gfc

കളി

ഒളിച്ചുകളിയില്‍ നീജയിച്ചിരിക്കുന്നു.
മടുപ്പിന്റെ പൂപ്പല്‍ പിടിച്ച്
ഞാനിതാ ദ്രവിക്കുന്നു...
കൂട്ടുകാരാ നിന്റെ ഒളിയിടം
എവിടെയാണ്?
ഏത് കാട്ടില്‍ ,ഏത് ഗുഹയില്‍
ഏത് മലയില്‍ , ഏത് മരപ്പൊത്തില്‍ ...
ഉള്ളില്‍ തളര്‍ച്ചയുടെ
ഒരു ചൂളയ്ക്ക് തീ പിടിക്കുന്നു...
നീ തന്ന വിളക്കും വടിയുമൊന്നും
നിന്നെ കണ്ടെത്താന്‍
എനിക്ക് പ്രയോജനപ്പെട്ടില്ല.
കളിയില്‍ ഞാന്‍ തോറ്റിരിക്കുന്നു.
ഇറങ്ങി വരൂ...
നീയിവിടെ ഉണ്ടെന്ന്
ഒരടയാളമെങ്കിലും തരൂ...
ഓരോ കിളിയൊച്ചയും നിന്റെ
വാക്കെന്നു കരുതി
ഓരോ പൂക്കാ‍ഴ്ച്ചയും നിന്റെ
മുഖമെന്നു കരുതി
ഞാന്‍ ഓടി വന്നു...
ഏത് പച്ചിലകളുടെ മറവില്‍
നീയിപ്പോഴും എന്നെ നോക്കി
ചിരിക്കുന്നു...
കൂട്ടുകാരാ,കളിസമയം കഴിഞ്ഞു.
എല്ലാ കളികളിലും തോറ്റ
നിന്റെ ചങ്ങാതി വിളിക്കുന്നു
വരൂ നമുക്കൊരുമിച്ച് തിരിച്ചു പോകാം.

(27-6-2000)

2 അഭിപ്രായങ്ങൾ:

  1. വിഷ്ണൂ, ഇതെന്നെ വല്ലാതെ നോവിച്ചു. എന്തുകൊണ്ടെന്നറിയില്ല, മരണത്തിലൂടെയും പിണക്കത്തിലൂടെയും തോല്‍പ്പിച്ച കുറേ കൂട്ടുകാരെ ഓര്‍ത്തുപോയി. ഇനി ഒന്ന് വിളിച്ചുനോക്കിയാലോ?
    ശൈലികളിലെ ഈ വ്യത്യസ്തത ആകര്‍ഷകമാകുന്നു. ഒരു കവിതയില്‍ ആക്ഷേപസ്വരമെങ്കില്‍ മറ്റൊന്നില്‍ നോവ്‌, ഇനിയുമൊന്നില്‍ ചിരി... നന്നായിട്ടുണ്ട്‌.
    ഓ.ടോ. ആ പൊന്നപ്പന്‍ എവിടെപ്പോയി? ഇവിടെങ്ങും കാണുന്നില്ലല്ലോ..

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണൂ..ഇത്‌ വായിച്ചപ്പോള്‍ സി. രാധാകൃഷ്ണന്‍ എഴുതിയ പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും ഓര്‍മ്മ വന്നു..ആ നോവലില്‍ ഒളിച്ചുകളിയുടെ അവസാനം മരണത്തിലേയ്ക്ക്‌ നടന്നുപോയ മായ എന്റെ മനസ്സിനെ വല്ലാതെ നോവിച്ച ഒരു കഥാപാത്രമായിരുന്നു...നല്ല കവിതകളുടെ പട്ടികയിലേയ്ക്ക്‌ ഇതും കൂടി..അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ