gfc

പാവപ്പെട്ട ഒരാന

സ്വന്തം മൂത്രത്തില്‍ ഒലിച്ചുപോയി ഒരാന!
പാപ്പാന്‍ വിളിച്ചിട്ടും നിന്നില്ല,
പാപ്പാത്തി വിളിച്ചിട്ടും നിന്നില്ല.
കൊമ്പ്,തുമ്പി,ചെവി,വാല്‍,പുറവടിവ്
ഏതെങ്കിലും ഒന്ന് പൊങ്ങിവരുമോ എന്ന്
കാത്തിരുപ്പാണ് ആനപ്രേമിസംഘം.
ചാനലില്‍ രണ്ടു കൊമ്പ് വന്നെന്ന്,
ജി ചാറ്റില്‍ ഒരു വാലു കണ്ടെന്ന്
മൊബൈലില്‍ ഒരു അലര്‍ച്ച കേട്ടെന്ന്
ചുമ്മാ പറയുന്നുണ്ട് ജനം.
പാവപ്പെട്ട ഒരാനയെ രക്ഷിക്കാന്‍
ഇന്നാട്ടില്‍ വല്ല സംവിധാനവുമുണ്ടോ?
സ്വന്തം മൂത്രത്തില്‍ ഒലിച്ചു പോയി ഒരാന!

നടപ്പ്

നടന്നു നടന്നു പോകുന്ന ഏതോ സന്ധിയില്‍ വെച്ചാണ്
നിങ്ങളില്‍ നിന്ന് ഒരുപാടുപേര്‍ ഇറങ്ങി നടക്കാന്‍ തുടങ്ങിയത്.
ആരും നിങ്ങളെ തിരിഞ്ഞു നോക്കിയില്ല.
ഒച്ചവെക്കാത്ത ഒരത്ഭുതം നിങ്ങളില്‍ നിന്ന് പുറപ്പെട്ടെങ്കിലും
നിങ്ങള്‍ നടപ്പു നിര്‍ത്തിയില്ല.
പലവഴി ഇറങ്ങിപ്പോവുന്ന ആള്‍ക്കൂട്ടങ്ങളുടെ ഒരു പ്രഭവകേന്ദ്രം
എന്ന് കരുതി പിന്നെയും നടക്കുമ്പോഴാണ്
എതിരെ വരുന്നവര്‍ ചിലര്‍  നിങ്ങളുടെ
അകത്തേക്ക് നടന്നുകയറി മറഞ്ഞുപോയത്..

എത്ര ഓര്‍മകളുടെ മരണമാണ് ഒരു ചിരി

മുടിഞ്ഞ മഴ ദിവസം
കൊല്ലുന്ന തണുപ്പ്
നിങ്ങളുടെ ആ പഴയ പരിചയക്കാരന്‍ മരിക്കുന്നു.


അയാളുടെ വീട്ടിലേക്ക് കുട ചൂടി കുന്നുകയറിപ്പോകുമ്പോള്‍
എന്താവും നിങ്ങള്‍ ഓര്‍ക്കുക?


വന്നവര്‍ക്ക് ഇരിക്കാന്‍ മരണവീടിന്റെ മുറ്റത്ത്
ഫൈബര്‍ കസേരകള്‍ നിരത്തിയിട്ടിട്ടുണ്ട്
ടാര്‍പോളിന്‍പന്തല്‍ വലിച്ചുകെട്ടിയിട്ടുണ്ട്.


അകത്ത് കരച്ചിലുണ്ട്.
നിങ്ങളുടെ പരിചയക്കാരന്‍ നീണ്ടു നിവര്‍ന്ന് നിശ്ശബ്ദം കിടപ്പുണ്ട്.


മരണവീട് ഒരിക്കലും വിവാഹവീടല്ല.
വിഴുങ്ങിയ സംഭാഷണങ്ങള്‍
വിഴുങ്ങിയ ചിരികള്‍
അടക്കിയതോ അടക്കാന്‍ വയ്യാത്തതോ ആയ കരച്ചിലുകള്‍
ഒരാള്‍ ഇല്ലാതായി എന്ന സത്യം ഉണ്ടാക്കുന്ന ശൂന്യത.


വീര്‍പ്പുമുട്ടലോടെ നിങ്ങളും ആ വീടിന്റെ പടി കടക്കുന്നു.
ഒരു കാറ്റ് നിങ്ങളെ തഴുകിപ്പോവുന്നു.
ഒരു സൂര്യന്‍ നിങ്ങളെ നോക്കി ചിരിക്കുന്നു.
മഴ നിലയ്ക്കുന്നു.


വീടു പറ്റുന്നു
കുഞ്ഞുങ്ങളുമായി കളിക്കുകയോ
വീട്ടുകാരിയെ സഹായിക്കുകയോ ചെയ്യുന്നു.
അത്താഴം കഴിക്കുന്നു.
ഇണ ചേരുന്നു
ഉറങ്ങുന്നു