gfc

കാപ്പിപ്പൂക്കളുടെ മണം

കാപ്പിമരങ്ങള്‍ക്ക് മീതെ
കോടമഞ്ഞിന്റെ പാട വകഞ്ഞ്
കാപ്പിപ്പൂക്കളുടെ മണത്തില്‍
ഡങ്കട്ടക്കാ ഡങ്കട്ടക്കാ കൂയ് കൂയ് കൂയ്
ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ എന്ന്
ഒരു പണിയക്കളി ആടിയാടി വരുന്നുണ്ട്


കവാത്ത്‌പണിക്കു വന്നിരുന്ന കെമ്പന്‍
അട്ടകടിക്കാതിരിക്കാനുള്ള വലിയ ഷൂസും
കവാത്തുകത്തിയുമായി തോട്ടത്തിലൂടെ പോയതാണ്
പണിമാറ്റി പോയത് നേരാണെങ്കില്‍
ഏതെങ്കിലും പ്രഭാതത്തില്‍
വളഞ്ഞ കാലുകള്‍ മുന്നോട്ട് വെച്ച്
ടക് ടക് എന്നു വരേണ്ടതാണ്.
.
വര്‍ഷങ്ങള്‍ കഴിഞ്ഞു
പടരുന്ന **റെക്കകള്‍ ആരോ കോതുന്നു
ബലമില്ലാത്ത*കമ്പിച്ചീറുകള്‍ ആരോ ഒടിച്ചുകളയുന്നു
ഒച്ചകേട്ട ദിക്കിലേക്ക് നോക്കുമ്പോള്‍
ഒരു കറുത്ത കുള്ളന്‍ കാപ്പിത്തോട്ടത്തിലെ ഇരുട്ടായി മാറുന്നു.

ഇടിയും മഴയും...
ചരിഞ്ഞ കുന്നില്‍ നിരന്നു നിന്നിരുന്ന
പണിയരും പണിച്ചികളും
കുള്ളന്‍‌കാപ്പിമരങ്ങളായി .
കാപ്പിമരങ്ങളായ പണിയര്‍
മനുഷ്യരായ പണിയന്മാരെ
കാപ്പിത്തോട്ടങ്ങളിലേക്ക് വിളിച്ചു.
തലമുറ തലമുറയായി അവര്‍
കാപ്പിത്തോട്ടങ്ങളിലേക്ക് ഒഴുകി
ചിലപ്പോള്‍ കാപ്പിത്തോട്ടം
ചുവന്നുരുണ്ട കാപ്പിപ്പഴങ്ങളുടെ
വളകളണിഞ്ഞ കാപ്പിക്കൈകള്‍ കാട്ടി.
അനേകം പണിയരുടെ കൈകള്‍
ഓരോ കാപ്പിച്ചുവട്ടില്‍ നിന്നും പൊന്തിവന്നു.
കാപ്പിപ്പഴങ്ങളുടെ വളകള്‍ അഴിഞ്ഞഴിഞ്ഞ്
ചാക്കുകളും കുട്ടകളും നിറഞ്ഞു.
കാപ്പിപ്പഴങ്ങള്‍ തമ്പ്രാന്റെ മുറ്റത്ത്
ഉണങ്ങുകയും കറുക്കുകയും ചെയ്തു.
ഒരു ടില്ലര്‍ വന്നു കയറുംവരെ
മുറ്റത്തെ കുഴികളില്‍ പണിയര്‍ കാപ്പിക്കുരു
കുത്തിക്കൊണ്ടിരുന്നു:സ്സെ..സ്സെ..സ്സെ..

കാപ്പിത്തോട്ടത്തില്‍ ഒറ്റയ്ക്ക് പോയാല്‍
മൊട്ടുകളും കവരകളുമുള്ള കാപ്പി
പണിയനോ പണിച്ചിയോ ആയി
അനങ്ങിത്തുടങ്ങും.
സൂക്ഷിച്ചുനോക്കിയാല്‍
‘’എനായ്ത്തവാ എന്ന്ചോദിക്കും.


പുതുമഴേന്റെ പിറ്റേന്ന്
തലമുറകളുടെ സുഗന്ധം കാപ്പിത്തോട്ടങ്ങള്‍ക്കു
മുകളിലൂടെ പറന്നു
കാപ്പിമരങ്ങള്‍ അവയുടെ വായ തുറന്ന്
വെളുവെളുത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചു.
കുന്നുകയറുന്ന വണ്ടിയിലിരുന്ന്
കാപ്പിത്തോട്ടങ്ങളുടെ ചിരി കണ്ടു.
പൊരിച്ചാക്കുകള്‍ മറിഞ്ഞുകിടക്കുന്ന മാതിരി.




**റെക്ക-ഭൂമിക്ക് തിരശ്ചീനമായി വളരുന്ന പാര്‍ശ്വശാഖകള്‍
*കമ്പിച്ചീറ്-കമ്പച്ചികിറ്,തായ്ത്തടിയില്‍ നിന്ന് പൊട്ടി ലംബമായി വളരുന്ന ചെറുശിഖരങ്ങള്‍

1 അഭിപ്രായം:

  1. **റെക്ക-ഭൂമിക്ക് തിരശ്ചീനമായി വളരുന്ന പാര്‍ശ്വശാഖകള്‍
    *കമ്പിച്ചീറ്-കമ്പച്ചികിറ്,തായ്ത്തടിയില്‍ നിന്ന് പൊട്ടി ലംബമായി വളരുന്ന ചെറുശിഖരങ്ങള്‍

    മറുപടിഇല്ലാതാക്കൂ