gfc

കീര്‍ത്തനം

കാറ്റ് കക്കൂസിന്റെ വാതില്‍
അടയ്ക്കുകയും തുറക്കുകയും
ചെയ്തുകൊണ്ടിരിക്കുന്നു.
കാറ്റിന് തൂറാന്‍ മുട്ടുന്നുണ്ടാവണം.
ഊര കഴുകാത്ത കാറ്റ്,
നാണം കെട്ട കാറ്റ്,
പാലക്കാടന്‍ കാറ്റ്.
കണ്ണിമാങ്ങകള്‍ തല്ലിക്കൊഴിച്ച്,
ക്യാരിബാഗുകള്‍ക്ക്
ഒരു സൌജന്യ ആകാശ യാത്ര
തരപ്പെടുത്തി,
പൊടിപടലം കൊണ്ട്
ഉടുപ്പിട്ട്,
ചപ്പുചവറുകള്‍കൊണ്ട്
ആഭരണങ്ങള്‍ പണിത്,
കാറ്റ് ഒരു വെളിച്ചപ്പാടിനെപ്പോലെ...
ഉമ്മ വെച്ചുമ്മവെച്ച്
ചുണ്ടു പൊട്ടിക്കുന്ന വരണ്ട കാറ്റ്,
ചൂടു പിടിച്ച ഒരു കാമുകന്‍ .
ദേശാടനചരിത്രം
എഴുതാത്ത മണ്ടശിരോമണി.
എവിടെ നിന്ന് ,
എവിടേക്ക് ,
എന്തിന് ഈ പലായനം...?
ജനലുകളിലും വാതിലുകളിലും മുട്ടി
ഞാനിതുവഴി പോവുന്നുണ്ടെന്ന്
എന്നെ അറിയിക്കുന്നതെന്തിന്?
മിണ്ടാപ്രാണീ...
അതോ മിണ്ടുന്ന പ്രാണിയോ...
നിനക്ക് ആരും അമ്പലം
പണിയാത്തതെന്ത്?
അതിന്റെ ഒരു കുറവുണ്ടല്ലോ...
ഞാനായിട്ട് നികത്തണോ ഗ്യാസ് ട്രബിളേ...
ഹാ...ഹാ...എന്ന്
തൊള്ള പൊളിച്ച് വരുന്നത്
എന്തു കണ്ടിട്ടാണെടാ പൊട്ടാ...?

13 അഭിപ്രായങ്ങൾ:

  1. ഈ കാറ്റ്‌ ചുരം താണ്ടി കോയമ്പത്തൂരെത്തിയല്ലോ! കവിതയെപ്പറ്റി ഇനി അഭിപ്രായമില്ല. ഒരാളെ പുകഴ്ത്തുന്നതിനും ഒരതിരൊക്കെയില്ലേ? വിഷ്ണു, ഇതെപ്പോഴെഴുതിയതാണെന്ന് അറിഞ്ഞാല്‍ കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  2. വാക്കുകളും വാചകങ്ങളും നന്ന്. കവിതയുടെ ക്രാഫ്ടില്‍ എവിടെയോ ഒരു പോരായ്മയില്ലേ...

    അതു കൊണ്ടാണൊ വായനക്കാര്‍ അകന്നു നില്‍ക്കുന്നത്?

    ഒരു താളത്തിന്‍റെ കുറവ് കുറച്ചാല്‍ മനോഹരം എന്നു പറയാം.

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ഈ ബ്ലോഗില്‍ ഇതേ വരെ പ്രസിദ്ധീകരിച്ചതും ഇനി കുറേക്കാലത്തേക്ക് പ്രസിദ്ധീകരിക്കാനിരിക്കുന്നതും ഞാന്‍ സുമാര്‍ പത്തു കൊല്ലം മുന്‍പ് എഴുതിയ കവിതകളാണ് . ക്രാഫ്റ്റിനെ പറ്റി പരാജിതനോ ലാപുടയോ പെരിങ്ങോടനോ പറയട്ടെ. ഇതൊരു കവിതയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. വെറുമൊരു കുറിപ്പായി കൂട്ടിയാല്‍ മതി.ഇതെഴുതിയ കാലത്ത് ഞാന്‍ പാലക്കാട് ഭാഗത്തായിരുന്നു.നവംബര്‍ -ജനുവരി കാലഘട്ടത്തിലാവണം എഴുതിയത്. ആദ്യ കൈയെഴുത്തുപ്രതിയില്‍ തീയതിയുണ്ട്. അതിപ്പോള്‍ കൈവശമില്ല. വയനാട്ടിലുണ്ടാവണം.
    എന്തായാലും കണ്ണിമാങ്ങളുടെ കാലം. കൂടുതല്‍ ആളുകള്‍ എന്റെ കവിത വായിക്കുന്നത് സന്തോഷകരമായ കാര്യമാണ്. പക്ഷേ അതിനു വേണ്ടി എഴുതാനാവില്ല. എന്റെ എഴുത്തു ദൈവങ്ങള്‍ മേതിലും രവിയുമൊക്കെയാണ്. അവര്‍ക്കൊക്കെ ഒരു പ്രത്യേക വായനാ സമൂഹമുണ്ട്.എന്നാല്‍ എം ടി യ്ക്കോ മാധവിക്കുട്ടിക്കോ ഉള്ളതു പോലെ വലിയ ഒരു വായനാസമൂഹം അവര്‍ക്കില്ല താനും.അതു കൊണ്ടാണ് എഴുപതുകളില്‍ പ്രസിദ്ധീകരിച്ച മേതിലിന്റെ ബ്രാ എന്ന്നോവലിന്റെ ആദ്യ പ്രതി തന്നെ ടി.ബീ.എസ്സില്‍ ഏഴു രൂപയ്ക്ക് അന്‍പതു ശതമാനം ഡിസ്ക്കൌണ്ടില്‍ തൊണ്ണൂറുകളില്‍ എനിക്കു വാങ്ങിക്കാന്‍ കിട്ടിയത്.

    മറുപടിഇല്ലാതാക്കൂ
  5. തുടക്കം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഒ.വി.വിജയന്റെ ധര്‍മ്മപുരാണം കവിതയാക്കിയെന്ന്.
    കൊട്‌ കൈ

    മറുപടിഇല്ലാതാക്കൂ
  6. പാലക്കാടന്‍ കാറ്റ് തൃശ്ശൂരെത്തുമ്പോഴേയ്ക്കും വരള്‍ച്ചയെല്ലാം മാറി കുളിരും കൊണ്ടാ വരാറുള്ളത്

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍11/14/2006 11:39 PM

    ഞാനിവെടെ വരാന്‍ ഇത്ര വൈകരുതായിരുന്നു.
    കുറെ നല്ല കവിതകള്‍.
    ചവിട്ടേല്‍ക്കാത്ത പുല്ലിന്റെ പച്ചത്തെഴുപ്പ്

    മറുപടിഇല്ലാതാക്കൂ
  8. ഞാനൂഹിച്ചത്‌ ഏതാണ്ട്‌ ശരിയാണെന്ന് തോന്നുന്നു. ഇതൊക്കെ എഴുതിയത്‌ 23നും 27നും ഇടയ്ക്കുള്ള പ്രായത്തിലാണെന്ന് വെറുതെ തോന്നി. അതാണ്‌ എഴുതിയ കാലത്തെപ്പറ്റി ചോദിച്ചത്‌.

    ഇരിങ്ങല്‍ നല്ല മനുഷ്യനും അറിവുള്ളവനുമാണ്‌. അദ്ദേഹം പറഞ്ഞതില്‍ കാര്യം കാണും. ഏതായാലും ക്രാഫ്റ്റിണ്റ്റെ കാര്യം പിന്നീട്‌ ചര്‍ച്ച ചെയ്യാം. ഞാന്‍ പറയാന്‍ വന്നത്‌ വായനക്കാരുടെ കാര്യമാണ്‌. വിഷ്ണുപ്രസാദിണ്റ്റെ കവിതകള്‍ക്ക്‌ ബൂലോകത്ത്‌ നല്ലൊരു ശതമാനം വായനക്കാരുണ്ടെന്നാണ്‌ ഞാന്‍ കരുതുന്നത്‌. കുറെപ്പേറ്‍ ദേവനെയൊക്കെ പോലെ സാഹിത്യകൃതികളെപ്പറ്റി സ്വന്തം അഭിപ്രായം പറയേണ്ട എന്ന നിര്‍ദ്ദോഷമായ നിലപാടുള്ളവരാകാം.

    ബൂലോകത്തിന്‌ പുറത്തോ? ഇയാള്‍ ആനുകാലികങ്ങളില്‍ എഴുതിയിട്ടുണ്ടോ, എഴുതുന്നുണ്ടോ എന്നൊന്നും അറിയില്ല. സ്വതവേ സാഹിത്യവായനയോട്‌ അമിതാവേശമില്ലാത്ത ഞാന്‍ ഇന്നലെ നാലു പേരെയെങ്കിലും വിഷ്ണുവിണ്റ്റെ ചില വരികള്‍ പറഞ്ഞു കേള്‍പ്പിച്ചു. ആലപ്പുഴയിലുള്ള എഴുത്തുകാരനായ അധ്യാപകസുഹൃത്തിനോട്‌ ഇങ്ങനെയൊരു കവിയുള്ള കാര്യം സൂചിപ്പിച്ചു. ഇതൊന്നും എണ്റ്റെ കുഴപ്പമല്ല. ഇയാളുടെ എഴുത്തിണ്റ്റെ കുഴപ്പം തന്നെ.

    മറുപടിഇല്ലാതാക്കൂ
  9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  10. പ്രിയപ്പെട്ട പരാജിതന്‍,ഇരിങ്ങല്‍ പറഞ്ഞതില്‍ കാര്യമുണ്ടാവും എന്ന് തീര്‍ച്ചയായും ഞാന്‍ വിശ്വസിക്കുന്നില്ല.യുക്തി യുക്തമായി‘ ദേ ഇതാണ് സംഗതി 'എന്ന് പറയാന്‍ കഴിയണം.അത് വിശ്വസനീയമാകണം.അദ്ദേഹം നല്ല മനുഷ്യന്‍ തന്നെയാവാം.ഒരു നല്ല മനുഷ്യന്‍ എന്നതിലപ്പുറം ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വായന, എഴുത്ത് ...ഇതൊക്കെ ഞാന്‍ നോക്കും.
    ഞാന്‍ പല സമാന്തര പ്രസിദ്ധീകരണങ്ങളിലും ഒറ്റയും തെറ്റയുമായി ചില കവിതകളൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഞാനും നാലു സുഹൃത്തുക്കളും ചേര്‍ന്ന് കാശെടുത്ത് പ്രസിദ്ധീകരിച്ച ഒരു പാപ്പിയോണ്‍ പുസ്തകമുണ്ട് .വായിക്കാന്‍ ശുപാര്‍ശ ചെയ്യില്ല.പിന്നെ എനിക്കിപ്പോഴും ഇതേ പോലെയൊക്കെ എഴുതാന്‍ കഴിയുമെന്ന് ഞാന്‍ തെളിയിക്കേണ്ടിയിരിക്കുന്നു.ആരും കാണാതെ എന്നോടൊപ്പം തീര്‍ന്നുപോവേണ്ട വാക്കുകളായിരുന്നു ഇതെല്ലാം. ഈ ബൂലോകമാണ് നാലെങ്കില്‍ നാല് വായനക്കാരെ തന്നത്.നന്ദിയുണ്ട് ബൂലോകമേ നന്ദി.എനിക്ക് എന്നിലെ എന്നെ തിരിച്ചു കിട്ടിയ പോലെ....

    മറുപടിഇല്ലാതാക്കൂ
  11. എന്‍റെ അച്ഛന്‍ പണ്ട് ആനപ്പുറത്തിരുന്നു. ആയതിനാല്‍ എന്‍റെ ആസനം തടവി നോക്കൂ...
    അല്ലയോ.. പാപ്പിയോണ്‍ പുസ്തകക്കാരാ...
    ഞാന്‍ താങ്കളെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ വേണമെങ്കിലാവാം. കവിതയെ ഇഷ്ടപ്പെട്ടു എന്നു തന്നെ യാണ് പറഞ്ഞത്. എങ്കിലും താങ്കള്‍ക്ക് വായനക്കാര്‍ കുറഞ്ഞതെന്തു കൊണ്ടെന്ന ഒരു അന്യേഷണം നടത്തി നോക്കൂ.. എന്നാണ് പറഞ്ഞത്.

    പിന്നെ താങ്കള്‍ മഹാസാഹിത്യ കാരനാണെന്നുള്ള വെപ്പ് നല്ലതു തന്നെ.
    ടി. പദ്മനാ‍ഭന്‍ പറഞ്ഞതു താങ്കള്‍ക്കും ബാധകമാണ്. “ ഏത്... ഒരു പുസ്തകം പ്രസിദ്ധീകരിക്കാം:”

    ഒരിക്കല്‍ കൂടി മഹാസാഹിത്യകാരന് പ്രണാമം. ഈയുള്ളവന്‍ അതിന്‍റെ ഏഴയലത്തു വരില്ല.

    മറുപടിഇല്ലാതാക്കൂ
  12. പ്രിയപ്പെട്ട ഇരിങ്ങല്‍,എന്നോട് ക്ഷമിക്കൂ.ഞാന്‍ താങ്കളെ വ്യക്തിപരമായി ആക്ഷേപിച്ചുവോ...?അങ്ങനെയൊരു
    തോന്നല്‍ ഉണ്ടാക്കിയതിന് ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു.എല്ലായിപ്പൊഴും ജീവിതത്തിന്റെ സൌമ്യത നിലനിര്‍ത്താന്‍ എനിക്കു പറ്റുന്നില്ല.അതിന് താങ്കളോട് ഞാന്‍ ചെയ്ത അപരാധം പൊറുക്കണമെന്ന് പറയാനേ ഇപ്പോള്‍ പറ്റൂ.

    മറുപടിഇല്ലാതാക്കൂ
  13. ഈ കമണ്റ്റൊക്കെ ഇപ്പഴാ കാണുന്നത്‌.

    വിഷ്ണു, ഇരിങ്ങല്‍ അറിവുള്ള ആളാണെന്ന് പറഞ്ഞത്‌ ശരിക്കും വായിച്ചറിവുള്ള ആളാണെന്ന് തോന്നിയത്‌ കൊണ്ടാണ്‌. അദ്ദേഹത്തിന്‌ ക്രാഫ്റ്റിണ്റ്റെ പോരായ്മയെപ്പറ്റി ന്യായമായെന്തെങ്കിലും പറയാനും കാണും. അതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. നല്ല മനുഷ്യനെന്ന് പറഞ്ഞത്‌ അദ്ദേഹത്തിണ്റ്റെ കമണ്റ്റുകളിലെ നിഷ്കളങ്കത കണ്ടാണ്‌. ആ ഊഹം തെറ്റല്ലെന്ന് തന്നെയാണ്‌ വിശ്വാസം.

    ഇരിങ്ങലേ, താങ്കളുടെ രണ്ടാമത്തെ കമണ്റ്റില്‍ യുക്തിയില്ലെന്ന് പറഞ്ഞാല്‍ തെറ്റിദ്ധരിക്കില്ലല്ലോ. താങ്കള്‍ പെട്ടെന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്നയാളാണെന്നറിയാം. അങ്ങനെയുള്ളവര്‍ അപൂര്‍വ്വമാണെന്നും.

    വിഷ്ണു, ആ പുസ്തകം വേണ്ട വിധം promote ചെയ്തില്ലേ? കേരളത്തില്‍ പ്രൊഫഷനലിസം ഏറ്റവും കുറഞ്ഞ മേഖലയാണ്‌ പ്രസാധനരംഗം. എണ്റ്റെ അഭിപ്രായമാണേ. എന്തായാലും ഒരു കോപ്പി എനിക്ക്‌ വേണം.

    മറുപടിഇല്ലാതാക്കൂ