gfc

പുഞ്ചിരി

പുഞ്ചിരി
------------

ഭൂമിയിലെമുഴുവന്‍ കുഞ്ഞുങ്ങളുടെയും

മുഖത്തു നിന്ന് പുഞ്ചിരി മാഞ്ഞുപോയി.



പൂക്കളില്‍ ആ പുഞ്ചിരി .

പുഴവെള്ളത്തില്‍ ആ പുഞ്ചിരി

നക്ഷത്രങ്ങളില്‍ അതിന്റെ വെള്ളിക്കിരണങ്ങള്‍ .

പക്ഷേ,അവയില്‍ നിന്ന് ആര്‍ക്കെടുക്കാനാവും അത്..?



കാടിനോടും കാറ്റിനോടും ചോദിച്ചു.

വെയിലിനോടും മഞ്ഞിനോടും ചോദിച്ചു.

കടലിനോടും മേഘങ്ങളോടും ചോദിച്ചു.

അവയെല്ലാം വിസമ്മതിച്ചു.



ഭൂമിയിലെ ഒരു കുഞ്ഞും ചിരിക്കാത്ത

ദിനങ്ങളിലൂടെ ലോകം.

ചിരിക്കാത്ത കുഞ്ഞുങ്ങളുടെ

അച്ഛനമ്മമാര്‍

പുകയുന്ന കുന്തിരിക്കങ്ങളായി.

പുക നിറഞ്ഞ് ലോകത്തിന്

വീര്‍പ്പുമുട്ടി.



പൂക്കളില്‍ നിന്ന് ആ പുഞ്ചിരി മാഞ്ഞു.

പുഴവെള്ളത്തില്‍ നിന്നും

നക്ഷത്രങ്ങളില്‍ നിന്നും

അത് മാഞ്ഞു.

ലോകം നിശ്ശബ്ദമായി.



ആര് തിരിച്ചുകൊടുക്കും അത്?

കാറ്റ് മരങ്ങളുടെ

ചെകിട്ടില്‍ അടക്കം പറഞ്ഞു.

പര്‍വതങ്ങള്‍ ഇത്രയും കാലത്തെ വിഷാദനിശ്ശബ്ദത വിട്ട്

മൂക്കൊലിപ്പിക്കാന്‍ തുടങ്ങി.

അവയുടെ കണ്ണുകളില്‍ നിന്ന്

നക്ഷത്രങ്ങള്‍ കുടുകുടെ ഒഴുകി

രാത്രിയുടെ ആകാശം മുഴുവന്‍ നിറഞ്ഞു



അപ്പോള്‍അത്ഭുതമെന്ന് പറയട്ടെ,

ലോകത്തിനു മുകളില്‍ ഒരു ചോരക്കുഞ്ഞ്’

കൈകാലിട്ടടിക്കുന്നു.



ആരതിന് ഒരു പുഞ്ചിരി നല്‍കും?

ലോകം അന്നോളം കൂട്ടിവെച്ച

ആയുധക്കൂമ്പാരങ്ങള്‍

അസാധ്യമെന്ന് തലതാഴ്ത്തി നിന്നു.

എഴുതാത്ത കവിതകളുടെ ഗൂഢവൃത്തികള്‍

നിരന്തരമായി കവിതകളെഴുതാമെന്ന്
ഒരു വായനക്കാരനുമായും കരാറിലേര്‍പ്പെട്ടിട്ടില്ല
എന്ന് ഉറപ്പിക്കാനല്ല,
സഹകവികളുമായി യുദ്ധം ചെയ്ത്
മടുത്തതുകൊണ്ടുമല്ല,
വരുന്ന വരുന്ന കവിതകളെ
നോക്കി നോക്കി കഴുത്തു കഴച്ചിട്ടാണ്
മറ്റെവിടേക്കെങ്കിലും പോകൂ കവിതകളെ
എന്ന് ആട്ടിത്തുടങ്ങിയത്.


ഇരുട്ടില്‍
വെളിച്ചത്തില്‍
കാറ്റില്‍’
മഴയില്‍
ജനല്‍പ്പാളികളില്‍’
അവ വന്നു വിളിച്ചു.

ഉറക്കത്തില്‍
സ്വപ്നത്തില്‍’
അവളുടെ മുടിമണത്തില്‍
മുറികളുടെ അരണ്ട മൂലയില്‍
അവ കണ്ണുപൊത്തിക്കളിച്ചു.

ശ്രദ്ധയോടെ
ചില അശ്രദ്ധകളെ വളര്‍ത്തിയില്ലെങ്കില്‍
നമ്മളില്‍ നിന്ന് നമ്മളെ
മറ്റാരെങ്കിലും പിടിച്ചുപറിക്കാന്‍ ഇടയുണ്ട്.

എഴുതാതെ പോകുന്ന കവിതകള്‍
കവിക്കെതിരെ തിരിയും.
എല്ലാ ശ്രദ്ധ ക്ഷണിക്കലുകളും
അസ്ഥാനത്താവുമ്പോള്‍’
അവഗണനയുടെ അറ്റം കാണുമ്പോള്‍
കവിതകള്‍ കവിയുടെ ജീവിതത്തെ
ആക്രമിക്കാന്‍ തീരുമാനിക്കും.

ഉറക്കത്തിഉല്‍ നിന്ന്
എഴുന്നേല്‍പ്പിച്ച് നടത്തും.
സമാധാനം ഇവിടെയൊന്നുമല്ല
മറ്റെവിടെയോ ഉണ്ടെന്ന്
കാതില്‍ പറഞ്ഞുപറഞ്ഞ്
ഭാണ്ഡമെടുപ്പിച്ച് കിട്ടുന്ന വണ്ടിക്ക്
ചാടിക്കയറ്റി എങ്ങോട്ടെങ്കിലും പറഞ്ഞുവിടും.
പിന്നെയും കിട്ടാത്ത സമാധാനത്തെ
തരാമെന്ന് പറഞ്ഞ് മദ്യപിപ്പിക്കും.
പുതിയൊരാകാശത്തിന് വേണ്ടത്ര മേഘങ്ങള്‍
പുകയൂതിയുണ്ടാക്കും.
ഭാര്യയും കുഞ്ഞുങ്ങളുമാണ്
ജീവിതത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന്
ഇടയ്ക്കിടെ വന്നു പറയും.
നിസ്സാരപ്രശ്നങ്ങള്‍ക്ക് നാട്ടുകാരോടും
വീട്ടുകാരോടും വഴക്കിടീക്കും.
എല്ലാവരും വിട്ടുപോവുമ്പോള്‍
അയാള്‍ പിന്നെയും എഴുതാനിരിക്കും.
തങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും
ഇയാളെ വിട്ടുകൊടുക്കില്ലെന്ന്
അപ്പോള്‍ വീടിന്റെ എല്ലാ മുറികളില്‍ നിന്നും
കവിതകള്‍ പൊട്ടിച്ചിരിക്കും.