gfc

പതിനേഴു വര്‍ഷങ്ങള്‍

പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു നാള്‍ നിന്റെയമ്മ നിന്നെയുമെടുത്ത്
ബസ്സിലിരിക്കുന്നു.
അമ്മത്തോളില്‍ കിടന്ന് നീ
അവ്യക്തമധുരങ്ങളായ ശബ്ദങ്ങളാല്‍ സംസാരിക്കുന്നു.
ഹൃദ്രോഗിയായ ഭാര്യയെ
ചികിത്സിക്കാന്‍ പണത്തിനു ഞെരുങ്ങുന്ന ഒരാള്‍
പിന്‍സീറ്റിലിരുന്ന് ആലോചിക്കുകയായിരുന്നു.
അയാളുടെ ഭാര്യ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ചതിനാല്‍
സര്‍ക്കാര്‍ ധനസഹായമാരാഞ്ഞ്
തിരിച്ചുവരികയായിരുന്നു മറ്റൊരാള്‍
അങ്ങനെ ദുഃഖങ്ങളുടെയും ദുരന്തങ്ങളുടെയും
കൂടപ്പിറപ്പുകള്‍ മാതിരിയുള്ള മനുഷ്യര്‍
നിറഞ്ഞിരിക്കുന്ന വാഹനത്തിലാണ്
നിന്റെ മധുരശബ്ദങ്ങള്‍ നിറയുന്നത്.

പിന്‍സീറ്റിലെ ഒരമ്മയുടെ പാറിവരുന്ന മുടിയിഴകള്‍
നീ കുഞ്ഞുവിരലുകളാല്‍ പിടിച്ചു.
സ്വന്തം വേദനകളെല്ലാം മറന്ന്
അവര്‍ നിന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
നിന്റെ ചുണ്ടില്‍ നിന്നു വീഴുന്ന
ശബ്ദങ്ങള്‍ പെറുക്കാന്‍ അവര്‍
കണ്ണും കാതും തുറന്നിരുന്നു.


മരണത്തെക്കുറിച്ച് ഓര്‍ത്തോര്‍ത്ത്
നെഞ്ചുകലങ്ങിയവള്‍ക്ക് നീ
ഒരു പുഞ്ചിരി നീട്ടി.
ഇലകളും പൂക്കളുമില്ലാതെ
കരിഞ്ഞുണങ്ങിയ മരം കണക്കായിരുന്നു അവള്‍.

നിന്റെ പുഞ്ചിരിത്തൊടലില്‍
പൊടുന്നനെ ഉടലാകെ പൂവിട്ട
അമ്മമരമായ് അവള്‍
അയാള്‍ക്ക് നിന്നെ കാണിച്ചുകൊടുത്തു.
അയാളും നിന്നെ നോക്കിയിരിക്കുന്നു.

ദില്ലിയില്‍ നിന്നും
നിന്റെ ഗ്രാമത്തിലെത്തും വരെ
ആ ബസ്സിനെ നിഷ്കളങ്കതയുടെ ഉരുവം കൊണ്ട്
ആഹ്ലാദിപ്പിച്ച്
നീ നിന്റെ അമ്മയുടെ തോളില്‍ കിടന്ന്
ഇറങ്ങിപ്പോകുന്നു.

പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം
അതുപോലൊരു ബസ്സില്‍ നീ
കൂട്ടരോടൊപ്പം ഒരു പെണ്‍‌കുട്ടിയെ
മാനഭംഗപ്പെടുത്തുന്നു.
അവളുടെ വസ്ത്രങ്ങള്‍
വലിച്ചുകീറുന്നു.
അവളുടെ യാചനകളെ
അവഗണിക്കുന്നു.
അവളുടെ ജനനേന്ദ്രിയത്തില്‍
കമ്പി കുത്തിയിറക്കുന്നു.
പ്രാണവേദനയില്‍ പിടയുമ്പോള്‍
അവളെ പിഴിഞ്ഞുകുടിക്കുന്നു.
ഒടുവില്‍
നഗ്നയും മരണാസന്നയുമായവളെ
റോഡിലേക്ക് വലിച്ചെറിഞ്ഞ്
നിന്റെ വാഹനം പോകുന്നു.

എന്റെ കുട്ടിക്കുറ്റവാളീ
ഈ പതിനേഴുവര്‍ഷങ്ങള്‍
നിന്നോട് എന്താണ് ചെയ്തതെന്ന്
ആ പഴയ ബസ്സിലെഹൃദ്രോഗിയായ സ്ത്രീ,
അവളുടെ ഭര്‍ത്താവ്,
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ച ആ മനുഷ്യന്‍
എല്ലാവരും ഒരേ സ്വരത്തില്‍
നിന്റെ നിഷ്കളങ്കമായ മുഖത്തോട് ചോദിക്കുന്നു.
നിന്റെ ചുണ്ടുകളില്‍ നിന്ന് പൊഴിയുന്ന
അവ്യക്തമധുരമായ ശബ്ദങ്ങളില്‍
അതിന്റെ ഉത്തരമുണ്ടോ?

മനുഷ്യരേ... മനുഷ്യരേ...

മനുഷ്യരേ,

അങ്ങനെ ഉള്ളിത്തോലു പോലെ
അടുക്കടുക്കായി വെച്ചിരിക്കുന്ന
പേറ്റുമുറികളില്‍ നിന്ന് 
അടുക്കടുക്കായി വെച്ചിരിക്കുന്ന
ഗര്‍ഭപാത്രങ്ങളില്‍ നിന്ന്
അടുക്കടുക്കായി വെച്ചിരിക്കുന്ന
വലിഞ്ഞുവലിഞ്ഞുനിന്ന യോനികളെ  
ഒന്നൊന്നായിപ്പിളര്‍ന്ന്
ഒരു ശരമുന പോലെ വിക്ഷേപിക്കപ്പെട്ട്
ഈ നൂറ്റാണ്ടിന്റെ വാതിലില്‍
വീണുകരയുന്ന മനുഷ്യാത്മാവാണു ഞാന്‍
.
ദുരിതങ്ങളുടെയും വിലാപങ്ങളുടെയും
അംബരചുംബികളായ എടുപ്പുകള്‍ക്കിടയിലൂടെ
നഗരപഥങ്ങള്‍ക്കു മീതെ
ഞാനൊഴുകുന്നു
.
* * * *
ഗര്‍ഭപാത്രത്തില്‍ എന്റെ ശരീരവും ചുമന്ന്
അവസാനത്തെ അമ്മ
ഒരു വെടിയുണ്ടയ്ക്കു മുന്നിലൂടെ ഓടുന്നു .
പാഞ്ഞുവരുന്ന വെടിയുണ്ടയില്‍ നിന്ന്
എത്ര ദൂരം അവള്‍ക്ക് ഓടാനാവും

അത്ര ദൂരമാണ് അവള്‍ക്ക് ജീവിതം .

വെടിയുണ്ട അവളെ തൊടുന്നതിനിടയില്‍ 
ഏഴുവന്‍‌കരകളിലും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ജനിച്ച്
‘അമ്മേ എന്ന് വിളിക്കുന്നു.
കോടിക്കണക്കിന് വിത്തുകള്‍ മുളച്ച്
ഇലകളുടെ കുഞ്ഞിക്കാലടികള്‍ കാറ്റില്‍ പതിക്കുന്നു.
ആയിരക്കണക്കിന് കടുവകള്‍
അവയുടെ ഇരകളിലേക്ക് കുതിക്കുന്നു.
വെടിയുണ്ട അവളെ തൊടുന്നതിനിടയില്‍
ലക്ഷോപലക്ഷം പൂമൊട്ടുകള്‍ വിടര്‍ന്ന്
പൂക്കളാവുന്നു.....
മലകളില്‍ നിന്നും താഴ്‌വരകളില്‍ നിന്നും’
അനേകം പ്രാര്‍ഥനകള്‍ ദൈവങ്ങളുടെ വിലാസമന്വേഷിച്ച്
 മുകളിലേക്ക്
മുകളിലേക്ക് പോകുന്നു
.
അനേകം ക്യാമറക്കണ്ണുകള്‍ നിഷ്കരുണം
ആ വെടിയുണ്ടയുടെ യാത്ര തത്സമയ സം‌പ്രേഷണത്തിന്
ഒപ്പിയെടുക്കുന്നു.

വെടിയുണ്ടയ്ക്കും അവള്‍ക്കുമിടയിലുള്ള ദൂരത്തില്‍
അവളുടെ ജീവിതചലച്ചിത്രം അവള്‍ക്കുള്ളില്‍
അതിവേഗം ഓടുന്നു...
പിറവിയുടെയും വളര്‍ച്ചയുടെയും
രാഗദ്വേഷങ്ങളുടെയും അനേകം ചിത്രങ്ങള്‍ കൂട്ടിയൊട്ടിച്ച ജീവിതം.
താഴ്‌വരകളിലെ കൃഷിയിടങ്ങളിലും പൂവനങ്ങളിലും
ആടിപ്പാടി നടന്നിരുന്ന ചിത്രശലഭബാല്യം.
വിദ്യാലയത്തില്‍ സഹപാഠികളുടെ കൂടെ
ഒരു ജീവിതത്തെ സ്വപ്നം കാണാന്‍ പഠിച്ചത്.
ആദ്യത്തെ പ്രണയത്തിന്റെ മധുരാനുഭവം.
നിറങ്ങളും സന്തോഷങ്ങളും നിറഞ്ഞ വിവാഹദിനം.
കണ്ണീരിന്റെയും വിയര്‍പ്പിന്റെയും
മണ്ണിന്റെയും പൂക്കളുടെയും ഗന്ധങ്ങള്‍
  രാത്രിയുടെയും പകലിന്റെയും ഏകാന്തതകള്‍
മനുഷ്യരുടെയും പക്ഷികളുടെയും ഗീതികള്‍
ഇഷ്ടഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും രുചികള്‍
അമ്മയുടെയും ഏറ്റവും പ്രിയപ്പെട്ടവന്റെയും സ്പര്‍ശങ്ങള്‍
ജീവിതം അനശ്വരമെന്ന് തോന്നിപ്പിക്കുന്ന
ചുംബനങ്ങള്‍ ...

എല്ലാം ഇപ്പോള്‍ നിലയ്ക്കും
.
ഒരു കറുത്ത സ്ക്രീനില്‍ അവളെ മറവു ചെയ്ത്
കാണികളേ നിങ്ങള്‍ എഴുന്നേറ്റുപോവും
.
ചെവിപൊട്ടുന്ന ഒരു നിശ്ശബ്ദതയിലേക്ക്
അവള്‍ താണുതാണുപോവും.



മനുഷ്യരേ,
നദികളായ നദികളിലെ
ഈ രക്തം മുഴുവന്‍ അവളുടേതാണ്.
അവളുടെ മാംസമാണ്
ഈ മരങ്ങളില്‍ നിറയെ കായ്ച്ചുകിടക്കുന്നത്.
അവളുടെ ശ്വാസമാണ്
ഈ താഴ്‌വരകളില്‍ കെട്ടിക്കിടക്കുന്ന കാറ്റ്.
അവളുടെ ഗന്ധമാണ്
പൂക്കളില്‍ നിന്ന് ഇറങ്ങിവരുന്നത്
.
അവളുടെ തകര്‍ന്ന സ്വരങ്ങളാണ്
പക്ഷികളുടെ തൊണ്ടകളില്‍ നിന്ന് വരുന്നത്.
അവളുടെ കണ്ണുനീരാണ്
കുളങ്ങളിലും കിണറുകളിലും നിറഞ്ഞു നിറഞ്ഞു വരുന്നത്.


മനുഷ്യരേ,
ഗര്‍ഭപാത്രങ്ങളില്‍ നിന്ന് ഗര്‍ഭപാത്രങ്ങളിലേക്ക്
ഒഴുകിയൊഴുകിപ്പോകുന്നവരേ
യോനികളില്‍ നിന്ന് യോനികളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നവരേ...

കില്ലര്‍

ആദ്യമായി അവളെക്കാണുമ്പോള്‍
അതു തന്നെ സംഭവിച്ചു.
ഏത്?
മഴ ? അല്ല.
പ്രേമം ? അല്ല.
പരിപാടി ? അല്ല.
കൊലപാതകം ? അതെ.

പശ്ചാത്തലത്തില്‍ ചുമരു നിറഞ്ഞ്
സംഗീത ദൃശ്യവല്‍ക്കരണത്തിന്റെ
നിറങ്ങളുടെ സഞ്ചാരങ്ങള്‍ ,
ചുഴികള്‍ ,തിരമാലകള്‍
ജാസ്-ഡ്രം
ഇരുട്ട്-വെളിച്ചം
തകര്‍ത്തു മുന്നേറുന്ന സംഗീതം.
ഒരുത്തന്റെ തോക്ക്.
അവള്‍ .
തോക്കില്‍ നിന്നൊരു തിര
അവളെ തിരഞ്ഞുപോവുന്നു.
വെടി പൊട്ടുന്ന കാതടപ്പിക്കുന്ന ശബ്ദം.,
നെഞ്ചില്‍ നിന്ന് രക്തം
പുറത്തേക്ക് കുതിപ്പിച്ച് അവള്‍ വീഴുന്നു.
സംഗീതം നിശ്ചലമാവുന്നു.
കൊലപാതകി എന്റെ അടുത്തേക്കു വന്നു.
-തോക്ക് നിനക്കിരിക്കട്ടെ.
വാതില്‍ തുറന്ന് അയാള്‍ മറഞ്ഞു.
രണ്ടാമത്തെ വെടി എന്റേതായിരുന്നു.
തോക്ക് കയ്യിലുള്ളവന്
വെടി വെക്കാതിരിക്കാനാവില്ല.
പക്ഷേ ഒന്നാമത്തെയോ
രണ്ടാമത്തെയോ വെടിയുണ്ടയാണ്
അവളുടെ ജീവന്‍ കവര്‍ന്നതെന്ന്
ഇപ്പോഴും ആശയക്കുഴപ്പമാണ്.

രണ്ടു വെടിയുണ്ടയും
ഒരേ തോക്കില്‍ നിന്നുള്ളതാണെന്നതിനാലും
തോക്ക് എന്റെ കയ്യിലാണെന്നതിനാലും
ഈ കൊലപാതകത്തിന്റെ
ഉത്തരവാദിത്തം എനിക്കു വന്നുപെടും.
ആദ്യത്തെ കൊലപാതകത്തിനു ശേഷം
മൂന്നുകാര്യങ്ങള്‍ ചെയ്യാം.
  • ഒളിവില്‍ പോവുക
  • പിടികൊടുക്കുക
  • തുടര്‍ച്ചയായി കൊലപാതകങ്ങള്‍ ചെയ്യുക
അങ്ങനെയാണ് ഞാന്‍
ഒരു പരമ്പരക്കൊലയാളിയാവുന്നത്.
നിങ്ങളെ കൊല്ലുവാനാണ്
ഇപ്പോള്‍ വന്നിരിക്കുന്നത്.

കൊല്ലപ്പെടും എന്ന് ഉറപ്പായാല്‍
മനുഷ്യന്റെ കാമ്പ് പുറത്തുവരും.
അതുവരെ അടച്ചുവെച്ചിട്ടുള്ള
ഭയം ആസക്തി ആക്രാന്തം
എല്ലാം നിര്‍ലജ്ജം പുറത്തിറങ്ങും.
മനുഷ്യനെ വ്യക്തമായി കാണണമെങ്കില്‍
അയാളെ കൊല്ലണം.
മരണത്തിലേക്ക് ഒരു മനുഷ്യന്‍
അറിയാതെ നടന്നു നീങ്ങുന്നത്
ഞാന്‍ കണ്ടിട്ടുണ്ട്.
അത് രസകരമാണ്.
മരണം മുന്‍പിലുണ്ടെന്നറിഞ്ഞ്
രക്ഷപ്പെടാനുള്ള പരാക്രമമാണ്
കൂടുതല്‍ രസകരം.
അയാള്‍ അന്നുവരെ പഠിച്ചുവെച്ചിട്ടുള്ള
ചരിത്രം,ഗണിതം,ശാസ്ത്രം,ഭാഷ
ഇതെല്ലാം അയാള്‍ക്ക് പ്രയോജനപ്പെടുമോ?
ജീവിതത്തില്‍ ഏറ്റവും സമര്‍ഥമായി
ബുദ്ധി ഉപയോഗിക്കേണ്ടുന്ന സന്ദര്‍ഭമാണ്
കൊലപാതകി ഇരയ്ക്കു നല്‍കുന്നത്.
ഇരയ്ക്ക് ഏതു നിമിഷവും
കൊലപാതകിയാകാവുന്ന മഹത്തായ സന്ദര്‍ഭവും
ഓരോ കൊലയ്ക്കു മുന്നിലുമുണ്ട്.
തന്റെ ജീവന്‍ നിസ്സാരവല്‍ക്കരിച്ചാണ്
കൊലയാളി അയാളുടെ
കലാജീവിതം ആവിഷ്കരിക്കുന്നത്.
കൊല്ലപ്പെടുവാനുള്ള നിങ്ങളുടെ അര്‍ഹത
അത്ര പ്രധാനപ്പെട്ടതല്ല.
ജീവനുണ്ട് എന്നുള്ളതു മാത്രമാണ്
ജീവിയുടെ മരണത്തിനുള്ള അര്‍ഹത.

ഇതൊരു കളിയാണ്.
ഞാനിപ്പോള്‍ ചലിച്ചുതുടങ്ങുകയാണ്.
നിങ്ങളും ചലിക്കൂ.
നിങ്ങളുടെ ഏകാന്തസമയത്ത്
വാതിലില്‍ മുട്ടുന്നത് ഞാനാണ്.
നിങ്ങളുടെ തനിച്ചുള്ള യാത്രയില്‍
നിങ്ങളെ പിന്‍‌തുടരുന്ന യാത്രക്കാരന്‍ ഞാനാണ്.
നിങ്ങള്‍ ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന
ബാര്‍ക്യാബിനിലേക്ക്
തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നത്
ഞാനാണ്.
നിങ്ങള്‍ തനിച്ച് കാറോടിച്ച്
വീട്ടിലേക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കോ
കാമുകിയുമായുള്ള രഹസ്യസമാഗമത്തിനോ പോവുമ്പോള്‍
പിന്‍‌സീറ്റിലെ അനക്കം ഞാനാണ്.


എന്തിനേറെ...
അരമണിക്കൂര്‍ മുന്‍പ്
നിങ്ങളോട് ചിരിച്ചുസംസാരിച്ച്
കൈനല്‍കിപ്പിരിഞ്ഞത് ഞാനാണ്.
ഭാര്യ എന്നു കരുതി നിങ്ങള്‍
ഇണചേര്‍ന്നുകൊണ്ടിരുന്നത്
മക്കള്‍ എന്ന നിലയില്‍
നിങ്ങള്‍ ഓമനിക്കുന്നത്
സുഹൃത്ത് എന്ന നിലയില്‍
നിങ്ങള്‍ ആലിംഗനം ചെയ്തത്
എന്നെയാണ്.

നിങ്ങള്‍ക്ക് രക്ഷയില്ല.
നിങ്ങളെ പിന്‍‌തുടരുന്ന
ഓരോ കാലടിശബ്ദവും എന്റേതാണ്.
നിങ്ങളുടെ കഴുത്തിലെ കുരുക്കുകള്‍
മുറുകിക്കഴിഞ്ഞു.
കുടുങ്ങി എന്ന് അറിയുമ്പോള്‍
നിങ്ങള്‍ പിടയ്ക്കും...
അപ്പോള്‍ നിങ്ങളുടെ കഴുത്ത്
കൂടൂതല്‍ കുരുങ്ങും.
ഒന്നു തിരിഞ്ഞുനോക്കാന്‍ നിങ്ങള്‍ക്ക്
സാവകാശമുണ്ടോ?
ധൈര്യവും...?