gfc

ഇരപിടിത്തം

പൂച്ച അതിന്റെ ഇരയില്‍
ഒരു കളിക്കാരനെ കണ്ടെത്തും.
അവസാനത്തെ കളി കളിക്കുന്ന
പ്രാണി കിതച്ചുകിതച്ച്
നഖങ്ങള്‍ക്കും പല്ലിനുമിടയില്‍
ഒരു കളിപ്പാട്ടമായി തകരും.
പൂച്ച-അതിജീവിക്കുന്ന കളിക്കാരന്‍ .
ചന്തവും ഓമനത്തവുമുള്ള
ഈ ക്രൌര്യത്തെ ഞാനെന്റെ
മടിയില്‍ വെച്ച് തലോടുന്നു...
മരണത്തെ ഇത്ര രസകരമായി
സംവിധാ‍നം ചെയ്യുന്ന ഉദാരത...
നടപ്പില്‍ , ഇരിപ്പില്‍ ,മുന്‍കാലു
കൊണ്ടുള്ള ഒരു തോണ്ടലില്‍ എല്ലാം
വിദഗ്ദനായ ഒരു കളിക്കാരന്റെ
അടയാളങ്ങളുണ്ട്....
ഇരപിടിത്തത്തില്‍ ഇതിനോളം
മനോഹരമായ മറ്റൊന്നേയുള്ളൂ:
അമീബയുടെ വളഞ്ഞുപിടിത്തം.
തന്റെ ശരീരത്തെ നീട്ടിയും കുറുക്കിയും
വളച്ചും പരത്തിയും പലേ രചനകള്‍
നടത്തുന്ന കവി.
ഇരയെന്ന് തോന്നുന്നതിനെ
സ്വാംശീകരിക്കുന്ന ബുദ്ധിജീവി.
വളഞ്ഞുവളഞ്ഞ് അടിയും
മുകളും വശങ്ങളും ശരീരം കൊണ്ട്
പണിത് ഇരയെ ഉള്‍പ്പെടുത്തുന്ന ശില്പി.
ഈ(e)ഗോളവല്‍ക്കരിച്ച് ഉള്‍പ്പെടുത്തലാണോ
കളിക്കാരന്‍ കളിപ്പാട്ടമാവുന്ന മാജിക്കാണോ
ഇതില്‍ ഏതുവിധം ഇരപിടിത്തമാണ്
താങ്കള്‍ക്കിഷ്ടം...?
ഇരപിടിത്തം ഇന്നൊരു കലയാണ്.
ഇരയുടെ ഇഷ്ടങ്ങള്‍ക്കും അതില്‍ പ്രാധാന്യമുണ്ട്.

(14-5-2001)

10 അഭിപ്രായങ്ങൾ:

 1. പൂച്ച അതിന്റെ ഇരയില്‍
  ഒരു കളിക്കാരനെ കണ്ടെത്തും.
  അവസാനത്തെ കളി കളിക്കുന്ന
  പ്രാണി കിതച്ചുകിതച്ച്
  നഖങ്ങള്‍ക്കും പല്ലിനുമിടയില്‍
  ഒരു കളിപ്പാട്ടമായി തകരും.

  മറുപടിഇല്ലാതാക്കൂ
 2. അതെ. ഉപഭോക്താവ് രാജാവാണു്‌. ഇരയാണു പ്രമാണി.(നല്ല അവതരണം)

  മറുപടിഇല്ലാതാക്കൂ
 3. ഇരയെന്നു തോന്നുന്നതിനെ സ്വാംശീകരിക്കുന്ന ബുദ്ധിജീവി എന്ന ഒറ്റ പ്രയോഗത്തില്‍ ഞാന്‍ തല കുത്തി വീണു പോയി.
  ഇര പിടിത്തത്തിന്റെ ഏറ്റവും രസമുള്ള രീതി.
  ഏറ്റവും അപകടം പിടിച്ചതും..
  കാരണം അവിടെ ഇരയുടെ രൂപത്തിലേക്കു ഒളിച്ചു കടക്കുന്ന പതിവു രീതിയല്ല..
  സ്വന്തം ഉണ്മയേയാണു അപ്ഡേറ്റു ചെയ്യുന്നത്..
  അതിനു വിഷമേല്‍ക്കാതെ, അതൊട്ടും വികലമാക്കപ്പെടാതെ ഇരയെ വേട്ടക്കാരനാക്കി മാറ്റണം.
  എന്റമ്മേ.. ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാകുന്നു.
  ഞാനൊരു വേട്ടക്കാരനാണ്.. ആരോടും പറയരുത്..ഇതു നമ്മള്‍ തമ്മിലെ രഹസ്യം.. ഈ രഹസ്യം കമന്റ് ആക്കുന്നതിലെ രഹസ്യം മറ്റൊന്ന്..
  ഒരിരയായും ഞാനെന്നെ സൂക്ഷിക്കുന്നു..
  വേട്ടക്കാരന്‍ എപ്പോഴും ഇരയുടെ ദൈന്യത്തോട് സഹചരിക്കുന്നവനാകണമല്ലോ..
  പക്ഷേ എന്തു ചെയ്യാന്‍ എനിക്കൊരിക്കലും വളഞ്ഞു പിടിക്കാനാവാത്ത ഒരിര ഞാന്‍ തന്നെയായിപ്പോകുന്നു..

  മറുപടിഇല്ലാതാക്കൂ
 4. വിഷ്ണു മാഷേ

  നന്ദി
  സലാം

  മറുപടിഇല്ലാതാക്കൂ
 5. വളരെ സൂക്ഷമമായ, എന്നാല്‍ ലളിതവുമായ നിരീക്ഷണളാണ് പ്രസാദിന്റെ കവിത. അതേസമയം വായിക്കുന്നവരെ സുഖകരമല്ലാത്ത മറ്റെന്തോ ഓര്‍മിപ്പിക്കുകകൂടി ചെയ്യുന്നുണ്ടത്.

  മറുപടിഇല്ലാതാക്കൂ
 6. പറഞ്ഞതിനുമപ്പുറം അര്‍ത്ഥവത്തായ കവിത... നന്നായി...

  മറുപടിഇല്ലാതാക്കൂ
 7. ഏട്ടാ
  കുറച്ചു
  പുതിയ കവിതകള്‍ കൂടി
  വായിക്കാം.
  ഒന്നു ഉമ്പാച്ചി വരേ പോകണേ
  പറഞ്ഞ
  കാര്യങ്ങള്‍
  ഉള്ളിലേക്കെടുത്തിട്ടുണ്ട്
  പിടിപാട്
  കുറവുണ്ട്
  ശ്രദ്ധിക്കുന്നതിനു നന്ദി

  മറുപടിഇല്ലാതാക്കൂ
 8. പ്രിയ വിസ്ണുപ്രസാദ്‌,
  ഇരപിടുത്തം ഒരു വ്യവസായവുമാണ്‌,അല്ല..ജീവിതം തന്നെ ഇരപിടുത്തമല്ലേ ????!!!!

  -ചിത്രകാരന്‍
  www.chithrakaran.blogspot.com

  മറുപടിഇല്ലാതാക്കൂ
 9. എല്ലാം വായിക്കാറുണ്ട്.

  ഇരപിടിത്തം പിടയ്ക്കലാണ്.

  പിടിക്കപ്പെടുന്നവന്റെ ഹൃദയത്തിന്റേയും,

  പിടിക്കുന്നവന്റെ ആഹ്ലാദത്തിന്റേയും.

  മറുപടിഇല്ലാതാക്കൂ
 10. ഇരപിടിത്തത്തെ പലതരത്തില്‍ വായിച്ച നവന്‍,പൊന്നപ്പന്‍,ചിത്രകാരന്‍ ,സൂ...എല്ലാവര്‍ക്കും നന്ദി.അംബീ ...:),ഉമ്പാച്ചീ,താങ്കളുടെ പുതിയ കവിതകള്‍ ഞാന്‍ വായിച്ച് കമന്റിട്ടിട്ടുണ്ട്.കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നില്ലല്ലോ.അബ്ദൂ,ശരിയാവണം.:)നന്ദി.സൂര്യോദയമേ,ഈ വഴി വന്നു പോയതിലും കവിത വായിച്ചതിലും പെരുത്ത്സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.