gfc

ഉടലെഴുത്ത്

കുറേ ഉടലുകള്‍ തെക്കോട്ടു നടക്കുന്നു
കുറേ ഉടലുകള്‍ വടക്കോട്ടു നടക്കുന്നു


ഒരുടല്‍ കിഴക്കോട്ടോടുന്നു
ഒരുടല്‍ പടിഞ്ഞാട്ടോടുന്നു.


കുറേ ഉടലുകള്‍ തിന്നുന്നു.
ഒരുടല്‍ ഛര്‍ദ്ദിക്കുന്നു.


കുറേ ഉടലുകള്‍ ഇണചേരുന്നു.
ഒരുടല്‍ യോനി പിളര്‍ന്ന് പുറത്തേക്ക് വരുന്നു.


ഒരുടല്‍ ആയിരം കിലോമീറ്റര്‍ അപ്പുറത്ത് മലര്‍ന്നുകിടക്കുന്നു.
ഒരുടല്‍ ആയിരം കിലോമീറ്റര്‍ ഇപ്പുറത്ത് കമ്ഴ്ന്ന് കിടക്കുന്നു.


ഒരുടല്‍ നൃത്തം ചെയ്യുന്നു
ഒരുടല്‍ അപസ്മാരത്തില്‍ പിടഞ്ഞ് പതയുന്നു.


ഒരുടല്‍ ഉരുള കൊടുക്കുന്നു
ഒരുടല്‍ വാളൂരുന്നു.


ഒരുടല്‍ വായുവിനെ ഭേദിച്ച് പറക്കുന്നു
ഒരുടല്‍ ജലത്തെ മുറിച്ച് ആഴുന്നു.


മുടി ചിക്കിപ്പരത്തി,ഭ്രാന്തെടുത്ത്
തെരുവിലൂടൊരുടല്‍.


ബ്യൂട്ടിപാര്‍ലറില്‍ നിന്ന് കാറിലേക്ക്
മദാലസമൊരുടല്‍


ഷാപ്പില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍
മലര്‍ന്നടിച്ചൊരുടല്‍


ആശുപത്രിക്കിടക്കയില്‍ മൂക്കിലെ ട്യൂബുമായി
പൊങ്ങിയും താണുമൊരുടല്‍


കത്തിക്കൊണ്ടിരിക്കുന്ന തെരുവില്‍
കൈകള്‍ ചവിട്ടിപ്പിടിച്ച് ബലാല്‍ക്കാരം ചെയ്യപ്പെടുന്ന
ഒരുടല്‍
സ്ഖലിക്കുന്ന ശൂലങ്ങളുമായി ഇരുചക്രത്തില്‍ പായുന്നൊരുടല്‍


കുറേ ഉടലുകള്‍ കരയുന്നു
ഒരുടല്‍ ചിരിക്കുന്നു


കുറേ ഉടലുകള്‍ ചിരിക്കുന്നു
ഒരുടല്‍ കരയുന്നു.


എല്ലാ ദിശകളിലേക്കുമുള്ള
ഉടലുകളുടെ ത്രിമാന സഞ്ചാരമേ,
ഈ ഭൂമിയുടെ ഉപരിതലത്തിളപ്പേ,
ആരെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
ആര്‍ക്കെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
ഈ കൂട്ടച്ചിത്രംവരയില്‍ എന്തിനാണെന്റെ ഉടല്‍ച്ചേര്‍പ്പ്?

11 അഭിപ്രായങ്ങൾ:

  1. എല്ലാ ദിശകളിലേക്കുമുള്ള
    ഉടലുകളുടെ ത്രിമാന സഞ്ചാരമേ,
    ഈ ഭൂമിയുടെ ഉപരിതലത്തിളപ്പേ,
    ആരെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
    ആര്‍ക്കെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
    ഈ കൂട്ടച്ചിത്രംവരയില്‍ എന്തിനാണെന്റെ ഉടല്‍ച്ചേര്‍പ്പ്?

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്‌ ഈ ഉടെലെഴുത്ത്‌

    മറുപടിഇല്ലാതാക്കൂ
  3. ഈ കൂട്ടച്ചിത്രംവരയില്‍ എന്തിനാണെന്റെ ഉടല്‍ച്ചേര്‍പ്പ്?

    മറുപടിഇല്ലാതാക്കൂ
  4. അപ്പോഴാല്ലേ മാഷെ “ചേർച്ചയില്ലേ ഓർച്ചയില്ലേ...” എന്ന് ചോദിച്ചത്?

    മറുപടിഇല്ലാതാക്കൂ
  5. ജീവന്‍ താള്, ഉടല്‍ എഴുത്ത്, ഇടയില്‍ മങ്ങിയും തെളിഞ്ഞും തലകീ‍ഴായ് മറഞ്ഞും ഞാന്‍....എന്തൊക്കെയാണീ കവിത പറയുന്നത്?

    മറുപടിഇല്ലാതാക്കൂ
  6. വാഗര്‍ത്ഥങ്ങളെ കശക്കിയിരിക്കുന്നു ഈ ഉടലുകള്‍.
    ഇതില്‍ ഞാന്‍ ഏതുടലാണ്?

    അഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  7. ഇതിനിടയില്‍ ഉടയോന്‍ ഉടലില്ലാതെ ചുറ്റി തിരിയുന്നു...
    കൊള്ളാം....

    മറുപടിഇല്ലാതാക്കൂ
  8. വൈരുദ്ധ്യങ്ങളുടെ ശരീരഭാഷകൾ...നല്ല ഒതുക്കം.!

    മറുപടിഇല്ലാതാക്കൂ