gfc

ശവത്തോടൊപ്പം നമ്മള്‍ ലിഫ്റ്റിറങ്ങുകയാണ്




ആര്‍.സി.സി യുടെ ആറാം നിലയില്‍ നിന്ന്
നമ്മള്‍ ലിഫ്റ്റ് വഴി താഴേക്ക് വരികയാണ്
നമ്മളോടൊപ്പം കൃഷ്ണന്റെ അമ്മായിയമ്മയുടെ
ശവമുണ്ട്-ക്യാന്‍സറായിരുന്നു
ലിഫ്റ്റിനകത്ത്കുത്തനെ നില്‍ക്കുന്നു നമ്മള്‍
നമുക്കിടയില്‍ തിരശ്ചീനമായി കിടക്കുന്നു ശവം
ലിഫ്റ്റ് നമ്മളെയും കൊണ്ട് താഴേക്ക് പോകുന്നു.
നമ്മള്‍ താഴെ എത്തുന്നതേയില്ല.
രാത്രി മരണവിവരമറിഞ്ഞെത്തിയ ഞാനും ശബരീഷും
തമ്പാനൂരേക്കുള്ള ഓട്ടോറിക്ഷയില്‍ മടങ്ങുകയാണ്.
അപ്പോഴും നമ്മളെയും കൊണ്ട് ലിഫ്റ്റ് താഴേക്ക് വരികയാണ്.
നമ്മളാരും മിണ്ടുന്നില്ല.
നമുക്കിടയില്‍ അത് നീണ്ടു നിവര്‍ന്നു കി ടപ്പുണ്ട്.
ഗ്രൌണ്ട്ഫ്ലോര്‍ ഒരിക്കലും എത്തിച്ചേരുകയില്ല.
തിരുവനന്തപുരത്തു നിന്ന് ശവത്തേയും ബന്ധുക്കളേയും കൂട്ടി
പട്ടാമ്പിയിലേക്കു പോവുന്നുണ്ട് ആമ്പുലന്‍സ്
അപ്പോഴും ഞാനും ശബരീഷും
തമ്പാനൂരേക്കുള്ള ഓട്ടോറിക്ഷയില്‍ പോവുകയാണ്
അത് ഒരിക്കലും എത്തിച്ചേരുന്നില്ല തമ്പാനൂരില്‍
അപ്പോഴും ശവത്തോടൊപ്പം നമ്മള്‍ ലിഫ്റ്റിറങ്ങുകയാണ്.
നമ്മള്‍ പരസ്പരം നോക്കുന്നുപോലുമില്ല
നമ്മുടെ ശ്വാസങ്ങള്‍ നമ്മുടെ മുഖത്ത്
ഭീതിയോടെ വന്നുവീഴുന്നുണ്ട്.
അപ്പോള്‍ ഞാനും ശബരീഷും
ആറാം നിലയില്‍ മരിച്ചുകിടക്കുന്ന രോഗിയെ കാണാന്‍
ലിഫ്റ്റ് വര്‍ക്ക് ചെയ്യാത്തതിനാല്‍ പടികള്‍ കയറിപ്പോവുകയാണ്
ഒരു നിലയിലും മനുഷ്യച്ചെത്തമില്ല.
അരണ്ടവെളിച്ചം വിരണ്ടു നില്‍ക്കുന്നു.
ഓരോ നിലയും ഭയത്തിലേക്കു തുറന്നുകിടന്നു.
ഞങ്ങള്‍ കയറിക്കൊണ്ടിരുന്നു.
ഒന്നാം നില
രണ്ടാം നില
.................
ആറാം നില
പാലിയേറ്റീവ് കെയര്‍ യൂണിറ്റ്
ആരുമില്ല.
ഇപ്പോള്‍ ഞാനും ശബരീഷും
തമ്പാനൂരേക്കുള്ള ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി
ഓരോ സിഗരട്ട് വലിക്കുകയാണ്
അപ്പോള്‍ ആമ്പുലന്‍സ് അതിന്റെ
അത്യാഹിത ഒച്ചയുമായി മരണവീട്ടിലേക്കു പോവുകയാണ്
അപ്പോഴും താഴെ എത്താത്ത ലിഫ്റ്റില്‍
ശവത്തോടൊപ്പം നമ്മള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്