gfc

എത്ര ഓര്‍മകളുടെ മരണമാണ് ഒരു ചിരി

മുടിഞ്ഞ മഴ ദിവസം
കൊല്ലുന്ന തണുപ്പ്
നിങ്ങളുടെ ആ പഴയ പരിചയക്കാരന്‍ മരിക്കുന്നു.


അയാളുടെ വീട്ടിലേക്ക് കുട ചൂടി കുന്നുകയറിപ്പോകുമ്പോള്‍
എന്താവും നിങ്ങള്‍ ഓര്‍ക്കുക?


വന്നവര്‍ക്ക് ഇരിക്കാന്‍ മരണവീടിന്റെ മുറ്റത്ത്
ഫൈബര്‍ കസേരകള്‍ നിരത്തിയിട്ടിട്ടുണ്ട്
ടാര്‍പോളിന്‍പന്തല്‍ വലിച്ചുകെട്ടിയിട്ടുണ്ട്.


അകത്ത് കരച്ചിലുണ്ട്.
നിങ്ങളുടെ പരിചയക്കാരന്‍ നീണ്ടു നിവര്‍ന്ന് നിശ്ശബ്ദം കിടപ്പുണ്ട്.


മരണവീട് ഒരിക്കലും വിവാഹവീടല്ല.
വിഴുങ്ങിയ സംഭാഷണങ്ങള്‍
വിഴുങ്ങിയ ചിരികള്‍
അടക്കിയതോ അടക്കാന്‍ വയ്യാത്തതോ ആയ കരച്ചിലുകള്‍
ഒരാള്‍ ഇല്ലാതായി എന്ന സത്യം ഉണ്ടാക്കുന്ന ശൂന്യത.


വീര്‍പ്പുമുട്ടലോടെ നിങ്ങളും ആ വീടിന്റെ പടി കടക്കുന്നു.
ഒരു കാറ്റ് നിങ്ങളെ തഴുകിപ്പോവുന്നു.
ഒരു സൂര്യന്‍ നിങ്ങളെ നോക്കി ചിരിക്കുന്നു.
മഴ നിലയ്ക്കുന്നു.


വീടു പറ്റുന്നു
കുഞ്ഞുങ്ങളുമായി കളിക്കുകയോ
വീട്ടുകാരിയെ സഹായിക്കുകയോ ചെയ്യുന്നു.
അത്താഴം കഴിക്കുന്നു.
ഇണ ചേരുന്നു
ഉറങ്ങുന്നു

12 അഭിപ്രായങ്ങൾ:

  1. എത്ര ചിരികളുടെ ഓര്‍മ്മയാണ്‌
    ഒരു മരണം...

    വിഷ്ണൂ,
    മരണവീടോളം ചെന്ന്‌ എത്രവട്ടം
    വേണ്ട വേണ്ട എന്ന്‌
    മടങ്ങിയിരിക്കുന്നു.
    ഓര്‍മ്മകളെ പേടിച്ച്‌ തന്നെയാവണം!

    മറുപടിഇല്ലാതാക്കൂ
  2. അങ്ങേലെ മൂപ്പീന്നു ചത്തോടീ....

    മറുപടിഇല്ലാതാക്കൂ
  3. തികച്ചും സുന്ദരം ഈ ഭാവന.....

    മറുപടിഇല്ലാതാക്കൂ
  4. മരണ വീട്ടിലേക്കുള്ള വഴി പോലും മരിച്ചു കിടക്കുകയായിരുന്നു...
    ഈ എഴുത്ത് ഇഷ്ടപ്പെട്ടു...
    പുതുവത്സരാശംസകള്‍....!

    മറുപടിഇല്ലാതാക്കൂ
  5. ഞാന്‍ എഴുതുവാന്‍ മനസ്സില്‍ കരുതിയത് വിശാഖ് ശങ്കര്‍ എഴുതിയിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  6. ഞാന്‍ മനസ്സില്‍ കരുതിയത് വിശാഖ് ശങ്കര്‍ എഴുതിയിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  7. എത്ര ഓര്‍മകളുടെ മരണമാണ് ഒരു ചിരി!
    എത്ര ചിരികളുടെ ഓര്‍മ്മയാണ്‌ ഒരു മരണം!
    എത്ര മരണങ്ങളുടെ ഓര്‍മ്മയാണ് ചില ചിരികള്‍!

    ഇതിനേക്കാളൊക്കെ വേദനിപ്പിക്കുന്ന ഒന്നുണ്ട്...
    എത്ര ചിരികളുടെ മരണമാണ് ചില ഓര്‍മ്മകള്‍!!! വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍...

    മറുപടിഇല്ലാതാക്കൂ
  8. ചില ഓര്‍മ്മകള്‍
    മരണത്തില്‍ തുടങ്ങുന്നു
    ചിലത് മരണത്തില്‍
    ഒടുങ്ങുന്നൂ....

    ഓര്‍മ്മപ്പെടുത്തി ചിലത്...നല്ല കവിത.

    മറുപടിഇല്ലാതാക്കൂ