gfc

മുങ്ങല്‍

വിശപ്പിന്റെ വിളക്കുമരം പറയുകയാണ്
നിന്റെ ശരീരം ഈ തീരത്തുണ്ടെന്ന്.
പ്രണയത്തിന്റെയും ആധിയുടേയും
കൊടുങ്കാറ്റുകള്‍ വരുത്തിയ കപ്പല്‍ക്കെടുതിയില്‍
വേര്‍പെട്ട അതിന്റെ ആത്മാവ്
അത് വിശ്വസിക്കാതെ
തിരകളില്‍ ചാഞ്ചാടുകയാണ്.
ശരീരത്തെ അത് തിരയുന്നില്ല.
ശരീരത്തിന് അതിനെ തിരയാന്‍ കെല്‍പ്പുമില്ല.
വേര്‍പെട്ട ഈ കൂട്ടുകാരെ ഒന്നിപ്പിക്കുന്ന
ആ യാനം .....ജീവിതം,അതെവിടെ?
തകര്‍ന്നിരിക്കുന്നു...!
അന്വേഷണങ്ങളെ പരിഹസിച്ചുകൊണ്ട്
ആഴങ്ങളിലേക്ക് അപ്രത്യക്ഷമായിരിക്കുന്നു.

രക്ഷ

മഴയില്‍ നിന്ന് ഒരു കുടയെ
ആരാണ് രക്ഷിക്കുക?
(കുടയ്ക്ക് പനിയും ജലദോഷവും വന്നാല്‍ ...)
തീയില്‍ നിന്ന് ഒരു വിളക്കുതിരിയെ
ആരാണ് രക്ഷിക്കുക?
കല്ലും മുള്ളും തറച്ചുകരയുന്ന
ഒരു ചെരുപ്പിനെ ആരാണ് രക്ഷിക്കുക?
കയറിന്റെ പിടിയില്‍ നിന്ന്
ഒരു തൊട്ടിയെ ആരാണ് രക്ഷിക്കുക?
പ്രതിബിംബങ്ങളില്‍ നിന്ന്
ഒരു കണ്ണാടിയെ ആരാണ് രക്ഷിക്കുക?
കണ്ണുകളില്‍ നിന്ന് കാഴ്ച്ചകളെ
ആരാണ് രക്ഷിക്കുക?
ആര് രക്ഷിച്ചാലും കുഴപ്പമില്ല;
ഞാന്‍ രക്ഷിക്കില്ല.

ദാഹം

സങ്കടങ്ങളുടെ പച്ചക്കിണറേ
ഒരുതൊട്ടിവെള്ളം ,അതുമാത്രം
ഞാനെടുക്കാം.
അതുമുഴുക്കെ കുടിക്കാം.
ഇല്ലെങ്കില്‍ ,സങ്കടങ്ങളോടുള്ള
എന്റെ ദാഹം തീര്‍ന്നു പോയെങ്കിലോ..

2007മാര്‍ച്ച് 18

നായക്കുട്ടിയും ചട്ടക്കാരും

ചട്ടക്കാരന്‍ :നായക്കുട്ടീ,നായക്കുട്ടീ
എന്തിനാണിങ്ങനെ തലകുത്തിമറിയുന്നത്?
തല താ‍ഴോട്ടും കാലുകള്‍ മുകളിലോട്ടുമാക്കി
ഇങ്ങനെ നില്‍ക്കുന്നത്
ചട്ടവിരുദ്ധമല്ലേ?

നായക്കുട്ടി :ചട്ടക്കാരാ,ചട്ടക്കാരാ
ചങ്ങലയിടുന്നതിനു മുന്‍പ്,
അതിനു മുന്‍പെങ്കിലും
ഈ സ്വാതന്ത്ര്യത്തെ ഞാനൊന്ന്
ആഘോഷിച്ചോട്ടെ.
ലോകത്തെ വിവിധ ആംഗിളുകളില്‍
നോക്കിക്കാണാന്‍
നായക്കുട്ടിയെ നീ അനുവദിക്കേണമേ

(അപ്പോള്‍ രമണന്‍ എന്ന ഗ്രാമീണ നാടകീയകാവ്യത്തില്‍ നിന്ന്
രണ്ടു വരികള്‍ പിന്നണിയിലിരുന്ന് ഒരു നവോത്ഥാനബുദ്ധി ഇങ്ങനെ പാടി
:
പാടില്ല,പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചേയ്തു കൂടാ
...’)

ചട്ടക്കാരന്‍ 1:വിവിധ ആംഗിളുകളില്‍ ലോകത്തെ
കാണുന്നത് നിന്റെ കാഴ്ച്ചയെ തകിടം മറിക്കും നായക്കുട്ടീ.
തകിടം മറിഞ്ഞ കാഴ്ച്ചകളുമായി തളയ്ക്കപ്പെടാന്‍
നിനക്ക് സമ്മതമാണോ.


ചട്ടക്കാരന്‍ 2:അങ്ങനെ ലോകത്തെക്കുറിച്ചുള്ള
കാഴ്ച്ചപ്പാടു മാറി നീയൊരു
കാഴ്ച്ചപ്പാടായ് മറും.

നായക്കുട്ടി:ഒരേ ആകാശത്തെ എട്ടു ദിക്കുകളില്‍ നിന്ന് നോക്കിക്കാണാത്ത പൊട്ടാ
നിനക്കെന്തിനാണ് ചങ്ങല.സ്വയം ഒരു ചങ്ങലയുണ്ടാക്കി,സ്വയം കഴുത്തിലണിഞ്ഞ്
സ്വയം കുറ്റിയില്‍ തളച്ച് ഉറക്കെയുറക്കെ കുരച്ചോളൂ...
ബൌ...വൌ...
എനിക്കും മാണം സ്വാതന്ത്ര്യം...


ചട്ടക്കാരന്‍ 1:ഒരു നായക്കുട്ടിക്ക് തിന്നുക,ഉറങ്ങുക,കുരയ്ക്കുക
തുടങ്ങിയ ഏതാനും കാര്യങ്ങളേ അനുവദനീയമായിട്ടുള്ളൂ.

ചട്ടക്കാരന്‍ 2:നിന്റെയീ തലകുത്തിനില്‍പ്പ്
വരും തലമുറകള്‍ പാഠപുസ്തകമാക്കി
പുറത്തിറക്കിയാല്‍
പിഴച്ചു പോവുന്നത്
ഒരു കുലമാണ്...കുലം.


ചട്ടക്കാരന്‍ 1:അതുകൊണ്ട് നായക്കുട്ടീ
നീ പിന്‍ തിരിയണം.
(ഇപ്രകാരം നായക്കുട്ടിയെ വീണ്ടും വീണ്ടും ഉത്ബോധിപ്പിച്ചുകൊണ്ടിരുന്ന
ചട്ടക്കാര്‍ക്ക് വിവിധ ആംഗിളുകളില്‍ തലകുത്തിനിന്ന് ഫോട്ടോകള്‍ എടുത്ത്
ഒരു ആല്‍ബമുണ്ടാക്കി നായക്കുട്ടി സമ്മാനമായി കൊടുക്കുന്നു.
പശ്ചാത്തല സംഗീതം. . ആല്‍ബ്ബം മറിച്ചു നോക്കി മറിച്ചു നോക്കി
വിറളി പിടിച്ച ചട്ടക്കാര്‍...)

ചട്ടക്കാരന്‍ 1&2:(കണ്ണുരുട്ടുന്നു... )
ചട്ടക്കാരന്‍ 1&2:(മീശ ചുരുട്ടുന്നു )
ചട്ടക്കാരന്‍ 1&2:(കത്തിയൂരുന്നു... )

(പ്രയോജനമില്ലെന്നു കണ്ട് ഒടുവില്‍ ...
ഒടുവില്‍ ... ഒടുവില്‍ ...
ചട്ടക്കാര്‍ തലകുത്തിമറിയുന്നു.)

ചട്ടക്കാരന്‍ 1&2:ഹൌ ...തലകുത്തി നിന്നപ്പോള്‍ കണ്ട ലോകം...
(ഒരു മിന്നായം പോലെ ചട്ടക്കാരെ ആ കാഴ്ച്ച പിടിച്ചു നിര്‍ത്തുന്നു.
വീണ്ടും വീണ്ടും തലകുത്തി നില്‍ക്കുന്നു.)

ചട്ടക്കാരന്‍ 1&2:ഈ ലോകം എത്ര വേഗമാണ് വ്യത്യാസപ്പെടുന്നത്...!
നായക്കുട്ടീ നീ നേരെയാണല്ലോ നില്‍ക്കുന്നത്....!

ജീവിതകാലം

ജീവനുള്ളത് അധിക കാലം ജീവിക്കുന്നില്ല.
ജീവനില്ലാത്തവ കൂടുതല്‍ ജീവിക്കുന്നു.
ബാക്കി വന്ന എല്ല്,പല്ല്,മുടി,നഖം
തുടങ്ങിയവ ഇതാണ് പറഞ്ഞിരുന്നത്.

വഴി

ചത്തവന്റെ ഇറച്ചി പൂക്കുന്ന മരങ്ങളേ
കൊന്നവന്റെ കത്തിത്തല കാട്ടുന്ന വെയില്‍ക്കയ്യുകളേ
ഈ വഴിക്കു മുകളിലെ നീലാകാശം
ഒരു പിശാചമുഖമായി വലിഞ്ഞുമുറുകുന്നതും
ദംഷ്ട്രകള്‍ നിറഞ്ഞ വായ തുറന്ന്
എന്റെ തലയ്ക്കുനേരെ വരുന്നതും
എത്ര നിശ്ശബ്ദമായാണ്.
എന്റെ നെഞ്ചിന്റെ ജനാല ഇപ്പോള്‍ തുറക്കും
അതില്‍ നിന്ന് പക്ഷികള്‍ , പഴുതാരകള്‍,പാമ്പുകള്‍
കുരങ്ങുകള്‍ എല്ലാം ഈ വേനലിലേക്കിറങ്ങും.
ഒരു കൊലപാതകത്തിന്റെ സാക്ഷ്യം പറയാന്‍

പുതിയ കാഴ്ചകള്‍

ഈ ലക്കം തര്‍ജ്ജനിയില്‍ എന്റെ ഒരു കവിതയുണ്ട്.
കാണേണ്ടവര്‍ക്ക് ലിങ്ക് ഇതാ.

പുണ്യശ്ലോകന്‍

ഞാന്‍ പുണ്യശ്ലോകന്‍.
എനിക്ക് 16009 കാമുകിമാരുണ്ടായിരുന്നു.
കൃത്യം കണക്കാണ്(16008 അല്ല)
ഒന്നാമത്തവള്‍ രാധ
രണ്ടാമത്തവള്‍ ത്രേസ്യാക്കുട്ടി
മൂന്നാമത്തവള്‍ നജ്മുന്നിസ
നാലമത്തവള്‍....

ഒന്നാമത്തവളെ ഒരു ദിവസം
വിശന്നപ്പോള്‍ പുഴുങ്ങിത്തിന്നു.
രണ്ടാമത്തവളെ കണ്ണുകെട്ടിക്കളിക്കുന്നതി
നിടയില്‍ കൊക്കയിലേക്ക് തള്ളിയിട്ടു.
മൂന്നാമത്തവളെ സ്നേഹം കൊണ്ട്
ശ്വാസം മുട്ടിച്ചാണ് കൊന്നത്.
നാലമത്തവളെ ചുവന്ന തെരുവില്‍
വിറ്റ് രണ്ട് ലാര്‍ജ് വീശി.
അഞ്ചാമത്തവളുടെ ഉടുപുടവയ്ക്ക്
തീ കൊളുത്തി ,കത്തിത്തീരുന്നതു കണ്ട്
ആനന്ദിച്ചു.
ആറാമത്തവളുടെ തൊണ്ട പിളര്‍ത്തി
വിഷമൊഴിച്ചു.
.............................................
ഒടുക്കത്തവള്‍ ബ്രേക്ക് നഷ്ടപ്പെട്ട
ആ വണ്ടിയില്‍ മരണത്തിലേക്ക്
കുതിക്കുകയാണ്.

ഇനി ഞാനൊന്ന് വിലപിക്കട്ടെ:
ദൈവമേ,ഞാനിനി ആരെ സ്നേഹിക്കും?
എനിക്കാരുമില്ലല്ലോ...

(25-4-2000)