gfc

പച്ചിലകളുടെ ആകാശം



മേടമാസത്തിലെ ആ തെളിഞ്ഞ ദിവസം
എന്റമ്മാവന്റെ മൂന്നേക്കര്‍ പറമ്പിലെ
324 മരങ്ങളിലും
324 കുട്ടേട്ടന്മാര്‍ ചോല വെട്ടാന്‍ കയറുന്നു
മരങ്ങളില്‍ നിന്ന് അണ്ണാന്മാര്‍ ഓടിപ്പോകുന്നു.
മരങ്ങളില്‍ നിന്ന് മരംകൊത്തികള്‍ പറന്നുപോകുന്നു.
മരങ്ങളില്‍ നിന്ന് ഉറുമ്പിന്‍‌കൂടുകള്‍ വീഴുന്നു
കുട്ടേട്ടന്മാര്‍ മരപ്പൂപ്പലുകളുടെ വെളുത്തപൊടിയണിയുന്നു
കുട്ടേട്ടന്മാര്‍ മരപ്പൂപ്പലുകളുടെ മണമണിയുന്നു


324 കുട്ടേട്ടന്മാരുടെയും പിന്നിലിരുന്ന്
324 വെട്ടുകത്തികള്‍ മരം കയറുന്നു.
ഇലകളുടെ കുഞ്ഞുകുഞ്ഞ് ആകാശങ്ങള്‍
താഴേക്ക് വരുന്നു.
മേടമാസസൂര്യന്‍
കുട്ടേട്ടന്മാരെ കിഴക്കു നിന്നും
പടിഞ്ഞാറു നിന്നും തലയ്ക്കു മുകളില്‍ നിന്നും
കണ്ണാടി പിടിച്ച് കണ്ണഞ്ചിപ്പിക്കുന്നു.
മരങ്ങള്‍ പുളിയുറുമ്പുകളെ വിട്ട് കടിപ്പിക്കുന്നു
പൊത്തോന്ന് വീഴാന്‍ പോയ കുട്ടേട്ടന്മാരെ
പാവമല്ലേന്ന് കരുതി
പിടിക്കാന്‍ കൊമ്പു നല്‍കുന്നു മരങ്ങള്‍.
എന്നിട്ടും
പച്ചിലകളുടെ ആകാശം
തകര്‍ന്നു വീഴുന്നു

എല്ലാ മരങ്ങളും കരയുന്നു
എല്ലാ കൊമ്പുകളും കരയുന്നു
വീണ ചില്ലകള്‍ വീണീടത്ത് കരയുന്നു.


എല്ലാ മരങ്ങളുടെയും ചുവട്ടില്‍
ഒറ്റത്തോര്‍ത്തുമുടുത്ത്
സാധുബീഡി വലിച്ച്
മുകളിലേക്ക് നോക്കി നില്‍ക്കുന്നുണ്ട്
324 മട്ടില്‍ 324 പേരായി
എന്റെ ഒറ്റ അമ്മാവന്‍ .


എല്ലാ മരച്ചുവട്ടിലും
പുളിയുറുമ്പിന്റെ മണമുള്ള പെണ്ണുങ്ങള്‍
വീണുകൊണ്ടിരിക്കുന്ന കൊമ്പുകള്‍ കോതുന്നു.
സകലമരങ്ങളുടെയും പശമണങ്ങള്‍ ഒന്നിച്ചുചേര്‍ന്ന പറമ്പില്‍ നിന്ന്
പറന്നുപോകുന്നു തത്തകള്‍
മരങ്ങള്‍ മറന്നുവെച്ച ആകാശങ്ങളെ കുട്ടേട്ടന്മാര്‍ വീണ്ടെടുക്കുന്നു
കാപ്പിത്തോട്ടത്തിനു നടുവില്‍
സംന്യാസിമാരെപ്പോലെ നില്‍ക്കുന്നു
ചില്ലകളെല്ലാം പോയ മരങ്ങള്‍


ഒരു മാസം പിന്നിടുമ്പോള്‍
‘തോറ്റിട്ടില്ല തോറ്റിട്ടില്ല...’
എന്നു പറഞ്ഞുകൊണ്ട്
324 മരത്തലപ്പുകളില്‍ നിന്നും
പറന്നുപോയ തത്തപ്പച്ചകള്‍തല നീട്ടും.
വീണ്ടും പച്ചിലകളുടെ ആകാശം പണിയും.

ഹരിതബലി

തുമ്പയായും
തൊട്ടാവാടിയായും
മുക്കുറ്റിയായും
പൂവാംകുരുന്നിലയായും
തകരയായും
കാക്കപ്പൂവായും
ഞാന്‍
ഭൂമി കാണാന്‍ പുറപ്പെട്ടു.

വീടുകെട
ഒരടി മണ്ണു ചോദിച്ച നീ
ഭൂമി മുഴുവന്‍
മുറിച്ചുമുറിച്ച്
മതില്‍ കെട്ടി.
മതില്‍ക്കകത്ത്
വീടു കെട്ടി.
വീട്ടുമുറ്റം സിമന്റിട്ട്
എല്ലാ പുരയിടങ്ങളില്‍ നിന്നും
എന്നെ പുറത്താക്കി.

കാടുകള്‍ തീയിട്ട്
കാട്ടുമൃഗങ്ങളെ കൊന്ന്
കാട്ടരുവികളെ തളച്ച്
രണ്ടാമത്തെ അടി മണ്ണും
കൈവശപ്പെടുത്തി

പെരുവഴിയോരത്ത്
പൊന്തിയപ്പോള്‍
തൊഴിലുറപ്പെന്ന് പറഞ്ഞ്
പറിച്ചിട്ടു.
ഒരിക്കലും തലയുയര്‍ത്താതിരിക്കാന്‍
റൌണ്ടപ്പ് അടിച്ചു.
അങ്ങനെ വാടിക്കരിഞ്ഞ്
മൂന്നാമത്തെ അടി മണ്ണും വിട്ടുതന്ന്
പാതാളത്തിലേക്ക്
നീ ചവിട്ടിത്താഴ്ത്തിയ
പച്ചയാണ് ഞാന്‍.

ഒരു തിരുവോണത്തിന്
തിരിച്ചുവരണമെന്നുണ്ട്
.ചവിട്ടിത്താഴ്ത്തുന്ന നിന്റെ
കാലടികള്‍ ഒന്ന് മാറ്റിയെങ്കില്‍...