ആദ്യമാദ്യം ഇത് പ്രൊഫസറാണ് കാണുന്നത്.
വൈകുന്നേരത്തെ ചായയ്ക്കു ശേഷം അദ്ദേഹം മുറ്റത്തിറങ്ങി കവലയിലേക്കുള്ള റോഡിലേക്ക് നോക്കി നിൽക്കും.
വീട്ടിൽ നിന്ന് കവലയിലേക്ക് നാല് പോയിൻറുകളുണ്ട്.
വീട്, സർവീസ് സ്റ്റേഷൻ, കയറ്റം,കവല.
വീട്ടിൽ നിന്ന് നൂറു മീറ്റർ കഴിഞ്ഞാൽ
ഒരൊന്നൊന്നര കയറ്റമാണ് .
കയറ്റത്തിനപ്പുറം കെട്ടിടങ്ങൾ പുറംതിരിഞ്ഞു നിൽക്കുന്ന കവല.
ഈ കയറ്റത്തിലേക്ക് നോക്കി നിൽക്കുന്ന ഒരു വൈകുന്നേരം പ്രൊഫസർ അതു കണ്ടു.
കയറ്റത്തിൽ
നുരച്ചു വളർന്ന് മാഞ്ഞു കൊണ്ടിരിക്കുന്ന വർണാഭമായ
ഏക കേന്ദ്ര വൃത്തങ്ങളുടെ നടുവിൽ സ്പോർട്സ് സ്യൂട്ടിട്ട ഒരു യുവതി
കേൾക്കാത്ത ഏതോ സംഗീതത്തിനനുസരിച്ച് കായികാഭ്യാസങ്ങൾ നടത്തുന്നു.
വേഗത്തിലാണ് പ്രകടനം.
പലപ്പോഴായി ഇങ്ങനെ കണ്ടപ്പോൾ
പ്രൊഫസർ കയറ്റത്തിലേക്ക് നടന്നു.
അവിടെയെത്തുമ്പോൾ വർണപ്രഭാവലയങ്ങളുടെ ഗുഹയില്ല,
അതിന്റെ കേന്ദ്രമായി ചാടിക്കൊണ്ടിരിക്കുന്ന യുവതിയുമില്ല.
തിരികെ വീട്ടിൽ വന്ന്
കയറ്റത്തിലേക്കു നോക്കിയാൽ അതുണ്ട്.
മാർഗരറ്റ്, എലിസബത്ത്, ഡയാന
ഇതിലേതെങ്കിലും ഒരു പേര്
അവൾക്കിടാമെന്ന് പ്രൊഫസർ നിശ്ചയിച്ചു.
ഒരു ദിവസം രണ്ടോ മൂന്നോ തവണ
മാർഗരറ്റിനെക്കാണാൻ
പ്രൊഫസർ കയറ്റം കയറിപ്പോവും .
പിന്നീടത് ആറും ഏഴും തവണയായി .
ഒടുവിലത് ഇരുപതും ഇരുപത്തഞ്ചുമായി.
എല്ലാവരും കണ്ടുപിടിച്ചു.
പ്രൊഫസർക്ക് സുഖമില്ല.
പ്രൊഫസർ പുറത്തിറങ്ങുന്നത്
ഭാര്യയും കുട്ടികളും കർശനമായി വിലക്കി.
പ്രൊഫസർ വീടിന്റെ രണ്ടാം നിലയിൽ നിന്ന് നോക്കുമ്പോൾ എലിസബത്ത് അക്രോബാറ്റിക്
ഡാൻസിലാണ്.
കാതടപ്പിക്കുന്ന സംഗീതമുണ്ട്.
എത്ര ദിവസമാണ് ഈ ഇരുപ്പ്!
പ്രൊഫസർ ആരോടും മിണ്ടാതെ
പതിയെ പുറത്തിറങ്ങി.
പക്ഷേ, എല്ലാവരും ഇതറിഞ്ഞു.
തടുത്തു.
പ്രൊഫസർ വാശിപിടിച്ചു.
പോവരുതെന്ന് ഭാര്യയും കുട്ടികളും പറഞ്ഞു.
അയൽക്കാർ പറഞ്ഞു.
കയറ്റത്തിൽ നിന്ന് ഡയാന
വർണവെളിച്ച വലയങ്ങൾക്കകത്ത് തിമിർക്കുന്നു.
പ്രൊഫസർക്ക് സഹിക്കാനായില്ല.
ഭാര്യയും കുട്ടികളും അയൽക്കാരും
പ്രൊഫസറെ പിന്നിൽ നിന്ന് വിളിച്ചു.
പോകല്ലേ ... പോകല്ലേ...
പ്രൊഫസർ നടന്നുനടന്നുപോയി.
എല്ലാവരും നോക്കിനിൽക്കെ ഒരാൾ
അപ്രത്യക്ഷമാവുന്നതെങ്ങനെ?
പോലീസുകാരൻ പ്രൊഫസറുടെ ഭാര്യയെ
സംശയത്തോടെ നോക്കി :
-നിങ്ങളുടെ പേരെന്താണെന്നാ പറഞ്ഞത്?
- മാർഗരറ്റ് .
- ഈ പരാതിയിൽ ഡയാന എന്നാണല്ലോ
എഴുതിയിരിക്കുന്നത്?
- പ്രൊഫസറുടെ മൃതശരീരം നിങ്ങൾ എവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
നിങ്ങൾ ബുദ്ധിമാനാണ് എന്നു പറഞ്ഞ്
എലിസബത്ത് പോലീസുകാരന് ഒരുമ്മ കൊടുത്തു.
അനന്തരം,
പോലീസുകാരനേയും കൂട്ടി
കയറ്റത്തിലേക്ക് നോക്കാൻ പറഞ്ഞു.
അവിടെ,
വർണപ്രഭാവലയങ്ങൾക്കകത്ത്
അക്രോബാറ്റിക് ഡാൻസ് ചെയ്യുന്നു പ്രൊഫസർ.
മാർഗരറ്റും പോലീസുകാരനും കൂടി
കയറ്റത്തിലേക്ക് നടന്നു.
കുട്ടികൾ അതു നോക്കി നിന്നു.
മൂന്നു മിനിട്ടിനു ശേഷം അവർ -
പ്രൊഫസർ, മാർഗരറ്റ്, പോലീസുകാരൻ -
മൂന്നു പേരും
വർണപ്രഭാവലയങ്ങൾക്കകത്ത്
കുട്ടികൾക്കഭിമുഖമായി
കായികാഭ്യാസപ്രകടനങ്ങൾ നടത്തുന്നത്
അവർക്ക് കാണായി .
രണ്ട് മിസ്സിംങ് കേസുകൾ കൂടി
ഫയൽ ചെയ്യപ്പെട്ടു:
1) പ്രൊഫസറുടെ ഭാര്യ മാർഗരറ്റ് (51)
വെളുത്ത നിറമുള്ള തടിച്ച് ഉയരം കുറഞ്ഞ സ്ത്രീ
2) തോമസ് (40)
യൂണിഫോമിലുള്ള പോലീസുകാരൻ.
____________________________________________