gfc

കാലവര്‍ഷമേ

ആകാശക്കടലില്‍ നിന്ന്
മേഘങ്ങളുടെ മീന്‍ പിടിക്കുന്ന
കാലവര്‍ഷമേ...
നീ വലയും വലക്കാരേയും ഉപേക്ഷിച്ച്
പോയതെങ്ങ്?
ചെങ്ങറയിലോ
മൂലമ്പിള്ളിയിലോ
ആയിരുന്നോ നിന്റെ താമസം?
ജെ.സി.ബിയുടെ അടിയില്‍ പെട്ട്
നിന്റെ ആരെങ്കിലും ചത്തോ?
സ്വന്തം ഐഡന്റിറ്റി ഉപേക്ഷിച്ച്
വെയിലിന്റെ വെള്ളത്തുണി ചുറ്റി
ഇത്ര സന്തോഷിക്കാന്‍ എന്തുണ്ടായി?
നിന്റെ ഭാര്യ മരിച്ചുപോയോ...?

കാലവര്‍ഷമേ,
നീ ഒരു വലതുപക്ഷമൂരാച്ചിയല്ലേ എന്ന്
ഞാന്‍ സംശയിക്കുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ട്
മഴ പെയ്തോ എന്ന്
ആളുകളെക്കൊണ്ട് ചോദിപ്പിക്കാനല്ലേ
നിന്റെയീ തട്ടിപ്പ്?
ഏതെങ്കിലും സഭയിലെ
ഏതെങ്കിലും അച്ചന്റെ
ആളായിരുന്നോ നീ?
സ്വാശ്രയ കോളജ് പ്രശ്നത്തിലെ
സര്‍ക്കാര്‍ നിലപാടാണോ നിന്റെ പ്രശ്നം?
നീ വല്ല കോളജും തുടങ്ങിയിട്ടുണ്ടായിരുന്നോ?
പാഠപുസ്തകം കത്തിച്ച കൂട്ടത്തില്‍
നീ ഉണ്ടായിരുന്നോ?
ആണവക്കരാര്‍ ഒപ്പിടാതെ
കേരളത്തിലേക്ക് വിടുകയില്ലെന്ന്
ആ ബുഷമ്മാവനെങ്ങാനും നിന്നെ
ഗ്വാണ്ടനാമോയില്‍ തടങ്കലിലാക്കിയോ?

എന്നാലും എന്റെ കാലവര്‍ഷമേ,
നീ കുത്തിയൊലിച്ചുപോവാറുള്ള ഈ വഴികള്‍
ഒരു തവണ,ഒരേയൊരു തവണ
പഴയമട്ടില്‍ കുത്തിയൊലിപ്പിക്കേണമേ എന്ന്
കേഴുന്നത് കേള്‍ക്കുന്നില്ലേ?

നിന്നെക്കരുതി  കുടവാങ്ങിയ കുട്ടികളുടെ അച്ഛന്മാര്‍
‘വടി പിടിച്ചല്ലോ’ എന്നായത് കാണുന്നില്ലേ?

മണ്ണിനടിയിലെ വിത്തുകളുടെ വര്‍ത്തമാനം
എനിക്കു കേള്‍ക്കാം:
എവിടെ,എവിടെ
എന്നും കൃത്യമായി വന്നിരുന്നതാണല്ലോ എന്നൊക്കെ...
കാലവര്‍ഷമേ...
കാലവര്‍ഷമേ...

നാലുമണി നേരം

ഉച്ചവെയില്‍ കൊണ്ട് ഉറങ്ങിയിരുന്ന സ്കൂള്‍ വഴി
നാലുമണിയായാല്‍ ഞെട്ടിയുണരും.
ദേശീയഗാനത്തിന്റെ അവസാനവരിയില്‍
തുറന്നുവിടുന്ന കാലുകള്‍ അതിനെ
തരിപ്പിച്ചുകൊണ്ട് ഓടി വരും.
വീഴാതെ നോക്കണം
നിഴല്‍ത്തണല്‍ വീഴ്ത്തണം

വഴിയിറമ്പിലെ മാവുകളും പറങ്കിമാവുകളും
ഏറുകിട്ടുമോ എന്ന് പേടിച്ചു നില്‍ക്കും.
മീന്‍ നോക്കി നില്‍ക്കുന്ന കൊറ്റികള്‍
വരമ്പത്തു നിന്ന് പറന്നു പൊങ്ങും
ഇരട്ടക്കുന്നുകള്‍ക്കിടയില്‍
പൊളിഞ്ഞ തക്കാളിക്കൊട്ടയുടെ മൂടു പോലുള്ള സൂര്യന്‍
ഇങ്ങനെ വരയ്ക്കണം ചിത്രം എന്നു കാണിക്കും

വരാറായി എന്ന് അമ്മമാര്‍ പുറത്തേക്ക് നോക്കിയിരിക്കും
ഒരു ചിരി,ഒരു പിടച്ചില്‍ വീടിന്നകത്തേക്ക്
എപ്പോള്‍ വേണമെങ്കിലും വന്നു കയറും.
അടുക്കളയില്‍ ചായ തിളച്ചുകൊണ്ടിരിക്കും..

എഴുത്തുതടസ്സം

എല്ലാ നിരാശകളും
കെട്ടിപ്പൊതിഞ്ഞു കൊടുത്തതിന്റെ
പിറ്റേ ദിവസം
ജീവിതം ഓടിക്കിതച്ചു വന്നു പറഞ്ഞു:
‘കുറച്ചു നിരാശ വേണം...’

അയ്യോ!അപ്പുറത്തെ അയ്യപ്പേട്ടന്‍
വന്നു ചോദിച്ചപ്പോ കയ്യിലുള്ളതു മുഴുവന്‍
കൊടുത്തുവിട്ടല്ലോ.
കുറച്ചുമുന്‍പ് ചോദിച്ചിരുന്നെങ്കില്‍...
എന്താ അത്യാവശ്യം?

കാവ്യജീവിതം സ്തംഭിക്കും,അത്ര തന്നെ.
കവിയായി ജീവിക്കണമെങ്കില്‍
കുറച്ചു നിരാശകളെങ്കിലും വേണമെന്ന്
തനിക്കറിയാന്‍‌മേലാരുന്നോ?
ഇനിയിപ്പോ അനുഭവിച്ചോ...

അങ്ങനെ
അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ്
നിരാശകളില്ലായ്ക ഒരു നിരാശയായി വളര്‍ന്നത്.
നിരാശകളാവാന്‍ തക്ക ഒരു ആശയെങ്കിലുമില്ലെങ്കില്‍
ഒരു കവിയുടെ ജീവിതം കട്ടപ്പൊക തന്നെ.
ഈ നിരാശയുടെ കുന്തം കുത്തിയും
എഴുത്തു തടസ്സത്തെ ചാടിക്കടക്കാമെന്ന്
കണ്ടുപിടിക്കാന്‍ പിന്നെ അധികം
കാത്തിരിക്കേണ്ടി വന്നില്ല.
ഇത്ര നാള്‍ എവിടെയായിരുന്നു,
എന്തായിരുന്നു എന്നു ചോദിച്ചുകൊണ്ട്
മാധ്യമപ്രവര്‍ത്തകര്‍ ഓടിയടുത്തത്
അതിന്റെ പിറ്റേന്നാണ്.
കുന്തത്തെ സാഹിത്യ അക്കാദമി വക മ്യൂസിയത്തില്‍
സൂക്ഷിക്കാന്‍ ഏര്‍പ്പാടാവുകയും ചെയ്തു.

അര്‍ഥഗര്‍ഭമായ...

അര്‍ഥഗര്‍ഭമായ മൌനത്തെ
സിസേറിയന്‍ ചെയ്ത് അര്‍ഥത്തെ
പുറത്തെടുത്തു.
എല്ലാവര്‍ക്കും ഒന്നേ അറിയേണ്ടൂ.
ആണോ... ആണോ...?
അമ്മയ്ക്കും കുഞ്ഞിനും സുഖമല്ലേ
എന്നതൊക്കെ പിന്നത്തെ ചോദ്യം.
ആരാ ഇതിന്റെ അച്ഛന്‍ എന്നതും
പില്‍ക്കാലത്ത് ചോദിക്കാവുന്ന ചോദ്യമാണ്.

ഒരു വഴിക്കെറങ്ങ്യാല്‍

ഈ ലക്കം തര്‍ജ്ജനിയില്‍ വന്നത് ഒരുവഴിക്കെറങ്ങ്യാല്‍ ഇവിടെ

ഉണ്ണാമന്‍

പടിപ്പുരയില്ല,
കുളിപ്പുരയില്ല,
വണ്ടിപ്പുരയില്ല,
പശുത്തൊഴുത്തില്ല,
പശുക്കളുമില്ല.

ഇതൊന്നുമില്ലാത്ത വീട് വീടേയല്ല.

തറവാടിത്തത്തിന് ചേര്‍ന്ന മട്ടില്‍
വീടിന് ചില പരിഷ്കാരങ്ങള്‍ വരുത്താന്‍
ഉണ്ണാമന്‍ തീരുമാനിച്ചു.

ഒന്ന് തീരുമാനിച്ചാല്‍
അത് നടപ്പാക്കിയേ അടങ്ങൂ-
അതാണ് ഉണ്ണാമന്‍ .

പണിക്കരെ വരുത്തി,
സ്ഥാനം നോക്കി,
കുറ്റിയടിച്ചു,
പടം വരപ്പിച്ചു,
പണി തുടങ്ങി.

അപ്പോഴാണ് ഒരു പന്തിയില്ലായ്മ-
പണമില്ല.

പണമില്ലെങ്കിലും തലയുണ്ടല്ലോ
എന്നായി ഉണ്ണാമന്‍.

വീടിന്റെ ഒരുഭാഗം പൊളിച്ച് പടിപ്പുര
മറുഭാഗം പൊളിച്ച് കുളിപ്പുര
വേറൊരുഭാഗം പൊളിച്ച് വണ്ടിപ്പുര
വേറൊരുഭാഗം പൊളിച്ച് കന്നാലിപ്പുര
വീട് മാത്രം ഇല്ലാതായി

ഇനി എന്തു പൊളിച്ച് വീടുണ്ടാക്കും എന്ന
ആലോചനയിലാണിപ്പോ ഉണ്ണാമന്‍