gfc

കുടല്‍ക്കരെ

കൃമികള്‍ അവ കഴിഞ്ഞുകൂടുന്ന
ശരീരത്തെക്കുറിച്ച് വല്ലതും ചിന്തിക്കുമോ?
എന്റെയീ വയറിനകത്ത് മടങ്ങിമടങ്ങിക്കിടക്കുന്ന
കുടലിന്റെ ഉള്‍പ്പേശികളില്‍ അരിച്ചുനടക്കുന്ന കൃമികള്‍
എന്റെ ഒറ്റക്കവിതയും ഇന്നേവരെ വായിച്ചിട്ടില്ല.
ഞാനാ‍ണ് അവയുടെ അന്നദാതാവ് എന്ന വിചാരം പോലും
അവയ്ക്കുണ്ടാവില്ല.
ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പങ്കുപറ്റി
അവ വളരുന്നു അര്‍മാദിക്കുന്നു ഇണചേരുന്നു പെരുകുന്നു
കുടല്‍ ഒരു ദേശമാണെന്ന് അവ കരുതുന്നു..
കാലാകാലങ്ങളില്‍ മഴയും വെയിലും കിട്ടുന്നതുപോലെ
ഭക്ഷണവും വെള്ളവും അവരുടെ ദേശത്തേക്ക് ഇറങ്ങിവരുന്നു.
എന്റെ ഉത്ഭവം അവരുടെ ചരിത്രപുസ്തകത്തില്‍ കാണില്ല.
ഞാന്‍ മരിച്ചുകഴിഞ്ഞാലും ദിവസങ്ങള്‍ കഴിഞ്ഞേ എന്റെ മരണം
അവ സ്ഥിരികരിക്കൂ.
എന്റെ സമ്പത്തോ തൊഴിലോ വിദ്യാഭ്യാസമോ
എന്തെന്ന് അവയ്ക്കറിഞ്ഞുകൂടാ.
എന്റെ രതിയോ ശരീരാധ്വാനമോ മനപ്രയാസങ്ങളോ
അവയെ അലട്ടുന്നില്ല.
സദ്യകളുടേയും ഉപവാസങ്ങളുടെയും നാളുകളില്‍ മാത്രം
ഈ കുടലിനപ്പുറത്തെന്താണെന്ന് അവ കുടല്‍ക്കരയിലിരുന്ന്
ആലോചിക്കും...
അവയ്ക്കും കാണില്ലേ തലച്ചോറ്?

അവ പാര്‍ക്കുന്ന ഈ ദേശം ഒരു ശരീരമാണെന്നതുപോലെ
നാം പാര്‍ക്കുന്ന ഈ ദേശം ആരുടെ ശരീരമാണ്?
അവിടേക്ക് സമയാസമയങ്ങളില്‍ ഇറങ്ങിവരുന്ന
അരിച്ചാക്കുകള്‍ പച്ചക്കറികള്‍ ഇന്ധനങ്ങള്‍ മരുന്നുകള്‍
വൈദ്യുതകാന്തിക തരംഗങ്ങള്‍ യുദ്ധോപകരണങ്ങള്‍ എല്ലാം ആരുടെ മായാജാലമാണ്?
അവിടേക്ക് ഇറങ്ങിവന്ന കൊടിതോരണങ്ങളിലും
അദൃശ്യമായ പ്രസ്ഥാനങ്ങളിലേക്ക് ചേര്‍ത്തൊട്ടിക്കുന്ന
ഭയപ്പശയിലും എപ്പോഴാണ് നാം വഴുതിവീണത്?
ആരാണ് ഇവിടേക്ക്നമുക്കുവേണ്ടാത്ത വിഷവാതകങ്ങളും ദ്രാവകങ്ങളും
വീണ്ടും വീണ്ടും തുറന്നുവിടുന്നത്?
നമ്മുടെ വിലയില്ലാത്ത ചാവുകള്‍ക്കുമുകളില്‍
വീണ്ടും വീണ്ടും വന്നു വീഴുന്ന ഭക്ഷണമെന്താണ്?
പകുതിവെന്ത വാര്‍ത്തകള്‍ക്കു മുകളില്‍ വീഴുന്ന പകുതിവെന്ത വാര്‍ത്തകളോ
അന്യദേശങ്ങളുടെ മാലിന്യങ്ങളോ കൂട്ടക്കുരുതികളോ ആത്മഹത്യകളോ അപമാനങ്ങളോ
ആഘോഷങ്ങളുടെയും ആര്‍ഭാടങ്ങളുടെയും അലര്‍ച്ചയോ?
എന്തൊരു തിരക്കു പിടിച്ചതാ‍ണീ ലോകം
എന്നൊരു പരസ്യവാചകം പെട്ടെന്ന് പടരുന്നുണ്ട്.
തല ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു പഴുതുപോലുമില്ലെങ്കില്‍
എങ്ങനെയാണ് ഒരു കൃമി ചിന്തിക്കുക കുടലേ?
ഈ കുടല്‍ക്കരയിലിരുന്ന് ചിന്തിച്ചാല്‍
എത്ര ഉയരത്തില്‍ പൊങ്ങും നമ്മുടെ ചോദ്യങ്ങള്‍ ?
ചിന്തിക്കാന്‍ ആവതില്ലാത്തതുകൊണ്ടാവുമോ
ഞാന്‍ നിങ്ങളിലേക്കും നിങ്ങള്‍ എന്നിലേക്കും
ഒന്നും ചിന്തിക്കാതെ ആര്‍ത്തിപിടിച്ച് ഇങ്ങനെ അരിച്ചുകയറുന്നത്?

9 അഭിപ്രായങ്ങൾ:

  1. കുടലിന്റെ ഉള്‍പ്പേശികളില്‍ അരിച്ചുനടക്കുന്ന കൃമികള്‍
    എന്റെ ഒറ്റക്കവിതയും ഇന്നേവരെ വായിച്ചിട്ടില്ല.
    ഞാനാ‍ണ് അവയുടെ അന്നദാതാവ് എന്ന വിചാരം പോലും
    അവയ്ക്കുണ്ടാവില്ല.

    മറുപടിഇല്ലാതാക്കൂ
  2. മാഷേ..ആശയം നന്നായിട്ടുണ്ട്. പക്ഷേ ഒന്നൂടെ ചെത്തി മിനുക്കാമായിരുന്നു എന്ന് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  3. കവിത ചിലപ്പോൾ ശക്തമായ ആയുധമായി മാറിയേക്കാം. വിശേഷിച്ചും രാഷ്ട്രീയം പരാമർശമാകുമ്പോൾ. കുടൽക്കരയുടെ ദേശം ശരീരമാകുമ്പോൾ നാം ജീവിക്കുന്ന ദേശം ആരുടെ ശരീരമാണ്. കീടജന്മങ്ങൾ എല്ലാക്കാലത്തും രാഷ്ട്രീയവും കലയും നേരിടേണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ
  4. കൃമിദർശനം കലക്കിക്കളഞ്ഞു. അരുടെ വിസർജ്ജ്യമായാണ്‌ നാം പുറത്തുപോകുക എന്നു മാത്രം ഒരു നിശ്ചയവുമില്ല

    മറുപടിഇല്ലാതാക്കൂ
  5. വിശാലമായ ലോകത്തേക്ക് തുറക്കുന്ന കടല്‍ക്കര!

    മറുപടിഇല്ലാതാക്കൂ
  6. വളരെ നന്നായിട്ടുണ്ട് മാഷേ..:)
    നായയുടെ വയറ്റിലെ വിരയെപ്പറ്റി കുറച്ചധികം കവിതകള്‍ കെ.എ. ജയശീലന്‍ എഴുതിയിട്ടുണ്ട്ട്. ഇഷ്ടപ്പെട്ട ഒന്ന് ഇവിടെ എഴുതട്ടെ.”വെയില്‍ മൂക്കുന്ന മുറ്റത്തൂ/ടെങ്ങോട്ടോ ധൃതിയായിതാ/ നായപോകുന്നു കണ്ടീടാന്‍ /ആയെങ്കില്‍ അന്ത്രനാളിയില്‍ /ഇര നീങ്ങുന്നു പീന്നോട്ട്/ ശ്വാനത്തിന്‍ ഗതിയോര്‍ത്തിടാതത് സ്വാതന്ത്ര്യലക്ഷ്യങ്ങള്‍ / നിശ്ചയിച്ചു ചരിക്കയാം/ രണ്ടു ഞാനുകള്‍ ഒന്നൊന്നില്‍ /ഉള്‍ക്കൊണ്ട്ടും തീരെ ഭിന്നരായ്”

    മറുപടിഇല്ലാതാക്കൂ
  7. “ അവ പാര്‍ക്കുന്ന ഈ ദേശം ഒരു ശരീരമാണെന്നതുപോലെ
    നാം പാര്‍ക്കുന്ന ഈ ദേശം ആരുടെ ശരീരമാണ്? “

    കുറെക്കാലത്തിൻ ശേഷം ശരീരവും മനസ്സുമുള്ള ഒരു കവിത വായിച്ചു മാഷേ

    മറുപടിഇല്ലാതാക്കൂ