gfc

ഇടപെടല്‍

ഒരു പാട്ടു പാടാന്‍
ശ്രമിക്കുകയായിരുന്നു.
അപ്പോഴാണ് കുക്കര്‍
‘ശ് ശ്...’എന്ന് താക്കീത്.
മിണ്ടിയില്ല.

ഒരു കഥ പറയാന്‍
ശ്രമിക്കുകയാരുന്നു.
അപ്പോഴാണ് മിക്സി
‘ക്ര്‍ര്‍ ....’എന്ന് മുറുമുറുപ്പ്.
മിണ്ടിയില്ല.

ഒന്നു ചുംബിക്കാന്‍
ശ്രമിക്കുകയായിരുന്നു.
അപ്പോഴാണ് ടെലിവിഷന്‍
‘ഹ ..ഹ...ഹ...’എന്ന് അട്ടഹാസം.
അനങ്ങിയില്ല.

അഭയാര്‍ഥി

പ്രിയ കാമുകീ,നിന്റെ നിറനീര്‍ മിഴിയ്ക്കരികി-
ലൊരു വേള കൂടി ഞാനെത്തി...ഒരു വേള കൂടി.
കൊടിയോരു വേനലിലുമല്പവും വറ്റാതെ
നിലകൊള്ളുമൊരു വാപിയിങ്കല്‍ .
പറ്റെയും വറ്റിയ തൊണ്ടയോടവശനാ-
യെത്തി ഞാനൊരു കാട്ടു മൃഗമായ്.
ഒട്ടുമേ വൈകാതിറങ്ങിക്കുടിച്ചെന്റെ
ദാഹമൊടുക്കുവാനെത്തി.

ഇല്ല മര്യാദകള്‍ ,ഉള്ളതിപ്പോഴുമീയാര്‍ത്തി.
കാടിന്റെ മകനെന്തു മര്യാദകള്‍ ,
കാട്ടിലൊറ്റയ്ക്കു വാഴുവോനല്ലേ.
കാട്ടില്‍ പുളച്ചു മദിച്ചു ശീലിച്ചവന്‍ ,
തോന്നുന്നതൊക്കെയും ചെയ്തു കൂട്ടുന്നവന്‍ .

കട മുതല്‍ ജട വരെ കാടനാകുന്നു ഞാന്‍ .
പരിചരണരീതികള്‍ പരിചയിച്ചിട്ടില്ല,
മൃദുലപരിലാളനകള്‍ വശഗമായിട്ടില്ല.
പൂഴ്ത്തിവെക്കാറില്ല,
ഹൃദയഗതസന്ദേശമൊന്നും.

ജീവിതം,ജീവിതമൊരു നിബിഡകാന്താരം.ഞാനോ,
ഘനമൌനമധ്യത്തി,ലവിടെനിന്നുച്ചത്തില്‍
നിലവിളിക്കുന്നോരു കുട്ടി.
അഭയസങ്കേതവും അഭയമാര്‍ഗങ്ങളും
അജ്ഞേയമാണെനിക്കിന്നും.
എവിടെ നിന്നിവിടെ വന്നെത്തിയെന്നറിയില്ല.
പുറവഴികളൊന്നുമേ വെളിവിലില്ല.
അലമുറകളെല്ലാം തിരിച്ചു നല്‍കിക്കൊണ്ട്
പരിഹസിക്കുന്നെന്നെ ദിക്കുകള്‍ .
അനുതപിക്കില്ലീ മണ്ണുമാകാശവും
കാടു മിക്കാലവും.
അവരെത്ര നിസ്സംഗര്‍ ,
നിശ്ശബ്ദ സാക്ഷികള്‍ ‍,വിധി നടപ്പാക്കുവോര്‍
നെടിയ മൌനം കൊണ്ട് കൊല്ലാതെ കൊല്ലുവോര്‍ ,
കാവല്‍ നിക്കുന്നവര്‍ ,പീഡകര്‍ ...

തടവറയല്ലയോ ജീവിതം? കാലത്തിന്‍
വിജന വിശാല വിമൂകമാം തടവറയല്ലയോ ജീവിതം.
ഇതിനുള്ളിലെന്നെ പിടിച്ചടച്ചെങ്ങോട്ടു പോയീ ദൈവം.
അവനെന്തു രസമിതില്‍ ?ഇതിനെന്തു പാതകം ചെയ്തു ഞാന്‍ ?
ഇനിയെന്നു തടവറത്താക്കോലുമായവനെത്തും ?
പ്രിയ കാമുകീ,നിന്റെ നിറനീര്‍ മിഴിയ്ക്കരികി-
ലൊരു വേള കൂടി ഞാനെത്തി...ഒരു വേള കൂടി.
കൊടിയോരു വേനലിലുമല്പവും വറ്റാതെ
നിലകൊള്ളുമൊരു വാപിയിങ്കല്‍ .
പറ്റെയും വറ്റിയ തൊണ്ടയോടവശനാ-
യെത്തി ഞാനൊരു കാട്ടു മൃഗമായ്.

കരുണയുടെ ജലധാര കണ്ടെത്തിയില്ല ഞാന്‍
സുഖദമാം നിന്‍ മിഴിക്കുമ്പിളിലല്ലാതെ.
കനിവിന്‍ നുറുങ്ങൊന്നു മിന്നിപ്പറന്നില്ല,
പ്രിയദമാം നിന്നോര്‍മ്മയല്ലാതെയന്ധകാരത്തിലും.
ജീവിതക്കാന്താരമധ്യത്തിലെന്‍ ദാഹനീറ്റല്‍
കെടുത്തുവാനേകാവലംബവും നീയേ.
അന്ധതമസ്സിലും പൊട്ടിവിരിഞ്ഞെന്റെ പാത
തെളിയിക്കുമൊറ്റ നക്ഷത്രവും നീയേ.

മരുഭൂമിയില്‍ ഞാന്‍ പ്രയാണിയാവുമ്പോള്‍
ചുടുമണലിലെന്‍ കാലു പൊള്ളിപ്പിളരുമ്പോള്‍
വേദനകളെല്ലാം കടിച്ചമര്‍ത്തി ,
ചൂടിന്റെ തീമുള്ളുവള്ളിയും വേര്‍പെടുത്തി ,
ഒടുവില്‍ ഞാനെത്തും.......
ഒടുവില്‍ ഞാനെത്തും അഭയ വൃക്ഷമേ നിന്‍ ചുവട്ടില്‍ .

അനുധാവനം

ഒന്നാമത്തെ കാലടി
ഒരു പൂച്ചയുടേതായിരുന്നു.
രണ്ടാമത്തെ കാലടി
ഒരു പുലിയുടേതായിരുന്നു.
രണ്ടാമത്തെ കാലടി
ഒന്നാമത്തേതിന്റെ തുടര്‍ച്ചയായിരുന്നു.
മൂന്നാമത്തെ കാലടി
ഒരു കോഴിയുടേതായിരുന്നു.
അത് രണ്ടാമത്തേതിന്റെ
തുടര്‍ച്ചയുമായിരുന്നു.
നാലാമത്തെ കാലടി
ഒരു പോത്തിന്റേതായിരുന്നു
അതും മുന്‍പത്തേതിന്റെ
തുടര്‍ച്ചയായിരുന്നു.
അഞ്ചാമത്തെ കാലടി
ഒരു കുറുക്കന്റേതായിരുന്നു.
അത് നാലാമത്തേതിന്റെ
തുടര്‍ച്ചയുമായിരുന്നു.
ആറാമത്തേത് ഒരു
കഴുതയുടേതായിരുന്നു.
എഴാമത്തേത് ഒരു
ആനയുടേതായിരുന്നു.
എട്ടാമത്തേത് ഒരു
മുട്ടനാടിന്റേതായിരുന്നു.
ഒന്‍പതാമത്തേത്
ഒരു കുരങ്ങന്റേതായിരുന്നു.
പത്താമത്തേത്....
പതിനൊന്നാമത്തേത്....
................................
...............................
ആയിരാമത്തേത് ഒരു
പന്നിയുടേതായിരുന്നു.
ഒന്നു മുതല്‍ ആയിരം വരെയുള്ള
കാലടികളെ ഞാന്‍ പിന്തുടര്‍ന്നു.
ആരാണിത്...
ഒന്നു കണ്ടു പിടിക്കണമല്ലോ.
എല്ലാ‍ കാലടികളും കൈ ലെന്‍സ്
ഉപയോഗിച്ച് സൂക്ഷ്മമായി
പരിശോധിച്ചു.
ഓരോ കാലടിയും
ഓരോന്നിന്റേതായിരുന്നെങ്കിലും
എല്ലാം ഒരേ വരിയില്‍
തുടര്‍ച്ചയായി
അടയാളപ്പെടുത്തപ്പെട്ടിരുന്നു.
എല്ലാ കാലടികളേയും പിന്തുടര്‍ന്ന്
പിന്തുടര്‍ന്ന് ആയിരൊത്തൊന്നാമത്തെ
കാലടിയില്‍ എത്തിച്ചേര്‍ന്നു.
ചൂടാറാത്ത കാലടികളില്‍
രണ്ട് കാലുകള്‍ നിന്നിരുന്നു.
ആരാണിത്...
എഴുന്നേറ്റുനിന്ന് ഞാനൊന്ന്
സൂക്ഷിച്ചു നോക്കി.
ഞാന്‍ ചോദിച്ചു
‘ആരാ നിങ്ങള്‍ ...?
എന്താ പേര്..?’
കാലടികളുടെ ഉടമ പറഞ്ഞു.
‘ഞാനാണ് വിഷ്ണു പ്രസാദ്.’
‘അതെന്റെ പേരല്ലേ....’
‘തന്റെ കാലടി തിരഞ്ഞു വന്നാല്‍
പിന്നെ തന്നെയല്ലെ കാണുക
കിഴങ്ങന്‍ മാഷേ...’

വീരചരിതം

കഴിഞ്ഞ ഡിസംബറിലാണെന്ന്
തോന്നുന്നു.
പുലര്‍ച്ചയ്ക്കുള്ള മൈസൂര്‍ ബസ്സില്‍
ടിപ്പുസുല്‍ത്താന്റെ പ്രേതം
സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങി.
കമ്പിളി പുതച്ച്
രാജകീയ വേഷത്തില്‍
പോവുന്നതു കണ്ട്
‘ഈ വെളുപ്പാന്‍ കാലത്ത് എവിടേക്കാ ..?’
എന്ന് ഒരു പോലീസുകാരന്‍ ചോദിച്ചു.
‘ആയുധപ്പുര ഒന്ന് പരിശോധിക്കണം..’
എന്ന മറുപടി പറഞ്ഞതു കേട്ട്
അഞ്ചു മണിക്കുള്ള ബസ് കാത്തു നിന്നിരുന്ന
ഒരു വേശ്യ ചിരിച്ചു വശം കെട്ടു.
സുല്‍ത്താന്‍ നേരെ
വിമല്‍ ജ്യോതി എന്ന
പെണ്‍ പാര്‍പ്പിടത്തിനടുത്തുള്ള
പഴയ വെടിക്കോപ്പുശാലയിലേക്ക്
നടന്നു.
ഗേറ്റ് ചാടിക്കടന്ന് ഒരാള്‍ കോട്ടയിലേക്ക്
പോവുന്നുണ്ടെന്ന്
സമീപത്തുള്ള പെണ്‍ഹോസ്റ്റലിലെ വാര്‍ഡന്‍
സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു.
ടിപ്പു ,താന്‍ പണ്ട് പിടിച്ചെടുത്ത
ജൈനക്ഷേത്രത്തിലെ തല പോയ പ്രതിമയോട്
‘ചന്നാഗിദിയാ ?’എന്ന്ചോദിച്ചു.
പ്രതിമ തലയില്ലാത്ത കഴുത്തുകുലുക്കി
‘സുഖം തന്നെ.’എന്ന് അറിയിച്ചു.
പുരാവസ്തു വകുപ്പ് മിനുക്കുപണി നടത്തിയ
ക്ഷേത്രത്തിലൂടെ പ്രേതം നടന്നുനടന്ന്
തെക്കുഭാ‍ഗത്തു പോയി ഇരിപ്പായി.
അവിടെ ആരോ ഒരു കൂട് നിരോധ് മറന്നുവെച്ചിരുന്നു.
‘ഇതെന്തു കുന്ത്രാണ്ടം?’എന്നു നോക്കി
അതെടുത്ത് കീശയിലിട്ട് ഗേറ്റു കടന്ന്
ഒരു ഓട്ടോറിക്ഷ പിടിച്ച് ‘കെ.എസ്.ആര്‍ .ടി.സി
സ്റ്റേഷനടുത്തുള്ള കൊല്ലിയിലേക്ക്
പോവട്ടെ’ എന്ന് കല്പിച്ചു.
പിറ്റേന്ന് ഒരു വാളും തലപ്പാവും
കാട്ടില്‍ക്കിടന്ന് കിട്ടിയതായി
ഫോറസ്റ്റ് അധികൃതര്‍
ഒരു പത്രപ്രസ്താവന ഇറക്കി..

(25-4-2000)

മുത്തങ്ങ.

അപരിഷ്കൃതരായ ചില ഓര്‍മകളും വിചാരങ്ങളും ചേര്‍ന്ന് മുത്തങ്ങക്കാടു പോലുള്ള എന്റെ മനസ്സുകയ്യേറി കുടിലു കെട്ടി താമസമാക്കി.സീക്കേ ജാനൂന്ന് പേരുള്ള ഒരു വിചാരമാണ് ഇതിനൊക്കെ നേതൃത്വം നല്‍കിയത്.നിസ്സാരന്മാരായ ഇവരെ ഇത്തോതില്‍ വിട്ടാല്‍ ഗവണ്മെന്റിന് ഭീഷണിയാവുമെന്ന്
ചില നാഡികളും മെഡുല ഒബ്ലാംഗറ്റയിലെ ചില കോശങ്ങളും ഉപദേശിച്ചു.കുറെക്കാലമായി ഒരു തുണ്ട് ഭൂമി വേണമെന്ന് സമരംചെയ്യുന്ന ഇക്കൂട്ടരെ കണ്ടില്ലെന്ന് നടിക്കേണ്ടെന്ന് വിചാരിച്ച് ഇടയ്ക്കൊരു ദിവസം കിരീടോം വെച്ച് കൂടെ നിന്ന് ഡാന്‍സ് ചെയ്തിട്ടുണ്ടെന്നത് നേര്.മാധ്യമപ്പുലികള്‍ അതും ഫോട്ടോയെടുത്ത് നാറ്റിച്ചു.
എന്നു വെച്ച്, അപരിഷ്കൃതരേ...ഒരു മനുഷ്യന് നന്നാവാനുള്ള ആഗ്രഹം കാണില്ലേ?ഒരവസരം കൊടുത്തു കൂടേ?ആരു കേള്‍ക്കാന്‍ ?

വനം വകുപ്പിന് വയറിളകി,പരിസ്ഥിതിക്കാര്‍ക്ക് വയറിളകി,പരിഷ്കൃതരായ പരിഷ്കൃതര്‍ക്കൊക്കെ വയറിളകി.

പരിഷ്കൃതരുടെ സേന തോക്കാദികളുമായി മുത്തങ്ങ മൊത്തങ്ങ് വളഞ്ഞു.അപരിഷ്കൃതര്‍ അമ്പും വില്ലുമെടുത്തു.

കുലച്ചു /കുലച്ചില്ല
പൊട്ടി/പൊട്ടിയില്ല

മാധ്യമപ്പട എല്ലാം ഭംഗിയായി ഷൂട്ട് ചെയ്തു.തല്ലുന്നതിന്റെ യും കൊല്ലുന്നതിന്റെയും തത്സമയം കാട്ടി രസിച്ചു.
‘എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ ഈ ടേപ്പ് ഇവിടെത്തീത്...’ഒരുത്തന്‍ വീമ്പിളക്കി.

അപരിഷ്കൃതരില്‍ ചിലരെ കൊന്നു.
ചിലതിനെ തല്ലി നിലം പരിശാക്കി.പെണ്ണുങ്ങളില്‍ നല്ലതിനെ നൊക്കി സേനാംഗങ്ങളില്‍ ചിലര്‍ ചാമ്പി.സീക്കേ ജാനൂനെ ലോക്കപ്പിലിട്ട് തല്ലി മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതു പോലാക്കി.

പരിഷ്കൃതരോട് എങ്ങനെ പടകൂട്ടണമെന്ന് അപരിഷ്കൃതരെ ഉപദേശിക്കാന്‍ പോയ സുരേന്ദ്രന്‍ മാഷ് എന്ന വിചാരത്തെ സേനാംഗങ്ങള്‍ കൈകാര്യം ചെയ്തു.അതോടെ, നാലഞ്ചു കവിതയും ലേഖനവുമെഴുതി ക്ലച്ചു പിടിക്കാതിരുന്ന മൂപ്പര്‍ പ്രശസ്തനായി.

അപരിഷ്കൃത വിചാരങ്ങളുടെ എല്ലാ ഊരുകളും പോലീസ് റെയ്ഡു ചെയ്തു.അപരിഷ്കൃതകളെ പരിഷ്കരിക്കാനായി പറ്റിയേടത്തൊക്കെ പരിഷ്കൃത പോലീസ് ബലാത്സംഗം ചെയ്തതായി അപരിഷ്കൃതയായ ഒരു ഊമ വിശദീകരിച്ചു.


അപരിഷ്കൃതവിചാരങ്ങള്‍ വിപ്ലവപ്രസ്ഥാനത്തില്‍ നിന്ന് രാജിവെച്ച് പഴയ ചേമ്പിന്‍ താളും തോട്ടുമീനും തെരഞ്ഞ് പകലൊടുക്കുകയും കള്ളു ഷാപ്പിനും സിനിമാടാക്കീസിനുമപ്പുറമുള്ള എല്ലാ വിപ്ലവങ്ങള്‍ക്കും ഉടുതുണി പൊക്കിക്കാട്ടി ചില കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
-----------------------------------------------------------------------------------------------
സീക്കേ ജാനു ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.മുത്തങ്ങക്കാക്കാട്ടിലെ രക്ത സാക്ഷി മണ്ഡപത്തില്‍ മാധ്യമക്കാര്‍ വര്‍ഷാവര്‍ഷം പോയി പോട്ടം പിടിക്കാറും കണ്ണീര്‍ പൊഴിക്കാറുമുണ്ട്.അത്ര തന്നെ.
----------------------------------------------------------------------------------------------

ഭൂമിതരാന്ന് പറഞ്ഞ് പറ്റിച്ചതിനും അപരിഷ്കൃതരെ പരിഷ്കാരികളാക്കാന്‍ സഹായിച്ചതിനുംകേന്ദ്ര ആഭ്യന്തര മന്ത്രി പദം തരാ‍ന്ന് പറഞ്ഞ് എന്നെയാരും പ്രലോഭിപ്പിച്ചിട്ടില്ലെന്ന് ഇതിനാല്‍ ആണയിട്ടു പറയുന്നു.
-----------------------------------------------------------------------------------------------

അനുകരണവിദ്യ

ചൊവാഴ്ച്ച തിങ്കളാഴ്ച്ചയേയും
ബുധനാഴ്ച്ച ചൊവ്വാഴ്ച്ചയേയും
വ്യാഴാഴ്ച്ച ബുധനാഴ്ച്ചയേയും
വെള്ളിയാഴ്ച്ച വ്യാഴാഴ്ച്ചയേയും
ശനിയാഴ്ച്ച വെള്ളിയാഴ്ച്ചയേയും
ഞായറാഴ്ച്ച ശനിയാഴ്ച്ചയേയും
തിങ്കളാഴ്ച്ച ഞായറാഴ്ച്ചയേയും
കോപ്പിയടിച്ചു.

ഒരു ബെഞ്ചിലിരുന്ന് നിരന്തരമായി
കോപ്പിയടിക്കുന്ന ഈ ഏഴു കുട്ടികളേയും
സ്കൂളില്‍ നിന്ന് പുറത്താക്കണമെന്ന്
സൂപ്പര്‍വൈസറായി വന്ന
ഒരു കോന്തന്‍ മാഷ് ശുപാര്‍ശ ചെയ്തു.

കുട്ടികള്‍സമരം ചെയ്തു:
സസ്പെന്‍ഷന്‍ പിന്‍വലിക്കുക.
പുറത്താക്കിയ കുട്ടികളുടെ
രക്ഷിതാക്കള്‍ അധ്യാപകരുമായി
ഗുസ്തിക്കു വന്നു.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍
നടന്ന ചര്‍ച്ചയില്‍ കുട്ടികളെ
തിരിച്ചെടുക്കാനും സ്കൂളിന്റെ സല്‍പ്പേര്
നിലനിര്‍ത്താനും തീരുമാനമായി.

സമാധാനമായി....
ഇല്ലെങ്കില്‍ കോപ്പിയടി അവസാനിച്ചേനെ.

കുന്ന്

പച്ചമരങ്ങളുടെ പുതയിട്ട്
ജീര്‍ണിക്കുന്ന ശവങ്ങളെ
വിദഗ്ദ്ധമായി ഉള്ളില്‍
മറച്ചുവെച്ച കുന്നേ...
ഇനിയെത്ര നാള്‍ ,
എത്രനാള്‍ വേണം
നിന്നെ തിന്നുതീര്‍ക്കാന്‍ ...?

പ്രതിഷേധങ്ങളുടെ കൊടിപിടിച്ച്
നാട്ടുമരങ്ങളുടെ ജാഥകള്‍
കയറിവരുന്നുണ്ട്
എല്ലാ ചരിവുകളില്‍ നിന്നും
നിന്റെ ഉച്ചിയിലേക്ക്.

ആകാശം വായ് മൂടിക്കെട്ടിയിരിക്കുന്നു.
വെയില്‍ ഒരു അന്ധഗായകനെപ്പോലെ
നിലവിളിക്കുന്നു.
ഒന്നുമറിയാത്ത പക്ഷികളും തുമ്പികളും
കുട്ടികളെപോലെ
ഇപ്പോഴും കളിച്ചിരിക്കുന്നു.

കളിത്തോക്ക്

കുട്ടി തോക്കെടുത്തു.
കണ്ണാടിയിലെ കുട്ടിയും
തോക്കെടുത്തു.
കുട്ടി വെടിവെച്ചു.
കണ്ണാടിയിലെ കുട്ടിയും
വെടിവെച്ചു.
കണ്ണാടിക്കു പുറത്തെ കുട്ടി
മരിച്ചു വീണു.
കണ്ണാടിയിലെ കുട്ടി
പൊട്ടിച്ചിരിച്ചു.

തണുത്ത കൈപ്പടം

ചുരം ഒരു പണിയന്‍.
ഒന്‍പതാം വളവില്‍ വെച്ച്
ഞാന്‍ കണ്ടു,അവന്റെ
ചുരുണ്ട കറുത്ത മുടിക്കാട്.
ഞാന്‍ കേട്ടു ,കാട്ടു ചോലയില്‍
അവന്റെ പൊട്ടിച്ചിരി.
കോടയില്‍ മൂക സങ്കടങ്ങള്‍.
കറുത്ത റോഡിന്റെ ചങ്ങലയില്‍
വരിഞ്ഞുകെട്ടിയ പ്രേതത്തിന്റെ
കെട്ടുപൊട്ടിക്കാനുള്ള ഇളകിയാട്ടം.
വഴികാണിക്കുന്നവനെ കൊല്ലുന്ന ലോകം
ഹൃദയത്തിന്റെ കറുത്ത ചുമരില്‍
പേടിയുടെ വിളക്കു കൊളുത്തുന്നു.
അന്ന് വഴിത്തിരിവില്‍ സായിപ്പ്
വെടിവെച്ചിട്ടത് ഒരു മനുഷ്യനെയല്ല,
ഒരു ഭൂമിയുടെ നിഷ്കളങ്കതയെയാണ്.
ആ മൃതശരീരത്തിന്റെ മരണത്തണുപ്പാണ്
ചുരം കയറുന്ന ബസ്സുകളിലേക്ക്
തണുത്ത കൈപ്പടം നീട്ടി വരുന്നത്.