🫂
ഈ പ്രേമത്തെ നമ്മളെന്തു ചെയ്യും?
വർദ്ധിച്ചുവർദ്ധിച്ചുവരികയല്ലേ ഇത്.
നീ: കിടക്കയ്ക്കടിയിൽ വെച്ചാൽ
എന്താണ് ഈ പൊങ്ങി നിൽക്കുന്നത് എന്ന് അറിയാൻ ഭർത്താവ് കിടക്ക പൊന്തിച്ചു നോക്കും
ഞാൻ: അലമാരയിൽ തുണികൾക്കിടയിൽ വെച്ചാൽ
ഭാര്യയോ കുട്ടികളോ കണ്ടുപിടിക്കും
നീ : കുഴിച്ചിട്ടാൽ മുളച്ചു വരും
അപ്പോൾ എല്ലാവരും അറിയും.
ഞാൻ : കല്ലു കെട്ടി കുളത്തിലോ കിണറ്റിലോ
ഇട്ടാൽ
കയറു പൊട്ടിച്ച് നാറ്റവുമായി പൊന്തി വരും
നീ : വാഷ് റൂമിലെ ഫ്ലഷ് ടാങ്കിൽ കവറിൽ പൊതിഞ്ഞിട്ടാൽ
നമ്മളില്ലാത്ത നേരത്ത് പ്ലംബിങ് ജോലിക്ക് വരുന്ന ഏതെങ്കിലുമൊരുത്തൻ
അത് കണ്ടുപിടിക്കും
ഞാൻ:പുസ്തകങ്ങൾക്കിടയിൽ വെച്ചാൽ
ഏതെങ്കിലും വായനാൾ കണ്ടുപിടിക്കും
നീ : ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞാൽ ഏതെങ്കിലും പട്ടി മുറ്റത്ത് തന്നെ കൊണ്ടുവന്നിടും
🔸
ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും?
ഭൂമിയിലോ ആകാശത്തോ ഇതിനെ സൂക്ഷിക്കാൻ വയ്യാതായിരിക്കുന്നു
നെഞ്ചത്തോ മടിയിലോ
ഇതിനെ വെക്കാൻ വയ്യാതായിരിക്കുന്നു.
ഹൃദയങ്ങളിൽ നിന്ന് ഇത് എപ്പോൾ വേണമെങ്കിലും ചാടാം
അതിപ്പോൾ നീ ടൗണിലേക്കുള്ള ഓട്ടോറിക്ഷയിൽ പോകുമ്പോഴായിരിക്കാം
പുറത്തുചാടിയ നമ്മുടെ പ്രേമത്തെ
ആ ഡ്രൈവർ കണ്ടു പിടിച്ച്
ഒരു കുറ്റവാളിയെ പോലെ നിന്നെ നോക്കും
പൊതു വാഹനത്തിൽ പണിക്കു പോകുമ്പോൾ ടിക്കറ്റ് എടുക്കാൻ
കാശു തപ്പുമ്പോൾ
നമ്മുടെ പ്രേമം എൻ്റെ കീശയിൽ നിന്ന്
പുറത്ത് ചാടും
യാത്രക്കാർ മുഴുവനും അറിയും
കുറ്റവാളിയെ പിടിച്ചതിന്റെ ആഹ്ലാദം അവരുടെ മുഖത്ത് നിറയും
വർദ്ധിച്ചു വർദ്ധിച്ചു വരുന്ന ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും
ഹൃദയത്തിനകത്ത് ഏഴു പൂട്ടിട്ട് പൂട്ടിയിട്ടും
ഇടയ്ക്കിടെ അത് പുറത്തേക്ക് വരുന്നു കണ്ണുകളിലെ നക്ഷത്രത്തിളക്കമായോ
ആവശ്യമില്ലാത്ത സ്ഥലത്തെ പുഞ്ചിരിയായോ
കവിളുകളിലെ രക്തച്ഛവിയായോ
സംസാരിക്കേണ്ടിടത്തെ മൗനമായോ ഓർമ്മിക്കേണ്ടിടത്തെ മറവിയായോ
ആളുകളുടെ മുന്നിലേക്ക് അത് ചാടുന്നു
അടക്കവും ഒതുക്കവും ഇല്ലാത്ത
ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും
കാണുന്നവരും കേൾക്കുന്നവരും
അറിയുന്നവരുമായ എല്ലാവരും
ചാരൻമാരായ ഈ ലോകത്ത്
നാൾക്കുനാൾ വളരുന്ന ഈ പ്രേമത്തെ,
ലോകനിയമങ്ങളറിയാത്ത ഈ അക്രമകാരിയെ
നമ്മളെന്തു ചെയ്യും?
നമുക്കു രണ്ടു പേർക്കും കൂടി
ലോകത്തെ സ്വിച്ചോഫ് ചെയ്ത്
ഇതിനെ നടുവിൽ നിർത്തി
വിടാതെ കെട്ടിപ്പിടിച്ചു നിന്നാലോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ