gfc

2000 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2000 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആള്‍മാ‍റാട്ടം

എന്നും പച്ച നിറത്തില്‍ നീളത്തില്‍
ജനിച്ചു മടുത്തിട്ട് ഒരു വെണ്ടക്ക
ചുവന്ന നിറത്തില്‍ ഉരുണ്ടിട്ട് ജനിച്ചു.
വെണ്ടക്കയെ നോക്കി ആളുകള്‍ വിളിച്ചു:‘തക്കാളീ’

എന്നും ചുവന്ന നിറത്തില്‍ ,ഉരുണ്ട്
ജനിച്ചു മടുത്തിട്ട് ഒരു തക്കാളി
നീളത്തില്‍ പച്ച നിറത്തില്‍ ജനിച്ചു.
തക്കാളിയെ നോക്കി ആളുകള്‍ വിളിച്ചു:‘വെണ്ടക്കേ’

എന്നാല്‍ ഒരു വെണ്ടക്ക ഒരിക്കലും ‘തക്കാളീ’ എന്നും
തക്കാളി ‘വെണ്ടേക്കേ’ എന്നും വിളിക്കപ്പെടാന്‍
ഇഷ്ടപ്പെടാഞ്ഞതുകൊണ്ട്
ആള്‍മാറാട്ടം മതിയാക്കി
പതിവു രൂപത്തില്‍
പതിവു നിറത്തില്‍
അവതരിച്ചു തുടങ്ങി.

3-4-2000
(മൂന്നാമിടത്തില്‍ വന്നിട്ടുണ്ട്)

അലങ്കാരം

കറങ്ങുകയാണ്...,
അങ്ങേ മുറിയില്‍ കാറ്റിനെ
വെട്ടിപ്പൊളിക്കുന്ന പങ്ക.
ഹൃദയത്തില്‍ ചോര
തെറിപ്പിച്ചു കൊണ്ട്
ഓര്‍മകളുടെ മറ്റൊരു പങ്ക.
ജീവിതം ആരെയാണ്
അനുസരിക്കുന്നത്...?
എന്തായാലും അത്
നമ്മെ അനുസരിക്കുന്നില്ല.
അത് അനുസരിക്കുന്നത്
ദൈവത്തെയോ...?
അതോ ...നാം
അതിനെ അനുസരിക്കുകയോ?
സംശയങ്ങള്‍ വെറും മുട്ടത്തോടുകള്‍...
ഒരു കാക്കയ്ക്കും പിടിക്കാവുന്ന
കുഞ്ഞുങ്ങള്‍ അതില്‍ നിന്ന്
ഇറങ്ങി വരില്ല.
കവിതയുടെ പനിനീര്‍ച്ചെടിക്ക്
അതൊരലങ്കാരം മാത്രം.
ഭ്രൂണം തിന്നതാരാണ്?

മാനം

അക്കാലത്ത്
സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി
പൊരുതിയിരുന്ന ഒരു പെണ്‍കുട്ടി
നാട്ടിന്‍പുറത്തെ
ഒരു ടാക്കീസില്‍
ഉച്ചസ്സിനിമയ്ക്കു കയറി.
ടിക്കറ്റ് കൌണ്ടറിലെ
അമ്മാവന്‍
ഏപ്പടമാണെന്ന് പറഞ്ഞ്
വിലക്കി നോക്കി.
പെണ്‍ശിങ്കം വഴങ്ങിയില്ല.
വയസ്സറിയിച്ചിട്ട് വര്‍ഷങ്ങളായി എന്ന്
കളിയാക്കുകയും ചെയ്തു.
വാതില്‍ക്കല്‍ ടിക്കറ്റ്
മുറിക്കുന്ന അപ്പൂപ്പന്‍
തടഞ്ഞു നോക്കി.
വഴങ്ങിയില്ല.

ടാക്കീസിലേക്ക്
അവള്‍ കയറുന്നതും
ഇരിക്കുന്നതും കണ്ടവരുണ്ട്.

പിന്നെ കണ്ടത്
ഒരാശുപത്രി മുറിയില്‍
ആറേഴു തുന്നലുകളും
എട്ടുപത്തു കുപ്പി ഗ്ലൂക്കോസും
തരപ്പെടുത്തിയ ശേഷം
ചില തരുണികള്‍ക്കിടയില്‍
നിവര്‍ന്നിരുന്ന്
ചിരിക്കുന്നതാണ്.
സിനിമ കാണുന്നതിനിടയില്‍
‘മാനം’ എന്ന ഒരു അമൂര്‍ത്താശയം
അവള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ്
അവരൊക്കെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

24-4-2000

മുങ്ങല്‍

വിശപ്പിന്റെ വിളക്കുമരം പറയുകയാണ്
നിന്റെ ശരീരം ഈ തീരത്തുണ്ടെന്ന്.
പ്രണയത്തിന്റെയും ആധിയുടേയും
കൊടുങ്കാറ്റുകള്‍ വരുത്തിയ കപ്പല്‍ക്കെടുതിയില്‍
വേര്‍പെട്ട അതിന്റെ ആത്മാവ്
അത് വിശ്വസിക്കാതെ
തിരകളില്‍ ചാഞ്ചാടുകയാണ്.
ശരീരത്തെ അത് തിരയുന്നില്ല.
ശരീരത്തിന് അതിനെ തിരയാന്‍ കെല്‍പ്പുമില്ല.
വേര്‍പെട്ട ഈ കൂട്ടുകാരെ ഒന്നിപ്പിക്കുന്ന
ആ യാനം .....ജീവിതം,അതെവിടെ?
തകര്‍ന്നിരിക്കുന്നു...!
അന്വേഷണങ്ങളെ പരിഹസിച്ചുകൊണ്ട്
ആഴങ്ങളിലേക്ക് അപ്രത്യക്ഷമായിരിക്കുന്നു.

രക്ഷ

മഴയില്‍ നിന്ന് ഒരു കുടയെ
ആരാണ് രക്ഷിക്കുക?
(കുടയ്ക്ക് പനിയും ജലദോഷവും വന്നാല്‍ ...)
തീയില്‍ നിന്ന് ഒരു വിളക്കുതിരിയെ
ആരാണ് രക്ഷിക്കുക?
കല്ലും മുള്ളും തറച്ചുകരയുന്ന
ഒരു ചെരുപ്പിനെ ആരാണ് രക്ഷിക്കുക?
കയറിന്റെ പിടിയില്‍ നിന്ന്
ഒരു തൊട്ടിയെ ആരാണ് രക്ഷിക്കുക?
പ്രതിബിംബങ്ങളില്‍ നിന്ന്
ഒരു കണ്ണാടിയെ ആരാണ് രക്ഷിക്കുക?
കണ്ണുകളില്‍ നിന്ന് കാഴ്ച്ചകളെ
ആരാണ് രക്ഷിക്കുക?
ആര് രക്ഷിച്ചാലും കുഴപ്പമില്ല;
ഞാന്‍ രക്ഷിക്കില്ല.

പുണ്യശ്ലോകന്‍

ഞാന്‍ പുണ്യശ്ലോകന്‍.
എനിക്ക് 16009 കാമുകിമാരുണ്ടായിരുന്നു.
കൃത്യം കണക്കാണ്(16008 അല്ല)
ഒന്നാമത്തവള്‍ രാധ
രണ്ടാമത്തവള്‍ ത്രേസ്യാക്കുട്ടി
മൂന്നാമത്തവള്‍ നജ്മുന്നിസ
നാലമത്തവള്‍....

ഒന്നാമത്തവളെ ഒരു ദിവസം
വിശന്നപ്പോള്‍ പുഴുങ്ങിത്തിന്നു.
രണ്ടാമത്തവളെ കണ്ണുകെട്ടിക്കളിക്കുന്നതി
നിടയില്‍ കൊക്കയിലേക്ക് തള്ളിയിട്ടു.
മൂന്നാമത്തവളെ സ്നേഹം കൊണ്ട്
ശ്വാസം മുട്ടിച്ചാണ് കൊന്നത്.
നാലമത്തവളെ ചുവന്ന തെരുവില്‍
വിറ്റ് രണ്ട് ലാര്‍ജ് വീശി.
അഞ്ചാമത്തവളുടെ ഉടുപുടവയ്ക്ക്
തീ കൊളുത്തി ,കത്തിത്തീരുന്നതു കണ്ട്
ആനന്ദിച്ചു.
ആറാമത്തവളുടെ തൊണ്ട പിളര്‍ത്തി
വിഷമൊഴിച്ചു.
.............................................
ഒടുക്കത്തവള്‍ ബ്രേക്ക് നഷ്ടപ്പെട്ട
ആ വണ്ടിയില്‍ മരണത്തിലേക്ക്
കുതിക്കുകയാണ്.

ഇനി ഞാനൊന്ന് വിലപിക്കട്ടെ:
ദൈവമേ,ഞാനിനി ആരെ സ്നേഹിക്കും?
എനിക്കാരുമില്ലല്ലോ...

(25-4-2000)

മാവ്

കായ്ച്ചു എന്ന ഒറ്റക്കുറ്റത്തിന്
ഒരു മാവ് ഏറ് കൊള്ളുകയാണ് .
ദയവു പാടില്ല.
എത്ര ഏറ് കൊണ്ടാലും പഠിക്കില്ല.
എല്ലാ വര്‍ഷവും കായ്ക്കും,
മിണ്ടാതെ നിന്ന് ഏറും കൊള്ളും.

ഇടപെടല്‍

ഒരു പാട്ടു പാടാന്‍
ശ്രമിക്കുകയായിരുന്നു.
അപ്പോഴാണ് കുക്കര്‍
‘ശ് ശ്...’എന്ന് താക്കീത്.
മിണ്ടിയില്ല.

ഒരു കഥ പറയാന്‍
ശ്രമിക്കുകയാരുന്നു.
അപ്പോഴാണ് മിക്സി
‘ക്ര്‍ര്‍ ....’എന്ന് മുറുമുറുപ്പ്.
മിണ്ടിയില്ല.

ഒന്നു ചുംബിക്കാന്‍
ശ്രമിക്കുകയായിരുന്നു.
അപ്പോഴാണ് ടെലിവിഷന്‍
‘ഹ ..ഹ...ഹ...’എന്ന് അട്ടഹാസം.
അനങ്ങിയില്ല.

വീരചരിതം

കഴിഞ്ഞ ഡിസംബറിലാണെന്ന്
തോന്നുന്നു.
പുലര്‍ച്ചയ്ക്കുള്ള മൈസൂര്‍ ബസ്സില്‍
ടിപ്പുസുല്‍ത്താന്റെ പ്രേതം
സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങി.
കമ്പിളി പുതച്ച്
രാജകീയ വേഷത്തില്‍
പോവുന്നതു കണ്ട്
‘ഈ വെളുപ്പാന്‍ കാലത്ത് എവിടേക്കാ ..?’
എന്ന് ഒരു പോലീസുകാരന്‍ ചോദിച്ചു.
‘ആയുധപ്പുര ഒന്ന് പരിശോധിക്കണം..’
എന്ന മറുപടി പറഞ്ഞതു കേട്ട്
അഞ്ചു മണിക്കുള്ള ബസ് കാത്തു നിന്നിരുന്ന
ഒരു വേശ്യ ചിരിച്ചു വശം കെട്ടു.
സുല്‍ത്താന്‍ നേരെ
വിമല്‍ ജ്യോതി എന്ന
പെണ്‍ പാര്‍പ്പിടത്തിനടുത്തുള്ള
പഴയ വെടിക്കോപ്പുശാലയിലേക്ക്
നടന്നു.
ഗേറ്റ് ചാടിക്കടന്ന് ഒരാള്‍ കോട്ടയിലേക്ക്
പോവുന്നുണ്ടെന്ന്
സമീപത്തുള്ള പെണ്‍ഹോസ്റ്റലിലെ വാര്‍ഡന്‍
സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു.
ടിപ്പു ,താന്‍ പണ്ട് പിടിച്ചെടുത്ത
ജൈനക്ഷേത്രത്തിലെ തല പോയ പ്രതിമയോട്
‘ചന്നാഗിദിയാ ?’എന്ന്ചോദിച്ചു.
പ്രതിമ തലയില്ലാത്ത കഴുത്തുകുലുക്കി
‘സുഖം തന്നെ.’എന്ന് അറിയിച്ചു.
പുരാവസ്തു വകുപ്പ് മിനുക്കുപണി നടത്തിയ
ക്ഷേത്രത്തിലൂടെ പ്രേതം നടന്നുനടന്ന്
തെക്കുഭാ‍ഗത്തു പോയി ഇരിപ്പായി.
അവിടെ ആരോ ഒരു കൂട് നിരോധ് മറന്നുവെച്ചിരുന്നു.
‘ഇതെന്തു കുന്ത്രാണ്ടം?’എന്നു നോക്കി
അതെടുത്ത് കീശയിലിട്ട് ഗേറ്റു കടന്ന്
ഒരു ഓട്ടോറിക്ഷ പിടിച്ച് ‘കെ.എസ്.ആര്‍ .ടി.സി
സ്റ്റേഷനടുത്തുള്ള കൊല്ലിയിലേക്ക്
പോവട്ടെ’ എന്ന് കല്പിച്ചു.
പിറ്റേന്ന് ഒരു വാളും തലപ്പാവും
കാട്ടില്‍ക്കിടന്ന് കിട്ടിയതായി
ഫോറസ്റ്റ് അധികൃതര്‍
ഒരു പത്രപ്രസ്താവന ഇറക്കി..

(25-4-2000)

വീഴ്ച്ച

നിന്റെ സ്നേഹം
ഒരു കിണറിന്റെ
മൂടിയായിരുന്നു.
അത് നീങ്ങിയപ്പോള്‍
കുപ്പിച്ചില്ലുകളും
പാമ്പുകളും നിറഞ്ഞ
കിണറ്റിലേക്ക്
ഞാനിതാ വീഴുന്നു.
എന്റെ കൈകള്‍
ഉയര്‍ന്നുതന്നെ...
എന്റെ നിലവിളി
ഉറക്കെത്തന്നെ...
വൈദ്യുതി നിലച്ച
നഗരം പോലുള്ള
എന്റെ ഹൃദയത്തില്‍
ഭീതിയുടെ പതിനായിരം
ജനറേറ്ററുകള്‍
ശബ്ദിച്ചു..
സ്നേഹമേ,
നീയെന്നെ വിട്ടുവോ...?
താഴെ,
മരണത്തിന്റെ
പിളര്‍ത്തിയ വായ.

(24-4-2000)

കാഞ്ഞിരം

ഇല പറിച്ചു കടിച്ച്
കാര്‍ക്കിച്ചു തുപ്പിയകുട്ടിയോട്
ലോകത്തിന്റെ മുഴുവന്‍
കയ്പ്പും പേറി കാഞ്ഞിരം പറഞ്ഞു:
'കയ്പ്പ് ജന്മസ്വഭാവമായിപ്പോയി;
മധുരിക്കുകയും പുളിക്കുകയും
ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍
കയ്പ്പ് എന്റെ മൌലികത.'

(31-3-2000)

വയല്‍ക്കരയിലെ വീട്

വയല്‍ക്കരയിലെ വീടിന്
കാറ്റും കിളികളും കൂട്ടുകാര്‍ ,
വെള്ളം നിറഞ്ഞ പാടം കണ്ണാടി,
തൊടിയിലെ കമുകിന്‍ തോട്ടത്തിന്റെ വക
സുഗന്ധ ലേപനം.
തണവു നിറഞ്ഞ മുറ്റത്ത്
ലോകത്തെ മുഴുവന്‍
സമാധാനം.
വയല്‍ക്കരയിലെ വീടിന്
ആശങ്കകളില്ല...ആനന്ദം മാത്രം.
അതിന്റെ വൈക്കോല്‍ മേല്‍ക്കൂര കണ്ട്
കരിമേഘങ്ങള്‍ അലിയുന്നു.
ചീവീടുകളും തവളകളും
ദൈവത്തിന്റെ ഫോണ്‍ വിളികള്‍ പോലെ
നിരന്തരം റിംങ് ചെയ്യുന്നു.
ആരെങ്കിലും ഒന്ന് എടുത്തെങ്കില്‍ ...
വയല്‍ക്കരയിലെ വീട്ടിലേക്ക്
അദ്ദേഹം വരുന്നുവെന്ന്
പറയാനാണെങ്കിലോ....
ആരോ വരുന്നുണ്ട്....
ദൂരെ വരമ്പത്തുകൂടി ശ്രദ്ധിച്ചു ശ്രദ്ധിച്ച്....

(28-8-2000)

അറവറിവ്

അറവുമൃഗമേ,
മരണത്തെ
നീ നിസ്സംഗമായി
നേരിടുന്നു...
നിന്റെ നിസ്സംഗത
എന്നെ വേദനിപ്പിക്കുന്നു.
കൊലക്കത്തി
നിന്റെ കഴുത്ത്
കാത്തിരിക്കുന്നുവെന്ന്
പാവം നീ അറിയില്ല.
നീ മൃഗം.
ഭൂമികുലുക്കവും
അഗ്നിപര്‍വതങ്ങള്‍
പൊട്ടുന്നതും
നീ മുന്‍കൂട്ടി അറിയും.
പക്ഷേ,നിന്റെ
ആയുഷ്ക്കാല-
സേവനം പറ്റിയ്വന്‍
നിന്നെ കൊല്ലാന്‍
പോവുന്നത്
നീ അറിയില്ല.
അത്രയ്ക്ക്
നിഗൂഢവും
വേദനാജനകവുമാണ്
വഞ്ചന...

തിരുപ്പൂര്‍

തുണിമില്ലുകളുടെ നഗരം പറഞ്ഞു:
‘എന്നെക്കുറിച്ചൊരു കവിതയെഴുതണം.’
മധുരബീഡ മുറുക്കി ഞാന്‍ പറഞ്ഞു:
‘എന്തിന്,എനിക്ക് നിന്നെ ഇഷ്ടമല്ലല്ലോ.
നിന്റെ ഓടകളുടെ രക്തപര്യയന വ്യവസ്ഥയും
കേബിളുകളുടെ നാഡീ വ്യവസ്ഥയും
എനിക്ക് സഹിക്കുന്നില്ല...’
ബള്‍ബുകളുടെ ആയിരം കണ്ണ് തുറന്ന് നഗരം പറഞ്ഞു:
‘നിന്റെ മിത്രങ്ങള്‍ക്ക് ഞാന്‍
പണിയും പണവും നല്‍കുന്നില്ലേ...?’
ഒരു പെഗ്ഗ് ഹണീബീ കൊണ്ട്
തൊണ്ട നനച്ച് ഞാന്‍ രോഷം കൊണ്ടു :
‘നീ അവരുടെ ജീവിതം തട്ടിപ്പറിച്ചു.
അവരിവിടെ മരിക്കുന്നു,ഞങ്ങള്‍
അവിടെ ജീവിക്കുന്നു...
നീ കൊടുക്കുന്നതൊക്കെ
നീ തന്നെ പിടുങ്ങുന്നു.
നിനക്ക് വായ മൂന്നാണെന്ന്
അവര്‍ കണ്ടുപിടിച്ചു:
നിന്റെ മധുശാലകള്‍,
നിന്റെ സിനിമാശാലകള്‍,
നിന്റെ പെണ്ണുങ്ങള്‍ .
ഈ മൂന്നു വായയിലും
എന്റെ ചങ്ങാതികളെ
നീ കുടുക്കി...
എന്നെങ്കിലും ചവച്ചുചവച്ച്
നീയവരെ തുപ്പും.
ഈ ഭൂമിമലയാളത്തില്‍
ആ ചണ്ടിപണ്ടാരങ്ങള്‍
പിന്നെന്തുചെയ്യുമോ...ആവോ...?’
അര്‍ബ്ബുദം പിടിച്ച വഴിയോരങ്ങള്‍
പറഞ്ഞു:‘അടങ്ങ് ഒരു ചായ കുടിക്കാം.’
‘ഈച്ചപ്പട കാവലുള്ള നിന്റെ ചായ
എനിക്കു വേണ്ട.’ ഞാന്‍ മുഷിഞ്ഞു.
‘മനുഷ്യത്തീട്ടം നിറഞ്ഞ നിന്റെ വഴികള്‍ കണ്ട്
എന്റെ മനം പിരട്ടി.
കൊതുകുകള്‍ കൊണ്ടൊരു പുതപ്പ് തന്ന്
നീയെന്റെ ഉറക്കം കെടുത്തി.
പൊടിയും ദുര്‍ഗന്ധവും പേറി
എന്റെ മൂക്കിന്റെ പാലം പൊട്ടി.
നീ തൂറാന്‍ ഇടം കൊടുത്തവര്‍ക്ക്
അമ്മയില്ല, മക്കളില്ല...
അവര്‍ ആരെയൊക്കെയോ പ്രാപിക്കുന്നു.
എത്രയോ കുഞ്ഞുങ്ങള്‍ അലസിപ്പോവുന്നു...
നിന്റെ മൂത്രപ്പുരയിലും
നിന്റെ പെണ്ണുങ്ങളിലും ഒരേ പോലെ
അവര്‍ കയറിയിറങ്ങുന്നു.
മനം പിരട്ടുമ്പോള്‍ അവര്‍
ബ്രാണ്ടിഷാപ്പിലേക്കോടുന്നു...
ഉല്‍കൃഷ്ടവികാരങ്ങള്‍ ഉണ്ടോ
എന്ന മെഡിക്കല്‍ ചെക്കപ്പിന്
തീയേറ്ററുകളിലേക്കോടുന്നു...
രാത്രിയും പകലുമില്ലാത്ത നിന്റെ
മക്കള്‍ ,പാവങ്ങള്‍ ....!’
‘കട കടാ...’എന്ന് മില്ലുകളുടെ
കടലായ നീ അപ്പോഴും മിടിച്ചുകൊണ്ടിരുന്നു.
ലോകത്തെ ഉടുപ്പിടുവിക്കാന്‍ നീ
നിന്റെ മക്കളുടെ അടിവസ്ത്രങ്ങള്‍
കീറുന്നതെന്തിന്?
എന്റെ സംശയത്തിനു നേരെ നീ
ആയിരം കുഴലുകളിലൂടെ
പുകയും വിഷവെള്ളവും തുപ്പി.

കാഴ്ച്ചക്കൊല്ലി

ആ കാണുന്നതാണ് സ്മാരകം
സൂക്ഷിച്ചു നോക്കിയാല്‍
മൂന്നായി മുറിച്ചതിന്റെ അതിരുകള്‍ കാണാം
പിച്ചക്കാരന്റെ ചൊറിയാണ്
നടുക്കു കാണുന്നത്.
വെളുത്തു കാണുന്നത് വേശ്യകളുടെ
അസ്ഥികൂടങ്ങളാണ്.
കുറെക്കൂടി സൂക്ഷിച്ചു നോക്കിയാല്‍
സ്വന്തം കഫത്തില്‍ മുങ്ങിപ്പോയ
ഒരു ജനതതിയെക്കാണാം..
മാനം പോയവര്‍ ,ഗതിയറ്റവര്‍
മുടന്ത്,ഭ്രാന്ത്,രോഗം എന്നിവ
വെവ്വേറെ നിലകളില്‍ ആക്രമിച്ചവര്‍ ,
ആഹാരം ,വീട്,വസ്ത്രം,ഇണ
തുടങ്ങിയ ജീവനസൌകര്യങ്ങളൊക്കെ
നിഷേധിക്കപ്പെട്ടവര്‍ ,
അനീതിയുടെ ഇരകള്‍ ...
മുകളില്‍ കാണുന്നത്
ചോരയും മാംസവും നിലവിളികളും
സൂക്ഷിച്ചുനോക്കിയാല്‍
അതിനിടയില്‍
കാറ്,ബാറ്,ബീറ്,..റ്
കുടവയറ് തുടങ്ങിയവ കാണാം
താഴെ വ്യര്‍ഥവും ശിഥിലവുമായ
സ്വപ്നങ്ങളുടെ ശവപേടകങ്ങള്‍
കുറേക്കൂടി സൂക്ഷിച്ചുനോക്കിയാല്‍
തൂങ്ങിമരിക്കുന്ന കൊമ്പുകള്‍
മുക്കിക്കൊല്ലുന്ന കുളങ്ങള്‍
മുടന്തന്‍ ന്യായങ്ങളുടെ കാട്
പ്രാപിച്ചുകഴിഞ്ഞ ഉടനെ
ഇണയെ പിടിച്ചുതിന്നുന്ന
പച്ചപ്പയ്യുകള്‍ ...
മാരകമായ വിഷങ്ങള്‍ .
കുറേക്കൂടി സൂക്ഷിച്ചുനോക്കിയാല്‍ ...,
സൂക്ഷിച്ചുനോക്കിയാല്‍
കുഴപ്പമൊന്നുമില്ല,
‘കണ്ണിന്റെ കാഴ്ച്ച’ നഷ്ടപ്പെടുമെന്നു മാത്രം.

(23-7-2000)

ആള്‍ മാറാട്ടവും ഗ്രാമത്തില്‍ നിന്ന് വന്ന കവിതയും

മൂന്നാമിടത്തില്‍ പ്രസിദ്ധീകരിച്ച രണ്ട് കവിതകള്‍:
ആള്‍ മാറാട്ടം,ഗ്രാമത്തില്‍ നിന്ന് വന്ന കവിത
ഇവിടെ

ആള്‍മാറാട്ടം(3-4-2000)
ഗ്രാമത്തില്‍ നിന്ന് വന്ന കവിത(13-5-2001)

നിരൂപണം

എന്റെ കവിത കണ്ട്
ഒരു ഉറുമ്പ് ചിരിച്ചുകൊണ്ട് പറഞ്ഞു:‘കവിത
പഞ്ചസാരത്തരിപോലെയാകണം.’
മറ്റൊരിക്കല്‍ വീട്ടിലെ
നായയെ ഞാനെന്റെ കവിത കാണിച്ചു.
നായ പറഞ്ഞു:‘കടിച്ചാല്‍ പൊട്ടാത്ത
എല്ലിന്‍ കഷ്ണം പോലെയാവണം കവിത.’
പിന്നീട് ഒരു കാക്കയെയാണ്
ഞാന്‍ കവിത കാണിച്ചത്
കാ‍ക്ക പറഞ്ഞു:‘കവിത
ഒരു കോഴിക്കുഞ്ഞിനെപ്പോലെ
കളങ്കമില്ലാത്തതാവണം.’
ഒടുവില്‍ കവിത കണ്ടത്
ചിതലാണ്.
ചിതല്‍ പറഞ്ഞു:‘ഒന്നാന്തരം കവിത.
ഇത്രയും നല്ല കവിത ഞാന്‍ തിന്നിട്ടേയില്ല.’

(4-4-2000)

താളം

നക്ഷത്രങ്ങളുട ഗൂഢാലോചനയില്‍
ചന്ദ്രന്‍ പുറത്താക്കപ്പെട്ട രാത്രിയായിരുന്നു അത് .
മേഘങ്ങളുടെ കഫക്കട്ടകള്‍ അവിടവിടെ
ചിതറിയിരുന്നു.
പാമ്പു കടിച്ചവനെപ്പോലെ ക്ഷീണിച്ച എന്നെ
ഒരു കുന്നിന്‍പുറത്ത് നാട്ടിയിരുന്നു.
ഞാന്‍ നിലവിളികളുടെ ഒറ്റച്ചെണ്ട കൊട്ടി
വേദനകളുടെ ചക്രവാളങ്ങളെ
പ്രകമ്പനം കൊള്ളിച്ച്
താളങ്ങളുടെ തീപിടിച്ചു മരിച്ചു.
ഞാന്‍ നിന്നിടത്ത്
ഒരു മുളങ്കൂട്ടം
എഴുന്നേറ്റ് കാറ്റില്‍ പിണഞ്ഞാടി.

(പാഠം മാസിക പ്രസിദ്ധീകരിച്ചത്)

തടവില്‍

തുറന്നു വെച്ച നിന്റെ കണ്ണുകള്‍ക്കു മുന്നില്‍
ഞാന്‍ നിന്നു തന്നു.
നിന്റെ കണ്ണുകള്‍ എന്നെ രണ്ടാക്കി.
വലംകണ്ണില്‍ ശരീരം ഇടം കണ്ണില്‍ ആത്മാവ്
നിന്റെ കൃഷ്ണമണികളില്‍ കുടുങ്ങി
എന്റെ ശരീരവും ആത്മാവും നിലവിളിച്ചു.
‘നിന്നെ വിട്ടുതരില്ല’ എന്നു പറഞ്ഞ്
നീ കണ്ണുകള്‍ ഇറുക്കിയടച്ചു.
ഒന്നായ ലോകത്തെ രണ്ടാക്കി കാണിക്കുന്ന
നിന്റെ മുഖദ്വാരങ്ങളില്‍
അന്നുമുതല്‍ ഞാന്‍ തടവുപുള്ളിയായി.
നിന്റെ തുറക്കാത്ത കണ്ണുകളിലെ
കണ്ണീരു കുടിച്ച് ഞാനൊന്ന്
ഭേദപ്പെട്ടുവെന്നു മാത്രം.

(17-7-2000)

കളി

ഒളിച്ചുകളിയില്‍ നീജയിച്ചിരിക്കുന്നു.
മടുപ്പിന്റെ പൂപ്പല്‍ പിടിച്ച്
ഞാനിതാ ദ്രവിക്കുന്നു...
കൂട്ടുകാരാ നിന്റെ ഒളിയിടം
എവിടെയാണ്?
ഏത് കാട്ടില്‍ ,ഏത് ഗുഹയില്‍
ഏത് മലയില്‍ , ഏത് മരപ്പൊത്തില്‍ ...
ഉള്ളില്‍ തളര്‍ച്ചയുടെ
ഒരു ചൂളയ്ക്ക് തീ പിടിക്കുന്നു...
നീ തന്ന വിളക്കും വടിയുമൊന്നും
നിന്നെ കണ്ടെത്താന്‍
എനിക്ക് പ്രയോജനപ്പെട്ടില്ല.
കളിയില്‍ ഞാന്‍ തോറ്റിരിക്കുന്നു.
ഇറങ്ങി വരൂ...
നീയിവിടെ ഉണ്ടെന്ന്
ഒരടയാളമെങ്കിലും തരൂ...
ഓരോ കിളിയൊച്ചയും നിന്റെ
വാക്കെന്നു കരുതി
ഓരോ പൂക്കാ‍ഴ്ച്ചയും നിന്റെ
മുഖമെന്നു കരുതി
ഞാന്‍ ഓടി വന്നു...
ഏത് പച്ചിലകളുടെ മറവില്‍
നീയിപ്പോഴും എന്നെ നോക്കി
ചിരിക്കുന്നു...
കൂട്ടുകാരാ,കളിസമയം കഴിഞ്ഞു.
എല്ലാ കളികളിലും തോറ്റ
നിന്റെ ചങ്ങാതി വിളിക്കുന്നു
വരൂ നമുക്കൊരുമിച്ച് തിരിച്ചു പോകാം.

(27-6-2000)