gfc

നിരൂപണം

എന്റെ കവിത കണ്ട്
ഒരു ഉറുമ്പ് ചിരിച്ചുകൊണ്ട് പറഞ്ഞു:‘കവിത
പഞ്ചസാരത്തരിപോലെയാകണം.’
മറ്റൊരിക്കല്‍ വീട്ടിലെ
നായയെ ഞാനെന്റെ കവിത കാണിച്ചു.
നായ പറഞ്ഞു:‘കടിച്ചാല്‍ പൊട്ടാത്ത
എല്ലിന്‍ കഷ്ണം പോലെയാവണം കവിത.’
പിന്നീട് ഒരു കാക്കയെയാണ്
ഞാന്‍ കവിത കാണിച്ചത്
കാ‍ക്ക പറഞ്ഞു:‘കവിത
ഒരു കോഴിക്കുഞ്ഞിനെപ്പോലെ
കളങ്കമില്ലാത്തതാവണം.’
ഒടുവില്‍ കവിത കണ്ടത്
ചിതലാണ്.
ചിതല്‍ പറഞ്ഞു:‘ഒന്നാന്തരം കവിത.
ഇത്രയും നല്ല കവിത ഞാന്‍ തിന്നിട്ടേയില്ല.’

(4-4-2000)

6 അഭിപ്രായങ്ങൾ:

  1. പ്രതിഭാഷ ,ഇത് അന്‍പതാമത്തെ പോസ്റ്റ്,58ദിവസങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണു മാഷേ..

    ആദ്യം ഞാന്‍ ഉറുമ്പായി വന്നു..
    പഞ്ചസാരപ്പാത്രം അവര്‍ മുറുക്കിയടച്ചു കളഞ്ഞു.
    പിന്നെ ഞാന്‍ നായയായി വന്നു..
    പൊട്ടാത്തതും പൊട്ടുന്നതുമായ ഒരെല്ലിന്‍ കഷണങ്ങളും ബാക്കിയില്ലായിരുന്നു..

    കാക്കയായി വരാന്‍ കോഴിക്കുഞ്ഞുങ്ങളെല്ലാം കൂട്ടിനകത്താണെന്ന് കണ്ട്,
    ഞാനൊരു ചിതലായി വന്നു..

    എറുമ്പിനേയും നായയേയും കാക്കയേയും എന്നേയുമുള്‍പ്പെടെ
    ഞാന്‍
    കരണ്ടു തുടങ്ങി..

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണു മാഷേ,
    കവിത നന്നായിട്ടുണ്ട്. രസിച്ചു. (ഞാന്‍ ചിതലല്ല) :-)

    മറുപടിഇല്ലാതാക്കൂ
  4. എന്താ മാഷെ മെയില്‍ നോക്കാറില്ലെ?
    എത്ര മെയിലുകളയച്ചു
    മറുപടി എന്താണയക്കാത്തത് ?

    qw-er-ty

    മറുപടിഇല്ലാതാക്കൂ
  5. ഇഷ്ടായീ...
    ഞാന്‍ ചിലന്തിയാണു...
    ചിതല്‍ തിന്നതിന്റെ ബാക്കിയില്‍ വലകെട്ടി സൂക്ഷിക്കാം

    ലോനപ്പന്‍

    മറുപടിഇല്ലാതാക്കൂ
  6. വിഷ്ണു
    ആദ്യമായി പ്രതിഭാഷ നോക്കി.
    ആദ്യം നിരൂപണം ആവാം എന്ന് കരുതി.
    ഇത്ര നല്ല കവിത തിന്നിട്ടില്ലെന്നു
    ചിതളിനല്ലാതെ ആര്‍ക്കു പറയാനാവും.
    ചിരി വന്നു.
    സന്തോഷം.

    മറുപടിഇല്ലാതാക്കൂ