gfc

സ്വർണ്ണം


 ഇല പൊഴിയൻ മരങ്ങൾ 

ഡിസംബർ സന്ധ്യയുടെ രക്തത്തിൽ

കൈമുക്കിനിൽക്കുന്നു.

കൊറ്റികളുടെ സമാധാനസംഘം

സൂര്യനുമപ്പുറം ഒരു കടലുണ്ടെന്ന് 

ഉറച്ചുവിശ്വസിച്ചു പറക്കുന്നു.

ജനൽ പിടിച്ചു പറക്കുന്ന 

അമ്മമാരുടെ വ്യോമപാതയിൽ 

വെളുത്ത പഞ്ഞിക്കിടക്കകൾ അഴിച്ചിട്ടിരിക്കുന്നു 


വീടുകളിൽ ചാരിവച്ച പ്രണയങ്ങൾ മേൽക്കൂരകളിൽ കായ്ച്ചുകിടക്കുന്ന

നക്ഷത്രങ്ങൾ പൊതിഞ്ഞു പിടിക്കാൻ 

ഒരു ഇലക്കൈ നീട്ടുന്നു 


വ്യാളീമുഖമുള്ള നിലാവ് 

ദിക്കുകളെ കീറി 

സമയമായോ എന്ന് പാളി നോക്കുന്നു. 


ലോകം മുഴുവൻ,

ഇലകൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്ന

ഭൂമിയുടെ അന്തരീക്ഷം മുഴുവൻ,

സ്വർണ്ണനിറമുള്ള 

നിലം തൊടാത്ത ഇലകൾ നിറഞ്ഞിരിക്കുന്നു.


മനുഷ്യനും നായയും ഒരു ഉപന്യാസം

 


കൊറോണ കുത്തിമറിച്ചിട്ട രാത്രിയിൽ വേദന കടിച്ചമർത്തി കിടക്കുമ്പോൾ ദൂരദിക്കിൽ നിന്ന് പട്ടികളുടെ ഒച്ചപ്പാട് എന്തോ പൊതുവേ നിശബ്ദമായ ഈ രാത്രിയിലെ 

പട്ടികളുടെ വിദൂരമായ ഒച്ചപ്പാട് 

ന്യൂസ് ചാനൽ തർക്കങ്ങളെയും സോഷ്യൽ മീഡിയ ഭക്തജനങ്ങളെയും 

ഓർമിപ്പിച്ചു.

ആദിമ മനുഷ്യൻറെ ആജ്ഞാനുവർത്തിയായി 

കടന്നുവന്ന ഈ ജന്തു 

മനുഷ്യ ജീവിതങ്ങളെ മാറ്റിമറിച്ചതോർത്ത് ഞാൻ വിസ്മയിച്ചു. 

ആദിമൻ 

എവിടെയും ഇരിപ്പുറപ്പിച്ചില്ല 

അയാൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു നായയാണ് അയാളോട് 

ബൗണ്ടറി എന്ന ആശയം 

ആദ്യമായി അവതരിപ്പിക്കുന്നത്.


എല്ലാ നായ്ക്കളും ഒരു ബൗണ്ടറിയുമായാണ് ജനിച്ചു വീഴുന്നത്.

ബൗണ്ടറികൾ കടക്കുന്നുണ്ടോ എന്ന

നിരന്തരമായ തർക്കവും നിരീക്ഷണവുമാണ് എല്ലാ നായ്ക്കളുടെയും ജീവിതം.

സത്യത്തിൽ

ഈ ബൗണ്ടറി എന്ന ആശയം ഇല്ലായിരുന്നെങ്കിൽ 

നായ്ക്കളുടെ ജീവിതം വിരസമായേനെ.


ഇപ്പോൾ 

നാം നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുന്നത് 

എന്താണ്? 

മതത്തിന്റെ ബൗണ്ടറി

രാഷ്ട്രീയത്തിന്റെ ബൗണ്ടറി

ദേശത്തിന്റെ ബൗണ്ടറി 

ലിംഗഭേദത്തിന്റെ ബൗണ്ടറി

എന്തിന്,

വീടിന്റെയും പറമ്പിന്റെയും ബൗണ്ടറി അവയെക്കുറിച്ചുള്ള നിരന്തരമായ ഒച്ചപ്പാടാണ്..

ഒരു പാർട്ടിയും 

എതിർ പാർട്ടിയിൽ നിന്നും 

ഒന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല

ഒന്നും കൊടുക്കാനും ഉദ്ദേശിക്കുന്നില്ല

പ്രൈംചർച്ചയിലെ ഒരു വക്താവും 

ഒരു തെറ്റും ബോധ്യപ്പെട്ടാലും അംഗീകരിക്കുകയില്ല 

കാരണം ഇവിടെ ലക്ഷ്യം ഒന്നേയുള്ളൂ

എത്ര കുപ്പ നിറഞ്ഞതാണെങ്കിലും 

ഓരോ ബൗണ്ടറിയും സംരക്ഷിക്കുവാൻ ദൃഢപ്രതിജ്ഞ എടുത്തവരാണവർ നേതാവിന്റെ ബൗണ്ടറി കാക്കുന്ന 

ഭക്തജനസംഘം 

മതവിശ്വാസങ്ങളുടെ  ബൗണ്ടറി കാക്കുന്ന കോമഡി സംഘം 


എല്ലാ മനുഷ്യരും 

നിരന്തരമായി ഒച്ച വെച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നിന്ന് 

ഒരു മിനിട്ട് കണ്ണെടുത്ത് 

ഏതെങ്കിലും ഒരു നായയെ നോക്കൂ...

ആരാധിക്കാൻ തോന്നുന്നില്ലേ ;

അത് മനുഷ്യചരിത്രത്തിന് നൽകിയ സംഭാവനയോർത്ത്..


ഒരു ബൗണ്ടറിയും തകർക്കപ്പെട്ടിട്ടല്ല,

ഇപ്പോൾ, ഇപ്പോൾത്തന്നെ തകർക്കപ്പെടുമെന്ന തോന്നൽ 

നിരന്തരം ഉത്പാദിപ്പിക്കണം

ഇല്ലെങ്കിൽ പൊളിറ്റിക്സ് ഇല്ല 

ഇല്ലെങ്കിൽ എൻജോയ്മെൻറ് ഇല്ല ഇല്ലെങ്കിൽ ലൈേഫേ ഇല്ല.


🔸🔸🔸



പൊടി

  


ഞാൻ പ്രമീളയെ സ്നേഹിച്ചിട്ടില്ല 

പ്രമീള എന്നെയും സ്നേഹിച്ചിട്ടില്ല 

പക്ഷേ ഞങ്ങൾക്കിടയിൽ 

ഉറപ്പായും ഒരു പ്രണയമുണ്ടായിരുന്നു ഞങ്ങൾ അത് കണ്ടതേയില്ല 

കണ്ടവർ പറഞ്ഞുമില്ല 

ഞങ്ങൾ കാണാത്ത 

ഞങ്ങൾ അറിയാത്ത 

ഞങ്ങളുടെ പ്രണയം 

ഞങ്ങളെ കാത്ത് 

ഏഴായിരം വർഷങ്ങൾ 

ഒരു മരക്കൊമ്പിലിരുന്ന്

 ഏഴായിരം  വർഷങ്ങൾ 

ഒരു മലമുകളിലിരുന്ന്

ഏഴായിരം വർഷങ്ങൾ 

ഒരു വഴിവക്കിലിരുന്ന് 

പോക്കുവരവുകളുടെ തിരയടിച്ച്

പൊടിഞ്ഞു പോയി.

തിരിച്ചെടുക്കാനാവാത്ത 

തിരിച്ചു കൂടിച്ചേരാത്ത 

ഞങ്ങളുടെ പ്രേമത്തിന്റെ പൊടി 

ഈ ലോകം മുഴുവൻ 

പറന്നു നടക്കുന്നു.

അതിലൊരു പൊടിയെ 

എന്നെങ്കിലും കണ്ട് 

ഇതെന്റെ ആരോ ആണോ എന്ന് രണ്ടിടങ്ങളിൽ 

ഞാനും പ്രമീളയും 

സംശയിച്ചു നിൽക്കുന്നു 

ഞങ്ങളുടെ പ്രേമത്തിന് 

ആ കഥ പറയണമെന്നുണ്ട്.

അതിന് മിണ്ടാനാവില്ലല്ലോ 

ഞങ്ങൾക്കത് 

ആരു പറഞ്ഞുതരാനാണ് ;

ദുഃഖത്തിന്റെ വെള്ളച്ചാട്ടങ്ങൾ 

തുറന്നുവിടുന്ന ആ കഥ ...?

കോടക്കടൽ

  


നട്ടുച്ചയെ ഇരുട്ടാക്കാൻ 

എവിടെനിന്നോ ഇറങ്ങിവന്നു 

ഒരു കോടക്കടൽ 

ആഭ്യന്തര കലാപത്തിൽ 

ഒളിച്ചോടിയ പ്രസിഡണ്ടിനെ ഓർമിപ്പിച്ച് സൂര്യൻ ഇരുട്ടിൽ മറഞ്ഞു 

ദാരുണമായതെന്തോ 

സംഭവിക്കാൻ പോവുകയാണെന്ന മട്ടിൽ മരങ്ങളിൽ ഇലകൾ അനങ്ങാതെ നിന്നു.

പക്ഷികൾ പാട്ട് നിർത്തി.

നേരിയ ചാറ്റൽ മഴയും തണുപ്പും മാത്രം എല്ലാ വീടുകളുടെയും 

വാതിലിലും ജനലിലും മുട്ടി.

യുദ്ധഭൂമിയിലേക്ക് വരുന്ന 

ഏതോ പ്രമുഖരാജ്യത്തിൻറെ സൈന്യം പോലെ 

കോടയ്ക്ക് കനം വെച്ചു.

വീടുകളും മരങ്ങളും ആളുകളും 

അതിൽ പൊടിഞ്ഞു പൊടിഞ്ഞു ചേർന്നു.

ദൂരങ്ങളെ തിന്ന് അത് എന്നെ ചുറ്റി നിൽക്കുന്നു.

തിന്നാനോ കൊല്ലാനോ ഭാവമെന്ന് 

വെളിപ്പെടുത്തുന്നില്ല.

അത് ലോകത്തെ ക്ഷണനേരത്താൽ

മായ്ച്ച രാക്ഷസാകാരമുള്ള മന്ത്രവാദി.

കൈകളിലിരുത്തി 

അതെന്നെ കൊണ്ടുപോകുന്നത്

എൻറെ വീട്ടിലേക്ക് തന്നെയാവുമോ?

മരങ്ങളും പക്ഷികളും മനുഷ്യരും ലയിച്ച അതിൻറെ കട്ടിത്തിരയിൽ 

ഞാനെൻറെ മുഖം ചേർത്തു.


എൻ്റെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ 

ക്ഷേത്രഗോപുരങ്ങളിൽ നിന്ന്

ഇറങ്ങി വന്ന 

ആയിരക്കണക്കിന് ശില്പങ്ങൾ നടന്നു പോവുന്ന

പ്രാചീനവും ഇരുണ്ടതുമായ ഒരു തമിഴ്ത്തെരുവ്,

എൻ്റെ കവിളിൽ

ഈർപ്പം നിറഞ്ഞ ഒരു ശ്വാസം.