gfc

എങ്ങനെയെങ്കിലും ജീവിക്കുന്നതിന് ചില ന്യായങ്ങള്‍

ഒരു മൈന സ്വന്തം ശബ്ദങ്ങളുടെ പെന്‍സില്‍ കൊണ്ട് എപ്പോഴും കുത്തി വരയ്ക്കുന്ന ഒരു നീലക്കടലാസാണ് എന്റെ വീടിനു മുകളിലെ ആകാശം.ഞാനവളോട് ചോദിച്ചിട്ടില്ല,കേള്‍ക്കുന്ന വരകളുടെ ചിത്രകാരീ,എന്താണ് നീ എപ്പോഴും കുത്തി വരയ്ക്കുന്നതെന്ന്...
ഒരു പക്ഷിയുടെ ജീവിതം പോലെയല്ലല്ലോ എന്നെപ്പോലെയൊരു മനുഷ്യന്റേത്.അതിന് വേണമെങ്കില്‍ പറക്കാം /പറക്കാതിരിക്കാം.വേണമെങ്കില്‍ കൂടുവെക്കാം/വെക്കാതിരിക്കാം.ഏതുമരത്തിലും എപ്പോഴും പോയിരിക്കാം/പോകാതിരിക്കാം.
ചുരുങ്ങിയ പക്ഷം അതിന് സീരിയല് കാണുകയെങ്കിലും വേണ്ട.ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഉണ്ടായിപ്പോയ എത്ര പ്രത്യയശാസ്ത്രങ്ങളെ ഭയന്ന്,ഭാര്യയോടും കുഞ്ഞുങ്ങളോടും ചെയ്യുന്നത് അനീതിയല്ലേ എന്ന് കുറ്റബോധത്തില്‍ ഉരുകി,രാജ്യത്തോടും സാമൂഹത്തോടും ചെയ്യുന്നത് അക്രമമല്ലേ എന്ന് തപിച്ച്,പാപമല്ലേ വഞ്ചനയല്ലേ ചതിയല്ലേ ആണ്‍കോയ്മയല്ലേ അധികാരമല്ലേ എന്നൊക്കെ വ്യാകുലപ്പെട്ട് അനങ്ങാനോ അനങ്ങാതിരിക്കാനോ പറക്കാനോ പറക്കാതിരിക്കാനോ പാടാനോ പാടാതിരിക്കാനോ പറ്റാത്ത എന്റെ ജീവിതത്തിന് ഒരു മൈനയോടും ഒന്നും ചോദിക്കുക വയ്യ.
അല്ലെങ്കില്‍ ഞാന്‍ ചോദിക്കേണ്ടുന്ന ചോദ്യങ്ങളൊന്നും ഇപ്പോള്‍ എന്നെ ഓര്‍ക്കുന്നില്ല.

പിന്നെപ്പിന്നെ

പിന്നെപ്പിന്നെ
എന്തോ മറന്നു പോയതു പോലെ
എന്ന തലക്കെട്ടില്‍ നിര്‍മിക്കപ്പെട്ട
ഒരു ജീവശില്പമെന്ന് പെരുമാറിത്തുടങ്ങി.
എന്തിന് ,എപ്പോള്‍ എന്നീ കുരുടന്‍ കണ്ണുകള്‍
അങ്ങനെ തന്നെയുണ്ട്
എന്താണ് മറന്നതെന്ന്
ഓര്‍മിക്കാനുള്ള ശ്രമത്തെയാണ്
ജീവിതമെന്ന് ഓമനിച്ചു വിളിക്കുന്നത്
ഒരു മുഴുവന്‍ ഓര്‍മയല്ല,
മുഴുവന്‍ മറവിയുമല്ല;
മറവിയെക്കുറിച്ചുള്ള
അപൂ‍ര്‍ണമായ ഓര്‍മ...

അനിഷ്ടമേ

ദീര്‍ഘകാലത്തെ ദാമ്പത്യജീവിതം കൊണ്ട്
വളിച്ചതും കെട്ടതുമായ ചീര്‍ത്ത ശരീരങ്ങളുള്ള
മനുഷ്യരുടെ ആപ്പീസ് മുറീ
നിന്നിലേക്ക്
മറിഞ്ഞു നോക്കി
തിരിഞ്ഞു നോക്കി
ചരിഞ്ഞു നോക്കി
ആഞ്ഞു ചവിട്ടി
കാറിത്തുപ്പി
കണ്ണു തിരുമ്മി
കോട്ടുവാ വിട്ട്
ഒരനിഷ്ടത്തിന്റെ ഫിലിം റോള്‍
എത്ര രീതിയില്‍ ഓടിച്ചതാണ് ഞാന്‍.

വാടാ അനിഷ്ടമേ വാടാ
എന്ന് മകുടിയൂതി
ഇന്ന് കൊട്ട തുറക്കുമ്പോള്‍
എന്റെ പ്രിയപ്പെട്ട അനിഷ്ടമേ
നീ വെറും ഒരിഷ്ടമായി വന്ന്
ആടിയാടി എന്നെത്തന്നെ കൊത്തിയല്ലോ
ഉളുപ്പില്ലാത്തവനേ...

എടുത്തുവെക്കുന്നത്

നീ കൂടെയില്ലെന്ന സങ്കടം
നിറഞ്ഞു വന്ന നിമിഷം
ലോകത്തെ മായ്ച്ചു കളയുന്ന കാഴ്ച്ചയാണ്
നീ എന്നെങ്കിലും കാണുവാന്‍
ഞാനെടുത്തുവെക്കുന്ന കാഴ്ച്ച.