്പസിനെ തിരിഞ്ഞുനോക്കുന്നു. 
ലോപ്പസ് ദൂരെ മണ്ണിലേക്ക് കുനിഞ്ഞിരുന്ന്
ഇപ്പോഴും കരയുകയാണ്. 
കടുവയുടെ കണ്ണുകളില്‍ എന്തോ ഉണ്ട്
അത് ദയവാകണം.


കുഞ്ഞിന്റെ മരണത്തിനുശേഷം


സ്വന്തം പാവക്കുഞ്ഞിനെ
കെട്ടിപ്പിടിച്ചുമരിച്ചുപോവുന്നു കുഞ്ഞ്.
ഏതോ സ്വപ്നം തുടരാന്‍ വേണ്ടി
ബലമായി കണ്ണുകളടച്ച് കിടക്കുകയാണവളെന്ന്
അമ്മ അവളെ കുലുക്കിവിളിക്കുന്നു.
മകളെ വിളിച്ചുവിളിച്ച് കരച്ചിലിന്റെ ഇലമരമാകുന്നു അമ്മ.
അവള്‍ക്കു പാലു കൊടുത്തിരുന്ന മുലകള്‍ ,രണ്ടമ്മമാര്‍
വേദനയില്‍ വലിഞ്ഞുവലിഞ്ഞ് പൊട്ടുമെന്നാവുന്നു.
അവള്‍ ഇനി ഉണരുകയില്ലെന്ന്
മോളേ എന്ന് മുറുകെപ്പിടിച്ച് വിതുമ്പുന്നച്ഛന്‍
കാണുന്നവരെല്ലാം കരഞ്ഞുകൊണ്ടേയിരിക്കുന്നത്
കാണുന്നവരെല്ലാം അച്ഛനുമമ്മയുമായത്തീരുന്നത്
കുഞ്ഞുങ്ങള്‍ മരിക്കുന്ന വീടുകളിലാണ്.
ദുഃഖിക്കുമ്പോള്‍ മാത്രം നാം മനുഷ്യരാകുന്നു.
മനുഷ്യരാകാന്‍ വേണ്ടി മാത്രം നാം ദുഃഖിക്കുന്നു.

അവളുടെ പാവക്കുഞ്ഞിനെ എടുത്തുമാറ്റേണ്ടെന്ന് അച്ഛന്‍
അവള്‍ പോകുന്നിടത്ത് അവള്‍ക്കാരുണ്ട്?
സ്വന്തം പാവക്കുഞ്ഞിനെ മുറുകെപ്പിടിച്ച് കിടക്കുന്നവളെ
പൂവുകള്‍ കൊണ്ടുമൂടി മണ്ണിലേക്കെടുക്കുന്നു.
സ്വന്തം കുഞ്ഞിന്റെ മരണം അനാഥമാക്കിയ ദമ്പതികള്‍
ഉരഗങ്ങളെപ്പോലെ തങ്ങള്‍ക്കുള്ള ദിവസങ്ങളിലേക്ക് ഇഴഞ്ഞു.

ഓരോ മുറിയിലും അവള്‍ ഓടിക്കളിക്കുന്നുവെന്ന്
അവള്‍ ഇപ്പോള്‍ വിളിച്ചുവെന്ന്
അവള്‍ക്കു മാമു കൊടുക്കേണ്ടേയെന്ന്
അവള്‍ ഉറങ്ങിയോ എന്ന്
അവളെവിടെയെന്ന്
അവളുടെ ഇല്ലായ്മയിലേക്ക്
അവര്‍ തട്ടിത്തടഞ്ഞുവീണുകൊണ്ടിരുന്നു.

അവളെ ഗര്‍ഭപാത്രത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍
എല്ലാ രാത്രികളിലും അവര്‍ കരഞ്ഞുകൊണ്ടുപ്രാപിച്ചു.

69

വായനശാലാകെട്ടിടത്തിന് തെക്ക്
കിലോമീറ്ററുകള്‍ക്കപ്പുറം
കറുത്തതുടകള്‍ നീട്ടിക്കിടക്കുന്നു
മലനിരകള്‍ .

വലതുതുടയ്ക്കപ്പുറം
മങ്ങിയ കറുപ്പില്‍
ഇടതു തുടയുടെ പാര്‍ശ്വരേഖകള്‍

ഇരു തുടകള്‍ക്കുമിടയില്‍
കറുത്ത രോമമരങ്ങള്‍.

അവയിലേക്ക് ഇറങ്ങിവന്ന്
പറ്റിപ്പിടിക്കുന്നുണ്ട് മേഘങ്ങള്‍,
അല്ലല്ല,ആകാശത്തിന്റെ
അദൃശ്യനാവില്‍ നിന്നുള്ള തുപ്പല്‍പ്പതകള്‍ .
മലനിരകളുടെ ഉയര്‍ത്തിവെച്ച വായിലേക്ക്
ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട്
ഒരു മേഘസ്തൂപം.

മലയതിരുകളുടെ മുലയതിരില്‍
നീട്ടിവെച്ച കാലുകളില്‍
പൊട്ടുപൊട്ടായി ഉരുണ്ടുകൂടുന്നു രാവിളക്കുകള്‍,
അല്ലല്ല,രത്യനന്തരമുള്ള വിയര്‍പ്പുതുള്ളികള്‍.

വൈകിയില്ല,
വഴിനീളെയുള്ള ഇരുട്ടിലേക്ക് പൂക്കള്‍ ,
അല്ലല്ല ,ഭൂമിയുടെ ജനനേന്ദ്രിയങ്ങള്‍ 
രതിഗന്ധം പ്രവഹിപ്പിക്കാന്‍ തുടങ്ങി.

അമ്മയുടെ വയറ്റില്‍ക്കിടന്ന് ഒരു കുഞ്ഞ്
പുറത്തേക്ക് ചവിട്ടുന്നതുപോലെ
എന്തൊക്കെയോ ആലോചിച്ച്
ഞാന്‍ വഴികളെ ചവിട്ടിക്കൊണ്ടിരുന്നു.  

To listen you must install Flash Player.