gfc

റോങ്സൈഡിൽ വരുന്ന ജീപ്പ് എന്ന കവിത


🚙🚙🚙🚙🚙🚙🚙🚙🚙🚙🚙🚙🚙🚙

റോങ്സൈഡിൽ വരുന്ന ജീപ്പ് എന്ന കവിത
മഞ്ഞിന്റെ വെളുത്ത പാടകെട്ടിയ ജനലുകൾ നോക്കി
മുറിയിലെ വൈദ്യുത വെളിച്ചം അണച്ച് ഇരുട്ടിലാണ് കവി എഴുതുന്നത്.
ജനലിലൂടെ പുറത്തേക്കു നോക്കുംതോറും അയാൾക്ക് കരച്ചിൽ കൂടിക്കൂടി വന്നു.
ഇത്ര നേരത്തെ മരിക്കേണ്ടായിരുന്നു...

ഈ കവിത ഈ വെളുപ്പാൻ കാലത്ത് ദില്ലിയിൽ പ്രഭാത്ഷേണായി എന്ന വൃദ്ധൻ വായിച്ച് അസ്വസ്ഥനാവുകയും
കക്കൂസിൽ പലതവണ പോവുകയും മരുമകളെയും മകനെയും വിളിക്കാൻ
ധൈര്യമില്ലാതെ
ലൈറ്റണച്ച്
ഉറക്കം വരാതെ
റോങ്സൈഡിൽ വരുന്ന ജീപ്പിനെ കണ്ട് കിടക്കുകയുമാണ്

അനുപംഭാട്യ, ജീവൻ അലോക്, നതാലിയ ജോസഫ് എന്നിവർ ഈ കവിതയെ പല സന്ദർഭങ്ങളിലായി അനുകരിച്ചെഴുതുകയും ദിവസങ്ങൾക്കുള്ളിൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു.

അങ്ങനെയാണ് ഈ കവിത ഒരു കൊല്ലുന്ന കവിതയാവുന്നത് ;
കവിതയിലെ പതിമൂന്നാം നമ്പർ മുറി.
വാടകക്കാരൻ ഫാനിൽ കെട്ടിത്തൂങ്ങി ചത്തതിനാൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മുറി
തിരക്കുള്ള ദിവസം കസ്റ്റമറുടെ നിർബന്ധത്താൽ മാനേജർ തുറക്കുകയാണ്.
മാറാല, മാറാല, മാറാല എന്നൊരു സംഗീതത്തിലേക്ക് ജനൽ വഴി വെളിച്ചമിറങ്ങുന്നു.
പൊടുന്നനെ
ഡ്രം സെറ്റിലെ സിമ്പലിൽ ആഞ്ഞടിച്ചതു പോലെ
മാനേജറും ആ ചെറുക്കനും ആഞ്ഞു തുമ്മുന്നു .

കവിത തുടങ്ങുന്നതിങ്ങനെയാണ്:

നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് എത്ര ശ്രമിച്ചിട്ടും ഓർക്കാനാവുന്നില്ല.
റോംങ് സൈഡിൽ ഒരു ജീപ്പ് വരുന്നുണ്ടായിരുന്നു.
അത്ര വേഗത്തിലൊന്നുമല്ല.
വളവായിരുന്നു.
പക്ഷേ, അത് ഓടിക്കുന്നയാൾക്ക് എൺപതുകളിലെ സിനിമകളിലെ വില്ലന്മാരുടെ മുഖഛായയുണ്ടായിരുന്നത് ഞാൻ കണ്ടു/ ശ്രദ്ധിച്ചു.
ഞാനത് കണ്ടത് / ശ്രദ്ധിച്ചത് വണ്ടിയിൽ നിന്ന് തെറിച്ച് മുകളിലേക്ക് പറക്കുമ്പോഴായിരുന്നു.
നമ്മുടേത്  ഇരുചക്രവാഹനം തന്നെ.
നല്ല സ്പീഡിലായിരുന്നു.
ഇടിച്ചതും വണ്ടി ജീപ്പിന്റെ മുൻഭാഗത്ത് കുരുങ്ങി .
നിന്റെ ശവം ജീപ്പിന്റെ ബോണറ്റിലേക്ക് തെറിച്ചു.
ബുള്ളറ്റിന്റെ പിന്നിൽ നിന്ന് ഞാൻ മുകളിലേക്കും.
അവസാനത്തെ പറക്കൽ.
ജീപ്പ് നിൽക്കുന്നു.
അതിലുള്ളവരെല്ലാം നിലവിളിക്കുന്നു.
ആകാശത്ത് കരണം മറിയുന്ന എന്നെ നോക്കുന്നു .
ഇടിയുടെ ശബ്ദം കേട്ട്  ആളുകൾ ഓടി വരുന്നു.
അതിനു മുൻപേ ഞാൻ റോഡിൽ
തലയടിച്ചു വീണ് ചോരയൊലിപ്പിച്ചു കിടക്കുന്നു.
മൊബൈൽ കമ്പനി അതിന്റെ പുതിയ ഓഫർ കേൾപ്പിക്കുവാൻ നിന്റെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കുന്നു,
ജീപ്പിനു മുന്നിൽ കുരുങ്ങിക്കിടക്കുന്ന നിന്റെ ശവം
ഒറ്റനോട്ടം മാത്രം നോക്കി ആളുകൾ മറയത്തേക്കു പോവുന്നു.
ആളുകൾ കൂടിക്കൂടി വരുന്നു;വാഹനങ്ങളും.
എന്നെ ഒരു വണ്ടിയിൽ കയറ്റിക്കൊണ്ടു പോവുന്നു.
വഴിയിലെവിടെയോ വെച്ച് ഞാനും....

അപകടമരണങ്ങൾക്കു ശേഷവും നാം എഴുന്നേറ്റു വന്ന് നമ്മുടെ ബുള്ളറ്റ് തിരയുന്നുണ്ട്.
അതവിടെയില്ല.

ചോര പറ്റിയ റോഡിലൂടെ
വാഹനങ്ങൾ ഇപ്പോഴും കുതിക്കുന്നുണ്ട്.
റോങ് സൈഡിൽ വന്ന ആ ജീപ്പ്
വളവിനപ്പുറത്ത് ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്ന് നീ എന്നോടു പറഞ്ഞു.

അത് സത്യമാണോ എന്ന് അറിയണമെങ്കിൽ നാം വീണ്ടും നമ്മുടെ ബുള്ളറ്റ് കണ്ടുപിടിക്കണം
അത് അസാധ്യമായതിനാൽ
നമ്മൾ ആ അപകടവളവിനപ്പുറം
നെടിയ മരങ്ങളുടെ പിന്നിൽ ഒളിച്ചുനിന്നു.
ദിവസങ്ങളോളം നിന്നപ്പോൾ
ഒരു രാത്രി ഒരു കാർ വന്നു.
അപ്പോൾ എതിർവശത്തുനിന്ന്
റോങ്സൈഡിൽ ആ ജീപ്പ്...

ഡിം ലൈറ്റുകളുടെ മിടിപ്പുകളും ആളുകളുടെ ബഹളങ്ങളും പിന്നിലാക്കി
നമ്മൾ കൈപിടിച്ച് ഒട്ടും തിരക്കില്ലാതെ വെറുതേ നടന്നു.

'റോങ് സൈഡിൽ വരുന്ന ജീപ്പ് ഒരു കവിതയല്ല. അപകട വിവരണം എങ്ങനെയാണ് കവിതയാകുന്നത് ? 'എന്ന കമന്റിട്ട
ജഗദീഷ് കുമാർ അന്നു രാത്രി ഉറങ്ങിയില്ല
ഇരുകണ്ണിലും വെളിച്ചം നിറച്ച്
റോങ്സൈഡിൽ ഒരു ജീപ്പ്
കണ്ണടക്കുമ്പോഴെല്ലാം ഇരച്ചു വരുന്നു.

ലോകത്ത് എക്കാലത്തും
കവിത മനസ്സിലാവാത്തവരും കവിയശപ്രാർത്ഥികളും ഉള്ളതിനാൽ
ആ കവിതയ്ക്കും വൗ എന്നും ഹൃദയാകൃതിയുള്ള വികാരചിഹ്നങ്ങളും കമന്റുകളായി വന്നു .
പക്ഷേ തിരുവനന്തപുരത്തുനിന്നുള്ള നിർമൽകുമാർ
ആ കവിതയിലെ വരികൾക്കിടയിലൂടെ
ഒരു ജീപ്പ് കടന്നു പോകുന്നതും
ബുള്ളറ്റിന്റെ ഇരപ്പും കേട്ടു.

വരികൾക്കിടയിലൂടെ കൈ പിടിച്ചു നടന്ന ഞങ്ങൾ
അയാളെ കൈ വീശിക്കാണിച്ചു.
അയാൾ ഞെട്ടി.
വിൻഡോ ക്ലോസ് ചെയ്ത് പുറത്തു പോയി. ഒറ്റയ്ക്കു നിന്നു മൂത്രം ഒഴിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.
പക്ഷേ,രണ്ടു കാര്യങ്ങളും അയാൾക്ക് നിർത്താൻ കഴിഞ്ഞില്ല.