gfc

എഴുതാത്ത കവിതകളുടെ ഗൂഢവൃത്തികള്‍

നിരന്തരമായി കവിതകളെഴുതാമെന്ന്
ഒരു വായനക്കാരനുമായും കരാറിലേര്‍പ്പെട്ടിട്ടില്ല
എന്ന് ഉറപ്പിക്കാനല്ല,
സഹകവികളുമായി യുദ്ധം ചെയ്ത്
മടുത്തതുകൊണ്ടുമല്ല,
വരുന്ന വരുന്ന കവിതകളെ
നോക്കി നോക്കി കഴുത്തു കഴച്ചിട്ടാണ്
മറ്റെവിടേക്കെങ്കിലും പോകൂ കവിതകളെ
എന്ന് ആട്ടിത്തുടങ്ങിയത്.


ഇരുട്ടില്‍
വെളിച്ചത്തില്‍
കാറ്റില്‍’
മഴയില്‍
ജനല്‍പ്പാളികളില്‍’
അവ വന്നു വിളിച്ചു.

ഉറക്കത്തില്‍
സ്വപ്നത്തില്‍’
അവളുടെ മുടിമണത്തില്‍
മുറികളുടെ അരണ്ട മൂലയില്‍
അവ കണ്ണുപൊത്തിക്കളിച്ചു.

ശ്രദ്ധയോടെ
ചില അശ്രദ്ധകളെ വളര്‍ത്തിയില്ലെങ്കില്‍
നമ്മളില്‍ നിന്ന് നമ്മളെ
മറ്റാരെങ്കിലും പിടിച്ചുപറിക്കാന്‍ ഇടയുണ്ട്.

എഴുതാതെ പോകുന്ന കവിതകള്‍
കവിക്കെതിരെ തിരിയും.
എല്ലാ ശ്രദ്ധ ക്ഷണിക്കലുകളും
അസ്ഥാനത്താവുമ്പോള്‍’
അവഗണനയുടെ അറ്റം കാണുമ്പോള്‍
കവിതകള്‍ കവിയുടെ ജീവിതത്തെ
ആക്രമിക്കാന്‍ തീരുമാനിക്കും.

ഉറക്കത്തിഉല്‍ നിന്ന്
എഴുന്നേല്‍പ്പിച്ച് നടത്തും.
സമാധാനം ഇവിടെയൊന്നുമല്ല
മറ്റെവിടെയോ ഉണ്ടെന്ന്
കാതില്‍ പറഞ്ഞുപറഞ്ഞ്
ഭാണ്ഡമെടുപ്പിച്ച് കിട്ടുന്ന വണ്ടിക്ക്
ചാടിക്കയറ്റി എങ്ങോട്ടെങ്കിലും പറഞ്ഞുവിടും.
പിന്നെയും കിട്ടാത്ത സമാധാനത്തെ
തരാമെന്ന് പറഞ്ഞ് മദ്യപിപ്പിക്കും.
പുതിയൊരാകാശത്തിന് വേണ്ടത്ര മേഘങ്ങള്‍
പുകയൂതിയുണ്ടാക്കും.
ഭാര്യയും കുഞ്ഞുങ്ങളുമാണ്
ജീവിതത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന്
ഇടയ്ക്കിടെ വന്നു പറയും.
നിസ്സാരപ്രശ്നങ്ങള്‍ക്ക് നാട്ടുകാരോടും
വീട്ടുകാരോടും വഴക്കിടീക്കും.
എല്ലാവരും വിട്ടുപോവുമ്പോള്‍
അയാള്‍ പിന്നെയും എഴുതാനിരിക്കും.
തങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും
ഇയാളെ വിട്ടുകൊടുക്കില്ലെന്ന്
അപ്പോള്‍ വീടിന്റെ എല്ലാ മുറികളില്‍ നിന്നും
കവിതകള്‍ പൊട്ടിച്ചിരിക്കും.

3 അഭിപ്രായങ്ങൾ:

  1. ആ കവിതകളെല്ലാം ഞങ്ങള്‍ക്ക് തരൂ!

    മറുപടിഇല്ലാതാക്കൂ
  2. പുതിയൊരാകാശത്തിന് വേണ്ടത്ര മേഘങ്ങള്‍
    പുകയൂതിയുണ്ടാക്കും.

    മറുപടിഇല്ലാതാക്കൂ
  3. അങ്ങിയോക്കെയാണ് ജീവിതങ്ങള്‍ !
    നല്ലാശംസകളോടെ
    @srus..

    മറുപടിഇല്ലാതാക്കൂ