gfc

തള്ള

ഭര്‍ത്താവു മരിച്ചതാണ്
അറുപതിലേറെ പ്രായവുമുണ്ട്.
കുഞ്ഞുങ്ങളെ നോക്കാനാണ് വരുന്നത്.
എന്നാലും എന്നെ കാണുമ്പോള്‍
അവര്‍ക്കൊരു ചിരി വരും,
അവര്‍ക്കൊരു നാണം വരും.
ഇന്നലെയും വന്നു അത്.
നോക്കുമ്പോള്‍ അവരുണ്ട്
കണ്ണെഴുതിയിരിക്കുന്നു.
വെപ്പുപല്ലുകള്‍ക്ക്
വല്ലാത്ത വെണ്മ.
അപ്പോഴാവണം ഒരറപ്പ്,
കുളിമുറിയിലെ ഒച്ച്,
എന്റെയുള്ളില്‍ അരിച്ചരിച്ചുപോയി.
അതില്‍പ്പിന്നെ
എഴുതാനിരിക്കുമ്പോഴും
വായിക്കാനിരിക്കുമ്പോഴും
ഏകാഗ്രതയില്ല.
നേരേ ചൊവ്വേ ഒന്ന് തൂറാന്‍ പോലും
ഏകാഗ്രത വേണം.
അവര്‍ അകത്ത് അടിച്ചു വാരുമ്പോള്‍
ചൂല് തറയില്‍ തട്ടിയുണ്ടാകുന്ന ഒച്ചയില്‍
എന്നെ പരിഗണിക്കുമ്പോലെ എന്തോ ഒന്ന്...
അവര്‍ കുട്ടികളോട് വര്‍ത്തമാനം പറയുമ്പോള്‍
അവിടവിടെ കലര്‍ത്തുന്ന ചിരിക്ക്
എന്റെ ചെവികളിലേക്ക്
ഉന്നം പിടിക്കുമ്പോലെ ഒരു ഒരു...

വേഗം

ഫുള്‍സ്പീഡില്‍ കറങ്ങുമ്പോഴും
അതിന്റെ യാതൊരഹങ്കാരവുമില്ല പങ്കയ്ക്ക്.
അവിടെത്തന്നെയുണ്ടല്ലോ അല്ലേ,
കറങ്ങുന്നുണ്ടല്ലോ അല്ലേ,
എന്നൊക്കെ ഞാനിടയ്ക്കിടെ അതിനെ നോക്കും.
അതിന്റെ ഭരണത്തിന്‍ കീഴിലാണ് ഞാനെന്ന്
എനിക്കു തോന്നുന്നില്ല,
ഇനി അതിനുണ്ടാവുമോ
അങ്ങനൊരു തോന്നല്‍...?
ഇനിയും അതിന്റെ ചെവി പിടിച്ചു തിരിച്ചാല്‍
വേഗത്തെ കൂട്ടികൂട്ടി കൈവരിക്കേണ്ട അതിവേഗമാണ്
നിശ്ചലത എന്ന് അത് പറഞ്ഞു തരും.
ഫിലോസഫി കൊണ്ട് എന്തു കാര്യം?
ഉഷ്ണം ഉഷ്ണമായിത്തന്നെ
ഈ മുറിയില്‍ മലര്‍ന്നു കിടന്ന്
പരിഹസിക്കുകയല്ലേ അതിനെ.
പാവം!ഒരു പങ്കയായി ജനിച്ചുപോയത്
അതിന്റെ കുറ്റമാണോ!

കുളം+പ്രാന്തത്തി(കവിതാ സമാഹാരത്തിന്റെ കവര്‍ )

സുഹൃത്തുക്കളേ,
ഏറെ നാളത്തെ ഒരു ആഗ്രഹം നടക്കാന്‍ പോകുന്നു.എന്റെ ആദ്യ കവിതാസമാഹാരം രണ്ടുമാസത്തിനുള്ളില്‍ ഇറങ്ങുമെന്ന് ഹരി(പരാജിതന്‍) പറയുന്നു.ഹരിയാണ് അതിന്റെ കാര്യങ്ങളെല്ലാം ചെയ്യുന്നത്.ഹരി ചെയ്ത കവര്‍ താഴെ കാണാം.നിങ്ങളുടെ അഭിപ്രായങ്ങള്‍
അറിയാന്‍ ആഗ്രഹമുണ്ട്...ഹരി(പരാജിതന്‍) അവസാനം ചെയ്ത കവര്‍.
ഇതായിരിക്കും പുസ്തകത്തിന്റെ കവര്‍

ഹരി(പരാജിതന്‍)ആദ്യം ചെയ്ത കവര്‍

പൂച്ചമ്മ

കുറിഞ്ഞിപ്പൂച്ച പ്രസവിച്ചു
മൂന്ന് കുഞ്ഞുങ്ങള്‍
സിസേറിയനായിരുന്നില്ല
സ്കാനിങ്ങുകളോ ടെസ്റ്റുകളോ
ഒന്നും വേണ്ടിവന്നില്ല.
കണ്ടന്‍ പൂച്ച പ്രസവമുറിക്കുപുറത്ത്
ടെന്‍ഷനടിച്ച് സിഗരട്ട് വലിച്ച് നടന്നിരുന്നില്ല.
രക്തം നല്‍കാന്‍ ആളെ ഏര്‍പ്പാടാക്കിയിരുന്നില്ല.

തട്ടിന്‍ പുറത്ത് കരച്ചില്‍ കേട്ട്
അമ്മൂം അപ്പൂം ചെന്നു നോക്കിയപ്പോള്‍
മൂന്ന് പൊന്നോമനകള്‍ പാലുകുടിക്കുന്നു..
കുറിഞ്ഞി ഈ വീട്ടിലെയല്ല.
അത് എവിടെത്തെയുമല്ല,
അതിന് വീടില്ല.
പ്രസവ രക്ഷ നല്‍കാന്‍ ആളില്ല.
കണ്ടന്‍പൂച്ച പരിസരത്തൊന്നുമില്ല.
പ്രസവത്തിന് ഈ വീടിന്റെ തട്ടിന്‍പുറം തന്നെ
എന്തിനു തെരഞ്ഞെടുത്തുവെന്ന്
അതിനോട് ചോദിച്ചു നോക്കി,
മിണ്ടണ്ടേ...
എവിടെയെങ്കിലും ഒന്ന് പ്രസവിക്കണമല്ലോ.
പ്രസാവാനുകൂല്യം എന്ന നിലയ്ക്ക്
രണ്ടു ദിവസം ഇവിടെ കഴിഞ്ഞോട്ടേന്ന് പാത്തു.

മൂന്നുകുട്ടികളും പാലു വലിച്ചുകുടിച്ചതുകൊണ്ട്
അതിന് വിശപ്പു കൂടി
പകലൊക്കെ അത് വിശന്നു കരഞ്ഞു നടന്നു
പാത്തു അതിന് ഒന്നും കൊടുത്തില്ല.
കൊടുത്താല്‍ അതിവിടെത്തന്നെ കൂടുമത്രേ...

മൂത്രവും കാട്ടവും കോരി മടുത്തപ്പോള്‍
പാത്തു ക്രുദ്ധയായി
പ്രസവാനുകൂല്യം നിലച്ചു.
മൂന്നുമക്കളും അമ്മയും ചാക്കോടെ പുറത്ത്!!!

മക്കളേം കൂട്ടി തിരിഞ്ഞുനോക്കിക്കൊണ്ട്
കുറിഞ്ഞിപ്പൂച്ച അതാ പോകുന്നു...
അടുത്ത വീട്ടിലെ വിറകുപുരയില്‍
സ്ഥലമുണ്ടെന്നാവുമോ
അത് മക്കളെ ആശ്വസിപ്പിക്കുന്നത്..
ഇതെല്ലാം കണ്ട്, രാവിലത്തെ സര്‍ക്കീട്ട് കഴിഞ്ഞ്
കയറിവന്ന കണ്ടന്‍ പൂച്ച എന്നെ നോക്കി ഒരു ചിരി.