gfc

വിരല്‍ത്തുമ്പ്

ചെയ്തുപോയ
എല്ലാ തെറ്റുകളും
ശരിയായിത്തീര്‍ന്നു
ഒരു വെളുപ്പിന്.

സന്തോഷത്തിന്റെ
ഒരു നെടുവരമ്പ്
കാണായി...

ഒരു സൂര്യ കിരണം
എന്നെ ഉമ്മ വെച്ചു.

‘ഇനി വീഴുകയില്ല നീ’
എന്ന് ഒരു കാറ്റ്
പൂമണം ചൊരിഞ്ഞു.

അജ്ഞാതമായ
ഒരു വിരല്‍ത്തുമ്പ്
പിടിച്ച് ഞാന്‍ നടന്നു
തുടങ്ങി...

സ്നേഹത്തിന്റെ
വെള്ളക്കൊറ്റികള്‍
പാ‍റുന്ന നീലാകാശം
എന്നെ മാടി വിളിച്ചു.

കുടത്തില്‍ കുടുങ്ങിയ തല

നഷ്ടപ്പെടുവാനില്ലൊന്നും
കൈവിലങ്ങുകളല്ലാതെ
എന്നൊരു കാറ്റുണ്ടായിരുന്നതിനാല്‍
കണ്ടപാടേ തലയിട്ടു.
അകം ശൂന്യമാണെന്നറിഞ്ഞപ്പോഴാണ്
തലയൂരാന്‍ ശ്രമിച്ചത്.
അസാധ്യമെന്ന് കണ്ടപ്പോള്‍
സംഭ്രമങ്ങളുടെ ഒരു പാച്ചിലിലേക്ക്
സ്വയം എയ്തു.
കുടത്തില്‍ കുടുങ്ങിയ തല
പോയ വഴികളെ മുഴുവന്‍
തലയറഞ്ഞ് ചിറിപ്പിച്ചു.
തല കുടുങ്ങാത്ത പട്ടികള്‍
കുരച്ചും കടിച്ചും
പ്രതിഷേധം തുടങ്ങിയപ്പോള്‍
ഓട്ടത്തിന്റെ വേഗം കൂടി.

പിന്നാലെ ഒരു പട വരുന്നുണ്ട്,
തലപൊളിയ്ക്കാനാണോ
കുടമുടയ്ക്കാനാണോ
എന്ന് എങ്ങനെ പറയും...
കുടത്തില്‍ കുടുങ്ങിയ തലയ്ക്ക്
അതിന്റെ കാലുകളെ
അന്ധമായിവിശ്വസിക്കാനേ പറ്റൂ...

നരകം

ഭ്രമകല്പനകളുടെ പിറകെ
രണ്ട് കമിതാക്കള്‍ ഒളിച്ചോടി.
സഞ്ചരിച്ചുകൊണ്ടിരുന്ന
പുഷ്പക വിമാനം
പൊടുന്നനെ റിക്ഷാവണ്ടിയായി.
മുന്തിരിത്തോപ്പുകള്‍
നല്‍കാമെന്നു പറഞ്ഞ്
നഗരത്തിലെ ചേരിയില്‍
ഒരു മുറി നല്‍കി.
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം
കാണാന്‍ ജനല്‍ത്തുണി നീക്കിയപ്പോള്‍
പുറത്തു നിന്ന്
നരകത്തിന്റെ ആയിരം കയ്യുകള്‍
ഉള്ളിലേക്ക് നീണ്ടു വന്നു.
പന്നികളും മനുഷ്യക്കുട്ടികളും
ദയനീയമായി നിലവിളിക്കുന്ന
പുറംകാഴ്ച്ചകള്‍ തട്ടി നീക്കി
ജനലടച്ചു.
കണ്ടതും കേട്ടതും മണത്തതും
മറക്കാന്‍ തങ്ങളില്‍ തങ്ങളിലേക്ക്
കൂപ്പുകുത്തി.
അങ്ങനെയാണ്
അവര്‍ അവരുടേതായ
ഒരു നരകത്തിന്റെ പണി
ആരംഭിച്ചത്.

വിപ്ലവകാരി

കടിക്കണം എന്നു വിചാരിച്ചാണ്
എപ്പോഴും വരവ്;
കാണുമ്പോള്‍ എല്ലാം മറന്നു പോവും.
അരണ കടിച്ചാല്‍ ഉടനേ മരണം
എന്നൊരു പഴഞ്ചൊല്ലുള്ളതു കൊണ്ട്
ജീവിച്ചു പോവുന്നു.
യുക്തിവാദികളായ കോഴികളും
പൂച്ചകളും എണ്ണത്തില്‍ കുറവായതുകൊണ്ട്
വലിയ ഭയപ്പാടുകളില്ല.
കടിച്ചില്ലെങ്കിലും, കടിയ്ക്കണം
എന്ന വിചാരമുള്ളതുകൊണ്ട്
ഒരു വിപ്ലവകാരിക്കു കിട്ടേണ്ട
എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട്.
പൂര്‍വജന്മ സുകൃതം!

സമാധാനം

നന്ത്യാര്‍വട്ടങ്ങള്‍ക്ക്
ഒരൌചിത്യബോധവുമില്ല.
എപ്പോഴും വെളുക്കെ
ചിരിച്ചുകൊണ്ടിരിക്കും.
വീട്ടുമുറ്റത്ത് ശവംപൊതിഞ്ഞുകൊണ്ടു-
വെച്ചാലും മാറ്റുകയില്ല,
വെളുവെളുത്ത ചിരി.
ഔചിത്യബോധമില്ലാത്ത
ഇത്തരം കൂട്ടച്ചിരി കണ്ടിട്ടാവണം
സ്കൂള്‍മുറ്റത്തെ എല്ലാ
പൂച്ചെടികളും
മുഹമ്മദ് അലി മാസ്റ്റര്‍
വെട്ടിക്കളഞ്ഞു.
ഒരു ചിരിയും ബാക്കി
നില്‍ക്കുന്നില്ലെന്ന് കണ്ടപ്പോള്‍
മാഷിന് സമാധാനമായി.

അമ്യൂസ്മെന്റ് പാര്‍ക്ക്

കാ‍ാ‍ാ‍ാ‍ാഥൂ
ആയിരം കണ്ണുള്ള കഫക്കട്ട
തന്നെത്തന്നെകെട്ടിപ്പിടിച്ച്
വട്ടത്തില്‍ കിടന്നു.
അതിനും കിട്ടി
ഒരു കഷ്ണം ആകാശം.
ഉറുമ്പുകള്‍ അതില്‍ ചാടി വീണ്
തുഴഞ്ഞു കൊണ്ടിരുന്നു.
ഈച്ചകള്‍ പാട്ടുകൊണ്ട്
അതിന്റെ പരിസരം അലങ്കരിച്ചു.
ദാഹം തീരാത്ത വെയില്‍പട്ടി
അതും നക്കിക്കുടിച്ചു.
*ഇവിടെ ഉണ്ടായിരുന്നു വെന്നുള്ളതിന്
ഒരു അടയാളം മാത്രം ബാക്കി വെച്ചു

*കടപ്പാട്:പി.പി രാമചന്ദ്രന്റെ ലളിതം
കാപ്പിത്തോട്ടങ്ങള്‍ എന്നെ പുറത്താക്കി
കുരുമുളകുതോട്ടങ്ങള്‍ എന്നെ ചവിട്ടി
തേയിലക്കാടുകള്‍ എന്നെ ചാക്കില്‍ കെട്ടി
ഇടനാട്ടിലെക്കെറിഞ്ഞു.


ഇടനെഞ്ചില്‍ നീയാണെന്ന് പറഞ്ഞിട്ടും
വിശ്വസിച്ചില്ല.

ആണ്ടിലും സംക്രാന്തിക്കും
നാണം കെട്ട് വന്നപ്പോള്‍
ആരെ കാണാന്‍ വന്നതാണെന്ന് ആട്ടി.

നട്ടപ്പാതിരയ്ക്ക് നിന്നെ സ്വപ്നം കണ്ട്
ഞാന്‍ വീണ്ടും വീണ്ടും ഞെട്ടിയുണര്‍ന്നു.
നീയെന്നെ തിരിച്ചുവിളിച്ചതേയില്ല.
നീയെന്റെ അമ്മയായതെങ്ങനെ?

വിശപ്പുകൊണ്ട് കരയുന്നവര്‍ക്ക്
മരണത്തെ കൊടുക്കുന്നവളേ,
എന്നോട് കരുണ കാണിക്കാഞ്ഞതെന്ത്?
നിന്റെ കുന്നിന്മുലകള്‍ എനിക്ക്
കുടിക്കാന്‍ തരാഞ്ഞതെന്ത്?

നിന്നെ കെട്ടിപ്പിടിച്ചു കരയാന്‍
എനിക്കൊരു മഴക്കാലമെങ്കിലും താ..
കൊങ്ങിണിപ്പൂവുകളുടെ അതിരുകളേ,
നാണിച്ചു നില്‍ക്കുന്ന ചാവകളേ,
എന്നെ തിരിച്ചു വിളിക്കാന്‍ അമ്മയോട്
ഒരു വട്ടം പറഞ്ഞു നോക്കണേ...

വിസ്താരം

ഒരു സമുദ്രം ഒന്നാകെ
മദിക്കാന്‍ കിട്ടിയ മത്സ്യം
ഒരു വലയുടെ വിസ്താരത്തില്‍
മരണം വരുമെന്ന് കണ്ടില്ല.

ചിരിച്ചതുപ്പ്

നിന്റെ ചിരി ഒരു ചതുപ്പാണ്.
നീ ചിരിക്കുമ്പോള്‍ ഞാനതിലേക്ക്
മറിഞ്ഞു വീഴുകയും പിന്നീട്
കഷ്ടപ്പെട്ട് എഴുന്നേറ്റു പോരുകയും ചെയ്യുന്നു.

വീണ്ടും നീ ചിരിക്കുമ്പോള്‍ ,
ഞാന്‍ പഴയ കഷ്ടപ്പാടുകള്‍ മറന്ന്
വീണ്ടും ആ ചതുപ്പിലേക്ക് മറിഞ്ഞു വീഴുന്നു.
അതുകൊണ്ട്...
മേലില്‍ ചിരിക്കരുത്...

ചൂണ്ട

മീനേ, മീനേ..
എന്റെ ചൂണ്ടയിലെ
ഞാഞ്ഞൂളിനെ തിന്ന്...
നിനക്ക്
തടിച്ചു കൊഴുക്കണ്ടേ...?
എന്റെ ഔദാര്യം
സ്വീകരിക്ക്...
ഇതിലുണ്ട്
വൈറ്റമിന്‍ എ,ബി,സി,ഡി
ഇതിന് നീ പലിശ തരണ്ട...
എണ്ണ തന്നാ മതി.
കടലില്‍ നിന്ന്
കുഴിച്ചെടുത്ത
എണ്ണയ്ക്കു പകരം
ഭക്ഷണം...
എന്താ സമ്മതമല്ലേ?
കടലേ ...,കടലേ...,
എന്റെ ചൂണ്ടയിലെ
ചന്ദ്രനെക്കൊത്ത്
നിനക്ക് വിശക്കുന്നില്ലേ...?
നീന്തി നീന്തി
ചിറക് കഴയ്ക്കുന്നില്ലേ...?
ഭൂമീ...,ഭൂമീ...,
എന്റെ ചൂണ്ടയിലെ
ദൈവത്തെ കൊത്ത്...
കറങ്ങിക്കറങ്ങി
നീ തളരുകയല്ലേ...?
പ്രപഞ്ചമേ...,പ്രപഞ്ചമേ...,
എന്റെ ചൂണ്ടയിലെ
എന്നെക്കൊത്ത്...
നിനക്കൊരന്ത്യം വേണ്ടേ...?

സയനൈഡ്

രുചി പറയാനാവില്ല,
അതിനു മുന്‍പേ
അടിയറവു പറഞ്ഞിരിക്കും
എല്ലാ ഇന്ദ്രിയങ്ങളും.
അതുകൊണ്ട് സയനൈഡ്
എന്നേ ഞാനവളെ വിളിക്കൂ.
പ്രണയാതുരമായ
എല്ലാ നോട്ടങ്ങളും
മരണത്തെക്കുറിച്ചുള്ള
ഉപന്യാസങ്ങളാണ്.
മരണത്തിലേക്ക്
നടന്നു കയറാനുള്ള
ഒരു നിഴല്‍ മാത്രമാണ്
ജീവിതം...;മരണത്തിന്റെ നിഴല്‍.

റിയലിസം

കണ്ടപ്പോള്‍ മുതല്‍ കാണേണ്ടായിരുന്ന്നുവെന്ന് തോന്നി.
കേട്ടപ്പോള്‍ മുതല്‍ കേള്‍ക്കേണ്ടായിരുന്നുവെന്ന് തോന്നി.
അറിഞ്ഞപ്പോള്‍ മുതല്‍ അറിയേണ്ടായിരുന്നുവെന്ന് തോന്നി.
നെഞ്ചത്തുകൈവെച്ചപ്പോള്‍ വില്ലുപോലെ വളഞ്ഞ്
ചുമയ്ക്കാന്‍ തുടങ്ങി ധീരനായകന്‍ .
ഒരു ഭാഗത്തു നിന്ന് അറിഞ്ഞു തുടങ്ങുമ്പോള്‍
മറുഭാഗത്തുനിന്ന് മരിച്ചു തുടങ്ങിയിട്ടുണ്ടാവും.