gfc

പോത്ത്

പോത്തിറച്ചി തിന്ന് മണിക്കൂറുകള്‍ കഴിഞ്ഞ്
ശരീരമൊന്ന് വിയര്‍ത്തുകഴിഞ്ഞാല്‍
വിയര്‍പ്പിനാകെ ഒരു പോത്തുമണം വരും.
താനൊരു പോത്താണെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങും.
തലയില്‍ ഭംഗിയായി വളഞ്ഞ രണ്ടു കൊമ്പുകള്‍
മുളച്ചിട്ടുണ്ടോ എന്ന് പരതിനോക്കും.
മുക്രയിട്ടുകൊണ്ട് ഒരോട്ടമാണ് പിന്നെ.
വഴിയിലാരെയെങ്കിലും കണ്ടാല്‍
ഒന്ന് പിന്നോട്ടാഞ്ഞ് മുന്നിലേക്ക് ഓടിയടുത്ത്
നെറ്റി കൊണ്ടൊരു ഇടിയാണ്.
ചോര പൊട്ടിയാലും കുഴപ്പമില്ല.
അകത്തെ പോത്തിനെ അകപ്പെടുത്താന്‍ വയ്യ.
തനിക്ക് കാണിക്കാന്‍ ഒരു സ്വഭാവമില്ലാത്തതുകൊണ്ടാവണം
കഴിക്കുന്നതെല്ലാം അതിന്റെ സ്വഭാവം കാണിച്ചുകൊണ്ടിരിക്കുന്നു.
ജീവനുള്ള പോത്തിനോട് അറപ്പും അവഗണനയുമാണെങ്കിലും
മസാല ചേര്‍ന്ന് വെന്ത അതിന്റെ ഇറച്ചിയില്‍ നിന്ന്
അയാള്‍ക്ക് രക്ഷയുണ്ടായിരുന്നില്ല.
ഇഷ്ടമില്ലാത്തതൊക്കെ മസാല കൂട്ടി വേവിച്ചെടുത്താല്‍
ഇഷ്ടമാവുമായിരിക്കും.
പോത്തുകളോട് ഒരു ചര്‍ച്ചയ്ക്ക് വകുപ്പില്ല.
അവര്‍ വേദനിഷേധികളും നിര്‍മമരുമാണ്.
പ്രായമായ വല്ല്യുമ്മമാര്‍ ജപമാല എണ്ണിയിരിക്കും‌ പോലെ
അവര്‍ അയവെട്ടുകമാത്രം ചെയ്യുന്നു.
അനാകര്‍ഷകത്വം കൊണ്ടുപോലും
സ്വന്തം ശരീരത്തെ രക്ഷിക്കാന്‍ കഴിയാത്തവര്‍
ഭാവിയോ ഭൂതമോ അയവെട്ടുന്നത്?
ചന്തയില്‍ നിന്ന് ചന്തയിലേക്ക് ഓടുന്നതിനിടയില്‍
തിരിച്ചുതിരിച്ച് പലവട്ടം ഒടിഞ്ഞ അതിന്റെ വാല്
ഇടയ്ക്കിടെ പിടിച്ചുടയ്ക്കുന്ന അതിന്റെ വൃഷണം
ഒന്നും കണ്ടിട്ട് ഒരു കാര്യവുമില്ലെങ്കിലും
ആര്‍ദ്രവും വിശാലവുമായ രണ്ട് കണ്ണുകള്‍
പോത്തിറച്ചി തിന്ന് മണിക്കൂറുകള്‍ കഴിഞ്ഞാല്‍
ഒക്കെയും ഓര്‍മ്മ വരും...

12 അഭിപ്രായങ്ങൾ:

 1. "ജീവനുള്ള പോത്തിനോട് അറപ്പും അവഗണനയുമാണെങ്കിലും
  മസാല ചേര്‍ന്ന് വെന്ത അതിന്റെ ഇറച്ചിയില്‍ നിന്ന്
  അയാള്‍ക്ക് രക്ഷയുണ്ടായിരുന്നില്ല.
  ഇഷ്ടമില്ലാത്തതൊക്കെ മസാല കൂട്ടി വേവിച്ചെടുത്താല്‍
  ഇഷ്ടമാവുമായിരിക്കും.
  പോത്തുകളോട് ഒരു ചര്‍ച്ചയ്ക്ക് വകുപ്പില്ല.
  അവര്‍ വേദനിഷേധികളും നിര്‍മമരുമാണ്.
  പ്രായമായ വല്ല്യുമ്മമാര്‍ ജപമാല എണ്ണിയിരിക്കും‌ പോലെ
  അവര്‍ അയവെട്ടുകമാത്രം ചെയ്യുന്നു.
  അനാകര്‍ഷകത്വം കൊണ്ടുപോലും
  സ്വന്തം ശരീരത്തെ രക്ഷിക്കാന്‍ കഴിയാത്തവര്‍"

  G A M B H E E R A M...

  മറുപടിഇല്ലാതാക്കൂ
 2. ഇഷ്ടമില്ലാത്തതൊക്കെ മസാല കൂട്ടി വേവിച്ചെടുത്താല്‍
  ഇഷ്ടമാവുമായിരിക്കും.

  അകമ്പടി ആയല്‍പ്പം മദ്യവുമുണ്ടെങ്കില്‍
  രുചിയിലെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്
  പ്രസക്തി തീരെ ഇല്ലാതാകുന്നു

  മറുപടിഇല്ലാതാക്കൂ
 3. പച്ച ചുവയ്ക്കുന്നതും പാതിവേവാത്തതുമായ
  മാംസം തൊലിപ്പുറത്ത്
  ചൊറിഞ്ഞു തിണര്‍ക്കും ;
  കുരുക്കളായി പുറത്തേക്കു ചാടാന്‍ വെമ്പും..

  ഇഷ്ടമില്ലാത്തതൊക്കെ മസാല കൂട്ടി വേവിച്ചെടുത്താല്‍
  ഇഷ്ടമാവുമായിരിക്കും.
  :))

  nannaayi

  മറുപടിഇല്ലാതാക്കൂ
 4. അനാകര്‍ഷകത്വം
  എന്നു പറയാന്‍ കഴിയുമോ
  പൂവിനു പൂവിന്റെ ഭംഗി(വായിച്ച ഒരു പഴയ കവിതയില്‍ നിന്ന്)
  എന്ന പോലെ
  പോത്തിനു പോത്തിന്റെ ഭംഗി

  പ്രകൃതി ഒന്നിനെയും അനാകര്‍ഷകമാക്കി നിര്‍മിക്കുന്നില്ലല്ലോ

  സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 5. "തനിക്ക് കാണിക്കാന്‍ ഒരു സ്വഭാവമില്ലാത്തതുകൊണ്ടാവണം
  കഴിക്കുന്നതെല്ലാം അതിന്റെ സ്വഭാവം കാണിച്ചുകൊണ്ടിരിക്കുന്നു."

  ഈ പോത്തിറച്ചി കഴിക്കുന്നവരായിരിക്കുന്നു ഇപ്പോള്‍ നമ്മളെല്ലാവരും
  അല്ലെങ്കില്‍ കഴിക്കപ്പെടേണ്ടി വരുന്നു...

  മറുപടിഇല്ലാതാക്കൂ
 6. ‌@ അനീഷ് എല്ലാറ്റിനും അതിന്റേതായ സൌന്ദര്യമുണ്ട്.ശരിയാണ്.പക്ഷേ എല്ലാവരും എല്ലാറ്റിലും ആ ആകര്‍ഷകത്വം കാണാറില്ലല്ലോ.കവിതയിലെ ‘അയാളെ’സംബന്ധിച്ച് പോത്ത് അനാകര്‍ഷകമാണ് എന്ന് കരുതിയാല്‍ മതി.

  മറുപടിഇല്ലാതാക്കൂ
 7. avaganikkappedunnoru kaazhchaye allengil anubhavathe anivaaryamaaya punar vichinthanathinu vidheyamaakkaan prerakamaaya kavithayile 'ayaal'kku anomodhanangal!

  മറുപടിഇല്ലാതാക്കൂ
 8. കോഴിയിറച്ചിയാരുന്നെങ്കില്‍................

  മറുപടിഇല്ലാതാക്കൂ
 9. എന്താകഥ..... എനിയ്ക്കുവേണ്ടി പറഞ്ഞതുപോലെ....
  ഞാന്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍....

  മറുപടിഇല്ലാതാക്കൂ
 10. പോത്തിറാച്ചി തിന്നാല്‍ പോത്തെന്നു തോന്നുമെങ്കില്‍ നമ്മള്‍ പോത്തുകള്‍ മനുഷ്യയിറച്ചി തിന്നു ശീലിക്കേണ്ടിയിരിയ്ക്കുന്നു.തോന്നലെങ്കിലുമാകുമല്ലോ.

  മറുപടിഇല്ലാതാക്കൂ
 11. മനുഷ്യനെ തിന്നുന്നതിനെക്കുറിച്ച് ഫ്രാന്‍സിസ് ഇട്ടിക്കോരയില്‍ പറയുന്നുണ്ട്.മനുഷ്യമാംസം കഴിക്കുന്നതിനു മുന്‍പുള്ള ആളല്ല കഴിച്ചതിനു ശേഷമുള്ള ആള്‍.അവര്‍ക്ക് പിന്നെ എല്ലാ മനുഷ്യരും ഇരകളാണ്. എല്ലാവരേയും അവര്‍ ഇര എന്ന നിലയില്‍ അവര്‍ നോക്കിപ്പോവും...അത് വായിച്ച് തരിച്ചുപോയിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 12. പോത്തിനോട് ഓതിയിട്ട് എന്ത് കാര്യം അല്ലേ ?

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.