gfc

ദുരൂഹവും നിഗൂഢവുമായ ഒരു സംഭവവിവരണം

കാഴ്ച ഒന്ന്

അല്ലെങ്കില്‍ എങ്ങനെയാണ്
മെലിന്‍ഡ കുര്യന്‍ എന്ന സെയില്‍സ് ഗേള്‍
തുണിക്കടയില്‍ തനിച്ചായത്?

പൊടുന്നനെയുള്ള ഹര്‍ത്താലിന്റെയോ
പൊലീസ് ലാത്തിച്ചാര്‍ജിന്റെയോ
കുട്ടയിലേക്ക് ഒക്കത്തിനേയും
പെറുക്കിയിട്ട് നഗരം കാലിയാക്കിയത് ആരാണ്?
നഗരം കാലിയാവേണ്ടത് ഒരാവശ്യമായിരുന്നു.
എല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന്
ബുദ്ധിമാന്മാര്‍ എത്രകാലമായി പറയുന്നു
എന്തായാലും
എങ്ങനെയായാലും
മെലിന്‍ഡകുര്യന്‍ എന്ന പണിക്കാരി
അര്‍മാദം ടെക്സ്റ്റൈത്സില്‍ തനിച്ചായി.
താക്കോല്‍ പെങ്കൊച്ചിന്റെ കയ്യില്‍ കൊടുത്ത്
കടമുതലാളി ഷഫീക്ക് കട പുറത്തു നിന്ന് ഷട്ടറിട്ട്
ബൈക്കെടുത്ത് പാഞ്ഞുപോയി.

ലിയോ ,ഡിയോ ,റിയോ എന്നീ പേരുകളുള്ള
മൂന്ന് ആണ്‍ബൊമ്മകളെ
ചില പുതിയ ഇനം തുണികള്‍
ധരിപ്പിക്കുകയായിരുന്നു അവള്‍.
പെട്ടെന്ന് ലിയോ എന്ന ആണ്‍ബൊമ്മ
അതിന്റെ കൈകളെടുത്ത്
അവളുടെ ചുമലില്‍ വെച്ചു.
അവള്‍ അന്തം വിട്ട് ഒന്ന് നോക്കിയതേയുള്ളൂ.
അത് അവളെയുമെടുത്ത് സ്റ്റോറിലേക്ക് നടന്നു
മറ്റു രണ്ടു ബൊമ്മകള്‍ അവരെ പിന്തുടര്‍ന്നു.
അവള്‍ കരഞ്ഞപ്പോള്‍
ബൊമ്മ അവളുടെ വാ പൊത്തിപ്പിടിച്ചു
സ്റ്റോര്‍ റൂമിലെ തുണികള്‍ക്കിടയില്‍ കിടത്തി

ബൊമ്മകള്‍ അവളെ മാറി മാറി....
അവര്‍ ശരിക്കും ബൊമ്മകളായിരുന്നു
എന്നിട്ടും ആണുങ്ങള്‍ എന്ന നിലയിലുള്ള
അവരുടെ ഉത്തരവാദിത്തം അവര്‍ നിര്‍വഹിച്ചു.

കാഴ്ച രണ്ട്


ഒരു മണിക്കൂര്‍ കഴിഞ്ഞു
നഗരം സജീവമായി
കടമുതലാളി ഷഫീക്ക് തിരിച്ചുവന്നു.
(ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു ഹര്‍ത്താലും ഉണ്ടാവില്ല
ഇപ്പോള്‍ അര്‍മാദം ടെക്സ്റ്റൈത്സിന്റെ

ഇതു വല്ല പൊലീസ് ലാത്തിച്ചാര്‍ജ്ജോ മറ്റോ ആവും)
ഷട്ടര്‍ തുറന്നു
ആ ചില്ലുകൂട്ടില്‍ ഏറ്റവും പുതിയ സാരി ചുറ്റി
നില്‍ക്കുന്നതാണ് മെലിന്‍ഡ എന്ന ബൊമ്മ
ഫൈബറുകൊണ്ടോ മറ്റോ ആണ്
അവള്‍ ശരിക്കും ഒരു ബൊമ്മയാണ്
അതിനെ ഉണ്ടാക്കിയിരിക്കുന്നത്
കടയില്‍ നല്ല തിരക്കാണ്.
ലിയോ ,ഡിയോ,റിയോ
എന്ന മൂന്ന് സെയില്‍‌സ് ബോയ്സ്
തുണി വാങ്ങാന്‍ വന്നവര്‍ക്കു മുന്നില്‍
ഇത്തവണ അവര്‍ ബൊമ്മകളേയല്ല.


പല ഡിസൈനിലുള്ള തുണികള്‍
ചിരിച്ചുകൊണ്ട് വിരിച്ചിടുകയാണ്.
അവര്‍ ശരിക്കും മൂന്ന് മനുഷ്യരാണ്.

സത്യവാങ്മൂലം

കാഴ്ചക്കാരന്‍ എന്ന നിലയില്‍ എന്റെ
സത്യവാങ്മൂലമാണിത്
ഒന്നാമത്തെ സന്ദര്‍ഭത്തില്‍
സത്യമായും ഞാന്‍ മെലിന്‍ഡകുര്യന്‍ എന്ന
സെയിത്സ് ഗേളിനെയാണ് കണ്ടത്
അവര്‍ തികച്ചും ഒരു മനുഷ്യസ്ത്രീയായിരുന്നു.
എന്നാല്‍ റിയോ ,ഡിയോ,ലിയോ
എന്ന മൂന്ന് ആണ്‍ബൊമ്മകളാണ്
അവരെ ബലാത്സംഗം ചെയ്യുന്നത്
ബൊമ്മകളാണെങ്കിലും അവര്‍ക്ക്
ചലനശേഷി പെട്ടെന്ന് കൈവന്ന വിചിത്ര സംഭവമുണ്ടായി
പക്ഷേ,അപ്പോഴും അവര്‍ക്ക് പ്ലാസ്റ്റിക് ശരീരം തന്നെയായിരുന്നു
ഉണ്ടായിരുന്നത്.

രണ്ടാമത്തെ സന്ദര്‍ഭത്തില്‍
കൃത്യമായും മെലിന്‍ഡ ഒരു ബൊമ്മയാണ്.
മെലിന്‍ഡ ഒരു മനുഷ്യസ്ത്രീയായിരുന്നുവെന്നതിന്
രണ്ടാമത്തെ സന്ദര്‍ഭത്തില്‍ ഒരു തെളിവും അവശേഷിക്കുന്നില്ല.
ഉദാഹരണത്തിന് കടമുതലാളി ഷഫീക്ക്
ഒന്ന് വിസ്മയിക്കുക പോലും ചെയ്യുന്നില്ല.
ഉപഭോക്താക്കളും അസാധാരണമായി
എന്തെങ്കിലും സംഭവിച്ചതിന്റെ സൂചനകള്‍ നല്‍കുന്നില്ല.
ലിയോ,ഡിയോ,റിയോ എന്നീ മൂന്നുപേരും
തികച്ചും മനുഷ്യരാണ്.
അവര്‍ ബൊമ്മകളോ പ്ലാസ്റ്റിക് ശരീരികളോ അല്ല.
രണ്ട് ആശയങ്ങള്‍ രണ്ടു സന്ദര്‍ഭങ്ങളിലുണ്ടായത്
കൂട്ടിവെക്കുക മാത്രമാണ് എഴുത്തുകാരന്‍ എന്ന നിലയില്‍
ഞാന്‍ ചെയ്തത്
അത് ആശയക്കുഴപ്പമായിട്ടുണ്ടെങ്കില്‍
ഈ ആശയക്കുഴപ്പം സത്യമാണെന്ന് മാത്രമേ
എനിക്കിപ്പോള്‍ പറയാനാവൂ

ജനുവരിയിലെ രാത്രികളില്‍ മലമടക്കുകളില്‍


ജനുവരിയിലെ വൈകുന്നേരങ്ങളില്‍
തണുപ്പുകള്‍ എഴുന്നേറ്റുവരികയാണ്
കാപ്പിത്തോട്ടങ്ങളില്‍ നിന്ന്
കാപ്പിമരങ്ങളുടെ ചുവട്ടില്‍ നിന്ന്
അവയുടെ സ്വകാര്യതകളില്‍ നിന്ന്
അവയുടെ നിഗൂഢതകളില്‍ നിന്ന്
മരിച്ച ഒരു ഗോത്രജനതയെപ്പോലെ
കറുത്ത്
വിറച്ചുവിറച്ച്
വളരെ സാവകാശം
അവ്യക്തതകളില്‍ നിന്ന് ഉരുവപ്പെട്ട്
എന്തോ ആഭിചാരത്തിനെന്ന പോലെ


അങ്ങനെ കാണുന്നതല്ല
ഇതൊന്നും
എന്നാല്‍ കാണാനിടയുണ്ട് താനും

അവര്‍ റോഡരികിലെ വീടുകളിലേക്ക്
അടഞ്ഞ വാതിലുകളിലൂടെ തുറക്കാതെ തന്നെ
അടഞ്ഞ ജനലുകളിലൂടെ തുറക്കാതെ തന്നെ
ചുമരുകളെ നിസ്സാരമായി കടന്നും അവ പൊളിക്കാതെ തന്നെ
അകത്തേക്ക് കയറിപ്പോവുന്നു

തണുപ്പുകള്‍ വീടുകളിലേക്ക് കയറിപ്പോവുന്നു

തണുപ്പുകള്‍
കറുത്ത കുള്ളന്മാരായ
ചുരുണ്ടമുടിയുള്ള പ്രേതങ്ങള്‍

അകത്ത്
തണുപ്പുകള്‍ ഞെക്കിക്കൊല്ലുന്നവരുടെ
ചങ്കില്‍ കെട്ടിയ ഒച്ചകള്‍
ശബ്ദം പുറത്തുവരാതെ നിശ്ശബ്ദതയിലേക്ക്
മരിച്ചുവീഴുന്ന ഒച്ചകള്‍
ഇരുട്ടായി പുറത്തേക്ക്
അടുക്കളവഴിയോ
തട്ടിന്‍പുറത്തെ
മരയഴികളിലൂടെയോ
വരുന്നുണ്ട്

വെള്ളത്തിലേക്ക് പ്രസവിച്ചിട്ട
കുഞ്ഞുങ്ങളെപ്പോലെ വായുവില്‍ നീന്തിനീന്തി...

പിന്നെയും രാത്രി പിന്നിടുമ്പോള്‍
മരക്കൊമ്പുകളില്‍ തൂങ്ങിക്കിടക്കാറുണ്ട്
മരിച്ച തണുപ്പുകളുടെ ശവശരീരങ്ങള്‍

രാത്രി
അജ്ഞാത ശവങ്ങളുടെ ഒരു മോര്‍ച്ചറി

നിശ്ശബ്ദ വിലാപങ്ങളുടെ
ഒരു വെളുത്ത സാരി കാറ്റില്‍ പൊന്തുന്നത്
ഒറ്റയ്ക്ക് നടക്കുന്നവര്‍ കാണുന്നു

വനകല്പന



ചുരത്തിലെ മരങ്ങള്‍ക്കിടയില്‍
വെട്ടേറ്റുകിടക്കുന്നു വൈകുന്നേര സൂരിയന്‍
അല്ലല്ല
ചുരത്തിലെ മരങ്ങള്‍ക്കിടയില്‍
കാവിവസ്ത്രമണിഞ്ഞ ഒരു സംന്യാസി
വൈകുന്നേര സൂരിയന്‍
എങ്ങോട്ടും പോകുന്നില്ല
എല്ലാ മരങ്ങള്‍ക്കിടയിലും
അയാളുടെ
കാവിമുണ്ടിന്‍ പറക്കല്‍
എല്ലാ ഇലകളിലും
അയാളുടെ
ധ്യാനം

ക്രമേണ മുളനാഴിയില്‍ ഇരുട്ട് ഒഴിച്ച്
നിശ്ശബ്ദതയില്‍ ഉറപ്പിക്കുന്നു
മരങ്ങളെ /കാടിനെ

കാടിന്റെ ഇരുള്‍വട്ടത്തിനു പുറത്തേക്ക്
360 ദിക്കുകളിലേക്കും
ഒരുമിച്ച് കടവാതിലുകള്‍
പറന്നുപോകുന്നു

കാടിനുമുകളില്‍
ചന്ദ്രനുണ്ടാവുന്നു.
അത് ഉരുകി കാടിന്റെ ഏറ്റവും ഉയരത്തിലുള്ള
ഇലയുടെ കറുത്തശില്പത്തില്‍
ഇറ്റുവീഴുന്നു
അത് ഒലിച്ചിറങ്ങി
അടുത്ത ഇലയില്‍ ഇറ്റു വീഴുന്നു
വലതുഭാഗത്തെ ഇലയില്‍ ഇറ്റുവീഴുന്നു
ഇടതുഭാഗത്തെ ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
--------------------------------------------------------
--------------------------------------------------------

റ്റു
വീ

ഴു

ന്നു

നിലാവുകൊണ്ടുള്ള ഒരു കാടുണ്ടാവുന്നു
വെള്ളിക്കാലുകള്‍
വെള്ളിക്കയ്യുകള്‍
വെള്ളി ഇലകള്‍
നിശ്ശബ്ദതയുടെ മന്ത്രവാദിനി പാര്‍ക്കുന്ന
ഇരുള്‍മാളികയുടെ
കറുത്ത താഴികക്കുടങ്ങളില്‍ ഇറ്റുവീണ്
ഒലിച്ചിറങ്ങുന്നു
ലോഹം

വെളുത്ത കാട്ടിലൂടെ
വെള്ളിയില്‍ തീര്‍ത്ത ഒരു പുലിയുടെ ശില്പം
ഓടുന്നു
ചന്ദ്രനു നേരെ പറക്കുന്നു
ചെറുതായി
ചെറുതായി
ചെറുതായി
ചന്ദ്രനില്‍ ചെന്ന് ഒട്ടുന്നു