gfc

കുടല്‍ക്കരെ

കൃമികള്‍ അവ കഴിഞ്ഞുകൂടുന്ന
ശരീരത്തെക്കുറിച്ച് വല്ലതും ചിന്തിക്കുമോ?
എന്റെയീ വയറിനകത്ത് മടങ്ങിമടങ്ങിക്കിടക്കുന്ന
കുടലിന്റെ ഉള്‍പ്പേശികളില്‍ അരിച്ചുനടക്കുന്ന കൃമികള്‍
എന്റെ ഒറ്റക്കവിതയും ഇന്നേവരെ വായിച്ചിട്ടില്ല.
ഞാനാ‍ണ് അവയുടെ അന്നദാതാവ് എന്ന വിചാരം പോലും
അവയ്ക്കുണ്ടാവില്ല.
ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പങ്കുപറ്റി
അവ വളരുന്നു അര്‍മാദിക്കുന്നു ഇണചേരുന്നു പെരുകുന്നു
കുടല്‍ ഒരു ദേശമാണെന്ന് അവ കരുതുന്നു..
കാലാകാലങ്ങളില്‍ മഴയും വെയിലും കിട്ടുന്നതുപോലെ
ഭക്ഷണവും വെള്ളവും അവരുടെ ദേശത്തേക്ക് ഇറങ്ങിവരുന്നു.
എന്റെ ഉത്ഭവം അവരുടെ ചരിത്രപുസ്തകത്തില്‍ കാണില്ല.
ഞാന്‍ മരിച്ചുകഴിഞ്ഞാലും ദിവസങ്ങള്‍ കഴിഞ്ഞേ എന്റെ മരണം
അവ സ്ഥിരികരിക്കൂ.
എന്റെ സമ്പത്തോ തൊഴിലോ വിദ്യാഭ്യാസമോ
എന്തെന്ന് അവയ്ക്കറിഞ്ഞുകൂടാ.
എന്റെ രതിയോ ശരീരാധ്വാനമോ മനപ്രയാസങ്ങളോ
അവയെ അലട്ടുന്നില്ല.
സദ്യകളുടേയും ഉപവാസങ്ങളുടെയും നാളുകളില്‍ മാത്രം
ഈ കുടലിനപ്പുറത്തെന്താണെന്ന് അവ കുടല്‍ക്കരയിലിരുന്ന്
ആലോചിക്കും...
അവയ്ക്കും കാണില്ലേ തലച്ചോറ്?

അവ പാര്‍ക്കുന്ന ഈ ദേശം ഒരു ശരീരമാണെന്നതുപോലെ
നാം പാര്‍ക്കുന്ന ഈ ദേശം ആരുടെ ശരീരമാണ്?
അവിടേക്ക് സമയാസമയങ്ങളില്‍ ഇറങ്ങിവരുന്ന
അരിച്ചാക്കുകള്‍ പച്ചക്കറികള്‍ ഇന്ധനങ്ങള്‍ മരുന്നുകള്‍
വൈദ്യുതകാന്തിക തരംഗങ്ങള്‍ യുദ്ധോപകരണങ്ങള്‍ എല്ലാം ആരുടെ മായാജാലമാണ്?
അവിടേക്ക് ഇറങ്ങിവന്ന കൊടിതോരണങ്ങളിലും
അദൃശ്യമായ പ്രസ്ഥാനങ്ങളിലേക്ക് ചേര്‍ത്തൊട്ടിക്കുന്ന
ഭയപ്പശയിലും എപ്പോഴാണ് നാം വഴുതിവീണത്?
ആരാണ് ഇവിടേക്ക്നമുക്കുവേണ്ടാത്ത വിഷവാതകങ്ങളും ദ്രാവകങ്ങളും
വീണ്ടും വീണ്ടും തുറന്നുവിടുന്നത്?
നമ്മുടെ വിലയില്ലാത്ത ചാവുകള്‍ക്കുമുകളില്‍
വീണ്ടും വീണ്ടും വന്നു വീഴുന്ന ഭക്ഷണമെന്താണ്?
പകുതിവെന്ത വാര്‍ത്തകള്‍ക്കു മുകളില്‍ വീഴുന്ന പകുതിവെന്ത വാര്‍ത്തകളോ
അന്യദേശങ്ങളുടെ മാലിന്യങ്ങളോ കൂട്ടക്കുരുതികളോ ആത്മഹത്യകളോ അപമാനങ്ങളോ
ആഘോഷങ്ങളുടെയും ആര്‍ഭാടങ്ങളുടെയും അലര്‍ച്ചയോ?
എന്തൊരു തിരക്കു പിടിച്ചതാ‍ണീ ലോകം
എന്നൊരു പരസ്യവാചകം പെട്ടെന്ന് പടരുന്നുണ്ട്.
തല ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു പഴുതുപോലുമില്ലെങ്കില്‍
എങ്ങനെയാണ് ഒരു കൃമി ചിന്തിക്കുക കുടലേ?
ഈ കുടല്‍ക്കരയിലിരുന്ന് ചിന്തിച്ചാല്‍
എത്ര ഉയരത്തില്‍ പൊങ്ങും നമ്മുടെ ചോദ്യങ്ങള്‍ ?
ചിന്തിക്കാന്‍ ആവതില്ലാത്തതുകൊണ്ടാവുമോ
ഞാന്‍ നിങ്ങളിലേക്കും നിങ്ങള്‍ എന്നിലേക്കും
ഒന്നും ചിന്തിക്കാതെ ആര്‍ത്തിപിടിച്ച് ഇങ്ങനെ അരിച്ചുകയറുന്നത്?

പുള്ളിസ്സാരി










വെയിലിന്റെ പുള്ളിസ്സാരി
അഴിച്ചഴിച്ച് പോകുന്നു
ദുശ്ശാ‍സനന്റെ മണ്ടക്കാര്‍
അഴിക്കേണനുസരിച്ച് ഓള്ക്ക്
സാരികൊടുത്തുകൊണ്ടിരുന്നു
ഒരു തെണ്ടിസ്സൂര്യന്‍

അതുകൊണ്ട് പുള്ളിസ്സാരി മാത്രേ
കണ്ടുള്ളൂ

വെയിലിനെക്കുറിച്ച് പിന്നേമ്പിന്നേം
ഒരു നീലമേഘം പ്രസംഗിക്കും
പോട്ടം പിടിക്കണ പുഴുപ്പല്ലന്‍പുഴ
ഓള്‍ടെ പല സെയ്സിലുള്ള പോട്ടങ്ങള്‍
ഓളങ്ങളില്‍ പിന്നേമ്പിന്നേം നിരത്തിവെക്കും
ദുശ്ശാസനന്റെ മണ്ടക്കാര്‍
താറിട്ടതും ഇടയ്ക്കിടെ ഇടാന്‍ മറന്നതുമായ
റോട്ടിലൂടെ അഴിച്ചഴിച്ചങ്ങനെപോകും...
ഓള്‍ടെ ഒടുക്കത്തെ കീറാത്ത പുള്ളിസ്സാരി
ഒടുക്കം ഞാനും ദുശ്ശാസനനും കൂടി
82ല്‍ പൂട്ടിപ്പോവുകയും 2000ല്‍
ഭൂമീലെ സകല എടപാടുകളും ക്ലോസാക്കുകയും ചെയ്ത
അയ്യപ്പേട്ടന്റെ കടേന്റെ മുന്‍പില് നിര്‍ത്തും
ഓരോ വെറുങ്ങലിച്ച ചായ വാങ്ങിക്കുടിക്കും.
ഞാനൊരു ചത്ത ഈച്ചേനെ
ചായേന്ന് പുറത്തേക്ക് തോണ്ടിയിടും
അപ്പൊ ദുശ്ശാസനനും കിട്ടും ഒരീച്ച
അപ്പൊ ഞമ്മടെ നീലമേഘം
ഇനി വെയിലിനെക്കുറിച്ച് പ്രസംഗിക്കൂലാന്ന്
താണുകേണു പറയും...
ഞങ്ങള്‍ക്കതു കേള്‍ക്കാം.(ദുശ്ശാസനന്‍
എന്നെ നോക്കി ചിരിക്കും)നിങ്ങള്‍ക്കത് കാണാം.
അപ്പൊ ആ പോട്ടം പിടിക്കണ പുഴുപ്പല്ലന്‍ പുഴ
കടയടച്ച് കുടേംകൊണ്ട് മുഖം മറച്ച്
കുണുങ്ങിക്കുണുങ്ങി എറണാങ്കുളത്തൂടെ
പോണത് ഞങ്ങടെ മുന്നീക്കൂടേണ്..
ഞങ്ങള് നോക്കുമ്പോ ഒരു വൈബ്രേറ്ററ്
മുന്നീക്ക് ചാടി വടിക്കാന്‍ തുടങ്ങി.
മുന്നീക്ക് നോക്കുമ്പോ
ഓള്‍ടെ സാരില്ല,ഓളില്ല
അയ്യപ്പേട്ടന്റെ കടേം ല്ല
ദുശ്ശാസനാ നീ എവടെപ്പോയീന്ന്
ഞാന്‍ നെഞ്ചത്തടിച്ച് നെലവിളിക്കുമ്പോലെ
ഒരു മഴ ഒലിച്ചൊലിച്ചുവന്ന്
എന്നേങ്കൊണ്ട് പോയി...
എന്നെ നിങ്ങ ആരെങ്കിലും കണ്ടാ....?

കാപ്പിപ്പൂക്കളുടെ മണം

കാപ്പിമരങ്ങള്‍ക്ക് മീതെ
കോടമഞ്ഞിന്റെ പാട വകഞ്ഞ്
കാപ്പിപ്പൂക്കളുടെ മണത്തില്‍
ഡങ്കട്ടക്കാ ഡങ്കട്ടക്കാ കൂയ് കൂയ് കൂയ്
ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ എന്ന്
ഒരു പണിയക്കളി ആടിയാടി വരുന്നുണ്ട്


കവാത്ത്‌പണിക്കു വന്നിരുന്ന കെമ്പന്‍
അട്ടകടിക്കാതിരിക്കാനുള്ള വലിയ ഷൂസും
കവാത്തുകത്തിയുമായി തോട്ടത്തിലൂടെ പോയതാണ്
പണിമാറ്റി പോയത് നേരാണെങ്കില്‍
ഏതെങ്കിലും പ്രഭാതത്തില്‍
വളഞ്ഞ കാലുകള്‍ മുന്നോട്ട് വെച്ച്
ടക് ടക് എന്നു വരേണ്ടതാണ്.
.
വര്‍ഷങ്ങള്‍ കഴിഞ്ഞു
പടരുന്ന **റെക്കകള്‍ ആരോ കോതുന്നു
ബലമില്ലാത്ത*കമ്പിച്ചീറുകള്‍ ആരോ ഒടിച്ചുകളയുന്നു
ഒച്ചകേട്ട ദിക്കിലേക്ക് നോക്കുമ്പോള്‍
ഒരു കറുത്ത കുള്ളന്‍ കാപ്പിത്തോട്ടത്തിലെ ഇരുട്ടായി മാറുന്നു.

ഇടിയും മഴയും...
ചരിഞ്ഞ കുന്നില്‍ നിരന്നു നിന്നിരുന്ന
പണിയരും പണിച്ചികളും
കുള്ളന്‍‌കാപ്പിമരങ്ങളായി .
കാപ്പിമരങ്ങളായ പണിയര്‍
മനുഷ്യരായ പണിയന്മാരെ
കാപ്പിത്തോട്ടങ്ങളിലേക്ക് വിളിച്ചു.
തലമുറ തലമുറയായി അവര്‍
കാപ്പിത്തോട്ടങ്ങളിലേക്ക് ഒഴുകി
ചിലപ്പോള്‍ കാപ്പിത്തോട്ടം
ചുവന്നുരുണ്ട കാപ്പിപ്പഴങ്ങളുടെ
വളകളണിഞ്ഞ കാപ്പിക്കൈകള്‍ കാട്ടി.
അനേകം പണിയരുടെ കൈകള്‍
ഓരോ കാപ്പിച്ചുവട്ടില്‍ നിന്നും പൊന്തിവന്നു.
കാപ്പിപ്പഴങ്ങളുടെ വളകള്‍ അഴിഞ്ഞഴിഞ്ഞ്
ചാക്കുകളും കുട്ടകളും നിറഞ്ഞു.
കാപ്പിപ്പഴങ്ങള്‍ തമ്പ്രാന്റെ മുറ്റത്ത്
ഉണങ്ങുകയും കറുക്കുകയും ചെയ്തു.
ഒരു ടില്ലര്‍ വന്നു കയറുംവരെ
മുറ്റത്തെ കുഴികളില്‍ പണിയര്‍ കാപ്പിക്കുരു
കുത്തിക്കൊണ്ടിരുന്നു:സ്സെ..സ്സെ..സ്സെ..

കാപ്പിത്തോട്ടത്തില്‍ ഒറ്റയ്ക്ക് പോയാല്‍
മൊട്ടുകളും കവരകളുമുള്ള കാപ്പി
പണിയനോ പണിച്ചിയോ ആയി
അനങ്ങിത്തുടങ്ങും.
സൂക്ഷിച്ചുനോക്കിയാല്‍
‘’എനായ്ത്തവാ എന്ന്ചോദിക്കും.


പുതുമഴേന്റെ പിറ്റേന്ന്
തലമുറകളുടെ സുഗന്ധം കാപ്പിത്തോട്ടങ്ങള്‍ക്കു
മുകളിലൂടെ പറന്നു
കാപ്പിമരങ്ങള്‍ അവയുടെ വായ തുറന്ന്
വെളുവെളുത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചു.
കുന്നുകയറുന്ന വണ്ടിയിലിരുന്ന്
കാപ്പിത്തോട്ടങ്ങളുടെ ചിരി കണ്ടു.
പൊരിച്ചാക്കുകള്‍ മറിഞ്ഞുകിടക്കുന്ന മാതിരി.




**റെക്ക-ഭൂമിക്ക് തിരശ്ചീനമായി വളരുന്ന പാര്‍ശ്വശാഖകള്‍
*കമ്പിച്ചീറ്-കമ്പച്ചികിറ്,തായ്ത്തടിയില്‍ നിന്ന് പൊട്ടി ലംബമായി വളരുന്ന ചെറുശിഖരങ്ങള്‍