പ്രിയേ
ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത്
കാലങ്ങളായുള്ള പുരുഷാധികാരം
നിൻ്റെ മേൽ ഉറപ്പിക്കാനല്ല
തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന്ന്
നീ ദുഃസ്വപ്നം കാണും പോലെയല്ല
പിടി വിട്ടാൽ നീ ചാടിപ്പോവുമെന്ന
എൻ്റെ അബോധഭയങ്ങളാലല്ല
ഉറക്കത്തിലും ഞാൻ ഒരു കൈ
നിൻ്റെ മേൽ വെക്കുന്നത്
പുരുഷൻ എന്ന നിലയിലുള്ള
എൻ്റെ അരക്ഷിതബോധം കൊണ്ടാണ്
എന്നിൽ ഉരുവാകുന്ന സ്നേഹത്തെ .
അപ്പപ്പോൾ നിന്നിലേക്ക്
സംക്രമിപ്പിക്കുവാനാണ് എന്ന്
എനിക്ക് കള്ളം പറയണമെന്നില്ല
പ്രിയേ
ഭൂമിയിലെ എല്ലാ സ്ത്രീകളും
നല്ലവരാണ്.
സ്ത്രീകളിൽ മോശപ്പെട്ടവരില്ല
പുരുഷന്മാരിൽ നല്ലവരും
പുരുഷന്മാർ യുദ്ധം ചെയ്യുന്നതായി
ഭാവിക്കുന്നേയുള്ളൂ
ഒരു വംശത്തെ നിലനിർത്താൻ
നിരന്തരം പോരാടുന്നത് സ്ത്രീകളാണ്
അവൻ്റേത് നിസ്സാരമായ ശണ്ഠകളാണ്
സ്വയം മുറിവേൽപ്പിച്ചും മുറിവേറ്റും
അവൻ നിൻ്റെ മാറിലേക്ക് വരുന്നു
എല്ലാ പുരുഷന്മാരും കുഞ്ഞുങ്ങളാണ്;
അവരെ സ്നേഹിക്കുന്ന സ്ത്രീകളുടെ
കുഞ്ഞുങ്ങൾ.
മകനായും കാമുകനായും ഭർത്താവായും
പിതാവായും കാലങ്ങളായി
പുരുഷൻ സ്ത്രീയെ ആശ്രയിച്ചു കൊണ്ടിരിക്കുന്നു.
ജനിക്കുമ്പോൾ മുറിച്ചുമാറ്റിയ
ആ പൊക്കിൾക്കൊടിയുടെ
ഓർമ്മയാണ് ഉറങ്ങുമ്പോഴും
നിൻ്റെ ശരീരത്തിൽ വെക്കുന്ന
എൻ്റെയീ കൈ
സ്ത്രീയേ
വിശക്കുന്ന കുഞ്ഞുങ്ങളേയും
സ്നേഹിക്കുന്ന പുരുഷന്മാരേയും
ആശ്വസിപ്പിക്കാൻ പയോധരങ്ങൾ
ഉള്ളവളേ,
കാലങ്ങളായി നിന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻ്റെ വർഗ്ഗത്തിനു വേണ്ടി
നീ എന്നോടു ക്ഷമിക്കുക.
എൻ്റെയീ കൈ നീ എടുത്തു മാറ്റരുതേ
ഉറക്കത്തിൽ മരണം കൊണ്ടു പോവുമെങ്കിൽ
ഭൂമിയിലെ അവസാനത്തെ മിടിപ്പിലും
ഞാൻ നിന്നെ തൊട്ടിരിക്കുമല്ലോ
എന്നോർത്തല്ല
നിന്നിൽ നിന്ന് ഈ കൈ എടുത്തു മാറ്റുമ്പോൾ മാത്രമേ
മരണം പോലും എന്നിലേക്ക് കടന്നു വരൂ
എന്ന് ഉറപ്പുള്ളതുകൊണ്ടാണ്.
നിന്നിൽ നിന്ന് പിറന്ന്
നിന്നിലേക്കു തന്നെ വരുന്ന
നിസ്സഹായരും ദുർബലരുമായ
ആണുങ്ങളുടെ നദിയിലെ
ഒരു തുള്ളി വെള്ളം മാത്രമാണ് ഞാൻ.