gfc

പാപി

സ്വപ്നങ്ങള്‍ ,
സ്വപ്നങ്ങള്‍ ചൂഴുന്ന സന്ധ്യക്ക്
കോലായിലൊറ്റയ്ക്കിരിക്കുന്നനേരത്ത്
ആരോവിളിച്ചു:‘പാപീ...’
ഞെട്ടിത്തിരിഞ്ഞുഞാന്‍ ചൂഴിലും നോക്കി
ഒരു പുല്ലുമവിടില്ലെന്നറിഞ്ഞു.
വീണ്ടും സുഖത്തിന്റെ മേച്ചില്‍പ്പുറം തേടി
ബീഡി കത്തിക്കുന്ന നേരത്ത് പിന്നെയും
പിന്നാമ്പുറത്തിരുന്നാരോ വിളിച്ചു:
‘പാപീ...’
വാക്കിന്റെ തീക്കൊള്ളി തട്ടി ഞാന്‍
പൊള്ളിത്തിരിഞ്ഞൊന്നുനോക്കി
കുമ്മായമടരുന്ന ചുവരിലെ ചിത്രങ്ങളൊക്കെ
പകച്ചുനില്‍ക്കുന്നു.
ഇടനാഴിയില്‍ പോക്കുവെയിലിന്റെ
ചെമ്പിച്ച താടിയിഴയുന്നു.
പേടിച്ചെണീറ്റ് നടന്നു ഞാന്‍
ചക്രവാളത്തിലെ സായാഹ്നമേശയില്‍
തെമ്മാടി മുകിലുകള്‍ പൊട്ടിച്ചുപേക്ഷിച്ച
മദ്യങ്ങള്‍ കെട്ടിക്കിടക്കുന്ന കൊല്ലിയില്‍ ,
ചക്കരവരമ്പില്‍ തഴയ്ക്കുന്ന പച്ചയില്‍
ഒച്ച വെക്കാതെ നടക്കുന്ന നേരത്ത്
കാലടിക്കീഴില്‍ നിന്നാരോ മുരണ്ടു:
‘പാപീ...’
ദിസമ്പറില്‍ പത്ര വിക്ഷേപിണീ വൃക്ഷങ്ങളൊക്കെ
അരിയോരടിവയര്‍ നടു വിലെ പൊക്കിളില്‍
വിരലിറക്കുമ്പോള്‍,ഇലവിട്ടചില്ലയില്‍
കിളിക്കൂട്ടമൊരുപാട്ടുചിന്തിന്റെ
നീലിച്ച ഗോട്ടികള്‍ ചിറകിട്ട് തട്ടി കളിച്ചിരിക്കേ ,
ഹൃദയത്തിനതിമൃദുല മാംസളതയിലോര്‍മകള്‍
ചിനക്കുന്ന ഒരു കിളിക്കാലിന്‍ നഖങ്ങള്‍.
നഖത്തിന്റെ റോസ്മുള്ളുകൊണ്ടെന്റെ കണ്ണിലെ
കോളാമ്പിയിലയില്‍ ഊറുന്നു ചോപ്പു കണ്ണീര്

ഉടയുന്ന കണ്ണീര്‍പളുങ്കില്‍ നിന്ന്
ഒരു ചിത്രശലഭം പറന്നുവന്ന്
അതിഗൂഢമിങ്ങനെ കാതില്‍ മൊഴിഞ്ഞു:
‘പാപീ...’
ഒരു നിമിഷമേ ഞാനത്ഭുതസ്തബ്ധനായ് മാറിയുള്ളൂ .
പിടി കൊടുക്കാതെ ഞാന്‍ ചെവിപൊത്തിയോടി ,
തെറ്റികള്‍ മുറുക്കുന്ന കാട്ടിറമ്പില്‍ ചെന്നിറങ്ങി .
അണയ്ക്കുന്ന നെഞ്ചം അമര്‍ത്തിപ്പിടിച്ചു ഞാനവിടെപ്പതുങ്ങി .
പേടിച്ചുപേടിച്ച് തലപൊക്കി നോക്കിയ നേരത്ത്
മുകളില്‍ നിന്നിടിവെട്ടി :
‘പാപീ, നിനക്കില്ല മോക്ഷം
നിനക്കില്ലൊളിക്കാനിടങ്ങള്‍
എവിടേക്കു പാഞ്ഞാലുമൊടുവില്‍ നീ
തിളയ്ക്കുന്ന എണ്ണയില്‍ ഒരു വറചട്ടിയില്‍
ചെന്നു വീഴും...’
കര്‍ക്കിടക മേഘങ്ങള്‍ മിഴിപൊട്ടി വിലപിക്കു
മൊരു ദിനമുച്ചയിലേക്കു ഞാന്‍ ‍ഞെട്ടിയുണരുന്നു
മഴയില്‍ കുതിര്‍ന്ന് നടക്കുമ്പൊഴും
ഉഷ്ണഹൃദയത്തിനഴിവാതിലില്‍
ഇറ്റു കാറ്റും തണുപ്പും കൊതിച്ചുകൊ-
ണ്ടാത്മാവു വന്നു നില്‍ക്കുന്നു.
മൊട്ടപ്പറമ്പുകള്‍ തോറുമലഞ്ഞുനടന്നു ഞാന്‍
പച്ചയാം കുന്നിന്റെ ഉച്ചിയിലൊരൊറ്റക്കൊടിമരം പോലെ
എത്രയോകാലം കറുത്ത പതാകയും പറപ്പിച്ചു നിന്നു ഞാന്‍.
ചാണകം മണക്കുന്ന വഴികളില്‍
കടലാസുപൂവുകളിളിക്കുന്ന വേലികള്‍ നോക്കാതെ
ചന്തമുള്ളൊരു കാഴ്ചയും കാണില്ലെന്ന് കണ്ണാല്‍ ശഠിച്ച്
കിളിപ്പാട്ടു കേള്‍ക്കാതെ
പൊരിയും വിശപ്പിന്റെ വിലപനം കേട്ട്
സ്വന്തം മനസ്സിന്റെ വിഷപാനപാത്രം
ചുണ്ടോടു ചേര്‍ത്തു ഞാന്‍.
മഴക്കിളികള്‍ വട്ടമിടുമാകാശമപ്പൊഴും
നിര്‍ദ്ദയമൌനത്തിന്‍ വാക്കുകള്‍ കടയുന്നു.
മറ്റൊരു വിഷക്കോപ്പയാമതിന്‍ വക്കത്ത്
സൂര്യന്റെ ചുണ്ട് ചോക്കുന്നു.
ദൈവമേ , നീയെനിക്ക് പണിതതാം വറചട്ടി
എന്റെയീ ഹൃദയം തന്നെ.
എന്നെ പിന്‍ തുടരുമരൂപിയാം ശബ്ദം
ഒരു നെഞ്ചിടിപ്പില്‍ ഞാന്‍ കേള്‍ക്കുന്നു:
‘പാപീ...’
ശത്രുവെന്‍ നെഞ്ചിന്നുള്ളില്‍ തന്നെയോ മുരളുന്നു..
ഞെട്ടിത്തെറിച്ചു ഞാന്‍ നില്‍ക്കുന്നു.

18 അഭിപ്രായങ്ങൾ:

  1. ‘കര്‍ക്കിടക മേഘങ്ങള്‍ മിഴിപൊട്ടി വിലപിക്കു
    മൊരു ദിനമുച്ചയിലേക്കു ഞാന്‍ ‍ഞെട്ടിയുണരുന്നു
    മഴയില്‍ കുതിര്‍ന്ന് നടക്കുമ്പൊഴും
    ഉഷ്ണഹൃദയത്തിനഴിവാതിലില്‍
    ഇറ്റു കാറ്റും തണുപ്പും കൊതിച്ചുകൊ-
    ണ്ടാത്മാവു വന്നു നില്‍ക്കുന്നു...’

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണുജീ സദ്ദാമിന്‍റെ കോടതിയിലെ രംഗങ്ങളും തൂക്കി കൊല്ലാനുള്ള വിധിയുമൊക്കെ കണ്ടു് മനസ്സൊരു മഹാപാപിയായിരുന്നപ്പോഴാണു് ഇതു കാണുവാന്‍ കഴിഞ്ഞതു്.മനോഹരം,എന്ന്നു പറഞ്ഞതിനു ശേഷം ഈ വരികള്‍ ഞാനൊന്നു കൂടി പാടട്ടെ.
    ചക്രവാളത്തിലെ സായാഹ്നമേശയില്‍
    തെമ്മാടി മുകിലുകള്‍ പൊട്ടിച്ചുപേക്ഷിച്ച
    മദ്യങ്ങള്‍ കെട്ടിക്കിടക്കുന്ന കൊല്ലിയില്‍ ,
    ചക്കരവരമ്പില്‍ തഴയ്ക്കുന്ന പച്ചയില്‍
    ഒച്ച വെക്കാതെ നടക്കുന്ന നേരത്ത്
    കാലടിക്കീഴില്‍ നിന്നാരോ മുരണ്ടു:
    ‘പാപീ...’

    മറുപടിഇല്ലാതാക്കൂ
  3. ശരിക്കും 'വാങ്ങ്‌മയങ്ങ'ളായ ചിത്രചാരുതകള്‍ തുന്നിക്കൂട്ടിയ ഒത്തിരിയൊത്തിരി ബിംബകല്‍പനകള്‍. വീണ്ടും വായിച്ചാല്‍ പുതുപുതു അര്‍ഥങ്ങള്‍. വേണു, ഇത്‌ വലിപ്പം കുറച്ച്‌ ഒന്നുകൂടി 'എക്സ്‌പ്ലോസീവ്‌' ആക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. വിഷ്ണുപ്രസാദേ,
    മാപ്പ്, മാപ്പ്!

    മണ്ണുമൂടിക്കിടന്ന ഈ നിധി ഞാന്‍ ഇത്ര നാളും എന്തേ കാണാതെ പോയ്?


    മുഴുവനായി, എല്ലാ പോസ്റ്റുകളും വായിച്ചുനോക്കേണ്ടതായ ഒരു ബ്ലോഗ്! ഇവിടത്തെ തീര്‍ത്ഥാടനമാവും ഉറക്കത്തിനുമുന്‍പേ ഞാനിനി ചെയ്യാനുള്ള വലിയൊരു കാര്യം!

    മറുപടിഇല്ലാതാക്കൂ
  5. വിഷ്ണു പ്രസാദ്‌,

    മനോഹരം.

    പൊരിയും വിശപ്പിന്റെ വിലപനം കേട്ട്
    സ്വന്തം മനസ്സിന്റെ വിഷപാനപാത്രം
    ചുണ്ടോടു ചേര്‍ത്തു ഞാന്‍.
    മഴക്കിളികള്‍ വട്ടമിടുമാകാശമപ്പൊഴും
    നിര്‍ദ്ദയമൌനത്തിന്‍ വാക്കുകള്‍ കടയുന്നു.
    മറ്റൊരു വിഷക്കോപ്പയാമതിന്‍ വക്കത്ത്
    സൂര്യന്റെ ചുണ്ട് ചോക്കുന്നു...
    "
    എന്തൊ, "കപടമീ ലോകത്തില്‍ ആത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം" എന്ന പ്രശസ്ത വരികള്‍ മനസ്സിലെത്തി..


    ദൈര്‍ഘ്യത്തിന്റെ ചെറു അലോസരം മാറ്റി നിര്‍ത്താം..

    മറുപടിഇല്ലാതാക്കൂ
  6. ഇതുമൊരു പഴയ കവിതയായിരുന്നു. വാചാലതയും പൂര്‍വഭാരങ്ങളും ദോഷമായുണ്ട്.എങ്കിലും ഇത് വായിച്ച് അഭിനന്ദിച്ച
    വേണുജി,പി.ശിവപ്രസാദ്,വിശ്വപ്രഭ,അത്തിക്കുര്‍ശി,സു..എല്ലാവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. വേണു, ഇത്‌ വലിപ്പം കുറച്ച്‌ ഒന്നുകൂടി 'എക്സ്‌പ്ലോസീവ്‌' ആക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.
    ശിവപ്രസാദു്ജീ എങ്ങനെ?
    അറിഞ്ഞുകൂടാത്തതു കൊണ്ടാണു്.

    മറുപടിഇല്ലാതാക്കൂ
  8. നന്നായിരിക്കുന്നു.... പുലിയാണെന്ന് തോന്നിയിരുന്നു... പുപ്പുലിയാണെന്ന് അറിഞ്ഞില്ല.... :-)

    മറുപടിഇല്ലാതാക്കൂ
  9. ആനക്കര പോലൊരു അപൂര്‍വ്വ സുന്ദര ദേശത്ത് ജീവിയ്ക്കാന്‍ ഭാഗ്യം ലഭിച്ച താങ്കളുടെ വരികളും അതിമനോഹരം

    -ജന്മം കൊണ്ടല്ലെങ്കിലും ബന്ധം കൊണ്ട് ആനക്കരക്കാരി എന്ന് അഭിമാനിക്കുന്ന ഒരുവള്‍

    മറുപടിഇല്ലാതാക്കൂ
  10. ഇഷ്ടപ്പെട്ടു. പക്ഷേ നീളം ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം... ഒരു ചെറിയ എഡിറ്റിംഗ്‌ നടത്താമായിരുന്നു. നീളം കവിതയുടെ കരുത്തിനെ ബാധിച്ചുവെന്ന് പറയാതെ വയ്യ.

    മറുപടിഇല്ലാതാക്കൂ
  11. വായിച്ചു. ആശയം നല്ലത്. പക്ഷേ സന്ധ്യമയങ്ങുമ്പോള്‍ തുടങ്ങുന്ന വിഹ്വലത പെട്ടെന്ന് പോക്കുവെയിലിന്റെ ചെമ്പിച്ചതാടിയിലേക്കും പിന്നെ നട്ടുച്ചയിലേക്കുമൊക്കെ നീങ്ങുമ്പോള്‍ വാക്കുകള്‍ കവിതയാക്കാന്‍ വേണ്ടി ഏച്ചുവെച്ചപോലെ തോന്നുന്നു. പിന്നെ തിളക്കുന്ന എണ്ണയും വറചട്ടിയും കൂടി വേണോ?. ആത്മാവിന്റെ ചുട്ടുനീറ്റലിന് ചിഹ്നമാകാന്‍ തിളക്കുന്ന എണ്ണക്ക് കഴിയില്ലേ? അതിന് വറചട്ടിയുടെ അതിഭാവുകത്വം ആവശ്യമുണ്ടോ? മൊട്ടപറമ്പിലെവിടെയാ പച്ചകുന്നുണ്ടാവുക?
    “എന്നെ പിന്‍ തുടരുമരൂപിയാം ശബ്ദം
    ഒരു നെഞ്ചിടിപ്പില്‍ ഞാന്‍ കേള്‍ക്കുന്നു:
    ‘പാപീ...’
    ശത്രുവെന്‍ നെഞ്ചിന്നുള്ളില്‍ തന്നെയോ മുരളുന്നു..
    ഞെട്ടിത്തെറിച്ചു ഞാന്‍ നില്‍ക്കുന്നു”
    ഇതിലെക്കെത്താന്‍ ഇത്രയും വഴിതാണ്ടണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  12. അഞ്ചല്‍ക്കാരാ,കാതലുള്ള വിമര്‍ശനത്തിന് നന്ദി.സന്ധ്യയുമായി ബന്ധിപ്പിച്ചു തന്നെയാണ് പോക്കുവെയിലിനെ ഞാന്‍ കണ്ടത്.താങ്കളുടെ ഉദ്ദേശ്യം മനസ്സിലായി.പോക്കുവെയില്‍ വരുന്ന ആ നേരത്തിനെ
    സന്ധ്യ എന്നു പറയുവാനേ ഇതേ വരെ എനിക്കു തോന്നിയുള്ളൂ.സായാഹ്നം എന്ന വാക്കാണ് കൂടുതല്‍ ചേരുക എന്ന് ഇപ്പോള്‍തോന്നുന്നു.കാണിച്ചു തന്നതിന് നന്ദി.
    പിന്നെ,ഒന്നുള്ളത് ഇത് യഥാതഥ രചനയല്ല.വിഭ്രമങ്ങളില്‍ തെറ്റുന്ന സമയവും ഇടവും ഇതിലുണ്ട്.കവിതയ്ക്ക് അതിന്റേതായ ഒരു യുക്തിയുണ്ട്.കൃത്രിമം എന്ന് ഈ കവിതയ്ക്കു നേരെ ചൂണ്ടിയതില്‍ പ്രതിഷേധമുണ്ട്.
    തിളയ്ക്കുന്ന എണ്ണയില്‍,ഒരു വറചട്ടിയില്‍....
    എന്ന് എഴുതുന്നതില്‍ ദോഷമോ അതിഭാവുകത്വമോ ഇപ്പോഴും തോന്നിയില്ല.എന്റെ പിഴ.
    മൊട്ടപ്പറമ്പും പച്ചക്കുന്നും രണ്ടാണ്...അത് രണ്ടു വിധത്തില്‍ തന്നെയാണ് കവിതയില്‍.മാത്രമല്ല പച്ചയാം കുന്നിന്റെ ഉച്ചിയിലൊരൊറ്റക്കൊടിമരം പോലെ എന്നു പറയുന്നത് പച്ച ക്കുന്നിന്റെ മുകളില്‍ നിന്നു എന്ന അര്‍ഥത്തിലല്ലാതെ കാണാന്‍ പറ്റുന്നില്ലേ...

    ഇനി മൊട്ടക്കുന്ന് എന്ന വാക്ക് ഞാനുപയോഗിച്ചില്ലെങ്കില്‍ പോലും അതുമായി ബന്ധിപ്പിച്ചാണ് താങ്കളിത് കണ്ടതെങ്കില്‍,എന്റെ നാട്ടില്‍...,വയനാട്ടില്‍,മൊട്ടക്കുന്ന് എന്ന് പറയുന്നത് മരങ്ങളില്ലാത്തകുന്നിനെയാണ്.മരങ്ങളില്ലെങ്കിലും അതില്‍ പുല്ലു മൂടിയിരിക്കും.പച്ചനിറം ഉണ്ടാവും എന്നര്‍ഥം.

    മറുപടിഇല്ലാതാക്കൂ
  13. പരിഭവമെതും വേണ്ട. കവിതവരുന്നത് ഒരനുഗ്രഹം തന്നെ. കവി ഹ്രിദയത്തില്‍ നിന്നും മത്രമേ വിങ്ങുന്ന മനസിന്റെ വിഹ്വലതകള്‍ ഇങ്ങിനെ അവതരിക്കപ്പെടുള്ളു. വായിച്ചപ്പോള്‍ തൊന്നിയ ചില സംശയങ്ങള്‍ രണ്ടാമതൊന്നു ചിന്തിക്കാതെ അതേ പടിയങ്ങ് എഴുതിയെന്നേയുള്ളു.
    ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
  14. അഞ്ചല്‍ക്കാരാ,പരിഭവമൊന്നുമില്ല.കുറച്ചു സമയം ഈ ബ്ലോഗില്‍ ചെലവിട്ടുവല്ലോ...നന്ദി.

    മറുപടിഇല്ലാതാക്കൂ
  15. കൊലകളായിരം ചെയ്തു ഞാന്‍ പെണ്‍‌മണി
    ക്കമനിമാര്‍തന്റെമാനം കവര്‍ന്നു ഞാന്‍‍!
    ഭവനഭേദനം ചെക്കിന്റെ ‘ഫോര്‍ജറി’
    ക്കതിനുമപ്പുറം ‘കിഡ്നാപ്പു’ചെയ്യലും
    മധുരവാക്കുകള്‍കൊണ്ടുനിന്‍‌ഹൃത്തിലെ
    ത്തരളമാമ്പഴച്ചാറായിമാറിഞാന്‍!
    പ്രണയവത്സലക്കോലാഹലങ്ങളാലതിശയം
    നിന്റെ ചുണ്ടൂകള്‍ മുത്തവേ
    ഝടുതിയൂരിയെന്‍പിച്ചാത്തികേറ്റി നിന്‍
    ചലപിലംതുടിക്കുന്നഹൃത്തില്‍ത്തദാ
    കൊടിയപാപങ്ങള്‍ ചെയ്തുഞാനീവിധം
    കരുണയൊട്ടുമേയര്‍ഹിച്ചിടായ്കിലും
    ഞെട്ടിടുന്നുഞാന്‍ ‘പാപി’യെന്നുള്ളൊരീ
    യാര്‍ത്തനാദം ശ്രവിക്കുമീമാത്രയില്‍!

    മറുപടിഇല്ലാതാക്കൂ