gfc

പേടിക്കുവാന്‍ എനിക്ക് കൊതിയാവുന്നു

ഇടിവെട്ട്
ശബ്ദങ്ങള്‍ കൊണ്ട്
കുന്നുകളുടെ നിരകള്‍ വരയ്ക്കുന്നു.
ആകാശം മഴമേഘങ്ങളുടെ മസിലുകള്‍ കാട്ടി
പേടിപ്പിക്കാന്‍ വരുന്നു.
ചെറുപ്പത്തില്‍ കണ്ട മഴ
ഒട്ടും വളരാതെ ഇരുട്ടത്തു വന്ന്
ജനലിലൂടെ എന്നെ നോക്കുന്നു.
ഇടിവെട്ട്
ശബ്ദങ്ങള്‍ കൊണ്ട്
ഒരറ്റത്തു നിന്ന് മറ്റൊരറ്റത്തേക്ക്
വേറൊരു നിര കുന്നുകള്‍ വരച്ചുവരച്ചുപോകുന്നു.
പേടിപ്പിക്കുന്ന ചിത്രകഥകള്‍
വായിച്ച കുട്ടിക്കാലവൈകുന്നേരങ്ങള്‍
മഴയോടൊപ്പം ജനലിലൂടെ നോക്കുന്നു
പേടിക്കുവാന്‍ എനിക്ക് കൊതിയാവുന്നു.
കറുപ്പും വെളുപ്പും മാത്രം നിറഞ്ഞ
ഒരു ചിത്രകഥ മറിഞ്ഞുകൊണ്ടിരിക്കുന്നു.
മഴ നിറഞ്ഞ രാത്രിയില്‍ വട്ടത്തൊപ്പിവെച്ച ഒരാള്‍
വിജനമായ റോഡിലൂടെ നടന്നു നീങ്ങുന്നു.
കുതിരവണ്ടിയില്‍ അമാനുഷികനായ ഒരു കഥാപാത്രം
തെരുവിലൂടെ കടന്നുപോകുന്നു.
മൂങ്ങകള്‍,വവ്വാലുകള്‍,കുറുക്കന്മാര്‍
ശ്മശാനം
ഇരുട്ട് വെളിച്ചം
കറുപ്പ് വെളുപ്പ്
കറുപ്പ്,കറുപ്പ്,കറുപ്പ്
ഇടിവെട്ട്
വേറൊരു നിര കുന്നുകള്‍
വരച്ചുവരച്ചുവരച്ച്.....

ഇപ്പോള്‍ നമ്മളും

അഭിനയിച്ചു
അഭിനയിച്ചു
അഭിനയിച്ചു
കെട്ടിപ്പിടിക്കുന്നതായി അഭിനയിച്ചു
സ്നേഹിക്കുന്നതായി അഭിനയിച്ചു
ഉമ്മവെക്കുന്നതായി അഭിനയിച്ചു
ഒരുമിച്ച് കിടക്കുമ്പോള്‍
ഇതാണ് ജീവിതം
ഇതാണ് തൃപ്തി എന്ന്
മുഖഭാവം വരുത്തി

വീട്ടില്‍ നിന്നിറങ്ങിയാല്‍
നിന്നെയും കുട്ടികളെയും ഓര്‍ക്കാതെ
ഒരു നിമിഷം മുന്നോട്ടു പോവില്ലെന്ന്
മൊബൈല്‍ ഫോണിനെ ഒരുക്കിനിര്‍ത്തി
തുറക്കുക വാതിലേ
ഇതാ കഥാനായകന്‍ എന്ന്
പാതിരാത്രിയിലും വന്നിറങ്ങി
സമാഗമങ്ങളില്‍ നിലാവിനെ കുടിയിരുത്തി
നിന്റെ ദുര്‍ഗന്ധങ്ങളില്‍ മേഞ്ഞു നടക്കുവാന്‍
എന്റെ മൂക്ക് ഒരു പന്നിക്കുട്ടിയായി ഇറങ്ങിപ്പോയെന്ന്
സത്യത്തേക്കാള്‍ സൌന്ദര്യമുള്ള നുണകള്‍ പറഞ്ഞ്
ഹേ,വീട്ടുകാരീ എവിടേക്കാണീ വണ്ടി
നമ്മള്‍ ഉരുട്ടിക്കൊണ്ടുപോവുന്നത്?
മടുപ്പിന്റെ പൊളിച്ചാല്‍ തീരാത്ത ശല്‍ക്കങ്ങള്‍ക്കടിയില്‍
ഞാനുണ്ടോ?നീയുണ്ടോ?നമ്മുടെ വീടുണ്ടോ?
അവിടെങ്ങാന്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ടോ?
ഓടിക്കളിക്കുന്നുണ്ടോ?
ജീവിതത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍
ഈ അഭിനയത്തിന്റെ സൂചി
എപ്പോഴാണ്,
എവിടെ നിന്നാണ് നാം കണ്ടെടുത്തത്?
ലോകം മുഴുവന്‍ അഭിനയിക്കുകയാവാം.
പൂവുകള്‍ പൂവുകളെന്ന്,
നദികള്‍ നദികളെന്ന്,
കാറ്റ് കാറ്റെന്ന്,
മരം മരമെന്ന്
അഭിനയിക്കുകയാവാം.
അതൊന്നും അങ്ങനെയല്ലെങ്കില്‍
ഈ വീട് വീടെന്ന് അഭിനയിക്കുന്നതിന്
നാമെന്ത് യുക്തി കണ്ടെത്തും?
നമ്മള്‍ നമ്മളെന്ന് അഭിനയിക്കുനതിന്
നാമെന്ത് യുക്തി കണ്ടെത്തും?
ദൂരെ എവിടെയോ കൈകള്‍ കൂട്ടിത്തിരുമ്മി
പ്രസവവാര്‍ഡിനു പുറത്തു നടക്കുന്ന അച്ഛനെപ്പോലെ ദൈവം.

അഭിനയിച്ചഭിനയിച്ച് അഭിനയം
അതല്ലാതായിത്തീരുന്നുണ്ട്.
ഒരു ക്ലോക്ക് അഭിനയിക്കുന്നില്ല
മിക്സി,ഫ്രിഡ്ജ്,വാഷിങ് മെഷീന്‍
ഇവയൊന്നും അഭിനയിക്കുന്നില്ല.
അവയൊന്നും ജീവിക്കുന്നുമില്ല.
ഇപ്പോള്‍ നമ്മളും...

മൈനകളേ നിങ്ങളുടെ പാട്ടിന് മധുരം കൂടുതലാണ്,കാക്കകളെ കേട്ടു പഠിക്കൂ...

താനൊരു വിമര്‍ശകനാണെന്ന് 
ആയിടയ്ക്കാണ് പുള്ളിക്കാരന് തോന്നിയത്.
എല്ലാറ്റിനേയും വിമര്‍ശിക്കേണ്ടതുണ്ട്.
വിമര്‍ശിച്ചാലേ വളര്‍ച്ചയുടെ ദിശ ശരിയാവൂ.
രാവിലെയും വൈകിട്ടും രാത്രിയും
ഒന്നുവീതം മൂന്നു നേരം ഭാര്യയെ വിമര്‍ശിച്ചു.
ഇങ്ങനെയല്ല കറികള്‍
ഇങ്ങനെയല്ല തുണിയലക്കല്‍
ഇങ്ങനെയല്ല വൃത്തി
ഫലമുണ്ടായി
ഭാര്യയും കുട്ടികളും പുള്ളിയെ ഇട്ടേച്ചു പോയി.

പുള്ളി പിന്നെ പുറത്തോട്ടിറങ്ങിത്തുടങ്ങി.
കാണുന്നവരെ മുഴുവന്‍ വിമര്‍ശിച്ചു.
മാഷമ്മാരേ നിങ്ങളിങ്ങനെയല്ല
പഠിപ്പിക്കേണ്ടത്
നേതാക്കന്മാരേ നിങ്ങളിങ്ങനെയല്ല
ഓട്ടോക്കാരാ താനിങ്ങനെയല്ല
ഏയ് കലാകാരാ പ്രതിബദ്ധത വേണം,പ്രതിബദ്ധത.
ചെക്കന്മാരേ,കലുങ്കിലിരുന്ന് വായില്‍ നോക്കുന്നോ
അതിനും ഫലമുണ്ടായി.

വളര്‍ച്ചയുടെ ദിശ  ഒന്നിനും ശരിയാവായ്കയാല്‍
തൊടിയിലെ വാഴകളെയും മാവുകളെയും
പുള്ളി ഇപ്പോള്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.

മൈനകളേ നിങ്ങളുടെ പാട്ടിന് മധുരം കൂടുതലാണ്
കാക്കകളെ കേട്ടു പഠിക്കൂ.
നേരെയാവും,നേരെയാവാതെവിടെപ്പോവാന്‍

-- 

കവി കവിത വായനക്കാര്‍

എന്റെ മുന്‍ പോസ്റ്റിലെ വായനക്കാരെ സംബന്ധിച്ച പരാമര്‍ശം ഒരല്പം വൈകാരികമായിപ്പോയതുകൊണ്ടു തന്നെ തെറ്റിദ്ധരിക്കാനും വളച്ചൊടിക്കാനും അതില്‍ സാധ്യതകള്‍ ഉണ്ടായിപ്പോയിട്ടുണ്ട്.വായനക്കാരുടെ ഇടപെടല്‍ ഒഴിവാക്കാവുന്ന ഒരു മാധ്യമമല്ല ബ്ലോഗ്.വായനക്കാരുടെ ധനാത്മകമായ ഇടപെടലുകളുടെ നല്ലഫലങ്ങള്‍ എന്റെ എഴുത്തില്‍ ഉണ്ടായിട്ടുമുണ്ട്.അതിന്റെ ഏറ്റവും നല്ല   ഉദാഹരണമാണ് കുളം+പ്രാന്തത്തി എന്ന കവിതയുടെ വായന.

എന്നാല്‍ കവിതയെ മനസ്സിലാക്കാനുള്ള യാതൊരുവിധ ശ്രമവുമില്ലാതെ കവിയെ അടച്ചാക്ഷേപിക്കാന്‍ പലവിധ പൂര്‍വവൈരാഗ്യങ്ങള്‍ കൊണ്ടോ അസൂയ കൊണ്ടോ ജന്മസിദ്ധമായ ഛിദ്രവാസന കൊണ്ടോ ഇറങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഒരു ബ്ലോഗ് സാഹചര്യത്തില്‍ വായനക്കാരുടെ വേഷം കെട്ടിവരുന്ന ഈ കഴുതപ്പുലികളോട്(യഥാര്‍ഥ വായനക്കാരല്ല) ഞാനെഴുതുന്നത് സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി എന്ന് ഏത് എഴുത്തുകാരനും പറഞ്ഞുപോകും.

ബ്ലോഗില്‍ കവിത വായിക്കുന്ന ഓരോ വായനക്കാരനും അയാളുടേതായ താല്പര്യമുണ്ട്.ഓരോരുത്തരും ഓരോ മിനി നിരൂപകര്‍ എന്ന ഭാവേനയാണ് പ്രതികരിക്കുക.ഈ അടുത്ത ദിവസം കണ്ട ഒരു ബ്ലോഗ് പോസ്റ്റില്‍ അതെഴുതിയ ആള്‍ ആദ്യം ജാമ്യമെടുക്കുന്നത്  ഏതാണ്ട്   ഇങ്ങനെയാണ്: ഞാന്‍ ഒരു കവിയല്ല,അധികം വായിച്ചിട്ടുമില്ല,കവിത എന്താണെന്ന് എനിക്ക് അറിയുകയുമില്ല,എന്നാലും കവിതയെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇതാണ്,ഇങ്ങനെയാണോ കവിത വേണ്ടത്?അങ്ങനെയല്ലേ കവിത വേണ്ടത്?എന്ന് പോകുന്നു ആ പ്രതികരണം.

അഭിപ്രായം പറയുന്നതിനുള്ള ഒരാളുടെ അവകാശത്തെ ചോദ്യം ചെയ്യുകയോ  ആക്ഷേപിക്കുകയോ അല്ല എന്റെ ലക്ഷ്യം.ആര്‍ക്കും (കവിതയെ സംബന്ധിച്ച് ഒരു വിവരവുമില്ലാത്ത ഏതൊരാള്‍ക്കും) സ്വന്തമായി ഒരു ബ്ലോഗുണ്ടെങ്കില്‍ അല്ലെങ്കില്‍ കമന്റ് ഓപ്ഷന്റെ സൌകര്യത്തില്‍ വിലകുറഞ്ഞ ഇത്തരം അഭിപ്രായങ്ങള്‍ എഴുന്നെള്ളിക്കാനാവുന്നു.സമാനമനസ്കരുടെയോ അസൂയാലുക്കളുടേയോ വൈയക്തികമായ കാരണങ്ങളാല്‍ വിദ്വേഷമുള്ളവരുടേയോ(ചാറ്റില്‍ വന്നപ്പോള്‍ ഹലോ പറഞ്ഞില്ല എന്ന കാരണം പോലും മതിയാവും) സഹകരണത്തോടെ അതിന് ഒരു ആധികാരികതയുണ്ടാക്കാനും ഇക്കൂട്ടര്‍ക്ക് ആവുന്നു.അനോണിമസ് ഓപ്ഷനുകള്‍,ബ്ലോഗര്‍ പേരുകള്‍ സൌകര്യം പോലെ മാറ്റിമറിക്കാനും മറഞ്ഞിരിക്കാനുമുള്ള സൌകര്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തിയാല്‍ നാലാള്‍ക്ക് നാല്പതാളുടെ ഇഫക്ടുണ്ടാക്കാനും ബുദ്ധിമുട്ടില്ല.

ഓരോ കവിതയുടെ ചര്‍ച്ചയ്ക്കിടയിലും ഒരാളെങ്കിലും കവിതയെ നിര്‍വചിക്കൂ എന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.ഒരാളെങ്കിലും പാടാനുള്ള കവിതകള്‍ കിട്ടാത്തതിലുള്ള അരിശം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.കവിതയല്ല,കഥയാണ്,കവിയല്ല എന്നെല്ലാം ആദ്യമായി ബ്ലോഗ് സന്ദര്‍ശിക്കുന്ന ആളും ആദ്യമായി കവിത വായിക്കുന്ന ആളും പുലമ്പിക്കൊണ്ടിരിക്കും.കഥയായാലെന്ത്,കവിതയല്ലെങ്കിലെന്ത്,കവിയല്ലെങ്കിലെന്ത്...വായനയില്‍ നിന്ന് തനിക്കെന്തെങ്കിലും കിട്ടിയോ എന്ന് പറയാനായില്ലെങ്കില്‍ എന്തിനാണ് വായനക്കാരന്‍?എഴുത്തിന്റെ ഘടന നോക്കി ഇതു കവിത,ഇത് കഥ എന്നിങ്ങനെ സാക്ഷ്യപത്രങ്ങള്‍ നല്‍കാന്‍ എന്തിനാണ് അയാളെ?അപ്പോള്‍ പറഞ്ഞുപോകും  ‘വായനക്കാര്‍ പുല്ലാണ്’ എന്ന്.

സാധാരണ വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും പുകഴ്ത്തലുകള്‍ക്കും നിന്നുകൊടുത്താല്‍ നിശ്ചയമായും ഏത് ബ്ലോഗെഴുത്തുകാരനും വഴിതെറ്റും.വായനക്കാരെ പ്രീതിപ്പെടുത്തുന്ന പോസ്റ്റെഴുത്തുകാരനായി അയാള്‍ക്ക് ഈ സ്വയംബ്ലോഗ സമൂഹത്തില്‍ വിരാജിക്കാം.പകരം സ്വന്തം സര്‍ഗ്ഗാത്മകതയുടെ കൈവരിക്കാവുന്ന ഉയരങ്ങള്‍ അയാള്‍ ബലികഴിക്കും.