നിദ്ര
നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുകയാണ്
എനിക്കരികില്‍ കിടന്നവള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്
എഴുന്നേറ്റുപോയി.
തലയ്ക്കരികില്‍ കുടിക്കുവാന്‍ വെച്ചിരുന്ന
വെള്ളക്കുപ്പിയും എഴുന്നേറ്റുപോയി
ഞങ്ങള്‍ക്കിടയില്‍ കിടന്നിരുന്ന കുഞ്ഞുങ്ങളും
വളര്‍ന്നു വളര്‍ന്ന് എവിടേക്കോ പോയി
ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ വെച്ചിരുന്ന പാട്ട്
ഉറക്കം പിടിച്ചപ്പോഴേ നിലച്ചു
ഉറങ്ങിക്കൊണ്ടിരുന്നതിനുമീതെ
കറങ്ങിക്കൊണ്ടിരുന്ന പങ്ക
ക്ഷീണിച്ച് പണി നിര്‍ത്തി.
ഉറങ്ങിയിരുന്ന മുറിയുടെ ചുമരുകള്‍
പല ദിക്കുകളിലേക്ക് നടന്നുപോയി.
മേല്‍ക്കൂര പറന്നുപോയി
നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുകയാണ്
ഉറക്കത്തില്‍ പരതുകയാണ്
എനിക്കരികില്‍ കിടന്നവളെ
എനിക്കും അവള്‍ക്കുമിടയില്‍ കിടന്ന കുട്ടികളെ
കറങ്ങിക്കൊണ്ടിരുന്ന പങ്കയുടെ സ്വിച്ച്
തലയ്ക്കുംഭാഗത്ത് കുടിച്ചുവെച്ച വെള്ളക്കുപ്പി
ഉറക്കം തുടങ്ങുമ്പോള്‍ അരികിലുണ്ടായിരുന്നതൊന്നും
ഇപ്പോഴും അവിടെയുണ്ടെന്ന് ഉറപ്പു കിട്ടുന്നില്ല
ഉണരാന്‍ പറ്റുന്നുമില്ല.
എന്റെ ഉറങ്ങുന്ന ശരീരത്തിനു മീതെ
വെയിലും നിലാവുമൊഴുകി
വഴിതെറ്റിവന്ന മഴക്കാലനദി
എനിക്കു മുകളിലൂടെ ഒലിച്ചുപോയി
മീനുകള്‍ എന്റെ ശരീര രന്ധ്രങ്ങള്‍ വീടുകളാക്കി
ഒളിച്ചു കളിച്ചു
എന്റെ തൊലിപ്പുറത്തു നിന്ന് ജലസസ്യങ്ങള്‍
മുളച്ചുപൊന്തി.
ഞാന്‍ പരതിക്കൊണ്ടിരുന്നു.
അവളെ,കുഞ്ഞുങ്ങളെ പങ്കയുടെ സ്വിച്ച്,
കുടിച്ചുവെച്ച വെള്ളക്കുപ്പി...
ഒരു മത്സ്യം പിടി തരാതെ വഴുതിപ്പോയി
പായലോ മുടിയോ എന്നറിയാതെ
ഞാന്‍ കുഴങ്ങിപ്പോയി
ഉറങ്ങുന്നവനോട് ദയവു തോന്നുമ്പോള്‍
കുപ്പിവെള്ളം വെള്ളമായിത്തന്നെവന്ന്
പിടിതരുമോ?
സംശയിക്കാന്‍ ‘ഇട’യില്ല
നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുന്നു.
എനിക്കു മീതെ ഒഴുകിക്കൊണ്ടിരുന്ന നദി
ദാരുണമായി കൊല്ലപ്പെട്ടു.
വെയിലിന്റെ മുള്‍ക്കാടുകള്‍ പൊന്തിയ
ഒരു മരുഭൂമി എനിക്കു ചുറ്റുമുണ്ടായി
സഞ്ചാരികളെയും കൊണ്ട് പോകുന്ന
ഒട്ടകങ്ങള്‍ കടന്നുപോയി
മുള്‍ച്ചെടികളുടെ നിഴല്‍ വല്ലപ്പോഴും വീണു
മരുപ്പാമ്പുകള്‍ എനിക്കുമുകളിലൂടെ
ഇഴഞ്ഞുപോയി...
ഞാന്‍ പരതിക്കൊണ്ടിരുന്നു
തല
പഴയകഥയില്‍ ഞാനൊരു പട്ടാളക്കാരനാണ്.
ഒരു പെണ്ണിന്റെ ശവമേറ്റി കാട്ടിലൂടെ നടക്കുകയാണ്.
ആ പെണ്ണ് നീയാണ്.
രാത്രിയായപ്പോള്‍ ഞാനൊരു മരച്ചുവട്ടില്‍ കിടന്നു.
ഉറക്കത്തിനിടയില്‍ ഒരു തലയണ വേണമെന്നു തോന്നി.
നിന്റെ ശവം അരികിലുണ്ടല്ലോ
ഞാനതിന്റെ കാലില്‍ തല വെച്ചുകിടന്നു
നിന്റെ ജീര്‍ണിച്ച കാലെല്ലുകള്‍ എന്നെ വേദനിപ്പിച്ചു.
അവയുടെ വെളുവെളുപ്പ് വലിച്ചുനീട്ടി
വേണമെങ്കില്‍ ഒരു നിലാവുണ്ടാക്കാം.
എല്ലുകളുടെ ദുര്‍ഗന്ധമാണ് ദുര്‍ഗന്ധം.
ഞാന്‍ നിന്റെ വയറ്റില്‍ തലവെച്ചുകിടന്നു.
മാംസളമായ അനേകം പൂവുകള്‍
വിരിയുന്നതിന്റെ ഒരോര്‍മയും
ചീയുന്നതിന്റെ ഒരു മണവും ഉണ്ടായി.
സമയത്തിന് തിന്നാനോ വിസര്‍ജ്ജിക്കാനോ
പറ്റാത്തവരുടെ വയറാണ് വയറെന്ന്
നിന്റെ വയര്‍ ഒച്ചപ്പെട്ടുകൊണ്ടിരുന്നു.
ഞാന്‍ നിന്റെ ശവത്തിന്റെ
നെഞ്ചിലേക്ക് തലമാറ്റിവെച്ച് കിടന്നു.
നിന്റെ മുലകളില്‍ നിന്ന് കാട്ടുചോലകള്‍ പോലെ
പാലൊഴുകി വന്നു.
അതില്‍ അനേകം കുഞ്ഞുങ്ങള്‍ കരഞ്ഞുകൊണ്ട്
ഒഴുകിപ്പോവുന്നത് ഞാന്‍ കണ്ടു.
ഞാന്‍ നിന്റെ ഇടുപ്പില്‍ തലവെച്ചുകിടന്നു.
ഗര്‍ഭപാത്രത്തിന്റെ മണം അതില്‍ നിന്ന് ഇറങ്ങിവന്നു.
ഞാന്‍ എന്റെ അമ്മയെക്കുറിച്ച് ഓര്‍ത്തു.
അമ്മമാരെക്കുറിച്ച് ഓര്‍ക്കുന്നതിനേക്കാള്‍
ദുഃഖകരമായി മറ്റൊന്നുമില്ല.
ഞാന്‍ കണ്ണുതുറന്നു നോക്കി.
ദുഃഖവും എകാന്തതയും കുറ്റപ്പെടുത്തലും നിറഞ്ഞ
നിന്റെ കണ്ണുകളുടെ അനേകം പ്രതികള്‍ ആകാശത്ത്.
ഇറുകെ കണ്ണടച്ച് ഞാന്‍ നിന്റെ കവിളില്‍
തല വെച്ചു കിടന്നു.
നിന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഒഴുകിവന്ന്
എന്റെ തലയൊലിപ്പിച്ചുകൊണ്ടുപോയി.
അതുണ്ടാക്കിയ വെള്ളപ്പൊക്കത്തിന് വഴികൊടുത്ത്
മരങ്ങളും ചെടികളും ഇപ്പോഴും ചാഞ്ഞുകിടപ്പുണ്ട്.
നിന്റെ ശവം ഞാനുപേക്ഷിക്കുന്നു
കിളികള്‍ കൊത്തിത്തിന്ന് കിളികളായും
വേരുകള്‍ തിന്ന് മരങ്ങളായും ചെടികളായും
മണ്ണ് തിന്ന് മണ്ണായും
വെയില്‍ തിന്ന് വെയിലായും
മഴ തിന്ന് മഴയായും
കാറ്റ് തിന്ന് കാറ്റായും
ജന്മാന്തരങ്ങള്‍ കഴിഞ്ഞും
നീയെന്നെ പിന്‍തുടരുമെന്നതിനാല്‍
തലയില്ലാത്ത ഈ ഉടലിലെ കാലുകള്‍
വലിച്ചുവെച്ച് ഞാനോടിക്കൊണ്ടിരിക്കുന്നു.
നിന്റെ കണ്ണീര്‍ ഒലിപ്പിച്ചുകൊണ്ടുപോയ എന്റെ തല
പുഴയോരത്തെ മുളങ്കൂട്ടത്തിലിരുന്ന്
ഇപ്പോള്‍ ഈ കഥ പറയുന്നു.
പുതുക്കല്‍
ജീവനില്ലാത്തവയും
സ്നേഹവും പരിഗണനയും
അര്‍ഹിക്കുന്നുണ്ട്.
രാവിലെ എഴുന്നേറ്റുവരുമ്പോള്‍
എന്നും മുഖം കഴുകാറുള്ള പൈപ്പ്
ആദ്യമായ് ശ്രദ്ധയില്‍ പെട്ടു.
എത്ര അടച്ചുപൂട്ടിയാലും
തുള്ളിവെള്ളം ഓരോ നിമിഷത്തിനും
അതു വിട്ടുകൊടുക്കുന്നു.
അതിന്റെ പഴകിക്കറുത്ത മുഖത്ത്
നോക്കി നിന്നപ്പോള്‍ അതിങ്ങനെ:
എത്രകാലമായ് ഞാന്‍ നിന്റെ മുന്നിലുണ്ട്!
വീട്ടിലുള്ളപ്പോഴൊക്കെ നീയെന്റെ അരികില്‍
വന്ന് മുഖം കഴുകുന്നു.
നീയെന്നെ പിടിക്കുന്നു,തിരിക്കുന്നു.
നിന്റെ മുഖംകഴുകുന്നു
അടയ്ക്കുന്നു,പോകുന്നു.
നീയെന്നെ നോക്കുന്നേയില്ല
നോക്കിയതേയില്ല
ഈ നിമിഷം വരെ.
നിനക്കിതെങ്ങനെ കഴിഞ്ഞു!
ജീവനില്ലാത്തതുകൊണ്ട്
എന്നെ പരിഗണിക്കേണ്ടതില്ലെന്ന്
എന്നെ സ്നേഹിക്കേണ്ടതില്ലെന്ന്
എങ്ങനെയോ ഒരറിവ് നിന്നില്‍ കടന്നു കൂടിയിട്ടില്ലേ?
നീ പോലുമറിയാതെ
നിന്നിലിങ്ങനെ പ്രവര്‍ത്തിക്കുന്ന
അറിവുകളെക്കുറിച്ച് നീയീപ്പോള്‍ അത്ഭുതപ്പെടുന്നു.
ഉറക്കം,ഉണര്‍വ്,സ്ഥിതി
ഇതെല്ലാം നിന്നെപ്പോലെ എനിക്കുമുണ്ട്.
വളഞ്ഞുകുത്തിയുള്ള ഈ നില്‍പ്പിനെക്കുറിച്ച്
ഒന്നാലോചിച്ച് നോക്കൂ.
അതിനും ഒരു ജീവിതമുണ്ട്...
പൈപ്പിന്റെ ഈ വക വര്‍ത്തമാനങ്ങള്‍ കേട്ട്
മുറ്റത്തു കിടന്ന വര്‍ത്തമാനപ്പത്രത്തെ നോക്കിയപ്പോള്‍
എന്തുകൊണ്ടോ എനിക്കതിനെ അങ്ങനെ നോക്കാനായില്ല.
ഇന്നലെ വരെ വായിച്ച മട്ടില്‍ ഇന്ന് അതിനെ
വായിക്കാനാവില്ലെന്ന് എനിക്കു മനസ്സിലായി.
അറിവ് വലിയ പ്രശ്നമാണ്
അടുക്കളയിലെ കത്തിയെ നോക്കി
അനേകം മീനുകളെ അരിഞ്ഞിട്ടുണ്ട് അത്.
എച്ചില്‍ക്കിണ്ണങ്ങളെ നോക്കി
ചൂലിനെ നോക്കി
മുറത്തെ നോക്കി
ചുമരിനെയും ടൂത്ത്ബ്രഷിനെയും നോക്കി.
നോക്കുന്നതില്‍ അല്പം ശ്രദ്ധ കൊടുക്കുന്നത്
എത്ര ഭയാനകമായി പുതുക്കുന്നു ലോകത്തെ!
സ്നേഹവും പരിഗണനയും
അര്‍ഹിക്കുന്നുണ്ട്.
രാവിലെ എഴുന്നേറ്റുവരുമ്പോള്‍
എന്നും മുഖം കഴുകാറുള്ള പൈപ്പ്
ആദ്യമായ് ശ്രദ്ധയില്‍ പെട്ടു.
എത്ര അടച്ചുപൂട്ടിയാലും
തുള്ളിവെള്ളം ഓരോ നിമിഷത്തിനും
അതു വിട്ടുകൊടുക്കുന്നു.
അതിന്റെ പഴകിക്കറുത്ത മുഖത്ത്
നോക്കി നിന്നപ്പോള്‍ അതിങ്ങനെ:
എത്രകാലമായ് ഞാന്‍ നിന്റെ മുന്നിലുണ്ട്!
വീട്ടിലുള്ളപ്പോഴൊക്കെ നീയെന്റെ അരികില്‍
വന്ന് മുഖം കഴുകുന്നു.
നീയെന്നെ പിടിക്കുന്നു,തിരിക്കുന്നു.
നിന്റെ മുഖംകഴുകുന്നു
അടയ്ക്കുന്നു,പോകുന്നു.
നീയെന്നെ നോക്കുന്നേയില്ല
നോക്കിയതേയില്ല
ഈ നിമിഷം വരെ.
നിനക്കിതെങ്ങനെ കഴിഞ്ഞു!
ജീവനില്ലാത്തതുകൊണ്ട്
എന്നെ പരിഗണിക്കേണ്ടതില്ലെന്ന്
എന്നെ സ്നേഹിക്കേണ്ടതില്ലെന്ന്
എങ്ങനെയോ ഒരറിവ് നിന്നില്‍ കടന്നു കൂടിയിട്ടില്ലേ?
നീ പോലുമറിയാതെ
നിന്നിലിങ്ങനെ പ്രവര്‍ത്തിക്കുന്ന
അറിവുകളെക്കുറിച്ച് നീയീപ്പോള്‍ അത്ഭുതപ്പെടുന്നു.
ഉറക്കം,ഉണര്‍വ്,സ്ഥിതി
ഇതെല്ലാം നിന്നെപ്പോലെ എനിക്കുമുണ്ട്.
വളഞ്ഞുകുത്തിയുള്ള ഈ നില്‍പ്പിനെക്കുറിച്ച്
ഒന്നാലോചിച്ച് നോക്കൂ.
അതിനും ഒരു ജീവിതമുണ്ട്...
പൈപ്പിന്റെ ഈ വക വര്‍ത്തമാനങ്ങള്‍ കേട്ട്
മുറ്റത്തു കിടന്ന വര്‍ത്തമാനപ്പത്രത്തെ നോക്കിയപ്പോള്‍
എന്തുകൊണ്ടോ എനിക്കതിനെ അങ്ങനെ നോക്കാനായില്ല.
ഇന്നലെ വരെ വായിച്ച മട്ടില്‍ ഇന്ന് അതിനെ
വായിക്കാനാവില്ലെന്ന് എനിക്കു മനസ്സിലായി.
അറിവ് വലിയ പ്രശ്നമാണ്
അടുക്കളയിലെ കത്തിയെ നോക്കി
അനേകം മീനുകളെ അരിഞ്ഞിട്ടുണ്ട് അത്.
എച്ചില്‍ക്കിണ്ണങ്ങളെ നോക്കി
ചൂലിനെ നോക്കി
മുറത്തെ നോക്കി
ചുമരിനെയും ടൂത്ത്ബ്രഷിനെയും നോക്കി.
നോക്കുന്നതില്‍ അല്പം ശ്രദ്ധ കൊടുക്കുന്നത്
എത്ര ഭയാനകമായി പുതുക്കുന്നു ലോകത്തെ!
കവിതയുടെ ഡിജിറ്റല്‍ സാധ്യതകള്‍
കവിത ബ്ലോഗിലെഴുതുന്നു.ചാനലുകളില്‍ ഇരുന്ന് വായിക്കുന്നു.അരങ്ങുകളില്‍ കവിത വായിക്കുന്നു.കവിത ബ്ലോഗില്‍ ചൊല്ലിയിടുന്നു.കവി കവിത വായിക്കുന്നതിന്റെ വീഡിയോ പശ്ചാത്തല പ്രകൃതി ഉള്‍പ്പെടുത്തികാണിക്കുന്നു.ഇതിലപ്പുറം മലയാളകവിത ഈ ഇന്റെര്‍നെറ്റ്യുഗത്തില്‍ എന്തു ചെയ്തു?എന്തെല്ലാം ചെയ്യാം?ഈ ലിങ്കുകള്‍ നോക്കൂ... ഒന്ന് രണ്ട്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)