gfc

കുഞ്ഞിന്റെ മരണത്തിനുശേഷം


സ്വന്തം പാവക്കുഞ്ഞിനെ
കെട്ടിപ്പിടിച്ചുമരിച്ചുപോവുന്നു കുഞ്ഞ്.
ഏതോ സ്വപ്നം തുടരാന്‍ വേണ്ടി
ബലമായി കണ്ണുകളടച്ച് കിടക്കുകയാണവളെന്ന്
അമ്മ അവളെ കുലുക്കിവിളിക്കുന്നു.
മകളെ വിളിച്ചുവിളിച്ച് കരച്ചിലിന്റെ ഇലമരമാകുന്നു അമ്മ.
അവള്‍ക്കു പാലു കൊടുത്തിരുന്ന മുലകള്‍ ,രണ്ടമ്മമാര്‍
വേദനയില്‍ വലിഞ്ഞുവലിഞ്ഞ് പൊട്ടുമെന്നാവുന്നു.
അവള്‍ ഇനി ഉണരുകയില്ലെന്ന്
മോളേ എന്ന് മുറുകെപ്പിടിച്ച് വിതുമ്പുന്നച്ഛന്‍
കാണുന്നവരെല്ലാം കരഞ്ഞുകൊണ്ടേയിരിക്കുന്നത്
കാണുന്നവരെല്ലാം അച്ഛനുമമ്മയുമായത്തീരുന്നത്
കുഞ്ഞുങ്ങള്‍ മരിക്കുന്ന വീടുകളിലാണ്.
ദുഃഖിക്കുമ്പോള്‍ മാത്രം നാം മനുഷ്യരാകുന്നു.
മനുഷ്യരാകാന്‍ വേണ്ടി മാത്രം നാം ദുഃഖിക്കുന്നു.

അവളുടെ പാവക്കുഞ്ഞിനെ എടുത്തുമാറ്റേണ്ടെന്ന് അച്ഛന്‍
അവള്‍ പോകുന്നിടത്ത് അവള്‍ക്കാരുണ്ട്?
സ്വന്തം പാവക്കുഞ്ഞിനെ മുറുകെപ്പിടിച്ച് കിടക്കുന്നവളെ
പൂവുകള്‍ കൊണ്ടുമൂടി മണ്ണിലേക്കെടുക്കുന്നു.
സ്വന്തം കുഞ്ഞിന്റെ മരണം അനാഥമാക്കിയ ദമ്പതികള്‍
ഉരഗങ്ങളെപ്പോലെ തങ്ങള്‍ക്കുള്ള ദിവസങ്ങളിലേക്ക് ഇഴഞ്ഞു.

ഓരോ മുറിയിലും അവള്‍ ഓടിക്കളിക്കുന്നുവെന്ന്
അവള്‍ ഇപ്പോള്‍ വിളിച്ചുവെന്ന്
അവള്‍ക്കു മാമു കൊടുക്കേണ്ടേയെന്ന്
അവള്‍ ഉറങ്ങിയോ എന്ന്
അവളെവിടെയെന്ന്
അവളുടെ ഇല്ലായ്മയിലേക്ക്
അവര്‍ തട്ടിത്തടഞ്ഞുവീണുകൊണ്ടിരുന്നു.

അവളെ ഗര്‍ഭപാത്രത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍
എല്ലാ രാത്രികളിലും അവര്‍ കരഞ്ഞുകൊണ്ടുപ്രാപിച്ചു.