gfc

ഒച്ചകളുടെ ഭാണ്ഡം




ഒച്ചകളും കാഴ്ചകളും മണങ്ങളും 
കോര്‍ത്തു കൂവിപ്പായുന്ന ഒരു
തുന്നല്‍ സൂചിയാണ് തീവണ്ടി.ഇന്നലെ വണ്ടിയിറങ്ങുമ്പോള്‍
കോര്‍ത്തെടുത്ത ഒച്ചകള്‍ 
കെട്ടിപ്പൊതിഞ്ഞ ഭാണ്ഡം 
തീവണ്ടി എന്റെ തലയില്‍ വെച്ചു തന്നു.

പിച്ചക്കാര്‍ അതിലിരുന്ന് പാട്ടു പാടി 
കള്ളുകുടിയന്മാര്‍ അതിലിരുന്ന് തെറി പറഞ്ഞു.

തര്‍ക്കങ്ങളും കോട്ടുവായകളും മോങ്ങലുകളും
തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും
അതില്‍ കിടന്ന് വിങ്ങി.ചായ കാപ്പി വെള്ളം ചോറ് ബിരിയാണിയെന്ന്
ചില ഒച്ചകള്‍ പലഭാഗങ്ങളിലേക്ക്
ഞെങ്ങി ഞെരുങ്ങിപ്പോയി.ചിലപ്പോള്‍ മൊബൈല്‍‌വിളിപാട്ടുകളുടെ
കാടിളകി,വര്‍ത്തമാനങ്ങള്‍ പറന്നു.
പരാതികളും പരിഭവങ്ങളും ദീര്‍ഘശ്വാസങ്ങളും
തിരിഞ്ഞും മറിഞ്ഞും കിടന്നു.

വയസ്സന്മാരുടെ മാരകമായ ബഡായികള്‍
ചുറ്റുമുള്ളവരെ അപകര്‍ഷത്തിലാക്കുന്ന
ഉദ്യോഗസ്ഥരുടെ ശമ്പളപ്പേച്ചുകള്‍
ഇക്കണ്ടതല്ല ലോകമെന്ന് വിഭ്രമിപ്പിക്കുന്ന
കൌമാരക്കാരുടെ‍ പുതുലോകകഥകള്‍
എല്ലാം കണക്കാണെന്ന് അവസാനിക്കുന്ന
മധ്യവയസ്കരുടെ‍ രാഷ്ട്രീയചര്‍ച്ചകള്‍

പോകും വഴികളില്‍ നിന്ന് പെറുക്കിയെടുത്ത
ഏതോ സ്റ്റേഷന്‍ പരിസരത്തെ വെങ്കിടേശ സുപ്രഭാതം,

ഏതോ മധ്യാഹ്നബാങ്കുവിളി,
രാജ്യത്തെ തകിടം മറിച്ചുകളയുമെന്ന
പ്രതീതിയുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ,
വിജനമായ മേച്ചില്‍ക്കുന്നുകളില്‍ നിന്നുള്ള
കന്നുകാലികളുടെ ഒറ്റതിരിഞ്ഞ നീളന്‍ പ്രാര്‍ഥനകള്‍
റഫി റഹ്മാന്‍ ലത യേശുദാസ്,

ഒരു രാജ്യത്തിന്റെ അങ്ങേത്തല മുതല്‍ 
ഇങ്ങേത്തല വരെ കൊടുമ്പിരിക്കൊള്ളുന്ന
ശബ്ദങ്ങള്‍ ശബ്ദങ്ങള്‍ ശബ്ദങ്ങള്‍

വയ്യ, ഒറ്റയേറുകൊടുത്തു നഗരനിരത്തിലേക്ക്.
ഒച്ചകളുടെ ഭാണ്ഡം നഗരനിരത്തില്‍ അഴിഞ്ഞുകിടന്നു
ഓരോരോ ഒച്ചകള്‍ ഓരോരോ വഴിക്ക് എഴുന്നേറ്റു നടന്നു.
പെട്ടെന്നൊരു ഗതാഗതതടസ്സത്തില്‍
മുടന്തി നിന്നൂ നഗരം.


അഴിഞ്ഞുകിടന്ന ഭാണ്ഡത്തില്‍
ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ മാത്രം
എവിടേക്കും എഴുന്നേറ്റുപോവാനാവാതെ കരഞ്ഞു.

ഞാനതിനെയെടുത്ത് എന്റെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയപ്പോള്‍ എന്റെ ചെറിയ കുട്ടി
അതവളുടെ കരച്ചിലാണെന്ന് പറഞ്ഞ്
എടുത്തുകൊണ്ടു പോയി.


ഉറക്കത്തില്‍ ഒച്ചകളുടെ ഒരു രാജ്യം കൂവിവിളിച്ച്.
പാളത്തിലെവിടെയോ കൊണ്ടുവെച്ച ബോംബു പോലെ
ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന് എന്റെ ഹൃദയം.
ഒരു തുരംഗപാതയിലേക്ക് കടന്നതുപോലെ
കാഴ്ചകളൊക്കെ മറഞ്ഞ്.

ആരോ ഒരു ശില്പം കൊത്തുന്നതിന്റെ ഒച്ച

ഓരോ കല്ലിനകത്തും മനുഷ്യരുടെ ഒരു കാടുണ്ട്
ചരിത്രത്തില്‍ നിന്നും ഓടുന്നവര്‍ പിന്നെ
കല്ലുകളില്‍ കയറിയിരിക്കുന്നു.
പാറകളുടെ അകംചുവരുകളില്‍ പുറം ലോകത്തെ തിരഞ്ഞ്
അവരുടെ കണ്ണുകള്‍ ഉരസിക്കൊണ്ടിരിക്കും
പാറകള്‍ക്കുള്ളില്‍ പുതുലോകത്തിന്റെ ഒച്ചകളിലേക്ക്
അവരുടെ ചെവികള്‍ ചരിച്ചുവെച്ചുകൊണ്ടിരിക്കും.
ഒരുകൂട്ടം ശില്പികള്‍ ഉളികളും മഴുകളുമേന്തി
പ്രാകൃതരായ വനവേടരെപ്പോലെ കൂവിപ്പൊളിച്ച്
കല്ലുകളിലേക്ക് കൊത്തിയിറങ്ങിപ്പോകും.
പരതിക്കൊണ്ടിരിക്കുന്ന കണ്ണുകള്‍ ,പാര്‍ത്തിരിക്കുന്ന ചെവികള്‍
ഓടിയോടി ചരിത്രത്തില്‍ നിന്ന് പുറത്തായ കാലുകള്‍
തീ പോലെ ഇനിയും കെടാത്ത ചില ഹൃദയങ്ങള്‍
മനുഷ്യര്‍ ‍-മനുഷ്യര്‍ ‍- മനുഷ്യര്‍
ശരിക്കുള്ള മനുഷ്യര്‍ കല്ലുകള്‍ക്കകത്താണെന്ന്
ശില്പികള്‍ പറഞ്ഞുകൊണ്ടിരിക്കും.
അവരുടെ ഭാര്യമാരും മക്കളും മിത്രങ്ങളും
എന്തു നല്ല മനുഷ്യന്മാരായിരുന്നു
ഇനിയിപ്പോ പറഞ്ഞിട്ടെന്താ...എന്ന്
പറഞ്ഞു തുടങ്ങുമ്പോള്‍
ആരോ ഒരു ശില്പം കൊത്തുന്നതിന്റെ ഒച്ച
പരിസരത്തെപ്പോഴും കേട്ടുതുടങ്ങും
അദൃശ്യതയില്‍ അശ്രവ്യതയില്‍ ഒരു ശില്പം
ഉരുവപ്പെടുന്നുണ്ട്.
തെളിവുകളില്ലാതെ ഇക്കാലത്ത് ആരും
ഒന്നും വിശ്വസിക്കുകയില്ല.
നിങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്നു പോലും
ആളുകളെ വിശ്വസിപ്പിച്ചെടുക്കാന്‍ നല്ല പാടാണ്.

കല്ലിനകത്തേക്ക് കൊത്തിക്കൊത്തിക്കയറിപ്പോയ ശില്പി
മനുഷ്യമഹാവനം കണ്ട് അന്തംവിട്ടു.
ആരെയെങ്കിലും ഈ അത്ഭുതം കാണിക്കാന്‍ തിടുക്കപ്പെട്ട്
പുറത്തേക്കിറങ്ങാന്‍ നോക്കി.
കൊത്തിക്കയറിയ വഴി കാണുന്നില്ല.
കല്ലിനകത്തെ മനുഷ്യവനത്തിലൂ‍ടെ
അയാള്‍ വേവലാതിപ്പെട്ട് ഓടി.
കല്ലിനുള്ളില്‍ അകപ്പെട്ട ശില്പി പിന്നെന്തു ചെയ്യും?
കല്ലില്‍ ചെവിചേര്‍ക്കൂ,കേള്‍ക്കാം
അയാള്‍ പുറത്തേക്ക് കൊത്തുന്ന ഒച്ച 

ഓ എന്നാ പറയാനാ

എടാ തോമസുകുട്ടീ
അപ്പനൊണ്ടാരുന്ന കാലം മൊതല് നമ്മളങ്ങനെയാ
നമ്മക്ക് വേണംന്ന് തോന്നിയാ
എന്നാ കൊടുത്തിട്ടാ‍യാലും വാങ്ങിച്ചേക്കും
വേണ്ടാന്ന് തോന്നിയാ അപ്പൊത്തന്നെ
കിട്ടിയ വിലയ്ക്കങ്ങ് വില്‍ക്കും.
കാര്യം കെട്ടിയ പെണ്ണാന്നേലും
എത്ര കാലവാ ഇങ്ങനെ ഒരുമിച്ചു കഴിയുന്നേ
ഈ മനുഷേരൊക്കെ ദാമ്പ്ത്യജീവിതത്തിലെ മടുപ്പ്
മറച്ചുവെച്ച് എങ്ങനെയാന്നോ ജീവിക്കുന്നേ
താത്പര്യവൊള്ള ഒരുത്തനെ കിട്ടിയപ്പോ
ഞാനങ്ങ് കച്ചവടമൊറപ്പിച്ചു
അത്യാവശ്യം നല്ല എടവാടാരുന്നു
എന്നാലും കന്നുകാലിയെപിടിച്ചുകൊടുക്കും‌പോ-
ലങ്ങ് കൊടുക്കാന്‍ പറ്റുവോ?
ഒന്നുമറിയാത്തതുപോലെ നമ്മളങ്ങ് ചെന്ന്
അവക്കടെയടുത്ത് ഒരാരോപണമങ്ങ് കാച്ചി
നിനക്ക് ആ ചങ്ങാതിയോട് പ്രേമമല്യോടീ എന്ന്
ആദ്യവൊക്ക അവളൊന്ന് എതിര്‍ത്തു നോക്കി
പിന്നെപിന്നെ
ഏതായാലും നമ്മടെ കെട്ട്യോനായിട്ട് ഉന്നയിച്ച
ഒരാരോപണവല്ല്യോ
അത് സത്യമാണെന്ന് സ്ഥാപിക്കേണ്ടത് നമ്മടെ
ഉത്തരവാദിത്തമല്ല്യോ
എന്നൊക്കെ അവക്കും തോന്നിക്കാണണം.
അങ്ങനെ അവരു തമ്മില്‍ പൊരിഞ്ഞ പ്രേമമായി
ഒരു ദിവസം നമ്മളറിയാതെ അവളങ്ങ് സ്ഥലം വിട്ടു.
ആദ്യം അതറിഞ്ഞപ്പോ ഒരു സ്വാതന്ത്ര്യം കിട്ടിയ പോലാ തോന്നിയെ.
അവക്കും തോന്നിക്കാണണം.
ഇപ്പോ ഓര്‍ക്കുമ്പോ ചെറിയ സങ്കടം വരുന്നൊണ്ട്
സത്യത്തി ഇപ്പൊഴാ ഞാനവളെ ശരിക്കും സ്നേഹിക്കുന്നെ.
ഇനിയിപ്പോ പറഞ്ഞിട്ടെന്നാ
നീ ഒരു ലാര്‍ജ് കൂടിയൊഴിച്ചേ...

കഫപ്രകൃതി

കഫം കൊണ്ടുള്ള തൊടിയിലെ
കഫം കൊണ്ടുള്ള വീട്ടിലെ
കഫം കൊണ്ടുള്ള ആളെ കണ്ട്
തിരികെ വീടെത്തുമ്പോള്‍
അതാ...
കഫം കൊണ്ടുള്ള തൊടി
കഫത്തില്‍ പെട്ട് മാവുകള്‍ പ്ലാവുകള്‍
കഫത്തില്‍ പെട്ട് തുമ്പികള്‍ പൂമ്പാറ്റകള്‍
കഫത്തില്‍ പെട്ട് ഉമ്മറത്തോട്ടം
കഫത്തില്‍ പെട്ട കാറ്റ് ഇളകിയിളകി
കഫം കൊണ്ടുള്ള ആകാശം
കഫം കൊണ്ടുള്ള വീട്(പഴേ മട്ടിലുള്ളത്)
ചുമരുകള്‍ നേര്‍ത്തു സുതാര്യമായത്
ജനലുകള്‍ തൊട്ടാല്‍ പൊട്ടുന്നത്
വാതിലുമങ്ങനെ
ഭാരക്കുറവു ബാധിച്ചിളകിയിളകി
കണ്ണാടിക്കു മുന്നില്‍ ചെന്നു നില്‍ക്കുമ്പോള്‍
കഫം കൊണ്ടൊരു ഞാന്‍
ഉരുകിയുരുകി നില്‍ക്കുന്നു.

സുപ്രതീക്ഷാമുനമ്പ്

എപ്പോഴും പ്രതീക്ഷയാണ്
കുറച്ചുനേരം സമീപത്തൊന്നും കാണാതായാല്‍
എല്ലാ മുറികളിലും കയറിനോക്കും.
കത്തുകയും വേവുകയും ചെയ്യുന്ന അടുക്കളയില്‍
കളിപ്പാട്ടങ്ങളും മുഷിഞ്ഞ തുണികളും
അരാജകജീവിതം നയിക്കുന്ന മുറിയില്‍
(ആ മുറിയില്‍ കടക്കുന്നത് അവയ്ക്ക് ഇഷ്ടമല്ല.
തങ്ങളുടെ താന്തോന്നിജീവിതത്തിലേക്ക്
എന്തിന് എത്തിനോക്കുന്നുവെന്ന് അവ പുച്ഛിക്കും.
ആ മുറിയില്‍ കയറിയപ്പൊഴെല്ലാം
കയറിവന്നിരുന്നു ഒരു കലഹം.)
ഇരുട്ട് ഒരു വേതാളമായിതൂങ്ങിക്കിടക്കുന്ന
അനാദിമുറികളില്‍
കുളിമുറിയില്‍ കക്കൂസില്‍ തട്ടിന്‍പുറത്ത്
ഓരോമുറിയില്‍ ചെല്ലുമ്പോഴും
മുകളിലേക്ക് നോക്കും
രണ്ടുകാലുകള്‍ തൂങ്ങുന്നുണ്ടോ എന്ന്.
(കല്യാണം കഴിഞ്ഞ കാലം മുതല്‍ ഇങ്ങനെയാണ്
ആരോടെങ്കിലും ഇതു പറയാനാവുമോ?
കുട്ടികള്‍ ഒന്നായി രണ്ടായി മൂന്നായി
പ്രതീക്ഷ ഒട്ടും കുറഞ്ഞിട്ടില്ല.
കുറച്ചുനേരം കാണാതാവുമ്പോള്‍
എപ്പോഴും കൂടെയുള്ള ആ ഒച്ച
കേള്‍ക്കാതാവുമ്പോള്‍
എല്ലാ മുറികളിലും അയാള്‍ ...)

ഇപ്പോള്‍ അയാള്‍ പേടിച്ചുകരഞ്ഞ സ്വപ്നം
ഇങ്ങനെയായിരുന്നു:
അവളെ കാണാനില്ല
കുട്ടികളോട് ചോദിച്ചു
അവര്‍ ഒന്നും മിണ്ടുന്നില്ല.
ശത്രുക്കളെപ്പോലെ നോക്കുക മാത്രം ചെയ്ത്
അവര്‍ തങ്ങളുടെ കളികളിലേക്ക് പിന്‍‌തിരിഞ്ഞു
അവളുടെ ഒച്ചയുമില്ല
ഓരോരോ മുറികളിലായി പരതി
ഒരിടനാഴിയില്‍ ചെന്നു നില്‍ക്കുമ്പോള്‍
അയാളുടെ കാലില്‍ ഒരു തുള്ളിച്ചോര വീണു
സംശയത്തോടെ അതു നോക്കിനില്‍ക്കുമ്പോള്‍
എല്ലായിടത്തും ഇറ്റുവീഴുന്നുണ്ട് ചോര
എല്ലാ മുറികളിലും മച്ചില്‍ നിന്ന് ചോര പെയ്യുന്നു.
മുകളിലേക്ക് നോക്കുമ്പോള്‍
മച്ചായി പരന്നുകിടക്കുന്നത് അവളാണ്.
ഒരറ്റത്ത് അവളുടെ തല താഴേക്ക് തൂങ്ങി നില്‍ക്കുന്നു

ഒരു സ്വപ്നം കണ്ടതുകൊണ്ട് അയാളുടെ പ്രതീക്ഷയ്ക്ക്
വല്ല കുറവുമുണ്ടാവുമോ?
ആകെയുള്ള ഒരു പ്രതീക്ഷയും യാഥാര്‍ഥ്യമായി (ഇനി
എന്താണൊരു പ്രതീക്ഷ!)
എന്ന് വിശ്വസിച്ചിട്ടാവുമോ
അയാള്‍ പേടിച്ചുകരഞ്ഞത്...