gfc

വിഷ്ണു പ്രസാദിന്റെ ജീവിതത്തിലെ ചില അത്ഭുതങ്ങള്‍ ...

വാതിലടച്ച് കിഴക്കോട്ട് തലവെച്ച് കിടന്നു.
ഉറങ്ങി, ഉറക്കത്തില്‍ സ്വപ്നവുമുണ്ടായി.
തുന്നല്‍ക്കാരിയായ കാമുകി കത്രികയുമായി
എന്റെ ...... മുറിക്കാന്‍ വരുന്നു.
ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍
പടിഞ്ഞാറാണ് വാതില്‍ ,
അതുണ്ട് തുറന്ന് മലര്‍ന്ന്..
വാതിലടച്ച് തെക്കോട്ട് തലവെച്ച് കിടന്നു.
ഉറങ്ങി, ഉറക്കത്തില്‍ സ്വപ്നവുമുണ്ടായി.
അമ്മ
‘മോനേ ..’എന്ന് വിളിച്ച്
എന്റെ കഴുത്ത് പിടിച്ചു മുറുക്കുന്നു.
ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍
‍വടക്കാണ് വാതില്‍ ‍,
അതുണ്ട് തുറന്ന് മലര്‍ന്ന്..
വാതിലടച്ച് വടക്കോട്ട് തലവെച്ച് കിടന്നു.
ഉറങ്ങി, ഉറക്കത്തില്‍ സ്വപ്നവുമുണ്ടായി.
ബ്രേക്ക് നഷ്ടപ്പെട്ട് ഒരു ജീപ്പില്‍
കുറേ ആളുകളോടൊപ്പം
ഞാനൊരിറക്കത്തിലേക്ക് പായുകയാണ്.
ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍
‍തെക്കാണ് വാതില്‍ ‍,
അതുണ്ട് തുറന്ന് മലര്‍ന്ന്..
വാതിലടച്ച് സുഖമായുറങ്ങി.
പുലര്‍ച്ചയ്ക്കുണര്‍ന്ന്
വാതില്‍ തുറന്നപ്പോള്‍
കിഴക്കാണ് വാതില്‍ ...
ഒറ്റമുറിയുടെ ഒരേയൊരു വാതില്‍ ...
*.’‘::‘:അതെങ്ങനെ....?

5 അഭിപ്രായങ്ങൾ:

  1. വിഷ്ണു,
    ശ്രദ്ധിക്കപ്പെടേണ്ട ശബ്ദമാണ്‌ താങ്കളുടേത്‌.

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണുവേട്ടാ, ഞാനൊരരമണിക്കൂറ് പലരീതിയിലും ചിന്തിച്ചുനോക്കി... പക്ഷേ ഇതിന്റെ അര്‍ത്ഥം അങ്ങട്ട് പോയില്യാ :-(

    ഒളിഞ്ഞുകിടക്കുന്ന അര്‍ത്ഥം എന്താണെന്നു പറഞ്ഞുതരുമോ..?

    മറുപടിഇല്ലാതാക്കൂ
  3. റ്റെഡീ,സന്ദര്‍ശനത്തില്‍ സന്തോഷം.ഇതില്‍ ഒളിഞ്ഞു കിടക്കുന്ന അര്‍ഥങ്ങള്‍ ഒന്നുമില്ല.എന്നാല്‍ നിരര്‍ഥകവുമല്ല.കവിത ചിലപ്പോള്‍ വിവിധ അര്‍ഥങ്ങളെ ഉല്പാദിപ്പിക്കാനുള്ള ഒരു ഉപകരണമാണ്.ജീവിതത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നോക്കുമ്പോള്‍ പുതിയ അര്‍ഥങ്ങളെ കാണിച്ചുതരുന്ന ഒരു പ്രിസമാണത്.കവി തന്നെ കവിതയുടെ വ്യാഖ്യാനവുമായി വരുന്നത് കവിതയുടെ ഇതര വ്യാഖ്യാങ്ങളെ പരിമിതപ്പെടുത്തും. ഇവിടെ ജീവിതത്തിലെ ചില വിഭ്രമങ്ങളെ അടയാളപ്പെടുത്താനുള്ള ഒരുശ്രമം.ഞാന്‍ കണ്ട പല സ്വപ്നങ്ങളും കൂടിച്ചേര്‍ന്നതാണ് ഇതിന്റെ ക്രാഫ്റ്റ്.
    നമ്മുടെയൊക്കെ ജീവിതത്തിലെ ചില വിഭ്രമങ്ങളുടെ
    ഭ്രമണമായി താങ്കള്‍ക്കിതിനെ വായിച്ചെടുക്കാം.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍11/18/2006 9:21 PM

    വിഷ്ണു, ഇഷ്ടപ്പെട്ടു ധൈര്യമായി അടുത്തതും കാച്ചിക്കോ

    മറുപടിഇല്ലാതാക്കൂ
  5. ഈ കവിത ഞാനിപ്പോഴാണ് ശ്രദ്ധിക്കുന്നത്.
    ഗ്രേയ്റ്റ്.
    മറ്റൊരു വാക്കുമില്ല.

    മറുപടിഇല്ലാതാക്കൂ