gfc

നീ പിന്നെയും ജീവിതം തുടരുന്ന നാളുകളിലൊന്നില്‍ എന്ന കവിത സവ്യാഖ്യാനം

(കവി സ്വന്തം മരണത്തെക്കുറിച്ച് വിചാരിച്ചുവിചാരിച്ച്
തന്റെ പ്രിയതമയെയും കുഞ്ഞുങ്ങളെയും കുറിച്ചുള്ള
ആശങ്കയിലേക്ക് ചെന്നുപെടുന്നുണ്ട്.ലോകത്തിലെ ഓരോ പുല്‍ക്കൊടിയും ഏതെങ്കിലും രക്ഷിതാവിന്റെ ബലത്തിലല്ല വളരുന്നതെന്ന് ആ പൊട്ടന് അറിയാഞ്ഞിട്ടല്ല.

തന്റെ ഇല്ലായ്ക മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന അരക്ഷിതത്വം അയാള്‍ ഭാവന ചെയ്ത് ആസ്വദിക്കുകയാണ്. താഴെ പറയും പ്രകാരം അയാള്‍ കവിത ആരംഭിച്ചു.)
 ഞാനില്ലാതായതിനു ശേഷം
നീ പിന്നെയും ജീവിതം തുടരുന്ന
നാളുകളിലൊന്നില്‍
നമ്മുടെ മകള്‍
ആരാലോ
അപമാനിതയായി
ഒരു ദിവസം
കയറി വരും.

(ഇതെഴുതിക്കഴിയുമ്പോള്‍ സ്വാഭാവികമായും അയാള്‍ക്ക് മതവും സമൂഹവുമൊക്കെ നല്‍കുന്ന സദാചാരവും ഉത്തരവാദിത്തബോധവും ഒരു കുറ്റബോധം ഉണ്ടാക്കും.ശരിക്കും തന്റെ മകള്‍ അപമാനിക്കപ്പെടുമോ എന്ന് അയാള്‍ ഭയക്കും.മതങ്ങളിലേക്ക് ജനിച്ചുവീണവര്‍ എത്ര തന്നെ അതിനെ തള്ളിപ്പറഞ്ഞാലും അവരുടെ അടിത്തട്ടില്‍ മതബോധമുണ്ടാവുമെന്ന് അയാള്‍തിരിച്ചറിയുന്നുണ്ട്.അയാള്‍ എഴുത്ത് തുടരുന്നു)
ഒന്നുകില്‍
അവള്‍ നിന്നെ
കെട്ടിപ്പിടിച്ചു കരയും.
അല്ലെങ്കില്‍
മൂകയായി മുറിയടച്ചിരിക്കും.
ഒരു പക്ഷേ അവള്‍

ആത്മഹത്യാശ്രമവും നടത്തും.

(ഇതെല്ലാം ക്ലീഷേ തന്നെ.എങ്കിലും മനുഷ്യജീവിതങ്ങള്‍ ഒരു വലിയ പരിധിവരെ ആവര്‍ത്തനമാണല്ലോ.ദൈവം തമ്പുരാന്‍ എന്ന ചങ്ങാതി ഉണ്ടെന്ന് ഒരു രസത്തിന് അംഗീകരിക്കുക.ഉണ്ടെങ്കില്‍ പുള്ളിക്കാരന്‍ ഒരു മടിയനും ഡിറ്റോ ഇടുന്നതില്‍ മിടുക്കനുമാണ്.ദൈവം ദൈവമാണെങ്കില്‍ പുള്ളിക്ക് ആരെയും പേടിക്കേണ്ടല്ലോ.
എങ്കിലും എന്തിനാണ് ഈ ഡിറ്റോപ്പണി?)

കഷ്ടിച്ച്
നീയവളെ
രക്ഷപ്പെടുത്തും.

നീ മാത്രമേയുള്ളൂ
അവള്‍ക്ക്.
എങ്ങനെയോ
നീയവളെ
സമാശ്വസിപ്പിക്കും.
നമ്മുടെ വീട്
നിറയെ മുറിവുകളുള്ള
ഒരു ജന്തുവിനെപ്പോലെ

മൂകമായി നിലവിളിക്കും.

(ഇവിടെ നിറയെ മുറിവുകളുള്ള ജന്തു എന്ന് കവി എഴുതുമ്പോള്‍ അയാള്‍ക്ക് ഒരു മുള്ളന്‍പന്നിയെ ഓര്‍മവരുന്നുണ്ട്.വീട് -ഒരു മുള്ളന്‍പന്നി.ഉഗ്രന്‍ രൂപകം.ഒന്നു കുടഞ്ഞാല്‍ ഒരു നാടിനെ മുഴുവന്‍ മുറിപ്പെടുത്താവുന്ന മുള്ളുകള്‍ അതിനുണ്ട്.മുള്ളന്‍പന്നിക്ക് അതിന്റെ മുള്ളുകള്‍ ആത്മരക്ഷയ്ക്കാണ്.

വീടിന് എന്തിനാണീ മുള്ളുകള്‍?ആരില്‍ നിന്നാണ് അതിന് രക്ഷപ്പെടേണ്ടത്?അതിന്റെ സങ്കടങ്ങള്‍ മുള്ളുകളായി മുളച്ചതാവും.അല്ലെങ്കിലും സ്വന്തം ദുഃഖം കുറയ്ക്കാന്‍ മറ്റുള്ളവരെ ദ്രോഹിക്കുന്നത് നന്ന് )
എല്ലാം കഴിഞ്ഞ്
നീ ഒരു മുറിയില്‍
അടച്ചിരുന്ന്
കരയും.
വിങ്ങിവിങ്ങിക്കരയും.

(ഈ സന്ദര്‍ഭത്തില്‍ വായനക്കാര്‍ക്ക് ഒരു തൂവാല കരുതുകയും കരച്ചില്‍  തുടങ്ങുകയും ചെയ്യാവുന്നതാണ്.)


അല്ലെങ്കില്‍,
മ്റ്റൊരു ദിവസം
നമ്മുടെ മകന്‍
എന്തെങ്കിലും
കടുത്ത തെറ്റു ചെയ്തിട്ട്കയറി വരും.


(സാധ്യതകളുടെ കലയാണ് ജീവിതം.ആരെങ്കിലുമൊക്കെ തെറ്റു ചെയ്തില്ലെങ്കില്‍ അതിന്റെ ജീവിതം കട്ടപ്പൊക!)

ചോദ്യം ചെയ്യുമ്പോള്‍
നിന്നോട്
തട്ടിക്കയറും.
അമ്മയെന്ന നിലയില്‍
നിനക്ക് ഒട്ടും ആദരവു നല്‍കാതെ
സംസാരിക്കും.
ഒരുപക്ഷേ,
നിന്നെ തല്ലുകയോ
ചവിട്ടുകയോ ചെയ്യും. 
എല്ലാ അമ്മമാരെയും പോലെ
നീ അവനെ പ്രസവിച്ച

ദിവസമോര്‍ക്കും.


(ഇവിടെ നമുക്ക് മലയാളസിനിമയിലെ അമ്മ സങ്കല്പമായ കവിയൂര്‍പ്പൊന്നമ്മയെ ഓര്‍ക്കാം.മ്മ എന്നതു പോലെ ഇരിക്കുന്നതുകൊണ്ടാണോ അവര്‍ സ്ഥിരമായി അമ്മവേഷത്തില്‍ ചെന്നുപെടുകയും നമ്മള്‍ അത് എളുപ്പം അംഗീകരിക്കുകയും ചെയ്തുപോന്നത്?എന്തായാലും കവിയുടെ ഭാര്യ കവിയൂര്‍പ്പൊന്നമ്മയല്ല;മീന്‍മുള്ളു പോലെ മെലിഞ്ഞ ഒരു ടീച്ചറാണ്.വായനക്കാര്‍ അത് മറക്കേണ്ട)

വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട
നമ്മുടെ പ്രണയ വിവാഹത്താല്‍
നമ്മള്‍ ഒറ്റപ്പെട്ടുപോയ
ദിവസങ്ങളുടെ
ഭാരവും സന്തോഷവും വര്‍ദ്ധിപ്പിച്ച്
നീ ഗര്‍ഭിണിയായ നാള്‍
ഓര്‍ത്തെടുക്കും.
നമ്മുടെ കുഞ്ഞുങ്ങളെവയറ്റില്‍ ചുമന്ന്
നീ പോയിരുന്ന
തൊഴില്‍ദിനങ്ങള്‍ ഓര്‍ക്കും.


(ഗര്‍ഭകാലം ഏതു പെണ്ണിനെയും സുന്ദരിയാക്കും.അവളുടെ അടിവയറ്റില്‍ ,പൊക്കിളില്‍ ഏത് ഭര്‍ത്താവും ചെവിചേര്‍ക്കും.മുലപ്പാല്‍ നല്‍കാന്‍ സജ്ജമായിക്കൊണ്ടിരിക്കുന്ന അവളുടെ മുലകളെ അവന്‍ സ്നേഹിക്കും )

വഴക്കു കഴിഞ്ഞ്
അവന്‍ മാറുമ്പോള്‍നീ ഒരു മുറിയില്‍
അടച്ചിരുന്ന് കരയും.

വിങ്ങിവിങ്ങിക്കരയും.

(തൂവാല ഇപ്പോള്‍ ശരിക്കും പ്രയോജനപ്പെടുത്തണം.നന്നായിക്കരയണം.കരച്ചിലും ഒരു വിസര്‍ജ്ജന പ്രക്രിയയാണ്.വല്ലപ്പോഴും ഒന്ന് കരഞ്ഞില്ലെങ്കില്‍ നിങ്ങളുടെ നാറ്റം സഹിക്കില്ല)

അന്നേരം
എനിക്ക് കൈകള്‍ നീട്ടി
നിന്നെയൊന്ന് തൊടണമെന്നുണ്ടാവും.
ഞാന്‍ എന്റെ കൈകള്‍ നീട്ടി
നിന്നെ തൊട്ടെന്നു തന്നെ വരും.
നിന്നെ ഉമ്മവെച്ചെന്നു തന്നെ വരും.
പക്ഷേ,നീയൊന്നുമറിയില്ല.

എനിക്ക് കരച്ചില്‍ വരും.

(ഹാ! എന്തൊരു കവിത !! എന്ന് ദീര്‍ഘനിശ്വാസം വിടാവുന്ന രീതിയില്‍ അയാള്‍ ഒപ്പിച്ചു.ഇനി നിങ്ങള്‍ ഒരു ഭര്‍ത്താവാണെങ്കില്‍ സ്വന്തം ഭാര്യയെ തിരഞ്ഞുപോവുകയും ഈ കവിത ഓര്‍മിച്ച് അവളുടെ കവിളില്‍ (അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത്)ഒരുമ്മ നല്‍കുകയും ചെയ്യൂ.ഈ കവിത വായിക്കുന്ന നിങ്ങള്‍ ഒരു ഭാര്യയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ ഈ കവിത ഓര്‍മിച്ചുകൊണ്ട് ഒന്നു നോക്കിയാല്‍ മാത്രം മതി.ഉമ്മയൊക്കെ നല്‍കാന്‍ നിന്നാല്‍ രാവിലെ പ്രശ്നമാവും :) )