gfc

കാഴ്ച്ചക്കൊല്ലി

ആ കാണുന്നതാണ് സ്മാരകം
സൂക്ഷിച്ചു നോക്കിയാല്‍
മൂന്നായി മുറിച്ചതിന്റെ അതിരുകള്‍ കാണാം
പിച്ചക്കാരന്റെ ചൊറിയാണ്
നടുക്കു കാണുന്നത്.
വെളുത്തു കാണുന്നത് വേശ്യകളുടെ
അസ്ഥികൂടങ്ങളാണ്.
കുറെക്കൂടി സൂക്ഷിച്ചു നോക്കിയാല്‍
സ്വന്തം കഫത്തില്‍ മുങ്ങിപ്പോയ
ഒരു ജനതതിയെക്കാണാം..
മാനം പോയവര്‍ ,ഗതിയറ്റവര്‍
മുടന്ത്,ഭ്രാന്ത്,രോഗം എന്നിവ
വെവ്വേറെ നിലകളില്‍ ആക്രമിച്ചവര്‍ ,
ആഹാരം ,വീട്,വസ്ത്രം,ഇണ
തുടങ്ങിയ ജീവനസൌകര്യങ്ങളൊക്കെ
നിഷേധിക്കപ്പെട്ടവര്‍ ,
അനീതിയുടെ ഇരകള്‍ ...
മുകളില്‍ കാണുന്നത്
ചോരയും മാംസവും നിലവിളികളും
സൂക്ഷിച്ചുനോക്കിയാല്‍
അതിനിടയില്‍
കാറ്,ബാറ്,ബീറ്,..റ്
കുടവയറ് തുടങ്ങിയവ കാണാം
താഴെ വ്യര്‍ഥവും ശിഥിലവുമായ
സ്വപ്നങ്ങളുടെ ശവപേടകങ്ങള്‍
കുറേക്കൂടി സൂക്ഷിച്ചുനോക്കിയാല്‍
തൂങ്ങിമരിക്കുന്ന കൊമ്പുകള്‍
മുക്കിക്കൊല്ലുന്ന കുളങ്ങള്‍
മുടന്തന്‍ ന്യായങ്ങളുടെ കാട്
പ്രാപിച്ചുകഴിഞ്ഞ ഉടനെ
ഇണയെ പിടിച്ചുതിന്നുന്ന
പച്ചപ്പയ്യുകള്‍ ...
മാരകമായ വിഷങ്ങള്‍ .
കുറേക്കൂടി സൂക്ഷിച്ചുനോക്കിയാല്‍ ...,
സൂക്ഷിച്ചുനോക്കിയാല്‍
കുഴപ്പമൊന്നുമില്ല,
‘കണ്ണിന്റെ കാഴ്ച്ച’ നഷ്ടപ്പെടുമെന്നു മാത്രം.

(23-7-2000)

12 അഭിപ്രായങ്ങൾ:

  1. “ആഹാരം ,വീട്,വസ്ത്രം,ഇണ
    തുടങ്ങിയ ജീവനസൌകര്യങ്ങളൊക്കെ
    നിഷേധിക്കപ്പെട്ടവര്‍ ,
    അനീതിയുടെ ഇരകള്‍ ... “


    “തൂങ്ങിമരിക്കുന്ന കൊമ്പുകള്‍
    മുക്കിക്കൊല്ലുന്ന കുളങ്ങള്‍
    മുടന്തന്‍ ന്യായങ്ങളുടെ കാട്
    പ്രാപിച്ചുകഴിഞ്ഞ ഉടനെ
    ഇണയെ പിടിച്ചുതിന്നുന്ന
    പച്ചപ്പയ്യുകള്‍ ... “

    കണ്ണേ മടങ്ങുക .കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുന്നതൊന്നും കാണാനാരുമൊരുക്കമല്ലാതിടത്ത്‌,അവയെല്ലാം കാണുകയും ബൂലോകര്‍ക്ക്‌ കാട്ടിത്തരാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. വായനക്കാരില്ലാത്ത ബ്ലോഗ്പോസ്റ്റിനെ ഒറ്റകമന്റ് കൊണ്ട് ധന്യമാക്കിയ പൊതുവാളാ നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. കണ്ണടച്ചു പിടിച്ചവര്ക്കേ ഇന്നു ജീവിക്കാന്‍ കഴിയൂ

    മറുപടിഇല്ലാതാക്കൂ
  4. കമന്റുകളുടെ എണ്ണം വായനക്കാരുടെ എണ്ണമായി തെറ്റിദ്ധരിക്കാതിരിക്കൂ. വായനക്കാരുടെ എണ്ണം അറിയാന്‍ സൌജന്യ സൈറ്റ് മീറ്ററുകള്‍ എത്രയെണ്ണം വേണമെങ്കിലും ഇന്റെര്‍നെറ്റില്‍ ലഭ്യമാണല്ലോ.

    കവിത ആസ്വദിക്കാന്‍ ഉള്ള കഴിവ് ഉണ്ടാകുന്നതു വരെയെങ്കിലും ഞാന്‍ അടക്കമുള്ള മണ്ടന്മാര്‍ കമന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍11/30/2006 12:46 PM

    വിഷ്ണു ജീ താങ്കളുടെ കവിതയില്‍ ഓരോ വരികളും തീപന്തങ്ങളാണ്. ശക്തി ചോരാതെ തീ കെട്ടു പോകാതെ കാത്തു സൂക്ഷിക്കുക. പ്രമുത്യൂസ്സിനെ ഓര്‍മ്മയില്ലേ.. സ്വര്‍ഗ്ഗത്തില്‍ നിന്ന് അഗ്നി കൊണ്ടുവന്നവന്‍!!

    എങ്കിലും ഒരു സംശയം ചോദിക്കാം എന്നു കരുതുന്നു. ഒരു മനസ്സിലാകായ്ക. എന്‍റെ അറിവില്ലായ്മ ആയിരിക്കാം.

    “പ്രാപിച്ചുകഴിഞ്ഞ ഉടനെ
    ഇണയെ പിടിച്ചുതിന്നുന്ന
    പച്ചപ്പയ്യുകള്‍ ...“

    പച്ചപ്പയ്യുകള്‍ എന്ന് ഉദ്ദേശിക്കുന്നത് എന്താണ്??

    പയ്യുകള്‍ എന്ന് അര്‍ത്ഥമാക്കുന്നത് പശുക്കളെയാണൊ? വിശദീകരിച്ചാല്‍ ഒരു വായനാസുഖം കൂടി അനുഭവിക്കാം. ഇല്ലെങ്കിലും നല്ല കവിത യാണ്.

    താങ്കളുടെ കമന്‍റിന് ശ്രീജിത്ത് തന്ന മറുകുറി കണ്ടില്ലേ.. തീര്‍ച്ചയായും മുഖവിലക്കെടുക്കാവുന്നവ തന്നെ.പിന്നെ “ബലേഭേഷ് മാത്രം’ പറയുന്ന കമന്‍റുകളേക്കാള്‍ നല്ലത് നല്ല വായനക്കാരുടെ നല്ല ചുട്ട കമന്‍റുകള്‍ തന്നെയല്ലേ...
    രാജു

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ വിഷ്ണു,
    സമയം കിട്ടുമ്പോള്‍ താങ്കളുടെ
    രചനകള്‍ വായിക്കാറുണ്ട്‌. എല്ലായ്‌പ്പോഴും കമന്റ്‌ ചെയ്യാനുള്ള സൗകര്യം കിട്ടാറില്ല. അടുത്തകാലത്തു വന്ന് നാലഞ്ചു കവിതകള്‍ ഇങ്ങനെ വയിച്ചിട്ടുണ്ട്‌.

    'കാഴ്ചക്കൊല്ലി' എന്റെ നോട്ടത്തില്‍ വളരെ ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒരു 'ആക്കവും തൂക്കവുമുള്ള' കവിതയാണ്‌. ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ ഒരു ചിത്രമായി കാണാന്‍ കഴിയുന്നു, ഇതിലൂടെ. യതൊരു നിരാശയും വേണ്ട സുഹൃത്തേ, കവിത അതിന്റെ പാത നേടുക തന്നെ ചെയ്യും.

    വരുന്ന കമന്റുകളുടെ എണ്ണം ഞാനിപ്പോള്‍ അത്ര ശ്രദ്ധിക്കാറില്ല. കുറെപ്പേര്‍ വായിച്ചിരിക്കുമെന്ന്‌ നമുക്കറിയാം. ചിലരിലൊക്കെ അനുരണനങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ടാവും. കുറഞ്ഞപക്ഷം ഇതേ വഴിയില്‍ പിന്നാലെ വരുന്ന പുതുഎഴുത്തുകാര്‍ക്കെങ്കിലും നമ്മള്‍ പ്രചോദനമാവാതിരിക്കില്ല. തീര്‍ച്ച.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍11/30/2006 1:24 PM

    രാജു,

    പച്ചപ്പയ്യുകള്‍ എന്നു പറയുന്നത് പ്ശുവിനെ ഉദ്ദേശിച്ചല്ല. ഞങ്ങളുടെ നാട്ടില്‍ പച്ചത്തുള്ളന്‍, ചില നാടുകളില്‍ പച്ചക്കുതിര എന്നൊക്കെ പറയുന്ന ഒരു പാവം ജീവിയാണ്. ഇത് വീട്ടില്‍ വന്നാല്‍ ഐശ്വര്യം ഉണ്ടാവും എന്നൊരു വിശ്വാസമുണ്ട്. വിഷ്ണു ഈ ജീവിയെയാണ് എന്നു തോന്നുന്നു. ഇണ ചേര്‍ന്നതിനു ശേഷം ആണിനെ കൊന്നുതിന്നുന്ന ചിലന്തികളെ പറ്റി കേട്ടിട്ടുണ്ട്...ഈ ജീവിക്ക് അങ്ങിനെയൊരു സ്വഭാവമുണ്ടൊ എന്നറിയില്ല.

    വിഷ്ണു...എന്നത്തെയും പോലെ ഈ കവിതയും തീഷ്ണം, സുന്ദരം!

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍11/30/2006 1:27 PM

    അയ്യോ..മുന്‍ കമന്റില്‍ വിഷ്ണു ഈ ജീവിയാണെന്നു വായിക്കല്ലേ...വിഷ്ണു ഈ ജീവിയെയാണ് ഉദ്ദേശിച്ചത് എന്നാണുദ്ദേശിച്ചത്..ആ ഉദ്ദേശം ഒരുദ്ദേശൊം പോയത് കൊണ്ട് ഉദ്ദേശിച്ചത് പോലെയായില്ല...സോറി

    മറുപടിഇല്ലാതാക്കൂ
  9. വിഷ്ണു മാഷെ .. അങ്ങിനെ തീരുമാനിക്കാന്‍ വരട്ടെ..

    office-ഇലെ internetഅരിപ്പ ബൂലോകത്തെ കടത്തി വിടാത്തതിനാല്‍ screen shotsഎടുത്തൊക്കെയാണു വായിക്കാറ്...

    മാത്രമല്ല.”നന്നായിടുണ്ട്”, “കൊള്ളാം” എന്നു പറഞ്ഞൊതുക്കാന്‍ കഴിയുന്ന വിചാരങ്ങളല്ല ഈ കവിതകള്‍ ജനിപ്പിക്കുന്നത്.. മാഷിന്റെ പോസ്റ്റ് വിളി കാത്തിരിക്കുന്ന ഒരു പേരു കൂടി..

    മറുപടിഇല്ലാതാക്കൂ
  10. എന്റെ കമന്റിലെ നേര്‍ത്ത സങ്കടത്തോട് അനുഭാവപൂര്‍വം പ്രതികരിച്ച ചങ്ങാതിമാരേ ഒരുപാട് സന്തോഷമുണ്ട്.വല്യമ്മായീ,ചില പോസ്റ്റുകള്‍ക്കു ചുവട്ടില്‍ നിങ്ങള്‍ കൊളുത്തിവെച്ചു പോവുന്ന ഏകാന്തദീപങ്ങള്‍ ഞാന്‍ കാണുന്നുണ്ട്.ശ്രീജിത്ത്,സമ്മതിച്ചിരിക്കുന്നു.ഈ മനസ്സിലാക്കലിനും നല്ലവാക്കുകള്‍ക്കും നന്ദിയുണ്ട്.ശിവപ്രസാദ്,താങ്കള്‍ പറഞ്ഞതൊക്കെ എന്നെ സംബന്ധിച്ചും ശരിതന്നെ.കനമുള്ള അഭിപ്രായത്തിനും സ്നേഹത്തിനും നന്ദി.രാജൂ ,ഗുസ്തി പിടിക്കാന്‍ എനിക്കുവയ്യ.നിങ്ങളുടെ ഉള്ളില്‍ സ്നേഹം തിരയുന്ന ഒരു മനുഷ്യനുണ്ട്.അയാളെ എനിക്ക് വിട്ടു തരൂ.
    അനോണീ, ഇടപെടല്‍ നന്നായി.പച്ചപ്പയ്യ് ഇണയെ പിടിച്ചു തിന്നുമെന്ന് വായിച്ച ഓര്‍മയുണ്ട്.ഇതിനെ എതിര്‍ക്കുന്ന ചില സംഗതികള്‍ കണ്ടു.ഇണചേരുന്ന സമയത്ത് പെണ്‍പ്രാണി ആണിന്റെ തല കടിച്ചു പിടിക്കുമത്രെ.ഇങ്ങനെ മരണം സംഭവിക്കുന്നതാവാം.പെണ്ണിനാണ് വലിപ്പം കൂടുതല്‍ .ഇക്കാര്യത്തില്‍ സംശയം ബാക്കിയാണ്.തിരുത്താന്‍ ആരെങ്കിലും തയ്യാറാണെങ്കില്‍ തിരുത്തട്ടെ. .ഹാരപ്പാ...:)സന്ദര്‍ശനത്തിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. വിഷ്ണുപ്രസാദ്‌,
    താങ്കളുടെ കവിതകള്‍ വായിക്കാത്തവര്‍ ബൂലോകത്ത്‌ വിരളമായിരിക്കണം.

    മറുപടിഇല്ലാതാക്കൂ