gfc

നോക്കിനോക്കി നില്‍ക്കുമ്പോള്‍

.അനേകം വേട്ടക്കാരില്‍

ഒരുവന്‍ മാത്രമാണ് ഞാന്‍

ഞങ്ങള്‍ ഓടുകയാണ്

ഞങ്ങളുടെ നായ്ക്കള്‍

കുരച്ചുകൊണ്ട് മുന്നില്‍

കാടുകള്‍ക്കും തോട്ടങ്ങള്‍ക്കുമിടയിലൂടെ

ഞങ്ങളുടെ ഓട്ടം.

ഞങ്ങളുടെ കൈയില്‍

നെടുങ്കന്‍ വില്ലുകള്‍

അമ്പുറയില്‍ അമ്പുകള്‍

ഞങ്ങള്‍ ഒരേതരത്തില്‍

ഒച്ചയുണ്ടാക്കി ഓടുന്നു

ഞങ്ങളുടെ ബലിഷ്ഠമായ കാലുകള്‍

എല്ലാ മുള്‍പ്പൊന്തകളേയും

ചവിട്ടി ഓടുന്നു

ചാവക്കാടുകളില്‍ നിന്ന്

മുയലുകള്‍ പിടഞ്ഞോടുന്നു

ഞങ്ങളുടെ നായ്ക്കള്‍

ഏതുമുയലിനെയും പിടിക്കും

അവ മണത്തുമണത്തു കണ്ടെത്തുന്നു

അവ മുയലുകളെ ഓടിച്ചോടിച്ച് തളര്‍ത്തുന്നു

വില്ലുകളില്‍ നിന്ന് അമ്പുകള്‍ പാഞ്ഞുപോവുന്നു

കാട്ടുമുയലുകള്‍ പിടഞ്ഞുവീഴുന്നു



ഞങ്ങള്‍ മല കയറുന്നു

ഞങ്ങളുടെ കൈയില്‍ വില്ലുകള്‍

പിടിക്കപ്പെട്ട മുയലുകള്‍

ആര്‍പ്പുവിളികള്‍

അമ്പുകുത്തിമലയുടെ ന്ന അരികിലൂടെ

ഞങ്ങള്‍ കയറിക്കയറിപ്പോവുകയാണ്.

കാടുമുഴുവന്‍ താഴ്വരയില്‍

ഞങ്ങളെ നോക്കിനില്‍ക്കുകയാണ്

അനേകം പാടങ്ങള്‍ക്കും വീടുകള്‍ക്കുമപ്പുറത്തുള്ള കുന്നില്‍

നിങ്ങളും നോക്കിനില്‍ക്കുകയാണ്

നിങ്ങള്‍ അഞ്ചുപേരും നോക്കി നില്‍ക്കുകയാണ്

പക്ഷേ നിങ്ങള്‍ ഞങ്ങളെ കാണുന്നില്ല

കാരണം,ഞങ്ങള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ

ഒരു ദിവസമാണ് ഇങ്ങനെ മലകയറിപ്പോകുന്നത്.

കഴിഞ്ഞുപോയ സമയങ്ങളിലേക്ക്

നിങ്ങളുടെ കണ്ണുകള്‍ കുതിരയോടിച്ച് പോകുന്നു

കാടുകളും കാട്ടുപുഴകളും കടക്കുന്നു

മലയതിരില്‍ ഞങ്ങളുടെ വരി കാണുന്നു

നിങ്ങളുടെ കുന്നിന്‍പുറത്തിരുന്ന്

വിസ്മയത്തോടെ കാണുന്നു

മലയതിരിലൂടെ ഞങ്ങള്‍ നടന്നുപോവുന്നു

ഞങ്ങളുടെ കൈയില്‍ വില്ലുകള്‍

ഞങ്ങളുടെ കൈയില്‍ തൂക്കിപ്പിടിച്ച മുയലുകള്‍

നടന്നു തീരാത്ത ഞങ്ങള്‍

ഞങ്ങളുടെ ബലിഷ്ഠമായ കാലുകള്‍

നിങ്ങള്‍ ഞങ്ങളെത്തന്നെ നോക്കിനോക്കി നില്‍ക്കുന്നു

അങ്ങനെ നിന്ന നില്‍പ്പില്‍

ഞങ്ങള്‍ നിങ്ങളുടെ നേരെ ഓടിവരുന്നതു കാണുന്നു

നിങ്ങള്‍ അഞ്ചുപേരും കൂടുതല്‍ വിസ്മയത്തിലാവുന്നു

ഞങ്ങള്‍ ഓടി വരുന്നു

ഞങ്ങളുടെ വേട്ടനായ്ക്കള്‍ മുന്നില്‍ കുതിച്ചുവരുന്നു

ഞങ്ങളുടെ ചെകിടടപ്പിക്കുന്ന ആര്‍പ്പുവിളികള്‍

നിങ്ങളുടെ അടുത്തേക്ക് വരുന്നു

ഓടുമ്പോള്‍ വികസിക്കുന്ന ഞങ്ങളുടെ നെഞ്ച്

രക്തം കുതിക്കുന്ന ഞരമ്പുകളുള്ള കാലുകളുടെ പാച്ചില്‍

നിങ്ങളുടെ അടുത്തേക്കടുത്തേക്ക് വരുന്നു

ചാവക്കാടുകള്‍ക്ക് മീതെ കുറേ കൈകളും

കാലുകളും നായ്ക്കളും മാത്രം പാഞ്ഞുവരുന്നു ഇപ്പോള്‍..

ഒന്നൊന്നായി അമ്പുകള്‍ വന്നുതറയ്ക്കുന്നു നിങ്ങളെ

പാറയുടെയോ മരങ്ങളുടെയോ ജലാശയത്തിന്റെയോ

പ്രാചീനമായ ഒരു ജൈവഗന്ധം നിങ്ങളെ മൂടുന്നു

നായ്ക്കള്‍ കുരച്ചും മണത്തും നിങ്ങളുടെ ചുറ്റും നടക്കുന്നത്

ബോധമില്ലാഞ്ഞിട്ടും നിങ്ങള്‍ അറിയുന്നു..

പഴയമട്ടില്‍ ഒരു കവിത

രാത്രി എത്ര കെട്ടിപ്പിടിച്ചാലും
പ്രഭാതം പിടിവിടുവിച്ച് ഉണര്‍ന്ന് എഴുന്നേല്‍ക്കും
മുറ്റം തൂക്കും ,ചായ വെക്കും
കിളികളുടെ പാട്ട് വെക്കും’
എല്ലാ ഇലകളും മഞ്ഞ് വീഴ്ത്തി കഴുകിവെക്കും
വഴിയോരങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍
പൂക്കളെ വിടര്‍ത്തിനിര്‍ത്തും
... എല്ലാം ഒരുക്കിവെച്ച്
തണുത്ത കാറ്റിന്‍ കൈകളാല്‍
തലോടി വിളിക്കും

വിളികേട്ട് ഉണര്‍ന്നവന്‍
സുന്ദരമായ പ്രഭാതത്തിലൂടെ
ബൈക്കെടുത്തു പോവുന്നു
കിളിയൊച്ചകള്‍ അവനെ വരവേല്‍ക്കുന്നു
പൂക്കളുടെ ചിരികള്‍ അവന്‍ എറ്റുവാങ്ങുന്നു
പ്രഭാതസവാരിക്കു പോവുന്ന സുഹൃത്തിനോട്
ഒന്നോ രണ്ടോ പറഞ്ഞ് കുത്തിമലര്‍ത്തി
ബൈക്കില്‍ ചീറിപ്പാഞ്ഞുപോകുന്നു

ഒരു വാഹനവും വരാത്ത റോഡിന്റെ കറുത്ത വിരിപ്പില്‍
ചോരയുടെ ചുവന്ന പൂവുകള്‍ നെഞ്ചത്തുവെച്ചുള്ള
അയാളുടെ അവസാനത്തെ ഉറക്കത്തിനുപോലും
ഈ പ്രഭാതത്തിന്റെ ഭംഗി കെടുത്തരുതെന്നുണ്ട്
കിളികള്‍ പാട്ടുനിര്‍ത്തുന്നില്ല.
പൂക്കള്‍ അവയുടെ നിഷ്കളങ്കമന്ദഹാസം
അവസാനിപ്പിക്കുന്നില്ല
കാറ്റിന്റെ ഒന്നും സംഭവിച്ചിട്ടില്ലെന്ന
തണുത്ത തലോടല്‍ എല്ലായിടത്തുമുണ്ട്.

നഗരമേ...

എന്തും സംഭവിക്കാവുന്ന ആ രാത്രി

എന്തെങ്കിലും സംഭവിപ്പിക്കുന്നതിനുവേണ്ടി

ഉറങ്ങിക്കിടക്കുന്ന ഗ്രാമത്തിലെ

എല്ലാ വീടുകളില്‍ നിന്നും

എല്ലാ മനുഷ്യരുടെയും

നാവുകള്‍ പുറത്തേക്ക് നീണ്ടു നീണ്ടു വന്നു.

വാതിലോ ജനാലയോ തുറന്ന്

പുറത്തേക്ക് എത്തിനോക്കി.

‘പൂമുഖക്കിളിവാതില്‍ അടയ്ക്കുകില്ല

കാമിനീ നിന്നെ ഞാന്‍ ഉറക്കുകില്ലാ’

എന്നൊരു റേഡിയോ ഗാനം വെച്ച് ആരോ അപ്പോള്‍

ഉറങ്ങിപ്പോയിരുന്നു

അത് കേട്ട് അവയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു

നേരിയ നിലാവില്‍

കയറിയിറങ്ങുന്ന കാറ്റ് അതിലൊന്നിനെക്കണ്ട്

കുറച്ചുനേരം മിണ്ടാതായി.

മരങ്ങളെക്കണ്ടും നിലാവു കണ്ടും കൊതിപൂണ്ട

അവ സ്വന്തം വീട്ടുമുറ്റത്തെ വിജനതയില്‍

സര്‍പ്പിളാകൃതിയില്‍ മുകളിലേക്ക്

വളഞ്ഞുവളഞ്ഞുയര്‍ന്ന്

പുതിയതരം ഒരു മരമെന്ന് നടിച്ചു

അവയുടെ മുകളറ്റത്തെ കൂര്‍പ്പില്‍

നിലാവ് ഒലിച്ചിറങ്ങി ഉമിനീരില്‍ചേര്‍ന്നു.

നാവുമരങ്ങള്‍ ഒന്നൊന്നായി

അഴിഞ്ഞടിഞ്ഞ് ഇരുട്ടിലേക്ക് നീണ്ടു തുടങ്ങി.

നീളുവാന്‍ ഒരു വിചാരമേ വേണ്ടിയിരുന്നുള്ളൂ.

അവയാവട്ടെ എത്രയോ കാലമായി

ഇങ്ങനെയൊക്കെ വിചാരിക്കുന്നു

കാണുന്ന വീടുകളിലും മരങ്ങളിലും

അവ ചുറ്റിപ്പിടിച്ചുകയറി

ദൂരത്തുള്ള കുന്നുകളുടെ കറുത്ത അരികുകള്‍

നക്കിയെടുത്തു

പേടിയില്ലാതെ ഒറ്റയ്ക്ക് അലഞ്ഞുനടന്ന മേഘങ്ങളെ

പിടിച്ച് ഉമിനീരില്‍ അലിയിച്ചുകളഞ്ഞു

പാടത്തും വഴിപ്പുല്ലുകളിലും തുപ്പല്‍‌പത വീഴ്ത്തി

അവ നഗരത്തെ തിരഞ്ഞുചെന്നു

പലവഴിക്ക് നീണ്ടുവന്ന നാവുകള്‍

തെരുവുകളില്‍ചുറ്റിപ്പിണഞ്ഞ് ഇണചേര്‍ന്നു

മഞ്ഞവെളിച്ചത്തിന്റെ നിസ്സഹായത

എല്ലായിടത്തും കായ്ച്ചുനിന്നിരുന്നു

ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ

നക്കിയുറക്കിയോ ചുറ്റിപ്പിടിച്ച് വലിച്ചെറിഞ്ഞോ

നഗരമരങ്ങളിലേക്ക് അവ പടിപടിയായി

ഇഴഞ്ഞിഴഞ്ഞ് കയറി

ഫ്ലാറ്റുകളില്‍ ഉറങ്ങുന്ന ചീര്‍ത്തതും ചുവന്നതുമായ

മനുഷ്യരെ അവ നക്കിത്തോര്‍ത്തി.

ആ മനുഷ്യരാവട്ടെ അഗാധനിദ്രയില്‍

ഫ്ലാറ്റുകളില്‍ നിന്ന് താഴേക്ക് വീഴുന്ന ഒരു സ്വപ്നത്തില്‍

പെട്ടുപോയി.

നഗരത്തിലെ എല്ലാ മനുഷ്യരും

ഒരേ സമയം

വളരെ   സാ  വ   കാ    ശം

ഫ്ലാറ്റുകളില്‍ നിന്ന്

താഴേക്ക് വീഴുന്നു

മറ്റുള്ളവരുടെ വീഴ്ചകള്‍ കൂടി

അവര്‍ക്ക് കാണാനാവുന്നു.

അവര്‍ ഒരിക്കലും താഴെ എത്തിച്ചേരുന്നതേയില്ല.

താഴെ

കോടിക്കണക്കിന് നാവുകള്‍

പാമ്പുകളെപ്പോലെ ഇഴഞ്ഞുനടക്കുന്നു

താഴേക്ക് തലകുത്തിവീഴുന്ന അവരെ

കൊത്തിവിഴുങ്ങാന്‍ അവയെല്ലാം ഒന്നായി

ഉയര്‍ന്നുവന്ന് നഗരമേ എന്ന്  പൊളിക്കുന്നു.