gfc

ചാവ

കുട്ടിക്കാലത്ത്
വിനോദയാത്രയ്ക്കിടെ കാണാതായ അനുജത്തിയെ
അമ്മയോട് പിണങ്ങി നാടുവിട്ടുപോയ അനിയനെ
വര്‍ഷങ്ങള്‍ക്കു ശേഷം വഴിവക്കില്‍ നിന്ന്
കൂട്ടിക്കൊണ്ടുവരുമ്പോലെയായിരുന്നു.
യാത്രയ്ക്കിടയില്‍ അതിനെ
കണ്ടപാടെ ബസ്സിറങ്ങി.
കുന്നിന്‍പുറത്തു നിന്ന് അതിനെ
വേരുപൊട്ടാതെ പിഴുതെടുത്തു.
എന്തിനാണെന്നെ...?’ എന്ന് അത് കരഞ്ഞു.
ആ കുന്നു മുഴുവന്‍ അവന്റെ വംശം
വളര്‍ന്നുപച്ചച്ച് ഇളം‌പച്ചത്തലകള്‍
ചുരുട്ടിനിന്നിരുന്നു.
ചാവ-എന്റെ നാടിന്റെ അടയാളച്ചെടി.
ഇരുപതുകൊല്ലത്തിനു ശേഷം ഞാനതിനെ
വീണ്ടും കാണുകയാണ്.

കുട്ടിക്കാലത്ത്
കാപ്പിത്തോട്ടത്തില്‍,വയലിറമ്പില്‍
ഒഴിഞ്ഞ കുന്നുകളില്‍
ഞാന്‍ പോകുന്നിടത്തെല്ലാം അത്.
എല്ലായിടത്തും ഒരു പാവത്തെപ്പോലെ
തളിര്‍ത്തല ചുരുട്ടി
എങ്കിലും ആഹ്ലാദത്തോടെ
വെയിലിന്റെ നിറം ഇളമ്പച്ചയാണെന്ന്
നിന്നിരുന്നു.
വെറുമൊരു പന്നല്‍ച്ചെടി.
ഒരു പൂ പോലും പുറപ്പെടുവിക്കാത്തത്.
അതിന്റെ മണം എനിക്കറിയാം.
എത്ര കൊത്തിപ്പറിച്ചുകളഞ്ഞാലും
വീണ്ടും വീണ്ടും കിളിര്‍ത്തു വന്നു.
പിന്നെപ്പിന്നെ സ്വന്തം തൊടികളില്‍ നിന്ന്
പറിച്ചെറിഞ്ഞ ഗോത്രജനതയെപ്പോലെ
അതിരുകളിലോ തിണ്ടുകളിലോ‍ അപകര്‍ഷത്തോടെ
അവ കറുത്തുനിന്നു.
നാടുവിട്ട് തൊഴില്‍തേടിത്തെണ്ടി
കൂട്ടുകാരിയും കുട്ടികളുമായി
തിരികെയെത്തുമ്പോള്‍
ഒരു തൊടിയിലും അതില്ല.

വീട്ടുപറമ്പിലൊരിടത്തു നട്ട്
ഞാനതിനോട് പറഞ്ഞു:
‘നീ എന്റെ കുട്ടിക്കാലകൂട്ടുകാരന്‍ .’

തന്റെ വംശം കൂട്ടക്കൊലചെയ്യപ്പെട്ട
കുന്നുകളും തൊടികളും വഴിവക്കുകളും നോക്കി
അതു ഓര്‍മകളുടെ ഭാരത്താല്‍ കുനിഞ്ഞുനിന്നു.
യുദ്ധത്തിലോ കലാപത്തിലോ
എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോയ ഒരാള്‍
തിരികെ വന്ന് കത്തിപ്പോയ തന്റെ വീട്ടിലെ
മുറികളില്‍ പരതുന്നതുപോലെ
അതിന്റെ ഇലക്കണ്ണുകള്‍
പരതിക്കൊണ്ടിരുന്നു.
മൂന്നുദിവസം കൊണ്ട് അത് കരിഞ്ഞു.
പക്ഷേ,പൂര്‍വികരുടെ കാറ്റ് നാലാം ദിവസം
ഒരു മഴയുമായി വന്ന് അതിനോട് എന്തോ പറഞ്ഞു.
ഇപ്പോള്‍ അത് എഴുന്നേറ്റു നില്‍ക്കുന്നു.
നാടുവിട്ടുപോയ നാട് തിരിച്ചുവന്ന്
തൊടിയില്‍ നില്‍ക്കുന്നു.
വള്ളിട്രൌസറിട്ട ഒരു ചെക്കന്‍
ചാവയുടെ കൈ പിടിച്ച് നടക്കുന്നു.

തട്ടിക്കൊണ്ടുപോവല്‍പഴുത്തചക്കയുടെ മണം എല്ലായിടത്തും പായവിരിച്ച കാട്.
മഴപെയ്തതിന്റെ നനവ് എഴുന്നേറ്റുപോവാത്ത മണ്ണ്.
കിളികള്‍ പ്ലാവുകളുടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന തിരക്കില്‍.
ഈച്ചകള്‍ ആ കുഞ്ഞുങ്ങളെക്കുറിച്ച് കഥകള്‍ കെട്ടിയുണ്ടാക്കിപ്പറയുന്ന മത്സരത്തില്‍.

ചുരം കയറുന്ന ബസ്സിനെ തട്ടിക്കൊണ്ടുപോവുന്നു
പഴുത്തചക്കയുടെ മണമുള്ള കാട്.
52 പേര്‍ ഇരിക്കുന്നു.
42 പേര്‍ നില്‍ക്കുന്നു.
കാട് രണ്ടു കൈകള്‍ കൊണ്ട്
ബസ്സിനെ വാരിയെടുക്കുന്നു.
എല്ലാവരും
പഴുത്ത ചക്കയുടെ മണമുള്ള കാട്
ഈമ്പാന്‍ തുടങ്ങുകയാണ്.
പച്ചനിറത്തിലുള്ള മുള്ളുകളെ പിന്നിട്ട്
വെള്ളനിറത്തിലുള്ള മടലുകളെ പിന്നിട്ട്
സ്വര്‍ണനിറമുള്ള ചുളകളിലേക്ക്
ആടിയാടി വീഴുകയാണ്.
ചുണ്ടുകളിലൂടെ തേനൊലിക്കുകയാണ്.
വിളഞ്ഞിപറ്റിയ കൈകള്‍
ഒട്ടിച്ചൊട്ടിച്ച് കളിക്കുകയാണ്.
ഒട്ടുന്ന ചുണ്ടുകളെ തുറന്നും അടച്ചും രസിക്കയാണ്.
തേനൊലിക്കുകയാണ്.
ബസ്സില്‍ ചവിണിയും മടലും നിറയുകയാണ്.
തേനില്‍ വഴുതിവീഴുകയാണ്.
മഴ പെയ്തതിന്റെ നനവുമണ്ണില്‍
ഈച്ചകള്‍ പറക്കുകയാണ്.
പഴുത്ത ചക്കയുടെ മണം ഒരു ചക്കയാണ്,
ചീഞ്ഞ ഇലകളാണ്,
നനഞ്ഞ മണ്ണാണ്,
സ്വര്‍ണനിറമാണ്,
ഒരു ചക്ക കണ്ണീച്ചകളാണ്.
എല്ലാവരും കണ്ണീച്ചകളെ ആട്ടുന്ന തിരക്കിലാണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഒരു തെളിവുകളും അവശേഷിക്കാത്ത വിധം
തട്ടിക്കൊണ്ടുപോയി ചുരത്തില്‍ നിന്നൊരു ബസ്സിനെ.
അത് ബസ്സിനെ രണ്ടുകൈകളാല്‍ വാരിയെടുത്ത്
ഉമ്മവെച്ചുകൊണ്ടിരുന്നു.
ബസ്സില്‍ നിന്ന് ചക്കയുടെ മണമുള്ള കാട്ടിലേക്ക്
ഡ്രൈവര്‍ ഒരു പെരുമ്പാമ്പായി ചാടി
അത്തിമരത്തിലേക്ക് കയറിപ്പോയി
കണ്ടക്ടര്‍ പണസഞ്ചിയും ടിക്കറ്റ്പലകയും വലിച്ചെറിഞ്ഞ്
ഒരു കാക്കയായി പുറത്തേക്ക് പറന്നു.
സ്ത്രീകളുടെ സീറ്റില്‍ നിന്ന്
കുറേ മാനുകള്‍ ചാടിപ്പോയി.
പിന്‍‌സീറ്റിലെ ആ മീശക്കാരന്‍ അല്പം മുന്‍പ്
ഒരു കരിമ്പുലിയായി ജനല്‍ വഴി ചാടിയോടി.
കണ്ടക്ടറുടെ മുന്‍പിലെ സീറ്റിലിരുന്ന
രണ്ടു കൊച്ചുപെണ്‍കുട്ടികള്‍
കാടുമുഴക്കിക്കിളികളായി
അവരുടെ നീണ്ട വെളുത്ത തലമുടി റിബണ്‍
പിന്നിലേക്ക് വീശിക്കൊണ്ട്
ഓട്ടുമണിയൊച്ചയുണ്ടാക്കിപ്പറന്നു.
കുരങ്ങുകളും അണ്ണാന്മാരും തത്തകളുമായി
ആളുകള്‍ പുറത്തേക്ക് തെറിച്ചുകൊണ്ടിരുന്നു.
ഒരു മുത്തശ്ശി തോട്ടുവക്കത്തേക്ക്
വെള്ളിലച്ചെടിയായി നടന്നുപോയി.
മരങ്ങളും ചെടികളും ശലഭങ്ങളുമായി
ആ ബസ്സ് കാടിനകത്ത് വിലയിച്ചു.

പുറപ്പെട്ട വീടുകളില്‍ നിന്നും
എത്തേണ്ടഇടങ്ങളില്‍ നിന്നും
വിളിച്ചുകൊണ്ടിരുന്നവര്‍ക്ക്
ഒരേ മറുപടി:
നിങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സബ്സ്ക്രൈബര്‍
ഇപ്പോള്‍ പരിധിക്കു പുറത്താണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഇപ്പോള്‍ മറ്റൊരു ബസ്സിനെ സമീപിക്കുകയാണ്.
നിങ്ങള്‍ ആ ബസ്സില്‍ത്തന്നെയല്ലേ
ചുരം കയറിക്കൊണ്ടിരിക്കുന്നത്?
അമ്മമ്മ

നിലാവല്ല,കഴിഞ്ഞ വേനല്‍ക്ക് മരിച്ചുപോയ
മുകളിലെ വീട്ടിലെ അമ്മമ്മയാണ്
ഈ കുന്നുകള്‍ക്കിടയിലേക്ക് ഇറങ്ങിവരുന്നത്.
ആകെ വെളിച്ചമാണ് .
എങ്കിലും ആദരസൂചകമായ ഒരു നിശ്ശബ്ദത
പരിപാലിക്കുന്നുണ്ട് മരങ്ങള്‍.
മിന്നാമിനുങ്ങുകളല്ല,
അമ്മമ്മയുടെ കൈകളിലെ മോതിരങ്ങള്‍
പ്ലാവുകള്‍ എല്ലാ വിരലുകളിലും
മാറ്റിമാറ്റിയിട്ട് എന്നെ കാണിക്കുകയാണ്
തൊടിയില്‍ പുതുതായി കുഴിച്ച കുളത്തില്‍
അമ്മമ്മ  ഇറങ്ങിക്കുളിച്ച്
മിന്നാമിനുങ്ങുകളുടെ കൂടെ
കൈതകളുടെയും കവുങ്ങുകളുടെയും ഇടയിലൂടെ
കുന്നുകയറിപ്പോവുകയാണ്.

അമ്മമ്മയുടെ വീടുണ്ട് അവിടെ ഇരുട്ടില്‍ കുന്നിന്‍‌പുറത്ത്.
അമ്മമ്മ തൊടിയില്‍ ഉറങ്ങാന്‍ തുടങ്ങിയതില്‍ പിന്നെ
ആരും ഉറങ്ങിയിട്ടില്ല അതിന്റെ മുറികളില്‍.
വീടിനു മുന്നിലെ തൊടിയില്‍ അമ്മമ്മ ഒറ്റയ്ക്ക് നടക്കുന്നു
മുറുക്കാന്‍ പൊതിയഴിച്ച് ചവയ്ക്കുന്നു
തൂങ്ങിയ കാതുകളിലെ വളയമെന്ന്
ഒരു ചന്ദ്രന്‍ ആടിത്തുടങ്ങുന്നു.
നീണ്ട കാതുകള്‍
നീണ്ട നീണ്ട കാതുകള്‍
എല്ലായിടത്തു നിന്നും ഇറങ്ങിവന്ന്
അതിന്റെ തണുത്ത അറ്റം എന്നെ മുട്ടുന്നു.
അത്രയും പാവം പിടിച്ച ഉണങ്ങിയ വിരലുകള്‍
എന്നെ തലോടിക്കൊണ്ടിരിക്കുന്നു.
ഉറങ്ങിക്കൂടേ?
എന്തിനാണ് പുറത്തുവന്നിരിക്കുന്നതെന്ന് ചോദിക്കുന്നു.
ഉറങ്ങുന്നു.
അതിനിടയില്‍ വീടിനു മുകളിലേക്ക് പടര്‍ന്നുപിടിച്ച
ഈ വള്ളിപ്പന്തലില്‍ ഇലകള്‍ക്കിടയിലൂടെ
ഒരു മിന്നാമിനുങ്ങായ്
പറന്നു പോകുന്നത് ഞാനാവില്ലേ?