gfc

വീട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളുമില്ലാത്ത ദിവസം

വീട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളുമില്ലാത്ത ദിവസം
സ്വയംഭോഗം ചെയ്യുകയാണ് ഭര്‍ത്താവ്.

ഒരു പെണ്‍കുട്ടിയേയും വിചാരിക്കാതെ,
ഏകാന്തതയേയോ വിരസതയേയോ
എതിര്‍ക്കുകയെന്ന വ്യാജേന,

ഒരു യന്ത്രം അതിന് ജീവനുണ്ടോ എന്ന്
പരിശോധിക്കും മട്ട്,

ആരും ഏല്‍പ്പിക്കുകയോ
ആരോടും പങ്കിടുകയോ ചെയ്യാത്ത
ഒരു സ്വകാര്യം ഉല്പാദിപ്പിക്കുകയാണ്...

പ്രാപിക്കപ്പെട്ട കുളിമുറിയെ
മലിനയും വിവസ്ത്രയുമാക്കി ഉപേക്ഷിച്ച്
പുതച്ചുമൂടി ഉറങ്ങിക്കൊണ്ടിരിക്കും അയാള്‍
അവളും കുട്ടികളും വാതില്‍ക്കല്‍ വന്ന് മുട്ടും വരെ...



ആ വീട്ടിലൊരിടത്ത് ഒളിച്ചു
താമസിപ്പിച്ചുകൊള്ളാമെന്ന്
കുറ്റകരമായ ഈ സ്വകാര്യതയുമായി
ഒരു ഉടമ്പടിക്കു ശേഷം
അയാള്‍ പതിയെ വാതില്‍ തുറക്കും.

മധ്യേയിങ്ങനെ

അച്ഛന്‍ നോക്കുന്നു
നോട്ടം ഒരു നദി
അതെന്റെ നേരെ കുതിച്ച്
എന്നെ പറിച്ചെടുത്ത്
പ്രകാശവേഗത്തില്‍
തിരിച്ചൊഴുകുന്നു.

അച്ഛന്റെ കണ്ണില്‍ നിന്ന്
അച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അവിടെ നിന്ന്
അച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അനാദിയായ വെള്ളച്ചാട്ടത്തിലേക്ക്
എടുത്തെറിയപ്പെടുന്നു വെറുമൊരു മത്സ്യം

ഒരു നോട്ടത്തില്‍
എത്ര തലമുറ പിന്നിലേക്ക് വലിച്ചുകൊണ്ടുപോവുന്നു
അല്ലെങ്കില്‍ ,
എത്ര തലമുറ പിന്നിലെ ഒരു നോട്ടമാണ്
ഇപ്പോള്‍ അച്ഛന്റെ കണ്ണില്‍ .
അച്ഛന്റെ പിന്നില്‍ വരിപാലിച്ച് ഒളിച്ച് നില്‍ക്കുന്നു
അച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍
നോട്ടനദിയിലെ ഈ ഒഴുകിയൊഴുകിയുള്ള പോക്കു മാത്രം എനിക്കറിയാം
ഭൂതകാലങ്ങളുടെ തുടക്കമറിയില്ല
പിതാക്കന്മാരുടെ കണ്ണില്‍ നിന്ന്
പ്രപിതാക്കന്മാരുടെ കണ്ണിലേക്ക് എറിയുമ്പോള്‍
ലോകം മാറിക്കൊണ്ടിരിക്കുന്നു
ഭൂമി പച്ചച്ച് പച്ചച്ച് കൂടുതല്‍ പച്ചച്ച് വരുന്നു
നദികളില്‍ വെള്ളം കൂടിക്കൂടി വരുന്നു
ഇല്ലാതായ പക്ഷികളും മൃഗങ്ങളും എഴുന്നേറ്റുവരുന്നു
മനുഷ്യഭവനങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരുന്നു
മനുഷ്യരുടെ എണ്ണം തന്നെ കുറഞ്ഞുകുറഞ്ഞുവരുന്നു
ഞാന്‍ പുറകോട്ട് പുറകോട്ട് ഒഴുകുന്നു.

മകന്‍ നോക്കുന്നു
അളന്നെടുക്കുന്ന ആ നോട്ടത്തിലുണ്ട് മറ്റൊരു നദി
അതെന്നെ പറിച്ചെടുത്ത്
അവനു പിറക്കേണ്ടുന്ന മകന്റെ കണ്ണിലേക്ക് അതിവേഗം കുതിക്കുന്നു
അവിടെ നിന്ന്
മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
അങ്ങനെ അനന്തതയിലേക്ക്
മകന്റെ പിന്നില്‍ അനന്തമായ തലമുറകള്‍ ഒളിച്ചുനില്‍ക്കുന്നു
നോട്ടനദിയിലെ ഈ ഒഴുകിയൊഴുകിയുള്ള പോക്കു മാത്രം എനിക്കറിയാം
ഭാവികാലങ്ങളുടെ ഒടുക്കമറിയില്ല
കണ്ണുകളില്‍ നിന്ന് കണ്ണുകളിലേക്ക് എറിയുമ്പോള്‍
ലോകം മാറിക്കൊണ്ടേയിരിക്കുന്നു
ഭൂമിയുടെ പച്ചപ്പ് കുറഞ്ഞുകുറഞ്ഞുവരുന്നു
നദികള്‍ വറ്റിവറ്റിത്തീരുന്നു
വീടുകള്‍ കൂടിക്കൂടി ഭൂമിയുടെ ഉപരിതലം നിറയുന്നു
കെട്ടിടങ്ങള്‍ക്ക് ഉയരംവെച്ചുകൊണ്ടിരിക്കുന്നു
ആളുകളുടെ എണ്ണം കൂടിക്കൂടിവരുന്നു
ഞാന്‍ അനന്തതയിലേക്ക് ഒഴുകുന്നു

ഞാന്‍ നിന്നിടത്ത് നില്‍ക്കുന്നു
എന്നിട്ടും രണ്ടുവശങ്ങളിലേക്കും കുതിക്കുന്നു
എന്റച്ഛനും എന്റെ മകനും എന്നെ നോക്കുന്നു
അവരുടെ നോട്ടങ്ങള്‍ക്ക് എന്നെ പറിച്ചെടുത്തു കൊണ്ടുപോവാന്‍ കെല്‍പ്പുണ്ട്
എന്റെ നോട്ടത്തിനില്ല.
ഞാന്‍ തലമുറകള്‍ക്കിടയിലെ വിടവ്
തലമുറകള്‍ക്കിടയിലെ ഒരേയൊരു കുറ്റം.

അവന്‍ അഴിച്ചിടുന്ന കാറ്റുകളെ മരങ്ങളുടെ മുടിക്കെട്ടില്‍ കെട്ടിവെക്കുന്നു

ഏറ്റവും അസംതൃപ്തനായ കലാകാരന്‍
എന്നെ വരച്ചുകൊണ്ടിരിക്കുന്നു
ഓരോ നിമിഷവും മാറ്റി വരയ്ക്കുന്നു
അതിവിശാലമായ ക്യാന്‍‌വാസില്‍
ചുറ്റുമുള്ള പ്രകൃതിയെ ആളുകളെ കിളികളെ ഒച്ചകളെ ഒക്കെ
മാറ്റി വരച്ചുകൊണ്ടിരിക്കുന്നു.
അവന്റെ ചിത്രമാണ് ഞാനെന്നോര്‍മിക്കാതെ
ഞാനും വരച്ചുകൊണ്ടിരിക്കുന്നു
എന്റെ അതിമോഹത്തെ നിയന്ത്രിക്കാന്‍
അവന്‍ പാടുപെടുന്നു

വാകമരങ്ങളില്‍ ചുവന്ന പൂക്കളെ വരച്ചുചേര്‍ക്കുന്നു
മഴയുടെ ബ്രഷ് കൊണ്ട് മുറ്റമാകെ പച്ചപ്പുല്ലുകള്‍ വരയ്ക്കുന്നു
മരങ്ങളുടെ ഇലകളെ നനച്ച് തുടച്ച് പ്രകാശിപ്പിക്കുന്നു
ശിഖരങ്ങളെ ചെമ്പന്‍പൂപ്പലുകളുടെ കയ്യുറകള്‍ ഇടുവിക്കുന്നു.
വേനല്‍‌വെയിലെന്ന ടൂളിനാല്‍ ആകാശം തുടച്ചുതുടച്ച് ഇളം നീലയാക്കിയെടുക്കുന്നു
മഴപെയ്യുമിറയത്ത് നിമിഷാര്‍ദ്ധം നില്‍ക്കുന്ന
ജലദളങ്ങളുള്ള പൂവുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു

അവന്‍ വരച്ചവയെ ഞാന്‍ മാറ്റിവരയ്ക്കുന്നു
മഞ്ഞുകാലത്തെ പ്രഭാതങ്ങളില്‍ വായ തുറന്ന് പുകയൂതിക്കൊണ്ടിരിക്കുന്ന മലകളെ
മുത്തച്ഛന്റെ ഛായയില്‍ മാറ്റിവരയ്ക്കുന്നു
അതിരുകളില്‍ അവന്‍ വരച്ച മേഘങ്ങളെ ചിറകുകളാക്കി മാറ്റിവരച്ച്
സമതലത്തെ മാന്ത്രികപ്പരവതാനിയാക്കുന്നു
മലകള്‍ക്കിടയില്‍ മൈലാഞ്ചിയിട്ട് ചെമ്പിപ്പിച്ച മുകള്‍ത്തലപ്പുള്ള കാറ്റാടിക്കാടുകള്‍  നീക്കി
എന്റെ കാമുകിയുടെ ഭഗരോമങ്ങള്‍ വരച്ചുചേര്‍ക്കുന്നു
അവന്റെ വെള്ളച്ചാട്ടങ്ങളെ ഞാന്‍ അടിയുടുപ്പുകളിലേക്ക് ഇറങ്ങിവരുന്ന
കഞ്ചാവുപുകയാക്കിത്തീര്‍ക്കുന്നു
കുളങ്ങള്‍ക്കു മീതെ തെന്നിപ്പറക്കുന്ന തുമ്പികളെ
കൃസരികള്‍ക്കു മുകളില്‍ തെന്നുന്ന വിരലുകളാക്കിമാറ്റുന്നു
പറക്കുന്ന ശലഭങ്ങളെ പറക്കുന്ന യോനികളാക്കി  മാറ്റുന്നു
അവന്‍ വരച്ചുവെച്ച മഴവില്ല് ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ മുടിക്കാവടിയാല്‍ റദ്ദു ചെയ്യുന്നു
നിശാകാശത്ത് അവന്‍ വരച്ചുവെച്ച നക്ഷത്രങ്ങളെ മിന്നാമിനുങ്ങുകളായ് ഊതിപ്പറപ്പിക്കുന്നു
അവന്‍ അഴിച്ചിടുന്ന കാറ്റുകളെ മരങ്ങളുടെ മുടിക്കെട്ടില്‍ കെട്ടിവെക്കുന്നു

ഏറ്റവും അസംതൃപ്തനായ കലാകാരന്‍
എന്നെ വരച്ചുകൊണ്ടിരിക്കുന്നു
എന്റെ മുടിയിഴകള്‍ അവന്‍ മായ്ക്കുന്നു
എന്റെ കണ്‍പീലികള്‍ വെളുപ്പിക്കുന്നു
എന്റെ മൃദുലമായ തൊലി ചുളിക്കുന്നു
എന്റെ ചലനശേഷി തിരിച്ചെടുക്കുന്നു
മാറ്റിവരയ്ക്കാനുള്ള എന്റെ മോഹം മാത്രം
മാറ്റിവരയ്കാനാവാതെ അവന്റെ ബ്രഷ് തളരുന്നു
ഒടുക്കം തിരമാലകളുടെ മുത്തുപിടിപ്പിച്ച വക്കുകള്‍ ഉയര്‍ത്തി അവന്‍ വിളിക്കുന്നു
ഒറ്റത്തോണിയില്‍ ചെന്ന് ചക്രവാളത്തിലെ ചുവന്ന പൊട്ടും
വെളുത്ത പക്ഷികളെയും മാറ്റിവരയ്ക്കാന്‍ ...

ദ്വാരകാബാര്‍

ഓരോരോ ഞാനുകള്‍ വരുന്നു
ഓരോരോ ഞാനുകള്‍ പോവുന്നു
ഇരുപത്തൊന്നു മേശകള്‍
ഓരോരോ മേശയ്ക്കു ചുറ്റിലും
നന്നാലു ഞാനുകള്‍

-ഞാമ്പറഞ്ഞാ അവനല്ല അവന്റപ്പന്‍ കേക്കും
-ഞാന്‍ വരയ്ക്കുന്ന മാതിരി കേരളത്തില്‍ ഒരു മൈരനും വരയ്കില്ല
-ഞാന്‍ നിങ്ങക്കൊരു പൈന്റു കൂടി വാങ്ങിത്തരും ങാ ഹാ...
-ഞാനൊക്കെ പൂശിയത്ര പെണ്ണുങ്ങളെ നീയൊക്കെ...

ഒന്നാമത്തെ ഞാന്‍ പത്തി വിരിക്കുന്നതിന്‍ അല്പം മീതെ
രണ്ടാമത്തെ ഞാന്‍ പത്തി വിരിക്കുന്നു
അതിന്‍ മീതെ മൂന്നാമത്തെ ഞാന്‍ പത്തി വിരിക്കുന്നു
അതിനും മീതെ നാലാമത്തെ ഞാന്‍ പത്തി

ഞാന്‍
ഞാന്‍
ഞാന്‍
ഞ്യാന്‍

ഇരുപത്തൊന്നു മേശകള്‍
ഓരോരോ മേശയ്ക്കു ചുറ്റിലും
നന്നാലു ഞാനുകള്‍
ഓരോ മേശയുടെ കരയിലും
താമരപ്പൂകണക്ക് വര്‍ണവെളിച്ചപ്പൂവുകള്‍
അസ്സല് താമരക്കുളം
മീനുകളുടെയോ
തവളകളുടെയോ
നീര്‍ക്കോലികളുടെയോ
തലകള്‍ കണക്കിന്
ഓരോ മേശയ്ക്കു ചുറ്റിലും
പൊന്തുന്നു ഞാന്‍ തലകള്‍ .

ഒടുക്കം എല്ലാ ഞാനുകളും
വിസര്‍ജ്ജിച്ച മേശപ്പുറങ്ങള്‍
ഒരു ഞാനുമില്ലാത്ത ഒരുത്തന്‍
തുടച്ചുവൃത്തിയാക്കി അകത്തേക്ക് പോവുന്നു
ഞാനുകള്‍ ഒന്നൊന്നായി
നഗരവനത്തിലേക്ക്