gfc

പേടിക്കുവാന്‍ എനിക്ക് കൊതിയാവുന്നു

ഇടിവെട്ട്
ശബ്ദങ്ങള്‍ കൊണ്ട്
കുന്നുകളുടെ നിരകള്‍ വരയ്ക്കുന്നു.
ആകാശം മഴമേഘങ്ങളുടെ മസിലുകള്‍ കാട്ടി
പേടിപ്പിക്കാന്‍ വരുന്നു.
ചെറുപ്പത്തില്‍ കണ്ട മഴ
ഒട്ടും വളരാതെ ഇരുട്ടത്തു വന്ന്
ജനലിലൂടെ എന്നെ നോക്കുന്നു.
ഇടിവെട്ട്
ശബ്ദങ്ങള്‍ കൊണ്ട്
ഒരറ്റത്തു നിന്ന് മറ്റൊരറ്റത്തേക്ക്
വേറൊരു നിര കുന്നുകള്‍ വരച്ചുവരച്ചുപോകുന്നു.
പേടിപ്പിക്കുന്ന ചിത്രകഥകള്‍
വായിച്ച കുട്ടിക്കാലവൈകുന്നേരങ്ങള്‍
മഴയോടൊപ്പം ജനലിലൂടെ നോക്കുന്നു
പേടിക്കുവാന്‍ എനിക്ക് കൊതിയാവുന്നു.
കറുപ്പും വെളുപ്പും മാത്രം നിറഞ്ഞ
ഒരു ചിത്രകഥ മറിഞ്ഞുകൊണ്ടിരിക്കുന്നു.
മഴ നിറഞ്ഞ രാത്രിയില്‍ വട്ടത്തൊപ്പിവെച്ച ഒരാള്‍
വിജനമായ റോഡിലൂടെ നടന്നു നീങ്ങുന്നു.
കുതിരവണ്ടിയില്‍ അമാനുഷികനായ ഒരു കഥാപാത്രം
തെരുവിലൂടെ കടന്നുപോകുന്നു.
മൂങ്ങകള്‍,വവ്വാലുകള്‍,കുറുക്കന്മാര്‍
ശ്മശാനം
ഇരുട്ട് വെളിച്ചം
കറുപ്പ് വെളുപ്പ്
കറുപ്പ്,കറുപ്പ്,കറുപ്പ്
ഇടിവെട്ട്
വേറൊരു നിര കുന്നുകള്‍
വരച്ചുവരച്ചുവരച്ച്.....

ഇപ്പോള്‍ നമ്മളും

അഭിനയിച്ചു
അഭിനയിച്ചു
അഭിനയിച്ചു
കെട്ടിപ്പിടിക്കുന്നതായി അഭിനയിച്ചു
സ്നേഹിക്കുന്നതായി അഭിനയിച്ചു
ഉമ്മവെക്കുന്നതായി അഭിനയിച്ചു
ഒരുമിച്ച് കിടക്കുമ്പോള്‍
ഇതാണ് ജീവിതം
ഇതാണ് തൃപ്തി എന്ന്
മുഖഭാവം വരുത്തി

വീട്ടില്‍ നിന്നിറങ്ങിയാല്‍
നിന്നെയും കുട്ടികളെയും ഓര്‍ക്കാതെ
ഒരു നിമിഷം മുന്നോട്ടു പോവില്ലെന്ന്
മൊബൈല്‍ ഫോണിനെ ഒരുക്കിനിര്‍ത്തി
തുറക്കുക വാതിലേ
ഇതാ കഥാനായകന്‍ എന്ന്
പാതിരാത്രിയിലും വന്നിറങ്ങി
സമാഗമങ്ങളില്‍ നിലാവിനെ കുടിയിരുത്തി
നിന്റെ ദുര്‍ഗന്ധങ്ങളില്‍ മേഞ്ഞു നടക്കുവാന്‍
എന്റെ മൂക്ക് ഒരു പന്നിക്കുട്ടിയായി ഇറങ്ങിപ്പോയെന്ന്
സത്യത്തേക്കാള്‍ സൌന്ദര്യമുള്ള നുണകള്‍ പറഞ്ഞ്
ഹേ,വീട്ടുകാരീ എവിടേക്കാണീ വണ്ടി
നമ്മള്‍ ഉരുട്ടിക്കൊണ്ടുപോവുന്നത്?
മടുപ്പിന്റെ പൊളിച്ചാല്‍ തീരാത്ത ശല്‍ക്കങ്ങള്‍ക്കടിയില്‍
ഞാനുണ്ടോ?നീയുണ്ടോ?നമ്മുടെ വീടുണ്ടോ?
അവിടെങ്ങാന്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ടോ?
ഓടിക്കളിക്കുന്നുണ്ടോ?
ജീവിതത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍
ഈ അഭിനയത്തിന്റെ സൂചി
എപ്പോഴാണ്,
എവിടെ നിന്നാണ് നാം കണ്ടെടുത്തത്?
ലോകം മുഴുവന്‍ അഭിനയിക്കുകയാവാം.
പൂവുകള്‍ പൂവുകളെന്ന്,
നദികള്‍ നദികളെന്ന്,
കാറ്റ് കാറ്റെന്ന്,
മരം മരമെന്ന്
അഭിനയിക്കുകയാവാം.
അതൊന്നും അങ്ങനെയല്ലെങ്കില്‍
ഈ വീട് വീടെന്ന് അഭിനയിക്കുന്നതിന്
നാമെന്ത് യുക്തി കണ്ടെത്തും?
നമ്മള്‍ നമ്മളെന്ന് അഭിനയിക്കുനതിന്
നാമെന്ത് യുക്തി കണ്ടെത്തും?
ദൂരെ എവിടെയോ കൈകള്‍ കൂട്ടിത്തിരുമ്മി
പ്രസവവാര്‍ഡിനു പുറത്തു നടക്കുന്ന അച്ഛനെപ്പോലെ ദൈവം.

അഭിനയിച്ചഭിനയിച്ച് അഭിനയം
അതല്ലാതായിത്തീരുന്നുണ്ട്.
ഒരു ക്ലോക്ക് അഭിനയിക്കുന്നില്ല
മിക്സി,ഫ്രിഡ്ജ്,വാഷിങ് മെഷീന്‍
ഇവയൊന്നും അഭിനയിക്കുന്നില്ല.
അവയൊന്നും ജീവിക്കുന്നുമില്ല.
ഇപ്പോള്‍ നമ്മളും...

മൈനകളേ നിങ്ങളുടെ പാട്ടിന് മധുരം കൂടുതലാണ്,കാക്കകളെ കേട്ടു പഠിക്കൂ...

താനൊരു വിമര്‍ശകനാണെന്ന് 
ആയിടയ്ക്കാണ് പുള്ളിക്കാരന് തോന്നിയത്.
എല്ലാറ്റിനേയും വിമര്‍ശിക്കേണ്ടതുണ്ട്.
വിമര്‍ശിച്ചാലേ വളര്‍ച്ചയുടെ ദിശ ശരിയാവൂ.
രാവിലെയും വൈകിട്ടും രാത്രിയും
ഒന്നുവീതം മൂന്നു നേരം ഭാര്യയെ വിമര്‍ശിച്ചു.
ഇങ്ങനെയല്ല കറികള്‍
ഇങ്ങനെയല്ല തുണിയലക്കല്‍
ഇങ്ങനെയല്ല വൃത്തി
ഫലമുണ്ടായി
ഭാര്യയും കുട്ടികളും പുള്ളിയെ ഇട്ടേച്ചു പോയി.

പുള്ളി പിന്നെ പുറത്തോട്ടിറങ്ങിത്തുടങ്ങി.
കാണുന്നവരെ മുഴുവന്‍ വിമര്‍ശിച്ചു.
മാഷമ്മാരേ നിങ്ങളിങ്ങനെയല്ല
പഠിപ്പിക്കേണ്ടത്
നേതാക്കന്മാരേ നിങ്ങളിങ്ങനെയല്ല
ഓട്ടോക്കാരാ താനിങ്ങനെയല്ല
ഏയ് കലാകാരാ പ്രതിബദ്ധത വേണം,പ്രതിബദ്ധത.
ചെക്കന്മാരേ,കലുങ്കിലിരുന്ന് വായില്‍ നോക്കുന്നോ
അതിനും ഫലമുണ്ടായി.

വളര്‍ച്ചയുടെ ദിശ  ഒന്നിനും ശരിയാവായ്കയാല്‍
തൊടിയിലെ വാഴകളെയും മാവുകളെയും
പുള്ളി ഇപ്പോള്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.

മൈനകളേ നിങ്ങളുടെ പാട്ടിന് മധുരം കൂടുതലാണ്
കാക്കകളെ കേട്ടു പഠിക്കൂ.
നേരെയാവും,നേരെയാവാതെവിടെപ്പോവാന്‍

-- 

കവി കവിത വായനക്കാര്‍

എന്റെ മുന്‍ പോസ്റ്റിലെ വായനക്കാരെ സംബന്ധിച്ച പരാമര്‍ശം ഒരല്പം വൈകാരികമായിപ്പോയതുകൊണ്ടു തന്നെ തെറ്റിദ്ധരിക്കാനും വളച്ചൊടിക്കാനും അതില്‍ സാധ്യതകള്‍ ഉണ്ടായിപ്പോയിട്ടുണ്ട്.വായനക്കാരുടെ ഇടപെടല്‍ ഒഴിവാക്കാവുന്ന ഒരു മാധ്യമമല്ല ബ്ലോഗ്.വായനക്കാരുടെ ധനാത്മകമായ ഇടപെടലുകളുടെ നല്ലഫലങ്ങള്‍ എന്റെ എഴുത്തില്‍ ഉണ്ടായിട്ടുമുണ്ട്.അതിന്റെ ഏറ്റവും നല്ല   ഉദാഹരണമാണ് കുളം+പ്രാന്തത്തി എന്ന കവിതയുടെ വായന.

എന്നാല്‍ കവിതയെ മനസ്സിലാക്കാനുള്ള യാതൊരുവിധ ശ്രമവുമില്ലാതെ കവിയെ അടച്ചാക്ഷേപിക്കാന്‍ പലവിധ പൂര്‍വവൈരാഗ്യങ്ങള്‍ കൊണ്ടോ അസൂയ കൊണ്ടോ ജന്മസിദ്ധമായ ഛിദ്രവാസന കൊണ്ടോ ഇറങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഒരു ബ്ലോഗ് സാഹചര്യത്തില്‍ വായനക്കാരുടെ വേഷം കെട്ടിവരുന്ന ഈ കഴുതപ്പുലികളോട്(യഥാര്‍ഥ വായനക്കാരല്ല) ഞാനെഴുതുന്നത് സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി എന്ന് ഏത് എഴുത്തുകാരനും പറഞ്ഞുപോകും.

ബ്ലോഗില്‍ കവിത വായിക്കുന്ന ഓരോ വായനക്കാരനും അയാളുടേതായ താല്പര്യമുണ്ട്.ഓരോരുത്തരും ഓരോ മിനി നിരൂപകര്‍ എന്ന ഭാവേനയാണ് പ്രതികരിക്കുക.ഈ അടുത്ത ദിവസം കണ്ട ഒരു ബ്ലോഗ് പോസ്റ്റില്‍ അതെഴുതിയ ആള്‍ ആദ്യം ജാമ്യമെടുക്കുന്നത്  ഏതാണ്ട്   ഇങ്ങനെയാണ്: ഞാന്‍ ഒരു കവിയല്ല,അധികം വായിച്ചിട്ടുമില്ല,കവിത എന്താണെന്ന് എനിക്ക് അറിയുകയുമില്ല,എന്നാലും കവിതയെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇതാണ്,ഇങ്ങനെയാണോ കവിത വേണ്ടത്?അങ്ങനെയല്ലേ കവിത വേണ്ടത്?എന്ന് പോകുന്നു ആ പ്രതികരണം.

അഭിപ്രായം പറയുന്നതിനുള്ള ഒരാളുടെ അവകാശത്തെ ചോദ്യം ചെയ്യുകയോ  ആക്ഷേപിക്കുകയോ അല്ല എന്റെ ലക്ഷ്യം.ആര്‍ക്കും (കവിതയെ സംബന്ധിച്ച് ഒരു വിവരവുമില്ലാത്ത ഏതൊരാള്‍ക്കും) സ്വന്തമായി ഒരു ബ്ലോഗുണ്ടെങ്കില്‍ അല്ലെങ്കില്‍ കമന്റ് ഓപ്ഷന്റെ സൌകര്യത്തില്‍ വിലകുറഞ്ഞ ഇത്തരം അഭിപ്രായങ്ങള്‍ എഴുന്നെള്ളിക്കാനാവുന്നു.സമാനമനസ്കരുടെയോ അസൂയാലുക്കളുടേയോ വൈയക്തികമായ കാരണങ്ങളാല്‍ വിദ്വേഷമുള്ളവരുടേയോ(ചാറ്റില്‍ വന്നപ്പോള്‍ ഹലോ പറഞ്ഞില്ല എന്ന കാരണം പോലും മതിയാവും) സഹകരണത്തോടെ അതിന് ഒരു ആധികാരികതയുണ്ടാക്കാനും ഇക്കൂട്ടര്‍ക്ക് ആവുന്നു.അനോണിമസ് ഓപ്ഷനുകള്‍,ബ്ലോഗര്‍ പേരുകള്‍ സൌകര്യം പോലെ മാറ്റിമറിക്കാനും മറഞ്ഞിരിക്കാനുമുള്ള സൌകര്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തിയാല്‍ നാലാള്‍ക്ക് നാല്പതാളുടെ ഇഫക്ടുണ്ടാക്കാനും ബുദ്ധിമുട്ടില്ല.

ഓരോ കവിതയുടെ ചര്‍ച്ചയ്ക്കിടയിലും ഒരാളെങ്കിലും കവിതയെ നിര്‍വചിക്കൂ എന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.ഒരാളെങ്കിലും പാടാനുള്ള കവിതകള്‍ കിട്ടാത്തതിലുള്ള അരിശം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.കവിതയല്ല,കഥയാണ്,കവിയല്ല എന്നെല്ലാം ആദ്യമായി ബ്ലോഗ് സന്ദര്‍ശിക്കുന്ന ആളും ആദ്യമായി കവിത വായിക്കുന്ന ആളും പുലമ്പിക്കൊണ്ടിരിക്കും.കഥയായാലെന്ത്,കവിതയല്ലെങ്കിലെന്ത്,കവിയല്ലെങ്കിലെന്ത്...വായനയില്‍ നിന്ന് തനിക്കെന്തെങ്കിലും കിട്ടിയോ എന്ന് പറയാനായില്ലെങ്കില്‍ എന്തിനാണ് വായനക്കാരന്‍?എഴുത്തിന്റെ ഘടന നോക്കി ഇതു കവിത,ഇത് കഥ എന്നിങ്ങനെ സാക്ഷ്യപത്രങ്ങള്‍ നല്‍കാന്‍ എന്തിനാണ് അയാളെ?അപ്പോള്‍ പറഞ്ഞുപോകും  ‘വായനക്കാര്‍ പുല്ലാണ്’ എന്ന്.

സാധാരണ വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും പുകഴ്ത്തലുകള്‍ക്കും നിന്നുകൊടുത്താല്‍ നിശ്ചയമായും ഏത് ബ്ലോഗെഴുത്തുകാരനും വഴിതെറ്റും.വായനക്കാരെ പ്രീതിപ്പെടുത്തുന്ന പോസ്റ്റെഴുത്തുകാരനായി അയാള്‍ക്ക് ഈ സ്വയംബ്ലോഗ സമൂഹത്തില്‍ വിരാജിക്കാം.പകരം സ്വന്തം സര്‍ഗ്ഗാത്മകതയുടെ കൈവരിക്കാവുന്ന ഉയരങ്ങള്‍ അയാള്‍ ബലികഴിക്കും.

ഒഴുക്കില്‍‌പെട്ട് മരിച്ചവന്റെ യാത്ര

ആകാശത്തേക്ക് നോക്കി
നദിയിലൂടെ ഒഴുകിപ്പോവുന്ന
ഒരു ശവത്തെ നിങ്ങള്‍ക്ക്
സങ്കല്പിക്കാമെങ്കില്‍
അതായിരുന്നു ഞാന്‍.

നദി മുറിക്കുന്നതിനിടെ
കൂട്ടുകാര്‍ക്കിടയില്‍ നിന്ന്
ഒഴുക്കില്‍ പെട്ട് മരിച്ചുപോയി.
മരിച്ചതിനു ശേഷവും
പിടികൊടുക്കാതെ
ഒഴുകിക്കൊണ്ടിരുന്നു.
ആദ്യമായാണ് നദിയിലിങ്ങനെ...
ജലം ഇപ്പോള്‍ ഒരു കിടക്കയാണ്.
ജീവനില്ലാത്തതിനെ അതിന് എന്തുചെയ്യാനാവും?
ഇന്നുവരെ നേരെ നോക്കിയിട്ടില്ലാത്ത
സൂര്യനെ നോക്കിക്കിടന്നാണ് ഈ ഒഴുകല്‍

ആകാശത്തിന് ഇന്നുവരെയില്ലാത്ത നീലിമ.
നദിക്ക് കുറുകെ പറക്കുന്ന പക്ഷികള്‍
ഇളം കാറ്റിന്റെ വിരലുകള്‍
അകലെ തീരങ്ങളില്‍ ജീവനുള്ള മനുഷ്യരുണ്ട്.
നീന്തിത്തുടിക്കുന്ന കുട്ടികളുടെ ഒച്ചകള്‍.
ജീവിതം തിരിച്ചുകേറാത്ത ഈ ശരീരം
അതിന്റെ അവസാനയാത്ര
ശരിക്കും ആസ്വദിക്കുന്നുണ്ട്.

മത്സ്യക്കൂട്ടങ്ങള്‍,
മഴയില്‍ പൊട്ടിവീണ മരച്ചില്ലകള്‍,
മലമുകളില്‍ നിന്ന് ഒഴുക്കില്‍പ്പെട്ട പാമ്പുകള്‍
എന്നെ അനുഗമിക്കുന്നു.

വെളിച്ചം പുള്ളികുത്തുന്ന ഈ നദിയില്‍
ഒരു ശവമൊഴുകുന്നത്
മുകളില്‍ നിന്നൊരുവന്‍ നോക്കുന്നതിനെ
ഞാന്‍ സങ്കല്പിച്ചുകൊണ്ടിരുന്നു.
വിശാലമായ ഈ നദിപ്പരപ്പിനുമീതെ ഒഴുകുന്ന
ഒരേയൊരു ശവമാണ് ഞാന്‍.
ഉള്ളംകൈയില്‍ അടക്കിപ്പിടിച്ച ഒരു പൂവ്
പ്രിയമുള്ളൊരാള്‍ക്ക് തുറന്നു കാണിക്കും പോലെ
നദി അതിന്റെ കൈകളില്‍ എന്നെ കാണിക്കുന്നു.
ദൈവം എന്നൊരാളുണ്ടെങ്കില്‍
അവന്‍ മുകളില്‍ നിന്ന് നോക്കുന്നെങ്കില്‍
നിശ്ചയമായും അവന്റെ കണ്ണുകള്‍
ഇപ്പോള്‍ നനഞ്ഞിരിക്കും.

ജീവിതത്തേക്കാള്‍ മനോഹരമായിരിക്കുന്നല്ലോ
എന്റെ മരണമെന്ന് ഞാനോര്‍ത്തു.
സൂര്യനെ നോക്കിനോക്കി
കടലില്‍ ഒഴുകിയെത്തിയേക്കാം.
ഏതെങ്കിലും കരയില്‍ വൃത്തികെട്ട
ഒരു ശവമായ് വീണടിഞ്ഞേക്കാം.
എങ്കിലും ഈ യാത്രയുടെ ആനന്ദമത്രയും
എന്റെ കണ്ണുകളിലുണ്ടാവും.

കുമിള

പെണ്ണുങ്ങളെല്ലാം ഓര്‍മ്മകളുടെയും ആണുങ്ങളെല്ലാം മറവികളുടെയും പൊട്ടക്കിണറുകളില്‍ വീണു മരിച്ചു കഴിഞ്ഞിരുന്നു.
തീ പിടിച്ച് സര്‍വതും നശിച്ച ഒരു വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നും യന്ത്രക്രമങ്ങളെ അനുസരിക്കുന്ന ഒരു ക്ലോക്കിനെ കണ്ടെടുക്കും പോലെ ശ്മശാനങ്ങളില്‍ നിന്ന് കവികളെ കണ്ടെത്തുന്നു.മിടിപ്പുകള്‍ തുന്നിച്ചേര്‍ത്ത് ഹൃദയമുണ്ടാക്കാനാവുമോ എന്ന് പില്‍ക്കാലത്ത് ഗവേഷകര്‍ ചിന്തിച്ചേക്കാം.നടന്നു തീര്‍ത്ത കാലടികളെ ചേര്‍ത്ത് ഒരു യാത്രയെ ഉണ്ടാക്കും ഒരു നാള്‍.കോര്‍ത്തെടുത്ത തലയോട്ടിമാലയില്‍ നിന്ന് ഒരു സംഘഗാനത്തെ കണ്ടെടുക്കും

പ്രാണന്‍ നഷ്ടപ്പെടുന്നതിനെ കുമിളകള്‍ ഉയര്‍ത്തി ഈ ജലാശയത്തിനടിയില്‍ കിടന്ന് ഞാന്‍ അറിയിച്ചുകൊണ്ടിരിക്കാം.ജലജീവികളെ കാത്തിരിക്കുന്ന ഒറ്റക്കാലന്‍ കൊറ്റികളെ,ഇരയിലേക്ക് തന്നെത്തന്നെ എയ്യുന്ന പൊന്മകളേ,നിങ്ങള്‍ക്ക് വേണ്ടതല്ലാത്തതിനാല്‍ പഴിക്കരുതേ ഈ കുമിളകളെ...

കുരിപ്പ്

കുരിപ്പ് ചാരക്കണ്ണുകള്‍ കൊണ്ട്
ലോകത്തെ മുഴുവന്‍ അരിക്കുകയാണ്
അതിന്റെ വിഷക്കാലുകള്‍ എല്ലാ
നദികളിലും ഇറക്കിവെച്ചിരിക്കുന്നു.
അതിന്റെ ചിറകുകള്‍ നിലാവും
നക്ഷത്രങ്ങലും സൂര്യനും മറച്ചിരിക്കുന്നു.
അതിന്റെ വിരല്‍ നഖങ്ങളില്‍
നിസ്സഹായരായ മനുഷ്യരെ കോര്‍ത്തിരിക്കുന്നു.
അതിന്റെ നാവ് മനുഷ്യച്ചോര
തിരയുകയും നക്കുകയും ചെയ്യുന്നു.
അതിന്റെ പല്ലുകള്‍ എല്ലാ നടവഴികളില്‍ നിന്നും
പൊന്തിവന്ന് ഇരകളെ കടിച്ചു തിന്നുന്നു.
അതിന്റെ തീരാത്ത വിശപ്പ് പശ പോലെ
ലോകമാകെ നിറഞ്ഞിരിക്കുന്നു.
ഞാനും നിങ്ങളും അതില്‍ കുടുങ്ങിയിരിക്കുന്നു.
എല്ലാ അവതാരങ്ങളും അതിന്റേത്
എല്ലാ മാര്‍ഗങ്ങളും അതിന്റെ വായിലേക്ക്

ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നു നീ

നിനക്കു മതിയായി.
നീ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

നമ്മുടെ വീടിന്റെ എതിര്‍വശത്ത്
പണിതുകൊണ്ടിരിക്കുന്ന ബഹുനിലമാളികയുടെ മുകളിലുണ്ട് നീ
നീ അത് ചെയ്തേക്കും
അത്ര ദ്രോഹിച്ചിട്ടുണ്ട് ഞാന്‍.
അത്രയേറെ ഉയരത്തില്‍ എനിക്ക്
കയറിയെത്താനുള്ള സമയം നീ അനുവദിച്ചേക്കില്ല

ഞാനും എന്റച്ഛനും വിളിക്കുന്നുണ്ട്
നീ ഇറങ്ങുന്നില്ല.

നിന്റെ ഒരു ബന്ധുവിനെ ഇപ്പോള്‍ ആ മാളികയ്യുടെ മുകളില്‍ കാണുന്നുണ്ട്.
അയാള്‍ കിട്ടിയ അവസരമുപയോഗിച്ച്
നിന്നെ പിടിച്ചുകൊണ്ടു വരാന്‍ ശ്രമിക്കുന്നുണ്ട്
നീ കുതറിമാറി.

അവിടെ കെട്ടിടം പണിക്കുവെച്ചിരിക്കുന്ന ഒരു കുതിരയിലേക്ക്
നീ ചാടിക്കയറി
എല്ലാവരോടുമായി അലറി.
നിന്റെ വായില്‍ നിന്ന് തീയും പുകയും വരുന്നില്ല.
പക്ഷേ അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയേക്കാം.
വളരെ വേദനാജനകമായിരുന്നു നിന്റെ അവസ്ഥ.
നീ ചാടി,
കെട്ടിടത്തിന്റെ പല എടുപ്പുകളിലൊന്നിന്റെ
ഓട് മേഞ്ഞ മേല്‍ക്കൂരയിലേക്ക്..
ഓടുകള്‍ പൊളിച്ച് നിന്റെ കാലുകള്‍
ആണ്ടുപോയി..
നിന്റെ കാലുകള്‍ തീര്‍ച്ചയായും മുറിഞ്ഞിരിക്കാം.

ഇറങ്ങിവരുവാനും ക്ഷമിക്കുവാനും
ഞങ്ങളപ്പോഴും പറയുന്നുണ്ടായിരുന്നു.
അത് നിനെ കൂടുതല്‍ പ്രകോപിതയാക്കി.
കാലുകള്‍ വലിച്ചെടുത്ത് നീ ഉയര്‍ന്നു നിന്നു.
നിനക്കിപ്പോള്‍ ഒരു കോമാളിയുടെ രൂപം.
നീ അട്ടഹസിച്ചുകൊണ്ടിരുന്നു.

നീ വീണ്ടും ചാടി
ഇക്കുറിയും നീ വിജയിച്ചില്ല.
കെട്ടിടത്തിന്റെ തൊട്ടു താഴത്തെ നിലയിലേക്ക് നീ വീണു
എനിക്കെന്തോ ചിരി വന്നു.
ഞങ്ങള്‍ നിന്നെ കളിയാക്കി.
നീ ചാവുമെന്ന് പറഞ്ഞപ്പോള്‍
ഞങ്ങള്‍ നിന്നോട് ചത്തുകൊള്ളാന്‍ പറഞ്ഞു.
നിന്റെ കോമാളിക്കോലവും പരിഹാസ്യമായ ചാട്ടങ്ങളും
ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.

അടുത്ത ചാട്ടത്തിലും അതിന്റടുത്ത ചാട്ടത്തിലും
നീ മുടന്തി വീണു.
നിസ്സാരമായ ചില പരിക്കുകളല്ലാതെ നിനക്കൊന്നും സംഭവിച്ചില്ല.

ഇനി ഒരേ ഒരു നിലയേ ഉള്ളൂ
നിനക്കു മരിക്കുവാന്‍ ആ ഉയരം പോര.
എല്ലാവര്‍ക്കും ഈ വിനോദം നന്നായി രസിച്ചു.
ഇപ്പോള്‍ ധാരാളം കാണികളുണ്ട്.
നമ്മുടെ കുട്ടികള്‍,അയല്‍ക്കാര്‍...
മരിക്കാനുള്ള നിന്റെ ശ്രമം പോലും എത്ര പരിഹാസ്യമായിത്തീര്‍ന്നു
ഞങ്ങള്‍ ചിരിച്ച് മറിഞ്ഞുകൊണ്ടിരുന്നു.
ദേഷ്യവും നിരാശയും സഹിക്കാതെ
നീ വീണ്ടും ചാടി
നിനക്ക് വേറെ വഴിയില്ലായിരുന്നു.
താഴെ തറയില്‍ മുഖമടച്ച് വീണുകിടക്കുന്ന നിന്റടുത്തേക്ക്
ഞങ്ങള്‍(ഞാനും എന്റച്ഛനും )ഓടി വന്നു.
പല വീഴ്ചകളാല്‍ പലേടത്തായി ചതഞ്ഞ നിന്റെ ശരീരം
ഞങ്ങള്‍ തിരിച്ചും മറിച്ചുമിട്ടു നോക്കി.
നീ അനങ്ങുന്നില്ല.
നിന്റെ ശ്വാസം നിലച്ചിരിക്കുന്നു.





എന്തിനേയും എന്തായിട്ടും കരുതാമെന്ന വാദത്തെ തെളിയിക്കുവാന്‍

ഉദാഹരണത്തിന് തെങ്ങുകളെ കോഴികളാക്കുന്നത് നോക്കൂ:
തെങ്ങുകള്‍ എനത് തല കുഴിച്ചിട്ടു നില്‍ക്കുന്ന കോഴികളാണ്
ഓലമടലുകള്‍ അവയുടെ വിടര്‍ന്നു നില്‍ക്കുന്ന തൂവലുകളാണ്
അപ്പോള്‍ തേങ്ങകളോ എന്ന് നിങ്ങള്‍ ചോദിക്കും?
അതല്യോ കോഴിമൊട്ടകള്‍
കോഴിക്കാലും തെങ്ങിന്‍‌തടിയും ഒരേ സാധനമാണ്
ഒരേ വളയങ്ങള്‍
ഒരേ പരുപരുപ്പ്
കോഴി ചികയും തെങ്ങു ചികയുമോ
എന്നാണെങ്കി തെങ്ങും ചികയും
വെയിലു ചികഞ്ഞ് സൂര്യന്‍ എന്ന പഴുതാരയേയും
നിലാവ് ചികഞ്ഞ് ചന്ദ്രന്‍ എന്ന ചാണകപ്പുഴുവിനെയും
കൊത്തിത്തിന്നും.

ഇന്നു രാവിലെ എന്റെ ദുഷ്ടനായ അയല്‍‌വക്കക്കാരനെ
ഞാന്‍ എന്റെ വീട്ടിലെ ചായഗ്ലാസാക്കി
അയാളുടെ പ്‌ള്ന്തന്‍ ഭാര്യയെ പാല്‍ച്ചായയാക്കി
നീട്ടിയൊഴിച്ചു
കുറേശ്ശേ കുറേശ്ശേ ഞാന്‍ കുടിച്ചു തീര്‍ത്തു
പാവം ഞണുങ്ങിയ ചായഗ്ലാസ്
എന്നെ നോക്കിയിരിക്കുകയാണ്

ചൊറിച്ചില്‍

മരിച്ചതിന്റെ മൂന്നാം നാള്‍ പകല്‍
ഗുരുവിനെ അടക്കം ചെയ്ത കുന്നിലേക്ക്
ശിഷ്യന്മാര്‍ കയറിച്ചെല്ലുമ്പോള്‍
ഒരു വിജനത നീലാകാശം നോക്കി
മലര്‍ന്നു കിടക്കുന്നുണ്ടായിരുന്നു.
ഒരു സന്തോഷം ഒറ്റയ്ക്ക് ഓടി നടന്ന്
പന്തു കളിക്കുന്നുണ്ടായിരുന്നു.
ശിഷ്യന്മാര്‍ നോക്കുമ്പോള്‍
ഗുരുവിനെ അടക്കം ചെയ്ത മണ്ണ്
പല ഭാഗത്തു നിന്നും മാന്തിയിരുന്നു.

‘കുറുക്കന്മാരാവും.’
മണ്ണു നീക്കിയിട്ട് അവര്‍ മടങ്ങിപ്പോവുമ്പോള്‍
കുന്നിന്‍ പുറത്തെ *ചാവകള്‍ ചിരിച്ചു വണങ്ങി.
രണ്ടാഴ്ചകള്‍ക്കു ശേഷം വീണ്ടും അവര്‍
ഗുരുവിന്റെ കുഴിമാടത്തില്‍ വന്നു.
അതൊരു സന്ധ്യക്കായിരുന്നു.
ചന്ദ്രവൃത്തം ആകാശത്ത് ദൃശ്യമായിരുന്നു.
അന്നും കുഴിമാടം പലഭാഗങ്ങളിലും
മാന്തിയതായി കണ്ടു.

മണ്ണു നീക്കിയിട്ട് മുളകള്‍ കനത്തില്‍ വെച്ച്
ചടങ്ങുകള്‍ക്കു ശേഷം അവര്‍ ഇറങ്ങിപ്പോയി.
ഒരു മഴ പെയ്തു പോയിരുന്നു.
എങ്ങും കിളിക്കരച്ചിലുകള്‍ നിറങ്ങിരുന്നു.
കുഴിമാടം പതിവുപോലെ മാന്തിയതായി കണ്ടു.
മുള്ളുകളൊക്കെ പലവശങ്ങളില്‍ ചിതറിക്കിടന്നു.

പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന്
ശിഷ്യന്മാര്‍ തീരുമാനിച്ചു.
കുഴിമാടത്തിനു ചുറ്റും ശക്തമായ ഒരു മുള്ളുവേലി അങ്ങനെയാണുണ്ടായത്.
അതിനു ശേഷവും കുഴിമാടം മാന്തിയതായി കാണായി.

ശിഷ്യന്മാര്‍ ചിന്താമഗ്നരായി.
ജന്തുക്കളും പക്ഷികളുമല്ല,
ഗുരുവിനെ അപമാനിക്കാന്‍ കച്ചകെട്ടിയിറങ്ങിയ
ഒരു ശത്രു തന്നെയാവുമെന്ന് അവര്‍ ഊഹിച്ചു.
കുഴിമാടത്തിലെ മണ്ണ് നീക്കിയിട്ട്
അവര്‍ സമീപത്തൊരിടത്ത് ഒളിച്ചിരുന്നു.
ഒന്നും സംഭവിക്കുന്നില്ല.ഒരാളും അങ്ങോട്ട് വരുന്നില്ല.
രാത്രിയായി.
പെട്ടെന്ന് കുഴിമാടത്തില്‍ നിന്ന് രണ്ടു കയ്യുകള്‍
മണ്‍കട്ടകള്‍ തട്ടി സാവകാശം പുറത്തേക്കു നീണ്ടുവന്നു.
അത് തലങ്ങും വിലങ്ങും മാന്തിക്കൊണ്ടിരുന്നു.
ഭയചകിതരായ ശിഷ്യന്മാര്‍ കുന്നിറങ്ങിയോടി...
വവ്വാലുകള്‍ കൂട്ടത്തോടെ എങ്ങോട്ടോ പറക്കുന്നുണ്ടായിരുന്നു.
ശിഷ്യന്മാര്‍ ആലോചിച്ചാലോചിച്ച് ഉറക്കം വരാതെ കിടന്നു.
ഒരു പ്രത്യേക നിമിഷം എല്ലാവരും ഒരേസമയത്ത് ഉറങ്ങിപ്പോയി.
അവര്‍ ഒരു സ്വപ്നവും കണ്ടു.
അവര്‍ ആ കുന്നിന്‍പുറത്ത് കാവലിരിക്കുന്നു.
ആ ഭയാനക ദൃശ്യം ആവര്‍ത്തിക്കുന്നു.
വേണ്ടത്ര മാന്തി ആ കൈകള്‍ വന്നതുപോലെ ഇറങ്ങിപ്പോയപ്പോള്‍
ധൈര്യം സംഭരിച്ച് അവര്‍ ആ കുഴിമാടത്തില്‍ ചെന്ന്
എന്താണിതിന്റെ അര്‍ഥം എന്നു ചോദിച്ചു.
ശരീരമേ ഇല്ലാതായിട്ടുള്ളൂ
ചൊറിച്ചില്‍ ഇല്ലാതായിട്ടില്ല എന്ന് അപ്പോള്‍
അവരുടെ ഗുരുവിന്റെ ശബ്ദം അവര്‍ കേട്ടു.

---------------------------------

*ചാവ-പന്നല്‍ വര്‍ഗ്ഗത്തില്‍പെട്ട ഒരു സസ്യം.




പാതകളെക്കുറിച്ചെഴുതുന്ന കവി സ്വപ്നത്തില്‍ കണ്ട ഒരു പാതയെ വിവരിക്കുന്നു.

വെളിച്ചമെന്നോ ഇരുട്ടെന്നോ
പ്രഭാതമെന്നോ സന്ധ്യയെന്നോ
വ്യക്തമാക്കാനാവാത്ത ഒരു നേരം.
പാതയുടെ ഇരു വശങ്ങളിലും
നിശ്ശബ്ദമായ കെട്ടിടങ്ങള്‍
 മുളച്ചു നില്‍ക്കുന്ന തെരുവ്.

ഓരോരോ വീടുകളില്‍ നിന്നും
നഗ്നരും ദു:ഖികളുമായ മനുഷ്യര്‍
പാതയിലേക്ക് ഇറങ്ങി വന്നു.

എല്ലാവരും ഒരേ ദിശയില്‍ നടക്കുകയാണ്
കുട്ടികളുണ്ട്
സ്ത്രീകളുണ്ട്
വൃദ്ധരുണ്ട്
മിക്കവരുടേയും തല കുനിഞ്ഞാണ്
എല്ലാവരുടെയും മുഖം മ്ലാനമാണ്.
 സ്വന്തം നഗ്നതയെ പറ്റിയോ
അപര നഗ്നതയെ പറ്റിയോ
ആര്‍ക്കും ആശങ്കയും താത്പര്യവുമില്ല.
കഴുമരത്തിലേക്ക് യുദ്ധത്തടവുകാര്‍
പോവുന്നതു പോലെ അവര്‍ നടക്കുകയാണ്.

തെരുവിലെ ഒരു കെട്ടിടത്തൂണിന്റെ മറ പറ്റി
ഞാനവരെ തുറിച്ചു നോക്കി.
അവരുടെ ലിംഗങ്ങള്‍
സ്ത്രീകളുടെ മുലകള്‍,പിന്‍ഭാഗങ്ങള്‍...
ആരും എന്നെ കാണുന്നുണ്ടായിരുന്നില്ല.
എനിക്കൊന്നും തോന്നിയുമില്ല
ഏറ്റവും സുന്ദരമായ ശരീരങ്ങള്‍ പോലും
എന്നെ ഉണര്‍ത്തിയില്ല.
അവര്‍ എന്നെക്കടന്നുപോയിരിക്കുന്നു.
ഈ തെരുവ് ഒഴിഞ്ഞിരിക്കുന്നു.
അവര്‍ അകലെ ഇരുട്ടില്‍ അലിഞ്ഞു തീരുന്നു

കൂറ്റന്‍ കെട്ടിടങ്ങളുടെ
രണ്ടു വരിപ്പല്ലുകള്‍ക്കിടയിലൂടെ
നടന്നു പോകാന്‍ എനിക്ക് ഭയമായി.
എന്നെ പിടിച്ചു തിന്നുവാന്‍ മാത്രം ക്രൂരത
ഈ വിജനതയില്‍ എവിടെയോ വളരുന്നുണ്ടാവണം...









ചില ദിവസങ്ങളെങ്കിലും കാല്പനികമാണ്

ഒരുവളുംഅവളുടെ പൂന്തോട്ടവും കിണറും
ഒഴുകിവരാറുണ്ട് എന്റെ നീലാകാശത്ത്
ചെടികളെ നനച്ചുകൊണ്ട്
കിണറ്റില്‍ നിന്ന് വെള്ളം വലിച്ചുകൊണ്ട്
ചുരുള്‍മുടിയുടെ ഒരു കുഞ്ഞു നദിയെ ഉലച്ചുകൊണ്ട്
അവളെന്നോട് ചിരിക്കാറുണ്ട്
അത്ര ഉയരത്തില്‍ നിന്ന്.

അവളുടെ വീട്
അവള്‍ ഉണക്കാനിടുന്ന പഞ്ഞിക്കിടക്കകള്‍
എല്ലാം അവളോടൊപ്പം അങ്ങനെ പോകും.
ആകാശത്തിന്റെ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക്
മഴവെള്ളത്തിന്റെ അടരുകളിലൂടെ
അവള്‍ ഓടുകയോ നടക്കുകയോ ചെയ്യും
അവളുടെ കാലടികളില്‍ നിന്ന് ജലം തെറിച്ച്
ചില്ലുപൂവുകളുണ്ടാവും


എത്രയോ കാലത്തിനു ശേഷം
അവളെ ഞാനോര്‍ക്കുന്നു
അവളും അവളുടെ പൂന്തോട്ടവും
കിണറും വീടും ഉണക്കാനിട്ട പഞ്ഞിക്കിടക്കകളും
എവിടെയാണാവോ?

തെളിഞ്ഞു തെളിഞ്ഞു നീലമായിപ്പോയ
ആകാശത്തേക്ക് എന്റെ നിരാശ നോക്കും
ഒരു പകല്‍ അകത്തെ മുറിയില്‍
കണ്ണടയ്ക്കാതെ കിടക്കുമ്പോള്‍
മുറ്റത്ത് പരിചിതമായൊരു നിഴല്‍.
ഓടിച്ചെന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ അവള്‍.
ഒഴുകിക്കൊണ്ടിരിക്കുന്ന കിണറ്റില്‍ നിന്ന്
ഒരു തൊട്ടി വെള്ളം കോരി
അവളെന്റെ മുഖത്തേക്കൊഴിച്ച് ചിരിച്ചു.
എല്ലാ ഇലകളും പൂവുകളും മരങ്ങളും കിളികളും
എന്നോടൊപ്പം നനഞ്ഞു ചിരിച്ചു.





ലജ്ജ എന്ന അവയവം

പത്തേക്കര്‍ റബര്‍ തോട്ടത്തിലെ
രണ്ടുനിലബംഗ്ലാവിന്റെ രണ്ടാം നിലയില്‍
ഉറങ്ങാന്‍ കിടക്കുകയായിരുന്നു ഞാന്‍
തുറന്നുകിടന്ന ജനാല വഴി പെട്ടെന്ന്
ഒരു കൂട്ടം കൊതുകുകള്‍ പറന്നു വന്നു.
ചുറ്റിലും വട്ടമിട്ട് അവ പറഞ്ഞു:
ആദ്യായി വന്നിട്ട് നമ്മളെ പറ്റിച്ച് പോകാന്ന്
വിചാരിച്ച് കിടക്ക്ണ കിടപ്പ് കണ്ടില്ലേ...

എല്ലാം കൂടി ഇപ്പൊ കടിച്ചു പറിക്കും
എന്ന് കണ്ണടച്ച് ബലം പിടിച്ച് കിടന്നു.

കുറച്ചു നേരം പാട്ടു പാടി ചുറ്റിലും പറന്നശേഷം
അവ എന്നെ ഉപേക്ഷിച്ചു പറന്നുകളഞ്ഞു.
കീഴടങ്ങാന്‍ തയ്യാറായിട്ടും സ്വീകരിക്കപ്പെടാതെ
പാവം എന്റെ ചോര അപമാനിക്കപ്പെട്ടു.

കൊതുകുകള്‍ പോലും ഉപേക്ഷിച്ച ഈ ചോര
നാണംകെട്ട് വര്‍ഷങ്ങളോളം ഓടേണ്ട എന്റെ ശരീരത്തെക്കുറിച്ച്
ആലോചിച്ചാലോചിച്ച് എനിക്ക് ലജ്ജ എന്നൊരവയവം
ഈ രാത്രിയില്‍ ഉണ്ടായിപ്പോയി.
രക്തസാക്ഷിത്വത്തില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍
നേടിയെടുത്ത ഈ പുതിയ അവയവത്തെ
സ്വപ്നത്തില്‍ കൂട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു ഞാന്‍.
അപ്പോള്‍ അവരെല്ലാവരും അതുപോലൊന്ന്
എനിക്കും കാണിച്ചു തന്നു.




ഒറ്റയാള്‍ ഭൂഖണ്ഡം

ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നിങ്ങള്‍ എന്തെടുക്കുകയാണെന്ന്
കിളികള്‍ ചോദിച്ചു പറന്നു പോകുന്നു
മഴ എന്ന നാടകം എതാനും നിമിഷങ്ങള്‍ക്കകം
തുടങ്ങുമെന്ന് മേഘങ്ങള്‍ തിരശ്ശീല കെട്ടുന്നു.
കുളത്തില്‍ കുളിക്കാന്‍ പോയ ഒരുത്തന്റെ ജഡം
ആമ്പല്‍പ്പൂവെന്ന് കരുതി നീരുടലുകള്‍
ഉപരിതലത്തിലേക്ക് പൊക്കിപ്പിടിക്കുന്നു..
അവനവനിലേക്ക് സര്‍പ്പിളാകൃതിയില്‍
ചുരുങ്ങുന്നതിന്റെ ലഹരിയെ പറ്റി
ഒരു ചേരട്ട പറഞ്ഞത് ഒരു ശരീരത്തെ പിന്തുടര്‍ന്ന്
വളച്ചുകൊണ്ടിരിക്കുന്നു...

കാട്ടിലേക്ക് ഓടിപ്പോകുന്നു ഒരു കുളക്കോഴി
കാട് അതിന്റെ പാവാടയോ ബ്ലൌസോ?
ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നടക്കാനിറങ്ങുകയും
തന്നിലേക്കു തന്നെ തലകുത്തി വീഴുകയും ചെയ്യുന്ന ചെറുപ്പക്കാരാ
അടുത്ത ഭൂഖണ്ഡത്തിലും പിന്നെ അതിന്റടുത്ത ഭൂഖണ്ഡത്തിലും 
നിന്നെ ഒരാളും കാത്തിരിക്കുന്നില്ലെന്ന്
അറിയാവുന്നതുകൊണ്ട് ചോദിക്കുകയാണ്
ജന്മത്തിന്റെ സമയപരിധി കൊണ്ട്
ഈ ഭൂഖണ്ഡത്തെ നീ എന്തു ചെയ്യാന്‍ പോകുന്നു?




നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം

അമലനഗര്‍ ഹൌസിങ് കോളനിയില്‍
അന്‍പത്തൊന്ന് വീടുകളുണ്ട്.
അന്‍പത്തൊന്ന് വീടുകള്‍ക്കിടയില്‍
തണുത്ത് തണുത്ത് ചത്ത വഴിയുണ്ട്.

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തു

നമ്മുടെ പിച്ചക്കാരന്റെ കുട്ടിക്കാലത്ത്
ഉച്ചയ്ക്ക് വീട്ടിലേക്ക് സ്കൂള്‍ വിട്ടോടുമ്പോള്‍
മീന്‍ വറുക്കുന്ന മണത്തില്‍ പൊതിഞ്ഞ്
യേശുദാസിന്റെ പാട്ടുകള്‍ ഇറങ്ങി വരുമായിരുന്നു.

ഈ മീന്‍ വറുക്കുന്ന മണമാണ്
എന്റെ പേര് നട്ടുച്ചകളുടെ പാട്ട് എന്ന് പരിചയപ്പെടുത്തിക്കൊണ്ട്
നമ്മുടെ പിച്ചക്കാരന്റെ മയക്കത്തില്‍
ഇന്നലെയും വന്നുപോയത്.

നമ്മുടെ പിച്ചക്കാരന്‍
അന്‍പത്തൊന്ന് വീടുകളിലേക്കും
ഈ നട്ടുച്ചയ്ക്ക് ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി.
എല്ലാ വീടുകള്‍ക്കും മതിലുണ്ട്
എല്ലാ വീടുകള്‍ക്കും ഗേറ്റുണ്ട്
എല്ലാവീടുകളുടെയും മുന്‍‌വാതിലുകള്‍
അടഞ്ഞ് മോന്തകൂര്‍പ്പിച്ച് നില്‍ക്കുകയാണ്
ജനാലകള്‍ ഒരു കാലത്തും തുറക്കുകയില്ലെന്ന്
മീശ പിരിക്കുകയാണ്
എങ്കിലും എല്ലാ വീടുകളില്‍ നിന്നും ആ മണം ഇറങ്ങിവരുന്നുണ്ട്.
മണത്തെ പ്രക്ഷേപണം ചെയ്യാന്‍ പാകത്തില്‍
എല്ലാ വീടുകള്‍ക്കും അടുക്കള കാണും
ഗ്യാസടുപ്പ് കാണും
എല്ലാ അടുപ്പുകളിലും ഇപ്പോള്‍ ചട്ടി കാണും
എല്ലാ ചട്ടികളിലും പൊരിഞ്ഞുകൊണ്ടിരിക്കുന്ന മീന്‍ കാണും
എല്ലാ ചട്ടികളിലേയും മീനുകളെ ഇളക്കിയിട്ടുകൊണ്ട്
എല്ലാ വീടുകളുടേയും എല്ലാ അടുക്കളകളില്‍
ഓരോ പെണ്ണു കാണും...

നമ്മുടെ പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന
ഇടിഞ്ഞു പൊളിഞ്ഞ പീടികത്തിണ്ണയില്‍
നിറയെ കുഴിയാനകളുടെ കുഴികളുണ്ട്.
എല്ലാ കുഴികളിലും ഓരോ കുഴിയാന കാണും
കാണുമോ എന്ന സംശയത്തില്‍ അയാള്‍ ഊതി നോക്കും.
ഊതുമ്പോള്‍ മണ്ണ് പറന്നു മാറി
ഓരോ കുഴിയാനയെ കാട്ടിക്കൊടുക്കും

നട്ടുച്ചകളുടെ പാട്ട് ഒരു കറുത്ത തലേക്കെട്ടുമായി
അന്നും വന്ന് പരിചയപ്പെട്ടു.
‘ഞാനാണ് നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിച്ച മണം.’
എന്നിട്ട് അത് നടന്നു പോയി.

നമ്മുടെ പിച്ചക്കാരന്‍ ഒരേ സമയം
എല്ലാകുഴികളിലും ഊതി നോക്കുകയാണ്
എല്ലാ കുഴികളില്‍ നിന്നും മതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും ഇരുമ്പു പടിവാതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും വാതിലുകള്‍ ജനലുകള്‍
എല്ലാ കുഴികളില്‍ നിന്നും മേല്‍ക്കൂരകള്‍ ചുമരുകള്‍
എല്ലാ കുഴികളില്‍ നിന്നും അടുക്കളകള്‍ ഗ്യാസടുപ്പുകള്‍
എല്ലാ കുഴികളില്‍ നിന്നും മീന്‍ പൊരിക്കുന്ന ചട്ടികള്‍ പൊരിഞ്ഞ മീനുകള്‍
മണ്ണിനോടൊപ്പം പറന്നു പൊങ്ങി.

ഒടുക്കം എല്ലാ കുഴികളില്‍ നിന്നും
ഓരോ പെണ്ണുങ്ങള്‍ കയറിവന്നു.

അതാ നോക്കൂ
ഉറങ്ങിക്കിടക്കുന്ന നമ്മുടെ പിച്ചക്കാരനു ചുറ്റും
അന്‍പത്തൊന്ന് കുഴിയാനകള്‍!!!




സ്വയംഭോഗികളുടെ തീവണ്ടി

ഞാന്‍ സ്വയംഭോഗം ചെയ്യുകയാണ്
എനിക്കു മുന്‍പിലിരിക്കുന്നവരും
വശങ്ങളിലിരിക്കുന്നവരും
അതു തന്നെയാണ് ചെയ്യുന്നത്
ഇരുട്ടിലൂടെ അതിവേഗം ഓടുന്ന
ഈ തീവണ്ടിമുറിയില്‍
പലരും പല പോസുകളില്‍
ഒരേകാര്യം ചെയ്യുന്നതുകൊണ്ട്
ഇതൊരു ഇന്‍സ്റ്റലേഷന്‍
എന്ന് തോന്നിക്കാം..

എല്ലാവരും അവരവരുടെ ഓര്‍മകളിലെ
ഏറ്റവും പുതിയ പ്രതിരൂപത്തെ
ധ്യാനിച്ച് സ്വയംഭോഗം ചെയ്യുന്നു.
ഉറക്കവും ഉണര്‍വുമല്ലാത്ത ഒരു മാധ്യമത്തില്‍
മനുഷ്യര്‍ ചാഞ്ഞും ചരിഞ്ഞും മലര്‍ന്നും കമ്ഴ്‌ന്നും
കിടന്നു...

മിനുട്ടുകള്‍ കൊണ്ട് തീരേണ്ടതാണ്
എല്ലാ സ്വയംഭോഗങ്ങളും
എന്നാല്‍ ഇവിടെ മിനുട്ടുകള്‍ക്ക്
മണിക്കൂറുകളുടെ വലിപ്പമുണ്ട്
അതുകൊണ്ട് ഈ തീവണ്ടി മുറിക്കകത്തെ
എല്ലാ ചലനങ്ങളും സ്ലോമോഷനിലാണ്

സ്വയംഭോഗികളുടെ ഈ തീവണ്ടിയാവട്ടെ
അതിവേഗം ബഹുദൂരം സഞ്ചരിക്കുന്നുണ്ട്.
നിലാവു ചിതറിയ മരക്കൂട്ടങ്ങള്‍
ഒറ്റവിളക്കുകത്തിച്ചുറങ്ങിപ്പോയ വീടുകള്‍
രാപകലില്ലാതെ ഒഴുകിക്കൊണ്ടേയിരിക്കുന്ന പുഴകള്‍
മനുഷ്യരക്തം പതിഞ്ഞ ചുവരുകളുള്ള തെരുവുകള്‍
അനേകം സ്വയംഭോഗങ്ങളുടെ ക്ലൈമാക്സ് എന്ന് തോന്നിപ്പിച്ച്
കൂട്ടത്തോടെ വെളിച്ചം ഛര്‍ദ്ദിച്ചുനില്‍ക്കുന്ന കെട്ടിടനിരകള്‍
എല്ലാറ്റിനേയും കടന്നുപോവുകയാണ്
ഇരുട്ടില്‍ ഇരുട്ടുകൊണ്ടു പണിത ഈ തീവണ്ടി.

വൈകാതെ ഈ വണ്ടി പൊട്ടിത്തെറിച്ച്
വെളിച്ചങ്ങള്‍കൊണ്ട് നിറയും
കൂട്ടുകാരോട് വര്‍ത്തമാനം പറഞ്ഞുപറഞ്ഞ്
നേരം വൈകിപ്പോയ ഒരു രാത്രിയില്‍ ഞാന്‍
വീട്ടിലേക്കുള്ള പാടവരമ്പ് കടക്കുമ്പോള്‍
വിദൂരത്തുള്ള റെയില്‍പ്പാളത്തിലൂടെ
വെളിച്ചം നിറഞ്ഞ ഈ വണ്ടി കടന്നു പോവും




ചിറകുകളുള്ള ബസ് നാളെ പറന്നുതുടങ്ങുന്നു


പ്രതിഭാഷയില്‍ വന്ന നാല്‍പ്പത്തിയേഴോളം കവിതകള്‍ ഡി.സി ബുക്സ് ചിറകുകളുള്ള ബസ് എന്ന പേരില്‍ പുസ്തകമായി ഇറക്കുന്നു.നാളെ((2009 ആഗസ്റ്റ് 22 ശനി)വൈകിട്ട് 5.30 നാണ് പ്രകാശനം.പത്തോളം കവിതാസമാഹാരങ്ങള്‍ ഇതോടൊപ്പം പ്രകാശനം ചെയ്യുന്നുണ്ട്.മോഹനകൃഷ്ണന്‍ കാലടിയുടെ ഭൂതക്കട്ട എസ് ജോസഫിന്റെ ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു സെബാസ്റ്റ്യന്റെ ഇരുട്ടു പിഴിഞ്ഞ് എന്‍ പ്രഭാകരന്റെ ഞാന്‍ തെരുവിലേക്ക് നോക്കി പി രവികുമാറിന്റെ നചികേതസ്സ് എം.എസ് സുനില്‍ കുമാറിന്റെ പേടിപ്പനി കുരീപ്പുഴയുടെ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍
എന്നീ മലയാളകവിതാസമാഹാരങ്ങളാണ് നാളെ പ്രകാശനം ചെയ്യപ്പെട്ടുന്നത്.ഡി വിനയചന്ദ്രന്‍,മധുസൂദനന്‍ നായര്‍ അമൃത ചൌധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.വൈകിട്ട് 6.00മണിക്ക് കാവ്യോത്സവവും ഉണ്ട്.

ഒരു വഴിക്കെറങ്ങ്യാല്‍

ഒരു വഴിക്കെറങ്ങ്യാല്‍
കടലക്കാരന്‍
കടല കൊറിക്ക്ണോ കടല കൊറിക്ക്ണോന്ന് നോക്കും.
തുണിക്കടക്കരാന്‍
തുണി വാങ്ങുമോ തുണി വാങ്ങുമോന്ന് നോക്കും.
പച്ചക്കറിക്കാരന്‍
പച്ചക്കറി വാങ്ങുമോ പച്ചക്കറി വാങ്ങുമോന്ന് നോക്കും.
ചായക്കടക്കാരന്‍
ചായ കുടിക്കണ്ടേ ചായ കുടിക്കണ്ടേന്ന് നോക്കും.
ബസ്സുകിളി
വണ്ടീ കേറുണ്ടോ വണ്ടീകേറുണ്ടോന്ന് നോക്കും.
ഏതെങ്കിലും പെങ്കുട്ടി
എന്നെ പ്രേമിക്ക്ണ്ടോ എന്നെപ്രേമിക്ക്ണ്ടോന്ന് നോക്കും.
നേതാവ്
പിരിവ് തര്ണ്ടോ തര്ണ്ടോന്ന് നോക്കും.
റിയല്‍ എസ്റ്റേറ്റുകാരന്‍
വീടു വേണ്ടേ സ്ഥലം വേണ്ടേന്ന് നോക്കും.
ഒരാള്‍ദൈവം
തൊഴാന്‍ വര്ണ്ടോ തൊഴാന്‍ വര്ണ്ടോന്ന് നോക്കും.
ഒരു പട്ടി
കടിക്കാന്‍ തര്ണ്ടോ കടിക്കാന്‍ തര്ണ്ടോന്ന് നോക്കും.
ഹോഡിങ്സിലെ പെണ്ണിന്റെ പൊക്കിള്‍
അന്തം വിട്ട് നോക്ക്ണില്ലേ അന്തം വിട്ട് നോക്ക്ണില്ലേ ന്ന് നോക്കും.
എല്ലാരും കൂടി നോക്കി നോക്കി
എന്നെ ഒരു വഴിക്കാക്കും.
അതുകൊണ്ടിപ്പോ ഒരു വഴിക്കും എറങ്ങാറില്ല...

(തര്‍ജ്ജനിയില്‍ മുന്‍പ് വന്നത്)

സൂര്യന്‍

രാവിലെ എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി
ഞാ‍നെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കാട്ടില്‍ കൊണ്ടുപോയി വിട്ടു..
മരങ്ങള്‍ക്കും കൊമ്പുകള്‍ക്കുമിടയില്‍ കുടുങ്ങി
അത് നൂ‍ലുനൂലായി പിരിഞ്ഞ്
എന്റെ പിന്നാലെകുതിച്ചു

പിന്നെയും എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാ‍നെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കടലില്‍ കൊണ്ടു പോയാക്കി.
തിരകള്‍ അതിനെ തട്ടിത്തട്ടി
കരയിലേക്കു തന്നെ വലിച്ചെറിഞ്ഞു.

ഇന്നും എഴുന്നേല്‍‌ക്കുമ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാനതിനെ കുന്നുകളുടെ
മണ്ടയില്‍ കൊണ്ടുപോയിവെച്ചു.
അതിവേഗം കാറോടിച്ച് തിരിച്ചു വരുമ്പോള്‍
അത് എന്റെ പിന്നാലെ ഉരുണ്ടുരുണ്ടു വന്നു.

എല്ലാ ദിവസവും എഴുന്നേല്‍‌ക്കുന്നതുകൊണ്ടാണീ പ്രശ്നം.
ഒരു ദിവസം എഴുന്നേല്‍ക്കുകയില്ലെന്ന്
ഞാനൊരു കടുത്ത തീരുമാനമെടുക്കും.
അന്ന് സൂര്യന്‍ എന്തു ചെയ്യുമെന്നറിയാമല്ലോ...

തോമസ് നീ എവിടെയാണ്?

 ന്ന് വെളുപ്പിന് അഞ്ചു മണിക്ക് അഞ്ചു മിനിട്ടുള്ളപ്പോള്‍ തോമസ് തന്റെ ഏകാന്തമായ മുറിയില്‍ ടി .പി രാജീവന്റെ പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവലിലെ
രണ്ടാം പുസ്തകം  ഏഴാമധ്യായം പേജ് 123 ലെ ‘ഇല്ലെങ്കി ഈ കയറ് ഞാനഴിച്ചുകൊണ്ടോവും.നീ അവിടെ കെടക്കും’ എന്ന് മുസ്ല്യാര്‍ കുന്നും‌പുറത്തെ വേലായുധനോട് പറയുന്നതു വരെ വായിച്ചുവെച്ച് കൃത്യം ഒരു മിനുട്ട് നേരം എന്തോ ആലോചിച്ച് മുന്‍‌വശത്തെ വാതിലിലൂടെ പുറത്തിറങ്ങി താന്‍ സ്ഥിരമായി മൂത്രമൊഴിക്കാറുള്ള തെങ്ങിന്‍ ചുവട്ടില്‍ മൂത്രമൊഴിച്ച്(തെങ്ങിന്‍ തടിയിലൂടെ മൂത്രമൊഴിച്ച് അത് താഴേക്ക് ഒഴുകിവരുന്നത് നോക്കി നില്‍ക്കുക അയാളുടെ ഒരു പതിവായിരുന്നു.അന്നും അതുണ്ടായി.)ഇറങ്ങിയ വാതിലിലൂടെ അകത്തു കയറുന്നതിനിടെയാണ്  അസാധാരണമായ വെളിച്ചത്തില്‍ ഒരു ചോദ്യചിഹ്നത്തെ തോമസ് കണ്ടുമുട്ടുന്നത്.

 തന്നെപ്പോലെതന്നെ നിവര്‍ന്നു നില്‍ക്കുന്നതെങ്കിലും തന്റെ ഇരട്ടിയിലേറെ ഉയരമുണ്ടാകാനിടയുള്ള ആ നെടുങ്കന്‍ ചോദ്യചിഹ്നത്തിനു മുന്നില്‍ മാനുഷികമായ പ്രത്യേകതകള്‍ കൊണ്ടോ സമയത്തിന്റെയോ സ്ഥലത്തിന്റെയോ പ്രത്യേകതകള്‍ കൊണ്ടോ അയാള്‍ക്ക്  വഴിപ്പെടേണ്ടി വന്നു.എല്ലാ ചോദ്യചിഹ്നങ്ങള്‍ക്കുമുള്ളതു പോലെ അതിനുമുണ്ടായിരുന്നു അതിനടിയില്‍ ഇവിടെ നിന്നാണ് തെറിച്ചുപോയതെന്ന് അടയാളപ്പെടുത്താന്‍ താഴെ ചരിത്രത്തിന്റെ അപമാനങ്ങള്‍ സഹിച്ച് തലതാഴ്ത്തി ഒരിടം(ഇന്ത്യയ്ക്കു താഴെ ഭൂപടത്തില്‍ ശ്രീലങ്ക പോലെ).ചോദ്യചിഹ്നത്തിന്റെ ആ വേര്‍പെട്ടു നില്‍ക്കുന്ന ചുവട് സമചതുരാകൃതിയിലുള്ള ഒരു പീഠം കണക്കെ തോമസിനെ ക്ഷണിച്ചു.തോമസ് അതിനു മുകളില്‍ കയറി നിന്ന് മുകളിലേക്കു നോക്കി.
മുകളില്‍ ആ ചോദ്യചിഹ്നം വെളിച്ചം ചൊരിഞ്ഞ് എവിടെയെങ്കിലും തൂങ്ങിനില്‍‌ക്കുകയാണെന്ന ഭാവമില്ലാതെ വായുവില്‍ ഇപ്പോള്‍ ജനിച്ചതേയുള്ളൂ എന്ന് ഫ്രഷ്നെസ്സോടെ അങ്ങനെ തൂങ്ങിനില്‍‌ക്കുകയാണ്.അചേതനമല്ലെന്ന് കാണിക്കുവാന്‍ 10-15 ഡിഗ്രിയില്‍ അതിന് ഒരു അനക്കവുമുണ്ട്.


  ള്ള് പൊള്ളയായ ത്രിമാനാകൃതിയിലുള്ള ചോദ്യചിഹ്നത്തിന്റെ അകത്തേക്ക് പുസ്തകത്തില്‍ വായിച്ച എന്തോ ഒന്ന് കാണുന്നില്ലല്ലോ എന്ന മട്ടില്‍ തോമസ് നോക്കിക്കൊണ്ടിരുന്നു.അപ്പോള്‍ മുകളില്‍ നിന്ന് താഴേക്ക് ഒരു കയര്‍ താണു വന്നു.അതിന്റെ ചതഞ്ഞ തലയില്‍ പിടിച്ച് തോമസ് ഒരു മെയ്യഭ്യാസിയെപ്പോലെ മുകളിലേക്ക് ചുരുണ്ടുചുരുണ്ടു ചെന്ന് ചോദ്യചിഹ്നത്തിന്റെ ആദ്യ ഖണ്ഡത്തിന്റെ അടിഭാഗത്ത് തൊട്ടു.ക്രമേണ അതിനകത്തേക്ക് പിടിച്ചുകയറി കുത്തനെ നില്‍-ക്കുന്ന ഭാഗത്തൂടെ പിടിച്ചുപിടിച്ച്  പൊള്ളയായ അതിന്റെ ശരീരത്തിലൂടെ ഏറ്റവും മുകള്‍പരപ്പിലെ  ആ വളവില്‍ അതേ വിധം വളഞ്ഞുകിടന്നു.

 ചോദ്യത്തിനകത്തു തന്നെയുണ്ട് ഉത്തരം എന്ന ഏതോ പ്രസ്താവനയാവണം തോമസിന്റെ പ്രചോദനം.ചോദ്യചിഹ്നത്തിന്റെ ആ വളഞ്ഞ അറ്റത്തിനകത്തെത്തുവാന്‍ തോമസ് കിണഞ്ഞു ശ്രമിച്ചു. ഇനി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ലെന്ന് തോമസിന്  ബോധ്യമായപ്പോള്‍ ഈ വളവില്‍ നിന്ന് തന്റെ ശരീരത്തെ എങ്ങനെ പുറത്തുകടത്താമെന്നായി അയാളുടെ ചിന്ത.പക്ഷേ അപ്പോഴാണ് ഒരു കാര്യം ബോധ്യമായത്.ചോദ്യചിഹ്നത്തിന്റെ ഈ വളവില്‍ എവിടേക്കും നീങ്ങാനാവാത്തവിധം താന്‍ കുടുങ്ങിപ്പോയിരിക്കുന്നുവെന്ന്..

 കിടപ്പിലെപ്പോഴോ തോമസ് ഒന്നു കണ്ണടച്ചു തുറന്നപ്പോള്‍ തനിക്കു കടക്കാനോ തൊടാനോ പറ്റാത്ത മറ്റേ അറ്റത്തു നിന്ന് വലിയൊരു ബഹളം കേട്ടു.വിശാലമായ അതിന്റെ അടിഭാഗത്തുനിന്ന് ഒരു ജനക്കൂട്ടം തോമസിനെ നോക്കി എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്.ചരിത്ര പുസ്തകങ്ങളില്‍ 
വായിച്ച മഹാന്മാരും അക്കൂട്ടത്തിലുണ്ട്.ചരിത്രത്തിലെവിടെയും ഇല്ലാത്ത യുവതികളും അമ്മമാരും കുട്ടികളും ആണുങ്ങളും അക്കൂട്ടത്തിലുണ്ട്. തോമസ് വീണ്ടും ഒന്ന് കണ്ണടച്ചു തുറന്നപ്പോള്‍ ആരുമില്ല. ഒരു ശബ്ദവുമില്ല.

 പിറ്റേ ദിവസം  പ്രഭാതം സൂര്യവെളിച്ചത്തെ ജനല്‍‌വഴിയെത്തിച്ച തോമസിന്റെ മുറി ശൂന്യമായിരുന്നു.അവിടെ എപ്പോള്‍ വേണമെങ്കിലും പൊട്ടിമുളയ്ക്കാവുന്ന ഒരു ചോദ്യമുണ്ട്:
തോമസ് നീ എവിടെയാണ്?

എങ്ങനെയെങ്കിലും ജീവിക്കുന്നതിന് ചില ന്യായങ്ങള്‍

ഒരു മൈന സ്വന്തം ശബ്ദങ്ങളുടെ പെന്‍സില്‍ കൊണ്ട് എപ്പോഴും കുത്തി വരയ്ക്കുന്ന ഒരു നീലക്കടലാസാണ് എന്റെ വീടിനു മുകളിലെ ആകാശം.ഞാനവളോട് ചോദിച്ചിട്ടില്ല,കേള്‍ക്കുന്ന വരകളുടെ ചിത്രകാരീ,എന്താണ് നീ എപ്പോഴും കുത്തി വരയ്ക്കുന്നതെന്ന്...
ഒരു പക്ഷിയുടെ ജീവിതം പോലെയല്ലല്ലോ എന്നെപ്പോലെയൊരു മനുഷ്യന്റേത്.അതിന് വേണമെങ്കില്‍ പറക്കാം /പറക്കാതിരിക്കാം.വേണമെങ്കില്‍ കൂടുവെക്കാം/വെക്കാതിരിക്കാം.ഏതുമരത്തിലും എപ്പോഴും പോയിരിക്കാം/പോകാതിരിക്കാം.
ചുരുങ്ങിയ പക്ഷം അതിന് സീരിയല് കാണുകയെങ്കിലും വേണ്ട.ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഉണ്ടായിപ്പോയ എത്ര പ്രത്യയശാസ്ത്രങ്ങളെ ഭയന്ന്,ഭാര്യയോടും കുഞ്ഞുങ്ങളോടും ചെയ്യുന്നത് അനീതിയല്ലേ എന്ന് കുറ്റബോധത്തില്‍ ഉരുകി,രാജ്യത്തോടും സാമൂഹത്തോടും ചെയ്യുന്നത് അക്രമമല്ലേ എന്ന് തപിച്ച്,പാപമല്ലേ വഞ്ചനയല്ലേ ചതിയല്ലേ ആണ്‍കോയ്മയല്ലേ അധികാരമല്ലേ എന്നൊക്കെ വ്യാകുലപ്പെട്ട് അനങ്ങാനോ അനങ്ങാതിരിക്കാനോ പറക്കാനോ പറക്കാതിരിക്കാനോ പാടാനോ പാടാതിരിക്കാനോ പറ്റാത്ത എന്റെ ജീവിതത്തിന് ഒരു മൈനയോടും ഒന്നും ചോദിക്കുക വയ്യ.
അല്ലെങ്കില്‍ ഞാന്‍ ചോദിക്കേണ്ടുന്ന ചോദ്യങ്ങളൊന്നും ഇപ്പോള്‍ എന്നെ ഓര്‍ക്കുന്നില്ല.

പിന്നെപ്പിന്നെ

പിന്നെപ്പിന്നെ
എന്തോ മറന്നു പോയതു പോലെ
എന്ന തലക്കെട്ടില്‍ നിര്‍മിക്കപ്പെട്ട
ഒരു ജീവശില്പമെന്ന് പെരുമാറിത്തുടങ്ങി.
എന്തിന് ,എപ്പോള്‍ എന്നീ കുരുടന്‍ കണ്ണുകള്‍
അങ്ങനെ തന്നെയുണ്ട്
എന്താണ് മറന്നതെന്ന്
ഓര്‍മിക്കാനുള്ള ശ്രമത്തെയാണ്
ജീവിതമെന്ന് ഓമനിച്ചു വിളിക്കുന്നത്
ഒരു മുഴുവന്‍ ഓര്‍മയല്ല,
മുഴുവന്‍ മറവിയുമല്ല;
മറവിയെക്കുറിച്ചുള്ള
അപൂ‍ര്‍ണമായ ഓര്‍മ...

അനിഷ്ടമേ

ദീര്‍ഘകാലത്തെ ദാമ്പത്യജീവിതം കൊണ്ട്
വളിച്ചതും കെട്ടതുമായ ചീര്‍ത്ത ശരീരങ്ങളുള്ള
മനുഷ്യരുടെ ആപ്പീസ് മുറീ
നിന്നിലേക്ക്
മറിഞ്ഞു നോക്കി
തിരിഞ്ഞു നോക്കി
ചരിഞ്ഞു നോക്കി
ആഞ്ഞു ചവിട്ടി
കാറിത്തുപ്പി
കണ്ണു തിരുമ്മി
കോട്ടുവാ വിട്ട്
ഒരനിഷ്ടത്തിന്റെ ഫിലിം റോള്‍
എത്ര രീതിയില്‍ ഓടിച്ചതാണ് ഞാന്‍.

വാടാ അനിഷ്ടമേ വാടാ
എന്ന് മകുടിയൂതി
ഇന്ന് കൊട്ട തുറക്കുമ്പോള്‍
എന്റെ പ്രിയപ്പെട്ട അനിഷ്ടമേ
നീ വെറും ഒരിഷ്ടമായി വന്ന്
ആടിയാടി എന്നെത്തന്നെ കൊത്തിയല്ലോ
ഉളുപ്പില്ലാത്തവനേ...

എടുത്തുവെക്കുന്നത്

നീ കൂടെയില്ലെന്ന സങ്കടം
നിറഞ്ഞു വന്ന നിമിഷം
ലോകത്തെ മായ്ച്ചു കളയുന്ന കാഴ്ച്ചയാണ്
നീ എന്നെങ്കിലും കാണുവാന്‍
ഞാനെടുത്തുവെക്കുന്ന കാഴ്ച്ച.

ചെതുമ്പല്‍

കടല്‍‌വഴികളോര്‍മയില്ല
പിടിക്കപ്പെടുകയും അറുക്കപ്പെടുകയും ചെയ്ത
മീനുകളെയും ഓര്‍മയില്ല
ആരേയും കാത്തിരിക്കുകയുമല്ല
എന്നിട്ടും എന്തു വെളിച്ചമാണീ ചെതുമ്പലുകളില്‍

കാട് മല പുഴ

കാടിനറിയില്ല കാടെന്താണെന്ന്
വിറകു പെറുക്കാന്‍ വരുന്ന പെണ്ണുങ്ങളോടും
ആനക്കൊമ്പൂരാന്‍ വരുന്ന കള്ളന്‍‌മാരോടും
കാട്  ചോദിക്കും കാടെന്താണെന്ന്

മലയ്ക്കറിയില്ല മലയെന്താണെന്ന്
ഉയരം മോഹിച്ചെത്തും ആരോഹകരോടും
മുട്ടിയുരുമ്മി നടക്കുന്ന മേഘങ്ങളോടും
മല ചോദിക്കും മലയെന്താണെന്ന്

പുഴയ്ക്കുമറിയില്ല പുഴയെന്താണെന്ന്
ഒഴുക്കിനെ മുറിച്ചുപോവുന്ന കാലുകളോടും
തന്റെ ഇടുക്കുകളിലും കക്ഷങ്ങളിലും  ഒളിച്ചു കളിക്കുന്ന
മീനുകളോടും പുഴയും ചോദിക്കും പുഴയെന്താണെന്ന്

ഉള്‍ക്കാട്ടില്‍ വെച്ച് കാടിന്റെ ചോദ്യം കേട്ട ചില പെണ്ണുങ്ങള്‍
പൊന്തയോ മരമോ ആയി.
വീട്,കെട്യോന്‍,കുട്ടികള്‍ എല്ലാം അവര്‍ മറന്നുപോയി.
മലമുകളില്‍ കാതുപൊട്ടുന്ന നിശ്ശബ്ദതയില്‍
ചോദ്യം കേട്ട ചെറുപ്പക്കാര്‍ താഴ്വരയിലേക്ക് ചാടിയെങ്കിലും
ഇതേ വരെ താഴെയെത്തിയിട്ടില്ല.
പുഴയുടെ കുറുക്കിയെടുത്ത മൌനത്തില്‍
പതുങ്ങി നില്‍ക്കുന്ന ചോദ്യത്തില്‍ തടഞ്ഞു വീണ യാത്രക്കാര്‍
എവിടെക്കെന്നില്ലാതെ ഇപ്പോഴും ഒഴുകി നടക്കുകയാണ്.

വിജയന്‍ vs വിജയന്‍

കാപ്പിച്ചുള്ളല്‍ പെറുക്കാനും
കറി വെക്കാനൊരു ചക്കയിടാനും
പറമ്പിലേക്ക് പോയതാണ് മാമി.
കാപ്പിയും കുരുമുളകും
നിറഞ്ഞു നില്‍ക്കുന്ന
തണവും മറവുമുള്ള പറമ്പ്.
ചക്ക കുത്തിത്തള്ളിയിടുമ്പോള്‍
കാപ്പിത്തണലില്‍ ഇരിക്കുന്നുണ്ടൊരാള്‍
ആരാദ്? എന്ന് മാമി ചോദിക്കെ
കൊങ്ങിണി വേലിയും ട്രഞ്ചും ചാടിക്കട-
ന്നോടിപ്പോകുന്നയാള്‍.
പാവം വിജയന്‍!
തൂറാന്‍ കുത്തിരിക്ക്ണോടത്ത്‌ന്ന്
എന്നെ കണ്ടോടിപ്പോയി.
എന്ന് മാമി വീട്ടില്‍ വന്ന് പറഞ്ഞതില്‍ പിന്നെ
വിജയേട്ടനെ കാണുമ്പോഴൊക്കെയും
മൂപ്പരെ ഗൌരവോം പ്രമാണിത്തവും വകവെക്കാതെ
പാതി തൂറിയ നിലയില്‍
ഒരു വിജയേട്ടന്‍ കൊങ്ങിണിവേലിയും ട്രഞ്ചും
കുതിച്ചു ചാടി ഓടുന്നു...

ഫ്ലാഷ്

പെട്ടിവണ്ടിയില്‍ നിന്നുപോകുന്ന കുട്ടികള്‍
മുറുക്കെ പിടിച്ചു നില്‍ക്കും
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ
അതിവേഗത്തിലോടുമ്പോള്‍
മറിഞ്ഞുവീഴുമോ എന്ന് ഭയക്കുമെങ്ക്kഇലും
അവര്‍ നിലവിളിക്കില്ല.
അസാമാന്യമായ എന്തോ ചെയ്യുകയാണെന്ന്
അവര്‍ പുറത്തു നില്‍ക്കുന്നവരെ
വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്ചുകൊണ്ടിരിക്കും.
എങ്കിലും നമ്മളത് വിശ്വസിക്കുകയില്ല.
എന്തിന്,ഓര്‍ക്കുക പോലുമില്ല.
ഒരു ഫ്ലാഷ് ന്യൂസ് പോലെ ഏതു കാഴ്ചയെയാണ്
നമുക്ക് ഉപേക്ഷിക്കാനാവാത്തത്.
നമ്മള്‍ ചെറുതായിട്ടല്ലേ
കുട്ടികള്‍ ഉണ്ടായിട്ടുള്ളത്...

എക്കിള്‍

എക്കിള്‍ എന്നത്
നമ്മുടെ ഉള്ളില്‍ കഴിയുന്ന ഒരു ജീവി.
ഗൌരവതരമായ ചില സംഭാഷണങ്ങള്‍ക്കിടയില്‍
നമുക്കും കേള്‍വിക്കാര്‍ക്കുമിടയില്‍
ചാടിവീണ് സംഭാഷണത്തെ കശക്കുന്നു അത്.
ഉടനീളം ഗൌരവം സൂക്ഷിക്കാനാവാത്ത പേരില്‍
പരിഹാസ്യരാവുന്നു നമ്മള്‍.

കുരലുവഴിയുള്ള അതിന്റെ ചാട്ടം നമ്മെ
ചാവി കൊടുത്ത ഒരു യന്ത്രത്തെ പോലെ
ക്ലിപ്തതയോടെ പെരുമാറുന്ന ഒന്നാക്കുന്നു.
കൃത്യമായ ഇടവേളകള്‍ പാലിക്കുന്ന
അതിന്റെ ചാട്ടം നമ്മുടെ നിയന്ത്രണത്തിലല്ല.

ശരീരത്തിന് സ്വന്തം നിലയില്‍ നിയന്ത്രിക്കാനാവാത്തതുകൊണ്ട്
ഇത് ഒരു ആഭ്യന്തരകലാപം എന്ന് ചിലര്‍ തള്ളും.
വിലപ്പെട്ടതെന്നും പവിത്രമെന്നും കരുതുന്ന
ചില കൂടിക്കാഴ്ച്ചകളെ അലങ്കോലപ്പെടുത്തുന്ന
അതിന്റെയീ ഇടപെടല്‍ എങ്ങനെ നാം മറന്നു കളയും?

അറിവിന്റെ ആകൃതിയുള്ള കവിതകള്‍

അറിവിന്റെ ആകൃതിയുള്ള കവിതകളാണ് വിനോദിന്റേത്.അത് രുചി വേണ്ടിടത്ത് കൊഴകൊഴാന്ന് കൂട്ടു നില്‍ക്കുന്നില്ല.സമകാലിക സാഹിത്യ രാഷ്ട്രീയ-രാഷ്ട്രീയേതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കൂട്ടില്‍ അതിന് അംഗത്വം വേണ്ട.ഉണങ്ങിച്ചുളിയുന്നവയെ മിനുക്കി നിര്‍ത്താന്‍ അത് ഉത്സാഹിക്കുന്നുമില്ല.എങ്കിലും കവിതയുടെ ഈ വരണ്ട(DRY) ജീവിതം കവിതയുടേതു മാത്രമാണെന്ന് വിനോദ് വായനക്കാരനെ തിരുത്തുന്നുണ്ട്.എഴുത്തിനേക്കാള്‍ എഴുത്തുകാരന്റെ ജീവിതം തുറിച്ചുനോക്കുന്ന മലയാളിവായനക്കാരനുള്ള ഒരു പ്രഹരം  എന്ന നിലയിലാണ് ഈ കവിത ഞാനാദ്യം വായിച്ചത്.ആ കവിതയുടെ മറ്റു പല മാനങ്ങളും പലരും വെളിപ്പെടുത്തിയതാണ്.

സുഷിരകാണ്ഡത്തില്‍ ഒരു മനുഷ്യന്റെ സ്വര്‍ഗ്ഗാരോഹണശ്രമം കാണാം.നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള തന്റെ നോട്ടത്തിന് തന്റെ തന്നെ നഷ്ടബോധം കരടായി നില്‍ക്കുന്നു.നഷ്ടബോധം എന്ന ഈ കരടിനെ കടക്കാനുള്ള ശ്രമം അതിനെ പാപമോ പുണ്യമോ ആയി പരിണമിപ്പിച്ചേക്കാം.ഈ അപ്രവചനീയതയെ നേരിടുക എന്നത് ലക്ഷ്യങ്ങളുടെ കൃത്യതയുള്ള ഒരാള്‍ക്ക് നിശ്ചയമായും ഒരു പ്രതിസന്ധിയാണ് .ഇത്തരം സന്ദിഗ്ദ്ധതകളിലാണ് വിനോദിന്റെ കവിതകള്‍ പൊതുവെ അഭിരമിക്കുന്നത്.ലോകത്തെക്കുറിച്ച് ധനാത്മകമോ ഋണാത്മകമോ ആയ ഏതു തരം വീക്ഷണമാണ് അവ മുന്നോട്ടുവെക്കുന്നതെന്ന് ഒരു കണക്കെടുപ്പുകാരനെപ്പോലെ നോക്കുമ്പോള്‍ പ്രത്യാശകളുടെ ബാരോമീറ്ററിലെ ഏറ്റവും ചെറിയ അങ്കനങ്ങളിലെവിടെയോ അവ നിശ്ചലമായി നില്‍ക്കുന്നത് കാണാം.ഈ താഴ്ന്ന അങ്കനത്തിലേക്ക് അതിനെ ഇടിച്ചു നിര്‍ത്തുന്നത് അതിനു പൂരകമായത്ര നിരാശകളുടെ ഘനം തന്നെയാവണം.അസാധ്യതകളുടെ വിരസവ്യംഗ്യം എന്ന് ജീവിതത്തെ സൂചന എന്ന കവിതയില്‍ കവി തിരിച്ചറിയുന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.വെളിച്ചം ഇരുട്ടിനെക്കുറിച്ചും കാഴ്ചകള്‍ നിഴലിനെക്കുറിച്ചുമുള്ള സൂചനകളാണ്.പക്ഷേ വെളിച്ചം കൊണ്ട് കാണാനാവില്ല ഇരുട്ടിനെ.നിഴലിനെ നിറം തേച്ച് ചിത്രമാക്കാനുമാവില്ല.അസാധ്യതകള്‍ അസാധ്യതകള്‍ തന്നെ.

ജീവിതത്തെ അത്രയേറെ അപഗ്രഥിക്കുകയും ഉള്‍ക്കാഴ്ചകളിലേക്ക് തുറന്നിടുകയും ചെയ്യുന്ന കവിതകള്‍ ബ്ലോഗിലെങ്കിലും വിനോദിന്റെ മാത്രം പ്രത്യേകതയാണ്.മടക്കവിവരണം എന്ന കവിതയില്‍ ഇതു വരെ വന്നത് അവനവനെ കാണാനാനെന്ന് പറയാതെ പറയുന്നുണ്ട് കവി.തന്നോടു തന്നെയുള്ള തര്‍ക്കമാണ് പലപ്പോഴും വിനോദിനു കവിത.ഒരു താര്‍ക്കികന്റെയോ രസതന്ത്രജ്ഞന്റെയോ കൃത്യത അയാള്‍ എപ്പോ‍ഴും തന്റെ കവിതയില്‍ ആവാഹിക്കാന്‍ ശ്രമിക്കുന്നു.
കണ്ണാടിയില്‍ എന്ന കവിത നോക്കൂ.മൂന്നുകാലങ്ങളിലേക്ക് ഒരു മുഖത്തെ പിടിച്ചുവെച്ചുള്ള നോട്ടമുണ്ടതില്‍.
(പ്രിസം എന്ന കവിത ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു.)കണ്ണാടിയിലെ കാലം നോട്ടം എന്ന അര്‍ഥത്തില്‍ സങ്കീര്‍ണമാവുന്നു.ഒരര്‍ഥത്തില്‍  സങ്കീര്‍ണമായ ലോകത്തെ തന്റെ നോട്ടങ്ങളിലൂടെ  അഴിക്കുകയോ പിരിക്കുകയോ തന്നെയാണ് വിനോദ് കവിതയില്‍ ചെയ്യുന്നത്.ഈ കവിതയ്ക്ക് ലതീഷ് മോഹന്‍ എഴുതിയ ഒരു കമന്റ് പ്രസക്തമായിതോന്നുന്നു.
:latheesh mohan said...
ഭൂതം, ഭാവി,വര്‍ത്തമാനം എന്നിങ്ങനെ സ്ഥലകാലങ്ങളുടെ കെട്ടുപാടില്‍ വിനോദിന്റെ കവിതകള്‍ കുടുങ്ങി പോകുന്നത്, വല്ലാത്തൊരു ഊര്‍ജ നഷ്ടത്തിനും ചെറുപ്പ നഷ്ടത്തിനും ഇടയാക്കുന്നുണ്ടോ എന്നൊരു തോന്നല്‍..

അറിവ് വാര്‍ദ്ധക്യ സഹജമായ ഒന്നായി കരുതിപ്പോരുന്ന ഒരു സാമ്പ്രദായികതയില്‍ വിശ്വസിക്കുക കൊണ്ടാവണം വിനോദിന്റെ കവിതകളില്‍ നമ്മെപ്പോലുള്ള സാധാരണ വായനക്കാര്‍ക്ക്(ലതീഷ് മോഹന്‍ നിശ്ചയമായും ഒരു സാധാരണ വായനക്കാരനല്ല.) ചെറുപ്പത്തെ കാണാന്‍ കഴിയാതെ പോകുന്നത്.

തന്റെ കാലത്ത് മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വരള്‍ച്ച കവി അടയാളപ്പെടുത്തുന്നുണ്ട് ഒഴിവിടത്തെപ്പറ്റിപറഞ്ഞു നോക്കുന്നു എന്ന കവിതയില്‍.എന്തും കെട്ടിപ്പൊക്കാന്‍ ഉറപ്പുള്ള ഉറപ്പുകള്‍/ഇടം/നിരപ്പ് ചെങ്കല്‍ മടയായി മാറുന്നത് വേദനാജനകവും സുപരിചിതവുമായ വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്.ഈ പരിണതി ഒട്ടും ആകസ്മികമല്ലെന്നതാണേറ്റവും വേദനാകരം.

ക്യൂ എന്ന്ന കവിതയ്ക്ക് റോബിയുടെ ഒരു കമന്റ് രസകരമാണ്:
റോബി said...
വിനോദിന്റെ കവിത വായിക്കുന്നത്‌ സിഐഡി പണിയാകണമെന്ന മുന്‍ധാരണയില്‍ ഇന്നലെ ആദ്യം കണ്ടപ്പോള്‍ ബുദ്ധി കൊണ്ടു വായിച്ചു.ഒരിടത്തുമെത്തിയില്ല്ല..:)ഇന്നു രാവിലെ ഒന്നു വായിച്ചപ്പോള്‍ പുതിയൊരു വെളിച്ചം.ഇനി നാളെ ഒന്നു കൂടി നോക്കണം..:)
വായനക്കാരനെ അത്രയെളുപ്പം പരിഗണിക്കുന്നതല്ല ആ കവിതകള്‍.കൌതുകത്തിന് പടച്ചുണ്ടാക്കിയതല്ല അവ.
വിവര്‍ത്തനം എന്ന കവിതയില്‍ ഒരു കൊറിയന്‍ അനുഭവമുണ്ട്.ബാറിന്റെ ചവിട്ടുപടികളിലൊന്നില്‍ ഏങ്ങിക്കരയുന്ന ഒരാള്‍.കിം-മോങ്-ഹൊ എന്നാണ് അയാളുടെ പേര്,ടാക്സി ഡ്രൈവര്‍.അയാള്‍ സൊജുവിന്റേയും സിഗരറ്റിന്റേയും മണം തെറിപ്പിച്ച് പലതും പറഞ്ഞു.ലോകത്തിലെ എല്ലാ മനുഷ്യരും പാവങ്ങളാണ് എന്നായിരിക്കില്ല അയാള്‍പറഞ്ഞതെങ്കിലും കവി അങ്ങനെ മനസ്സിലാക്കുന്നു.ഈ മനസ്സിലാക്കലാവണം വിനോദിനെ കവിയാക്കുന്നത്.(കിം-മോങ്-ഹൊ=എന്തിനാ‍ടാ മോങ്ങുന്നേ എന്ന് ഒരു വായനക്കാരന്റെ വിവര്‍ത്തനം)

വാക്കുകളുടെ പെരുങ്കല്ലുകള്‍ കെട്ടിവെച്ച് ഭാഷയുടെ തണുത്ത ആഴത്തിലേക്ക് കൂപ്പുകുത്തുന്ന കവിത എന്ന് വിനോദ് ഒരു കവിതയില്‍ പറയുന്നുണ്ട്.എന്തെല്ലാം തലങ്ങളാണീയൊരു കാവ്യപ്രസ്താവനയില്‍ ഒളിച്ചിരിക്കുന്നത്?മരണം/മോചനം തന്നെയാണ് കവിത.അത് കേവലമായ ഒരു മരണവുമല്ല.ഉറപ്പിച്ച ഒരു ആത്മാഹുതിയാണ്.മരണത്തിലേക്ക്/മോക്ഷത്തിലേക്ക് ധ്യാനിച്ചും ഇന്ദ്രിയ നിഗ്രഹത്തിലൂടെയും സഞ്ചരിച്ചിരുന്ന സന്യാസപാരമ്പര്യങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് ഇത്.

മലയാളവായനക്കാര്‍ക്ക് ഒരു പുതിയ കാവ്യാനുഭവം സമ്മാനിക്കും വിനോദിന്റെ പുസ്തകം.വിനോദിനും ബുക്ക് റിപ്പബ്ലിക്കിനും എന്റെ ആശംസകള്‍.

അടക്കം

ശവങ്ങളുടെ തണുപ്പു കൊണ്ട്


നിറഞ്ഞ ഒരു പകല്‍

പ്രപഞ്ചത്തെ നിശ്ശബ്ദതയുടെ

പെട്ടിയില്‍ അടക്കം ചെയ്തു;

മരങ്ങളെ നിന്ന നില്‍പ്പില്‍,

കിളികളെ ഇരുന്ന ഇരിപ്പില്‍,

വഴിക്കളെ കിടന്ന കിടപ്പില്‍.

സ്വപ്നങ്ങളുടെ നരകം

അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

പ്രകാശത്തിന്റെ കുറച്ചു

വെളുത്ത പൂവുകള്‍ വിതറി

സൂര്യന്‍ മേഘങ്ങളുടെ

ഒരു കരിങ്കൊടി വെച്ച് തലകുനിച്ചു.

നിലച്ച മിടിപ്പുകള്‍ നക്ഷത്രങ്ങളാവുമെന്ന്

ഒരു മഴവില്ല് എഴുതിവായിച്ചു.

മരത്തലയന്‍

സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍
അയാളുടെ ശിരോദ്വാരങ്ങളിലൂടെ
പൂവുകളും വള്ളികളും പുറത്തേക്ക്
ഇറങ്ങി വന്നു.
കോഴിമുട്ടയുടെ തൊണ്ട് പിളര്‍ന്ന്
കോഴിക്കുഞ്ഞ് വരുമ്പോലെ
തല പൊട്ടിപ്പിളര്‍ന്ന് ചില്ലകള്‍ കൂട്ടിപ്പിടിച്ച്
ഒരു മരത്തല പൊന്തി വന്നു.
സാവകാശം ചില്ലകള്‍ നിവര്‍ത്തി.
രണ്ട് കാലുകളില്‍ അത്
ഈ വഴിയിലൂടെ ഇപ്പോള്‍
നടന്നു പോയി...