അവന് വരുന്നു.
ഒരു പച്ചപ്പാവക്ക മട്ടിലുള്ള
നിന്റെ ഭൂപടത്തിന്
പൊടുന്നനെ ജീവന്‍ വെച്ചു.
ഉറങ്ങിക്കിടന്നിരുന്ന ചെടിക്കുഞ്ഞുങ്ങള്‍
മണ്ണിനെ വശങ്ങളിലേക്ക് തള്ളിമാറ്റി
ഈരില വീശി പുറത്തേക്കു വന്നുകൊണ്ടിരുന്നു.
കുന്നുകള്‍ നനഞ്ഞ രോമങ്ങള്‍ കുടഞ്ഞ്
പൂക്കള്‍ നിറഞ്ഞ ഉടുപ്പുകളണിഞ്ഞു.
പടിഞ്ഞാറന്‍ അതിരില്‍ വെള്ളിമാലകളുമായി
ഒരു കടല്‍ വന്നു നിന്നു
ചിലന്നികളും മുക്കുറ്റികളും അവനു നല്‍കുവാന്‍
പൂക്കളുമായി കാത്തു നിന്നു
വെള്ളിമേഘങ്ങള്‍ക്കിടയില്‍
ചിങ്ങത്തിന്‍ പൊന്‍കിരീടം തെളിഞ്ഞു
ഒരു മഴമേഘം ഉണ്ടുനിറഞ്ഞ വയറുപോലെ
മുന്നേ പോകുന്നു
പായസത്തിനു തിളയ്ക്കുന്ന പാലില്‍
നീന്തുന്ന സേമിയപ്പൊട്ടുകളെന്ന്
തിളവെയിലില്‍ തെന്നിക്കൊണ്ടിരിക്കുന്നു തുമ്പികള്‍
ആരവം...
എല്ലാ വീട്ടുമുറ്റങ്ങളിലും
അവന്റെ കാലടികള്‍ പൂക്കളങ്ങളായ്
പതിയുന്നു
വിടരുന്നു.
ഒരു കാറ്റ്...
അവന്റെ തോള്‍മുണ്ടിന്റെ തൊങ്ങലുകളെന്ന്
അനുഗമിക്കുന്നു
പൂക്കളുടെ സമ്മിശ്ര ശ്വാസങ്ങളും
പറക്കുന്ന കിളികളുടെ ഓര്‍ക്കസ്ട്രയും.
തെങ്ങുകള്‍ വായിക്കുന്നു
തെങ്ങോലകളുടെ ഹാര്‍മോണിയം...
ഓലന്റെയും കാളന്റെയും അവിയലിന്റെയും
പായസത്തിന്റെയും പപ്പടത്തിന്റെയും
ഗന്ധങ്ങളുടെ വള്ളികളില്‍
തൂങ്ങിക്കിടന്ന് ഊഞ്ഞാലാടുന്നു വീടുകള്‍
അവന്‍ പോകെ
വീട്ടുമുറ്റങ്ങളില്‍ നിന്ന് വലിച്ചെറിഞ്ഞ പൂവുകള്‍
ചക്രവാളങ്ങളില്‍ കൂടിക്കിടക്കും
അടുത്ത ചിങ്ങം വരെ.