gfc

മോഹനിദ്ര

 


മഴശേഷമുള്ള രാത്രിയുടെ

ഗർഭപാത്രത്തിൽ

ഇലകൾ ഒട്ടിയിരിക്കുന്ന കാട് -

നനഞ്ഞ മുടിയുള്ള കുഞ്ഞ്.


ഇരുട്ടിൻ്റെ അംനിയോട്ടിക് ദ്രവം

കുത്തിയൊലിക്കുന്ന 

ചീവീടൊച്ചയുടെ വഴിവെളിച്ചം


വളഞ്ഞുപുളഞ്ഞു കെട്ടുപിണഞ്ഞ

വഴി അഴിഞ്ഞുകിടക്കുന്നു

അതിലൊരിടത്ത് ഏകാകിയായ

തേക്കുമരത്തിനരികിൽ

ഒരു കടുവ ആകാശത്തെ നോക്കി

വിസ്മയിച്ചിരിക്കുന്നു.


മേഘങ്ങൾ മുലമൂടി നീക്കി

ഒരു മുഴുതിങ്കളിനെ കാട്ടുന്നു.

ഇപ്പോൾ പണിതീർത്ത

രൂപലാവണ്യമുള്ള ചിറകുകൾ കാട്ടി

കടവാതിലുകൾ പല ദിശയിൽ പറന്ന്

ആകാശത്തെയും ഭൂമിയെയും കൊതിപ്പിക്കുന്നു.


കടുവ മിന്നാമിനുങ്ങുകളുടെ ഉടുപ്പിട്ട് നക്ഷത്രങ്ങളിലേക്ക് നടക്കുന്നു.


മഴശേഷമുള്ള രാത്രിയുടെ ഗർഭപാത്രത്തിൽ തണുപ്പിൻ്റെ മുട്ടകൾ വിരിയുന്നു.

എല്ലാ മരങ്ങളിലും ഇഴഞ്ഞു കയറുന്നു.

തുഞ്ചത്തെത്തി വജ്രക്കണ്ണുകളും ഇരട്ടനാക്കുകളും കൊണ്ട്

ആകാശത്തെ തൊടുന്നു.

വേഗം കൂടിയ ഭ്രമണം കൈവരിച്ച്

ലോകം മോഹനിദ്രയിലേക്ക് മറിയുന്നു.

ഗുഹകൾ

 


ഗ്രാമത്തിലെ കണ്ണെത്തുമതിരുകളിലെല്ലാം 

വലിയ മലകളുണ്ടെന്നും

അവയിലെല്ലാം വലിയ ഗുഹകളുണ്ടെന്നും

ഇന്നു രാവിലെ എനിക്കു തോന്നുന്നു.

എന്റെ തോന്നലുകൾ തെറ്റാറില്ല.


പ്രാചീന ലിപികളും ചിത്രങ്ങളുമുള്ള

ഇരുണ്ട ഗുഹകൾ,

ആളനക്കമില്ലാത്ത ഗുഹകൾ.

അവ ,മനുഷ്യരെ ആഗ്രഹിക്കുന്നു.


തുറന്നു പിടിച്ച അവയുടെ വായിൽ നിന്ന്

പരക്കുന്ന നിരാശ,

എന്നെത്തന്നെ നോക്കുന്ന അവയുടെ നോട്ടം.

എത്രയോ ജീവിതം കണ്ട ചുളിഞ്ഞ നെറ്റിക്കു താഴെ നിന്ന് പുറപ്പെടുന്ന നോട്ടം

ജനലുകൾ കടന്ന് വരുന്നുണ്ട്.


നമ്മൾ(ആണും പെണ്ണും ) ഗുഹകൾ തിരഞ്ഞു പോവുന്നതെന്തിനാണ്?

നമ്മുടെ തന്നെ കാലങ്ങൾ 

നമ്മൾ അവിടെ മറന്നുവെച്ചിട്ടുണ്ടെന്ന് നമുക്കറിയാം.

ആ നിഗൂഡത നമുക്കെപ്പോഴോ വെളിപ്പെടുന്നുണ്ട്.

ഇണയെ കൂട്ടി നാമവിടെ പോയി നോക്കുന്നു.

അവിടെ മുഴുവൻ പരതി

ഒരു തുമ്പും കിട്ടിയില്ലെങ്കിലും

നമ്മുടെ ഉള്ളിലെ കുറ്റാന്വേഷക/കൻ

ആ ഫയൽ മറ്റൊരിക്കൽ തുറന്നുനോക്കാനായി

പൂട്ടിവെക്കുന്നു.


നമ്മൾ (ആണും പെണ്ണും )

മറന്നു വെച്ചിട്ടുള്ള ആ താക്കോൽ

ഏത് മലമുകളിലാണെന്ന് നമുക്കറിയില്ല.

അതിനല്ലെങ്കിൽ, എന്തിനാണ് കഷ്ടപ്പെട്ട്

നമ്മൾ 

ഈ മലകൾ കയറുന്നത്?


ഗുഹകൾ, അവയ്ക്ക് പറയണമെന്നുണ്ട്.


പറയാനാവാത്ത ഏതോ പ്രതിസന്ധിഘട്ടത്തിൽ ശബ്ദം വിഴുങ്ങിയവരാണ് അവ...


അവയുടെ തുറന്നു പിടിച്ച വായകളിലൂടെ

അകത്തേക്കകത്തേക്ക് പോയി നോക്കുന്നു;

എവിടെയാണ് മറഞ്ഞിരിക്കുന്ന കാലത്തിന്റെ ശബ്ദമെന്ന് ...

ഇരുട്ടിൽ നിന്ന് കനപ്പെട്ട ഒരൊച്ച കേട്ടതുകൊണ്ടാണോ നാം മടങ്ങി വന്നത്?


ഗ്രാമത്തിനു ചുറ്റും മലകളുണ്ട്.

ആദിമ മനുഷ്യരുടേതു പോലെ നൂറ്റാണ്ടുകളുടെ ചുളിവും രോമങ്ങളുമുള്ള മലകൾ.

അവയുടെ പാതിയുറക്കം തൂങ്ങിയ കണ്ണുകൾ

നമ്മെ പ്രതീക്ഷിക്കുന്നുണ്ട്.

എല്ലാ മലകളിലും  ഗുഹകളുണ്ട്.

എല്ലാ ഗുഹകൾക്കും അണ്ണാക്കിൽ 

ചെറുനാക്കുകളുണ്ട്

അവയുടെ വായ്ക്കകത്ത് ഉമിനീരുറവയുണ്ട്.

എല്ലാ ഗുഹകളിലും നമ്മളുണ്ട് (ഒരാണും ഒരു പെണ്ണും വീതം)

ഗുഹകളിലുള്ള നമ്മൾ 

വീടുകളിലിരിക്കുന്ന

നമ്മളെ കാണുന്നുണ്ട്.

എല്ലാം 

മേഘങ്ങൾ മുന്നിൽ നിന്ന്

മറച്ചുപിടിക്കുകയാണ്.

*ബബ്ലിമൂസ്


🔸🔸🔸

നീ സ്കൂൾ മാറി വന്നവളായിരുന്നു

നിന്നെ പ്രേമിക്കാൻ ഞാൻ

എല്ലാവരേക്കാൾ തയ്യാറെടുത്തു.

സ്കൂൾ മാറി വരുന്ന പെൺകുട്ടികളെപ്പോലെ

സർവഥാ പ്രേമാർഹരായി

മറ്റാരാണുള്ളത്?


എല്ലാ ദിവസവും ഞാൻ നിന്നെ സ്വപ്നം കണ്ടു.

അന്ന് ഡിഷ് ആൻറിനയില്ലെങ്കിലും

ഞാൻ നിന്നിലേക്ക് തിരിച്ചു വെച്ച ഡിഷ് ആൻറിനയായിരുന്നു.

നീ സംപ്രേഷണം ചെയ്യാഞ്ഞിട്ടും

നീ നായികയായ അനേകം സിനിമകൾ

എൻ്റെ സ്ക്രീനിൽ ഞാൻ തനിച്ചുകണ്ടു.


അങ്ങനെയിരിക്കെയാണ്

നിൻ്റൊപ്പം സ്കൂൾ മാറി വന്ന സണ്ണി

എന്നോടാ രഹസ്യം പറഞ്ഞത് ..

വെറുമൊരു ബബ്ലിമൂസിനു വേണ്ടി

നീ നിൻ്റെ...


വെറുമൊരു ബബ്ലിമൂസിനു വേണ്ടി

നീ നിൻ്റെ വില പിടിച്ച ഉമ്മ

ഒരുത്തനു നൽകി


അന്നു മുതൽ എല്ലാ ബബ്ലിമൂസ് 

മരങ്ങളേയും ഞാൻ വെറുത്തു.

എപ്പോഴെങ്കിലും ഒരു ബബ്ലിമൂസ്

തിന്നേണ്ടി വന്നപ്പോൾ

പ്രതികാരദാഹിയായ ഡ്രാക്കുളയെപ്പോലെ

ഞാനത് നിർവ്വഹിച്ചു


എനിക്കു കിട്ടേണ്ട ഉമ്മയായിരുന്നു

വെറുമൊര് ബബ്ലിമൂസ് വഴിതിരിച്ചുവിട്ടത്.

നിൻ്റെ കലവറയിൽ ഇനിയും അനേകം

ഉമ്മകളുണ്ടെന്ന് വിവേകം വെച്ചപ്പോഴേക്കും

നാം രണ്ടു ലോകങ്ങളിലായിക്കഴിഞ്ഞിരുന്നു.


അജിതേ,

സത്യം പറയാമല്ലോ

എൻ്റെ പറമ്പിൽ വെട്ടിക്കളയാത്ത

ഒരു ബബ്ലിമൂസ് മരം ഇപ്പോഴുമുണ്ട്.

പക്ഷേ, എന്താണെന്നറിയില്ല,

കായ്ക്കുന്നേയില്ല

*ബബ്ലിമൂസ് -ബബ്ളൂസ് - കമ്പിളിനാരകം