gfc

പിടികിട്ടാപ്പുള്ളി

സ്വപ്നങ്ങളായിരുന്നു തടവുപുള്ളികള്‍
ഉദ്യോഗം,പ്രണയം, വീട്,ആഹാരം, വസ്ത്രം
എന്നിങ്ങനെ പലതരമുണ്ടായിരുന്നു അവ.
അതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്ന്
ഇന്നു വെളുപ്പിന് ജയില്‍ മതില്‍ ചാടി രക്ഷപ്പെട്ടു.
പത്രങ്ങളായ പത്രങ്ങളിലൊക്കെ പരസ്യം ചെയ്തു.
പോലീസായ പോലീസൊക്കെ വാക്കിട്ടോക്കിയിലൂടെ
സന്ദേശമയച്ചുകൊണ്ടിരുന്നു.
എട്ടുദിക്കുകളിലേക്കും പോവുന്ന വണ്ടികളൊക്കെ
തടുത്തുനിര്‍ത്തി പെട്ടി പ്രമാണങ്ങള്‍ പരിശോധിച്ചു.
കണ്ടു കിട്ടിയില്ല.
വിമാനത്താവളങ്ങള്‍ അരിച്ചുപെറുക്കി.
ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയില്ല.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
തലയ്ക്ക് ലക്ഷങ്ങള്‍ തരുമെന്ന് പറഞ്ഞ്
ആളുകളെ എടങ്ങേറാക്കി.
അവസാനം പാഠം പഠിച്ചു:
ചില സ്വപ്നങ്ങള്‍ കീഴടങ്ങുകയില്ല.

12 അഭിപ്രായങ്ങൾ:

  1. ഒരു പിടികിട്ടാപ്പുള്ളിയെ ഇതാ വിടുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണുവേട്ടാ,
    ഒരു സ്വപ്നം കീഴടങ്ങുമ്പോള്‍, വേറെ ഒരു പത്തെണ്ണം ജയില്‍ ചാടും അല്ലേ. പക്ഷേ പലതും കീഴടങ്ങും എന്നുള്ള ആ ഒരു മോഹത്തിലാണ്‌ ജീവിതം മുന്നോട്ടു കോണ്ടുപോകുന്നത്‌. പലപ്പോഴും ലക്ഷ്യങ്ങള്‍ പോലും മാറിപ്പോകുന്ന പോലെ, ചിലപ്പോ ഒരെണ്ണത്തിന്റെ പുറകേ കുറെപ്പോയിട്ട്‌ പിന്നെ അതിനെ ഉപേക്ഷിച്ച്‌ മറ്റൊന്നിനു പുറകേ, പലതും ചാക്രികമായി...

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണു,
    മനുഷ്യരെ ഞെട്ടിക്കുന്നെങ്കില്‍ ഇങ്ങനെ ഞെട്ടിക്കണം. പ്രണാമം.

    മറുപടിഇല്ലാതാക്കൂ
  4. സ്വപ്നങ്ങളുടെ ഇത്തരം നിയോഗങ്ങള്‍ തിരിച്ചറിയാന്‍ കവിക്കേ കഴിയൂ. കവിയായ വിഷ്ണുവിന്റെ പിടികിട്ടാപ്പുള്ളിയെ എനിക്ക്‌ പിടികിട്ടി. ഒതുക്കത്തില്‍ പറഞ്ഞിരിക്കുന്നു. കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  5. നല്ല ഒരാശയത്തെ അതിലും നല്ല ഭാഷയിലൂടെ അവതരിപ്പിച്ചിരിക്കുന്നു, തലക്കെട്ടിന്റെ വിരുതും നന്നായി, വീണ്ടും എഴുതുക

    മറുപടിഇല്ലാതാക്കൂ
  6. കിടിലം തന്നെ :-) സ്വപ്നങ്ങള്‍ കാണാന്‍ കഴിയുന്നത് ഒരു അനുഗ്രഹം തന്നെയല്ലേ

    “എങ്കിലും സ്വപ്നങ്ങള്‍ കാണുന്ന നമ്മുടെ കണ്ണുകള്‍
    കാലം കവര്‍ന്നില്ലിതുവരെ” എന്നല്ലേ?
    (ഒ.എന്‍.വി - ശാര്‍ങ്ങഘപ്പക്ഷികള്‍)

    (കന്നിവെയിലില്‍ മകരക്കുളിരിനെ,
    കര്‍ക്കടകക്കരിവാവില്‍ തെളിവൊത്ത ചിങ്ങപ്പുലരിയെ,
    സാന്ദ്രമൌനങ്ങളില്‍ സംഗീത ധാരയെ,
    കാളും വിശപ്പിലും നല്ലോണമുണ്ണുന്ന നാളിനെ
    കല്ലിന്റെയുള്ളിലുമേതോ കരുണതന്‍ മൂര്‍ത്തിയെ
    നമ്മള്‍ കിനാവുകാണുന്നു, കിനാവുകള്‍ നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു)

    മറുപടിഇല്ലാതാക്കൂ
  7. പിടികിട്ടാപ്പുള്ളിയെ പിടികിട്ടിയിട്ടും പരാജിതനായ പരാജിതന്‍ ,മുരളി,ശിവപ്രസാദ്,ഇടങ്ങള്‍,സിമി ...( ഇവര്‍ക്കൊക്കെ ഓരോ അവാര്‍ഡ് കൊടുക്കണം .പോയിക്കിടന്ന് ഉറങ്ങിയോ എന്തോ... )ഏവര്‍ക്കും നന്‍ ട്രി നമസ്കാരം.

    മറുപടിഇല്ലാതാക്കൂ
  8. കവിതയെഴുതുന്ന ഒരു കൂനിശ്ശേരിക്കാരനെ അറിയുമോ? ഭാഷയിലെ ആ നിസ്സരതയില്‍ ഒരു കൂനിശ്ശേരി ടച്ച്‌

    മറുപടിഇല്ലാതാക്കൂ
  9. അനൂ, കുനിശ്ശേരിക്കാരനെ അറിയുമോന്നോ...സാക്ഷാല്‍ ശ്രീ കുനിശ്ശേരി വിജയകുമാറിനെ അറിയാതെ വരുമോ...പിന്നെ ടച്ച്. ഞാന്‍ ടച്ചാത്ത മലയാളകവികള്‍ കുറവായിരിക്കും.വായിച്ചതൊക്കെ സ്വാധീനിച്ചിട്ടുണ്ടാവാം.എന്നാലും ഈ കവിതയും കുനിശ്ശേരിക്കവിതയും തമ്മില്‍ ഒരുപാട് ദൂരമില്ലേ...ഇല്ലേ...

    മറുപടിഇല്ലാതാക്കൂ
  10. വിഷ്‌ണു, ഒന്നു കൂടി വായിക്കാന്‍ വന്നപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. 'കൊലക്കുറ്റത്തിന്‌' എന്നിടത്ത്‌ 'വധശിക്ഷ' എന്നാണോ വേണ്ടിയിരുന്നത്‌? പകര്‍ത്തിയപ്പോള്‍ ശ്രദ്ധ മാറിയതാവാം. അല്ലെങ്കില്‍ 'കൊലക്കുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ട' എന്നാകാം. ആദ്യത്തേതാണ്‌ അനുയോജ്യമെന്നതില്‍ സംശയമില്ല.

    മറുപടിഇല്ലാതാക്കൂ
  11. പരാജിതാ താങ്കളുടെ ഈ ജാഗ്രത എന്നെ അന്തിപ്പിക്കുന്നു.താങ്കള്‍ ‍ചൂണ്ടിക്കാണിച്ചത് നന്നായി. ഞാന്‍ തിരുത്താം.എന്തുകൊണ്ടാണ് ഈ പിടികിട്ടാപ്പുള്ളിയെ വീണ്ടും തിരഞ്ഞുവന്നത്?
    ഓ.ടോ:എനിക്ക് താങ്കളുടെ മെയില്‍ ഐ ഡി ഒന്നയച്ചു തരൂ.
    qw_er_ty

    മറുപടിഇല്ലാതാക്കൂ
  12. വിഷ്ണു, വിദേശത്തുള്ള ഒരു സുഹൃത്തുമായി ചാറ്റ്‌ ചെയ്തപ്പോള്‍ (എം.എ.യ്ക്ക്‌ പഠിക്കുമ്പോള്‍ എണ്റ്റെ നിരുത്സാഹപ്പെടുത്തല്‍ കാരണം കവിതയെഴുത്ത്‌ നിറുത്തിയ ആളാണ്‌.) സാന്ദര്‍ഭികമായി, ഈ കവിത അവനയച്ചു കൊടുക്കാന്‍ വേണ്ടി വന്നതാണ്‌. ഒന്നു കൂടി പറയട്ടേ, അസാധാരണമാം വിധം മികച്ചതാണ്‌ ഈ കവിത. ഇതിന്‌ കുനിശ്ശേരി ടച്ചുണ്ടോ? കുനിശ്ശേരി ഇത്ര നന്നായി എഴുതുമെങ്കില്‍ അദ്ദേഹത്തിണ്റ്റെ രചനകള്‍ തപ്പിയെടുക്കണമല്ലോ.

    ഒോ.ടോ. മെയിലയയ്ക്കുന്നുണ്ട്‌.
    qw_er_ty

    മറുപടിഇല്ലാതാക്കൂ