സ്നോഡെത്ത് എന്ന ഐസ് ക്രീം പാർലറിലിരുന്ന്
ഓരോ ഐസ് ക്രീം കഴിച്ചു തീർന്നപ്പോഴാണ്
ചിത്രകാരി കൂടിയായ പ്രമീള സുജാതയോട്
ആ രഹസ്യ മ്യൂസിയത്തെക്കുറിച്ചു പറയുന്നത്.
ഭർത്താക്കന്മാരുടെ കുറ്റങ്ങൾ പറഞ്ഞു പറഞ്ഞ്
അവർ മൂസിയത്തിലെത്തിയത് അറിഞ്ഞില്ല.
മ്യൂസിയത്തിന് പല എൻട്രൻസുകളുണ്ട്.
ഒരു എൻട്രൻസിലൂടെ ഒരാളെയേ പ്രവേശിപ്പിക്കൂ.
രണ്ടു പേരും രണ്ടു വഴികളിലൂടെ മ്യൂസിയത്തി നകത്ത് കടന്നു.
പ്രമീളയെ നോക്കി ആ മൂസിയം സൂക്ഷിപ്പുകാരൻ ചിരിച്ചുവോ?
ഇതൊരു അണ്ടർ ഗ്രൗണ്ട് മൂസിയമാണ്.
ഇതു വളരെ രഹസ്യമായി പ്രവർത്തിക്കുന്ന ഒന്നാണ്.
ഇടുങ്ങിയ പല വിധ ശാഖകളുള്ള ഇരുണ്ട ഗുഹ.
നടക്കുന്നതിനനുസരിച്ച് കാഴ്ചക്കാരന്റെ സാന്നിദ്ധ്യം മനസ്സിലാക്കി ചെറിയ പ്രകാശം ഉണ്ടായി വരും.
സുജാത വളരെ പതുക്കെ നടന്നു.
കട്ട ഇരുട്ടാണ്.
കുറച്ചു ദൂരം നടന്നപ്പോൾ ചെറിയ ഒച്ചകൾ
വിദൂരതയിൽ നിന്നെന്ന പോൽ കേട്ടുതുടങ്ങി.
പെട്ടെന്ന് ഒരു മിന്നൽ വെളിച്ചത്തിൽ
ഗുഹയുടെ ചുമരുകളിൽ നിന്ന് തടിയൻനായ്ക്കൾ
സുജാതയുടെ നേർക്ക് കുരച്ചു ചാടി .
സുജാത ഓടി .
ഒരു ആൾക്കൂട്ടം തന്റെ പിന്നാലെ
പാഞ്ഞു വരുന്ന ഒച്ച .
തല്ല്, കൊല്ല് എന്നെല്ലാമുള്ള ആക്രോശങ്ങൾ,
ആരുടെയോ ദയനീയ വിലാപം...
സുജാത തിരിഞ്ഞു നോക്കി .
മുന്നിലെ ശവപേടകത്തിൽ കാലു തടഞ്ഞ്
അവൾ മുഖമടച്ചു വീണു.
കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ
മൃതശരീരങ്ങളാണ് മ്യൂസിയത്തിലുള്ളത്.
രാജ്യമെങ്ങുമുള്ള കലാപങ്ങൾ !
ശവശരീരങ്ങൾ കൂടിയ വിലയ്ക്കു വാങ്ങി
രഹസ്യമായി ഇവിടെ എത്തിക്കും.
മരണത്തിലേക്കെത്തിച്ച കലാപങ്ങളുടെയും
മരണവീട്ടിലെ വിലാപങ്ങളുടെയും
ലൈവ് സൗണ്ട് ട്രാക്ക് ഓരോ
മൃതശരീരത്തിനു സമീപവുംസജ്ജമാക്കിയിട്ടുണ്ട്.
സുജാത ആ ശവപേടകത്തിനു മുന്നിൽ തളർന്നിരുന്നു.
മരിച്ചു കിടക്കുന്ന മനുഷ്യന്റെ കണ്ണുകൾ.
ബന്ധുജന വിലാപം താഴ്ന്ന ശബ്ദത്തിൽ നിന്ന്
ക്രമേണ ഉയർന്നു തുടങ്ങി.
ചുമരിൽ അയാളുടെ പേരും ചിത്രവും വിവരങ്ങളും തെളിഞ്ഞു:
____________
പേര്:
ജനനം: 1963
മരണം: 2015
മൃതശരീരം ശേഖരിച്ചത്: ദാദ്രി, ഉത്തർപ്രദേശ്
____________________________________________
നേരിയ വെളിച്ചത്തിൽ
ആ ശവ പേടകത്തിനു ചുറ്റുമിരുന്ന്
കരയുന്ന ബന്ധുക്കളെ
അവ്യക്തമായി സുജാത കണ്ടു.
ഒരു മരണവീട്ടിലാണ് താനെന്
സുജാത ഉറപ്പിച്ചു.
ആരോ തല്ലിക്കൊന്നതാണ് ഈ മനുഷ്യനെയെന്ന് അവിടെ കൂടിയവർ
അടക്കം പറയുന്നത് കേട്ടു.
കരച്ചിലുകളെ പിന്നിലാക്കി
സുജാത മുന്നോട്ടു നടന്നു.
ഒരു പൂച്ച വിലങ്ങനെ
കടിപിടികൂടുന്ന ശബ്ദത്തിൽ
ചാടിയോടി .
വവ്വാലുകൾ അവളെത്തട്ടിപ്പറന്നു.
മറ്റൊരു ശവപേടകം സുജാതയെ സമീപിച്ചു.
ചന്ദനത്തിരികളുടെയും കുന്തിരിക്കത്തിന്റെയും മണം.
പ്രാർഥനകളും മണിയടിയും.
ഒരു സ്ത്രീയുടെ വികൃതമാക്കപ്പെട്ട ശരീരം.
കുഞ്ഞുങ്ങളുടെ കരച്ചിൽ.
ഒരു പുരുഷന്റെ അടക്കിപ്പിടിച്ചകരച്ചിൽ..
മുന്നോട്ടു പോവുന്തോറും
കണ്ണുനീറിക്കൊണ്ടിരുന്നു .
ചോരയുടെ മണം വ്യാപിച്ചു.
കുട്ടികളുടെയും വൃദ്ധരുടെയും
ശവപേടകങ്ങൾ കണ്ടു.
യുവാക്കളുടെ ശവപേടകങ്ങൾ കണ്ടു.
എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും
ശവപേടകങ്ങൾ കണ്ടു.
കൊല വാഹനങ്ങളുടെ ഇരമ്പലും
വെടിയൊച്ചകളും കേട്ടു .
കരച്ചിലുകൾക്ക് ഒറ്റ ഭാഷയായിരുന്നു.
മറ്റെല്ലാ ഭാഷകളും അതിൽ ലയിച്ചു.
മരണം നിറഞ്ഞു കിടക്കുന്ന
അനേകം ശാഖകളുള്ള ഈ ഗുഹയിൽ നിന്ന്
എങ്ങനെയാണ് പുറത്തിറങ്ങുകയെന്നറിയാതെ
സുജാത ആദ്യമൊക്കെ ചെറിയ ശബ്ദത്തിൽ
പ്രമീളയെ വിളിച്ചുകൊണ്ടിരുന്നു.
ഏതു വഴിക്ക് തിരിഞ്ഞാലും
അവിടെല്ലാം ശവ പേടകങ്ങൾ, വിലാപങ്ങൾ ...
ഇരുട്ടിൽ പരുപരുത്ത ഗുഹാഭിത്തികളിൽ
പിടിച്ചുപിടിച്ച് സുജാത നടന്നു.
തന്റെ നിസ്സഹായമായ അവസ്ഥയോർത്ത്
ശബ്ദമില്ലാതെ കരഞ്ഞു.
പ്രമീളയെ ഉറക്കെയുറക്കെ വിളിച്ചു.
സുജാത നടന്നു നടന്ന്
ഛിന്നഭിന്നമായ ശവങ്ങൾ കൊരുത്തിട്ട
ശവപേടകങ്ങളെ ചുറ്റി
വെന്തു കരിഞ്ഞ് ചുരുണ്ടു കിടക്കുന്ന
ശവങ്ങളെക്കണ്ട്
തീ ആളിപ്പടരുമൊച്ചയും ആർപ്പുവിളിയും
കരച്ചിലുകളും പിന്നിട്ട്
നിശ്ശബ്ദമായ ഒരിടത്തെത്തി.
അവിടെ ഒരു ശവപേടകത്തിൽ
ആരെയാണോ അവൾ അലമുറയിട്ടു വിളിച്ചിരുന്നത്
അവൾ, അവളുടെ പ്രമീള കിടക്കുന്നു.
ശവപേടകത്തിൽ ആഞ്ഞടിച്ച്
സുജാത പ്രമീളയെ വിളിച്ചുകൊണ്ടിരുന്നു .
പ്രമീള ഉണർന്നില്ല.
കരഞ്ഞു കരഞ്ഞ് തളർന്ന്
ചില്ലു പേടകത്തിൽ തല വെച്ച്
അർദ്ധബോധത്തോടെ സുജാത കിടന്നു .
എപ്പോഴോ എഴുന്നേറ്റ്
വേച്ചു വേച്ച് സുജാത പിന്നെയും നടന്നു.
അവസാനത്തെ ശവപേടകത്തിനു മുന്നിൽ
ഇനിയൊന്നും കാണുവാൻ വയ്യെന്ന് കണ്ണടച്ചപ്പോൾ
അത്രയും പരിചിതമായ ശബ്ദത്തിൽ
ആരോ കരയുന്നതു കേട്ട് കണ്ണു തുറന്നപ്പോൾ
സുജാത അവളെത്തന്നെ കണ്ടു ;
ആ ശവ പേടകത്തിനുള്ളിൽ ശാന്തയായി.
______
വായനക്കാരേ,
ഒരു അജ്ഞാത മെയിലിൽ നിന്നു കിട്ടിയ വിവരങ്ങളാണ് മുകളിലുള്ളത്.
ഇതൊരു യഥാർത്ഥ സംഭവമാണെന്നാണ്
മെയിലിൽ പറയുന്നത്.
ഞാനും അങ്ങനെ വിശ്വസിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതലറിയാൻ
ഒരെഴുത്തുകാരൻ എന്ന നിലയിൽ
എനിക്കാഗ്രഹമുണ്ട്.
കഴിയുമെങ്കിൽ
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി സഹായിക്കൂ.. :
ഈ മൂസിയം എവിടെയാണ്?
ആരാണിതിന്റെ സൂക്ഷിപ്പുകാരൻ?
ഇത്ര രഹസ്യമായി ഇത്തരമൊരു മ്യൂസിയം നടത്തിപ്പോരുന്നതിന്റെ ഉദ്ദേശ്യമെന്താണ്?
എല്ലാ നിയമങ്ങളുടെയും കണ്ണുവെട്ടിച്ച് ഇതെങ്ങനെ നിലനിൽക്കുന്നു?
പ്രമീള എങ്ങനെയാണ് ശവപേടകത്തിൽ വന്നത് ?സുജാതയും?
സുജാത തന്റെ തന്നെ ശവം കാണുന്നതിന്റെ കാരണമെന്താണ്?
സുജാതയും പ്രമീളയും മൂസിയത്തിനു പുറത്തു വരുമോ?
മൂസിയം സൂക്ഷിപ്പുകാരൻ എന്തിനാണ് ചിരിച്ചത്?