ഉന്നം നോക്കി എറിയുമ്പോള്‍
എന്റെ കൈകളുടെ ഉള്ളിലൂടെ
വേറൊരു കൈ നീണ്ടു വരും.
എന്നിട്ട്, ഏറിനെ കൃത്യമായി
തെറ്റിച്ച് ഞാനൊന്നുമറിഞ്ഞില്ലേ
രാമനാരായണ എന്ന് ചൊല്ലും.
ചിരിക്കാന്‍ തുനിയുമ്പോള്‍
എന്റെ മുഖപേശികള്‍ക്കിടയിലൂടെ
അവന്റെ പേശികള്‍ കടന്നുവന്ന്
ചുണ്ടുകളെയും കണ്ണുകളെയും
കീഴ്പ്പെടുത്തി ചിരിയെ
കരച്ചിലാക്കിമാറ്റും.
കരയാന്‍ തുനിയുമ്പോള്‍
മറിച്ചാവും അവന്റെ ഏര്‍പ്പാട്.
'എന്നാല്‍പിന്നെ,
ചിരിക്കേണ്ടിവരുമ്പോള്‍
കരയാന്‍ ശ്രമിച്ചാല്‍ മതിയല്ലോ,
അപ്പോള്‍ അവനിടപെട്ട്
കരച്ചിലിനെ തിരുത്തി
ചിരിയാക്കുമല്ലോ...' എന്ന്
ഒരു അസാമാന്യ ബുദ്ധി
ചോദിച്ചു.
ഞാനങ്ങനെ ആലോചിക്കുമ്പോള്‍ ,
ആ ആലോചനയെ തെറ്റിക്കുന്ന
അവന്റെ ആലോചന
എന്റെ തലച്ചോറില്‍
നിന്ന് മുന്നോട്ട് തുറിച്ചു വരും.
അങ്ങനെ
ഈ തെരുവിന്റെ ഒത്ത നടുക്ക്
അനുചിതമായ പെരുമാറ്റങ്ങളുടെ
മൊത്തവില്‍പ്പനശാലയായി
ഞാനിങ്ങനെ അന്തം വിട്ട്
വായും പൊളിച്ചു നില്‍ക്കുകയാണ്.
എന്റെ കാലുകള്‍ക്കുള്ളിലൂടെ
അവന്‍ അവന്റെ കാലുകള്‍
പ്രവര്‍ത്തിപ്പിച്ച്
എന്റെ ഓരോ കാല്‍ വെപ്പും
തെറ്റിക്കുന്നു.
ഉന്നങ്ങളെ തെറ്റിക്കുന്നവന്റെ
ഉന്നമെന്തെന്ന്
ഉന്നയിക്കാന്‍ പോലും നിവൃത്തിയില്ല.
അപ്പോഴേക്കും
ആ ഉന്നയിക്കല്‍ തന്നെ
തെറ്റിച്ചിരിക്കും
മൂപ്പര്‍ .
എല്ലാ ഉന്നങ്ങളും ശരിയാണെങ്കില്‍
ഏറുകള്‍ക്കെന്ത് ചന്തം?
എങ്കിലും എല്ലാ ഉന്നങ്ങളും
പിഴയ്ക്കുന്നതിന്റെ ചന്തം
എനിക്ക് സ്വന്തം.
ഉന്നം തെറ്റിക്കുന്ന ഒരുവന്‍
ഇപ്പോഴും എന്റെ ഉള്ളില്‍ ഒളിച്ചിരിപ്പാണ്.
ഈ കവിതയുടെ ഉന്നവും
ഇതാ...തെറ്റിച്ചിരിക്കുന്നു.