gfc

വെളിച്ചത്തിന്റെ കാടുള്ള ജലത്തില്‍

ഈയിടെ അവള്‍
കണ്ണടയ്ക്കുമ്പോഴെല്ലാം
വിശാലമായ ജലപ്പരപ്പിന്നടിയില്‍
നീന്തിക്കൊണ്ടിരിക്കുന്ന ഒരാളെ കാണുന്നു.
അയാള്‍ ആരാണെന്ന് അവള്‍ക്കറിഞ്ഞുകൂടാ.
അയാള്‍ എന്തിനാണിങ്ങനെ അന്തമില്ലാതെ
നീന്തുന്നതെന്ന് അവള്‍ക്കറിഞ്ഞുകൂടാ.
പക്ഷേ അയാള്‍ പ്രയാസപ്പെടുന്നുണ്ട്.
മുകള്‍പ്പരപ്പിലേക്ക് ഒരിക്കലും നീന്തിയെത്താനാവാത്ത
ഒരാളാവണം അയാള്‍.
മുകള്‍പ്പരപ്പില്‍ അയാളെ തടയുന്നതെന്തെന്നും
അവള്‍ക്കറിയില്ല.
ചില്ലുകൂട്ടില്‍ പെട്ട ഒരു ശലഭത്തെപ്പോലെ
ജലശരീരത്തിന്റെ എല്ലാ അതിരുകളിലും
അയാള്‍ ഒരു പഴുത് തിരയുന്നു.
അയാളെപ്രതി ഓര്‍ത്തോര്‍ത്ത്
അവള്‍ ജനാല വഴി ഒഴുകിപ്പോവും
മേഘങ്ങളില്‍ ചെന്നുതൊടും.
കെട്ടിടങ്ങള്‍ക്കു മുകളിലൂടെ
ഒഴുകിപ്പോവുന്ന മധ്യവയസ്കയായ സുന്ദരിയെ
പാര്‍ക്കിലിരിക്കുന്ന കൌമാരക്കാരും
തിരക്കേറിയ പാതയില്‍
കാറോടിക്കുന്നവരും കാണും.


അവളുടെ ഭര്‍ത്താവെന്ന് തോന്നിക്കുന്നൊരാള്‍
അവളെ തിരിച്ചുവിളിക്കും.
അവള്‍ തിരിച്ചുവന്ന് പഴയപടി
പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കും.
അവള്‍ ഡ്രൈവു ചെയ്യുകയാണ് ,
ഡ്രൈവു ചെയ്യുകയാണ് എന്ന്
ഇനിയും മുറിക്കാത്ത ഒരു തക്കാളി
അവളെ ഓര്‍മിപ്പിക്കും.
തക്കാളിനിറമുള്ള ഒരു കാറില്‍
പിന്നെ അവളെങ്ങോട്ടോ പോകും.
വഴിയോരമരച്ഛായകള്‍
കാറിന്റെ ചില്ലിലൂടെ കടന്നുപോകും
അപ്പോള്‍ ഒരു നീലനീലത്തടാകം തെളിയും.
അതിനടിയില്‍ അയാള്‍ നീന്തുന്നുണ്ട്
അയാളുടെ ശ്വാസം മുകള്‍പ്പരപ്പില്‍ വന്ന്
കുമിളകുമിളയായി പൊട്ടുന്നുണ്ട്
അയാള്‍ക്ക് ഒരിക്കലും മുകളിലെത്താനാവുന്നില്ല.
വിജനവും ഏകാന്തവുമായ ജലക്കൂടില്‍
നീന്തിത്തളര്‍ന്നിരിക്കുന്നു അയാള്‍.
അവളുടെ തക്കാളി നിറമുള്ള കാര്‍
ആ ജലാശയത്തിനകത്ത് ഒരു പുതിയ ജലജീവിയെപ്പോലെ
പൊയ്ക്കൊണ്ടിരിക്കുന്നു.
വെളിച്ചത്തിന്റെ കാടുള്ള ജലത്തില്‍
നീന്തിക്കൊണ്ടിരുന്ന അയാള്‍ അവളുടെ
കാറിന്റെ ചില്ലുപാളിയില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു,
ചില്ലില്‍ മുഖം ചേര്‍ത്ത് ആഞ്ഞാഞ്ഞുശ്വസിക്കുന്നു

മരിച്ചുപോയ ആരോ ഒരാളാണ് അയാള്‍.
പക്ഷേ എത്രയായിട്ടും അയാളെ ഓര്‍ക്കാനാവുന്നില്ല.

അപ്പോള്‍ അവള്‍ മൂന്നു കാഴ്ചകള്‍ കൂടി കാണുന്നുണ്ട്:

ഒന്ന് :ജലാശയത്തിനടിയില്‍ നീന്തുന്ന ആ മനുഷ്യന്‍
അവളുടെ കാര്‍ വിട്ട് ദൂരേക്ക് നീന്തിനീന്തിപ്പോകുന്നു.

രണ്ട്:ജലാശയത്തിനരികില്‍ അതിനകത്തേക്ക് വീണ ഒരു കാറിനെ നോക്കിനില്‍ക്കുന്ന
ഒരാള്‍ക്കൂട്ടത്തിന്റെ പലനിറപ്രതിച്ഛായകള്‍ ഇളകിയിളകി ഒന്നാവുന്നു.

മൂന്ന്: അവളുടെ വീടിന്റെ കിടപ്പുമുറിയുടെ ജനാല തുറന്ന്
അവളുടെ ഭര്‍ത്താവ് അവളെ തിരിച്ചുവിളിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ