gfc

വെളിച്ചത്തിന്റെ കാടുള്ള ജലത്തില്‍

ഈയിടെ അവള്‍
കണ്ണടയ്ക്കുമ്പോഴെല്ലാം
വിശാലമായ ജലപ്പരപ്പിന്നടിയില്‍
നീന്തിക്കൊണ്ടിരിക്കുന്ന ഒരാളെ കാണുന്നു.
അയാള്‍ ആരാണെന്ന് അവള്‍ക്കറിഞ്ഞുകൂടാ.
അയാള്‍ എന്തിനാണിങ്ങനെ അന്തമില്ലാതെ
നീന്തുന്നതെന്ന് അവള്‍ക്കറിഞ്ഞുകൂടാ.
പക്ഷേ അയാള്‍ പ്രയാസപ്പെടുന്നുണ്ട്.
മുകള്‍പ്പരപ്പിലേക്ക് ഒരിക്കലും നീന്തിയെത്താനാവാത്ത
ഒരാളാവണം അയാള്‍.
മുകള്‍പ്പരപ്പില്‍ അയാളെ തടയുന്നതെന്തെന്നും
അവള്‍ക്കറിയില്ല.
ചില്ലുകൂട്ടില്‍ പെട്ട ഒരു ശലഭത്തെപ്പോലെ
ജലശരീരത്തിന്റെ എല്ലാ അതിരുകളിലും
അയാള്‍ ഒരു പഴുത് തിരയുന്നു.
അയാളെപ്രതി ഓര്‍ത്തോര്‍ത്ത്
അവള്‍ ജനാല വഴി ഒഴുകിപ്പോവും
മേഘങ്ങളില്‍ ചെന്നുതൊടും.
കെട്ടിടങ്ങള്‍ക്കു മുകളിലൂടെ
ഒഴുകിപ്പോവുന്ന മധ്യവയസ്കയായ സുന്ദരിയെ
പാര്‍ക്കിലിരിക്കുന്ന കൌമാരക്കാരും
തിരക്കേറിയ പാതയില്‍
കാറോടിക്കുന്നവരും കാണും.


അവളുടെ ഭര്‍ത്താവെന്ന് തോന്നിക്കുന്നൊരാള്‍
അവളെ തിരിച്ചുവിളിക്കും.
അവള്‍ തിരിച്ചുവന്ന് പഴയപടി
പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കും.
അവള്‍ ഡ്രൈവു ചെയ്യുകയാണ് ,
ഡ്രൈവു ചെയ്യുകയാണ് എന്ന്
ഇനിയും മുറിക്കാത്ത ഒരു തക്കാളി
അവളെ ഓര്‍മിപ്പിക്കും.
തക്കാളിനിറമുള്ള ഒരു കാറില്‍
പിന്നെ അവളെങ്ങോട്ടോ പോകും.
വഴിയോരമരച്ഛായകള്‍
കാറിന്റെ ചില്ലിലൂടെ കടന്നുപോകും
അപ്പോള്‍ ഒരു നീലനീലത്തടാകം തെളിയും.
അതിനടിയില്‍ അയാള്‍ നീന്തുന്നുണ്ട്
അയാളുടെ ശ്വാസം മുകള്‍പ്പരപ്പില്‍ വന്ന്
കുമിളകുമിളയായി പൊട്ടുന്നുണ്ട്
അയാള്‍ക്ക് ഒരിക്കലും മുകളിലെത്താനാവുന്നില്ല.
വിജനവും ഏകാന്തവുമായ ജലക്കൂടില്‍
നീന്തിത്തളര്‍ന്നിരിക്കുന്നു അയാള്‍.
അവളുടെ തക്കാളി നിറമുള്ള കാര്‍
ആ ജലാശയത്തിനകത്ത് ഒരു പുതിയ ജലജീവിയെപ്പോലെ
പൊയ്ക്കൊണ്ടിരിക്കുന്നു.
വെളിച്ചത്തിന്റെ കാടുള്ള ജലത്തില്‍
നീന്തിക്കൊണ്ടിരുന്ന അയാള്‍ അവളുടെ
കാറിന്റെ ചില്ലുപാളിയില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു,
ചില്ലില്‍ മുഖം ചേര്‍ത്ത് ആഞ്ഞാഞ്ഞുശ്വസിക്കുന്നു

മരിച്ചുപോയ ആരോ ഒരാളാണ് അയാള്‍.
പക്ഷേ എത്രയായിട്ടും അയാളെ ഓര്‍ക്കാനാവുന്നില്ല.

അപ്പോള്‍ അവള്‍ മൂന്നു കാഴ്ചകള്‍ കൂടി കാണുന്നുണ്ട്:

ഒന്ന് :ജലാശയത്തിനടിയില്‍ നീന്തുന്ന ആ മനുഷ്യന്‍
അവളുടെ കാര്‍ വിട്ട് ദൂരേക്ക് നീന്തിനീന്തിപ്പോകുന്നു.

രണ്ട്:ജലാശയത്തിനരികില്‍ അതിനകത്തേക്ക് വീണ ഒരു കാറിനെ നോക്കിനില്‍ക്കുന്ന
ഒരാള്‍ക്കൂട്ടത്തിന്റെ പലനിറപ്രതിച്ഛായകള്‍ ഇളകിയിളകി ഒന്നാവുന്നു.

മൂന്ന്: അവളുടെ വീടിന്റെ കിടപ്പുമുറിയുടെ ജനാല തുറന്ന്
അവളുടെ ഭര്‍ത്താവ് അവളെ തിരിച്ചുവിളിക്കുന്നു.

പറക്കല്‍


മലയിടുക്കുകളിലെ മരക്കൂട്ടത്തലപ്പുകളില്‍ നിന്ന്
കാറ്റ് പലദിശകളില്‍ വലിച്ചുകൊണ്ടുപോകുന്നു കോടയെ.
ചങ്ങലയിട്ട കൈകാലുകളാല്‍ അത് വേച്ചുവേച്ച് പടരുന്നു.
പാതയോരമരത്തില്‍ ഉയരത്തിലൊരു കൊമ്പില്‍
ഇരിക്കുന്നു പൂവന്‍ കോഴി.
മരകൊമ്പിലിരുന്ന് അത് ഞാന്‍ പോകും ബസ്സിലേക്ക്
നോക്കും പ്രഭാതം.

നൂറ്റാണ്ടുകളോളം തലമുറകളായി
വളര്‍ത്തിയിട്ടും കൂട്ടില്‍ കയറാതെ
മരക്കൊമ്പ് അന്തിയുറങ്ങാനുള്ള ഇടമെന്ന്
ഒരു പൂവന്‍‌കോഴി ഇടയ്ക്കിടെ പിറവിയെടുക്കുന്നു.
എത്ര പുനര്‍ജനിച്ചിട്ടും
പരിഷ്കരിക്കപ്പെടാതിരിക്കാന്‍
അത്ര ആഴത്തില്‍
എവിടെയാവും അതിനുള്ളില്‍
ഈ ആദിമ ചോദന കുഴിച്ചിട്ടിരിക്കുന്നത്?
അത്ര ഉയരത്തില്‍ പറക്കുന്നൊരു
പക്ഷിയല്ലാഞ്ഞിട്ടും
പക്ഷി തന്നെ ഞാന്‍ എന്ന്
എന്തിനാണിങ്ങനെ തിരിച്ചറിയുന്നത് !
എത്ര തവണ കൊല്ലപ്പെട്ടിട്ടും
ഭാരിച്ച ശരീരവുമായി
കൂടുവേണ്ട മരക്കൊമ്പു മതിയെന്ന്
അത് ഉയരത്തിലേക്ക് പറക്കുന്നു.
കോട കടന്നു പോകും ബസ്സിന്‍ ജനാലയിലൂടെ
തല പിന്നിലേക്കിട്ട് നോക്കവേ
കുഴിച്ചിട്ടിരിക്കാം നമ്മിലും ചില പറക്കലുകളെന്ന്
ഒരാള്‍ കോടയില്‍ മാഞ്ഞുപോകുന്നു.