gfc

ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നു നീ

നിനക്കു മതിയായി.
നീ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

നമ്മുടെ വീടിന്റെ എതിര്‍വശത്ത്
പണിതുകൊണ്ടിരിക്കുന്ന ബഹുനിലമാളികയുടെ മുകളിലുണ്ട് നീ
നീ അത് ചെയ്തേക്കും
അത്ര ദ്രോഹിച്ചിട്ടുണ്ട് ഞാന്‍.
അത്രയേറെ ഉയരത്തില്‍ എനിക്ക്
കയറിയെത്താനുള്ള സമയം നീ അനുവദിച്ചേക്കില്ല

ഞാനും എന്റച്ഛനും വിളിക്കുന്നുണ്ട്
നീ ഇറങ്ങുന്നില്ല.

നിന്റെ ഒരു ബന്ധുവിനെ ഇപ്പോള്‍ ആ മാളികയ്യുടെ മുകളില്‍ കാണുന്നുണ്ട്.
അയാള്‍ കിട്ടിയ അവസരമുപയോഗിച്ച്
നിന്നെ പിടിച്ചുകൊണ്ടു വരാന്‍ ശ്രമിക്കുന്നുണ്ട്
നീ കുതറിമാറി.

അവിടെ കെട്ടിടം പണിക്കുവെച്ചിരിക്കുന്ന ഒരു കുതിരയിലേക്ക്
നീ ചാടിക്കയറി
എല്ലാവരോടുമായി അലറി.
നിന്റെ വായില്‍ നിന്ന് തീയും പുകയും വരുന്നില്ല.
പക്ഷേ അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയേക്കാം.
വളരെ വേദനാജനകമായിരുന്നു നിന്റെ അവസ്ഥ.
നീ ചാടി,
കെട്ടിടത്തിന്റെ പല എടുപ്പുകളിലൊന്നിന്റെ
ഓട് മേഞ്ഞ മേല്‍ക്കൂരയിലേക്ക്..
ഓടുകള്‍ പൊളിച്ച് നിന്റെ കാലുകള്‍
ആണ്ടുപോയി..
നിന്റെ കാലുകള്‍ തീര്‍ച്ചയായും മുറിഞ്ഞിരിക്കാം.

ഇറങ്ങിവരുവാനും ക്ഷമിക്കുവാനും
ഞങ്ങളപ്പോഴും പറയുന്നുണ്ടായിരുന്നു.
അത് നിനെ കൂടുതല്‍ പ്രകോപിതയാക്കി.
കാലുകള്‍ വലിച്ചെടുത്ത് നീ ഉയര്‍ന്നു നിന്നു.
നിനക്കിപ്പോള്‍ ഒരു കോമാളിയുടെ രൂപം.
നീ അട്ടഹസിച്ചുകൊണ്ടിരുന്നു.

നീ വീണ്ടും ചാടി
ഇക്കുറിയും നീ വിജയിച്ചില്ല.
കെട്ടിടത്തിന്റെ തൊട്ടു താഴത്തെ നിലയിലേക്ക് നീ വീണു
എനിക്കെന്തോ ചിരി വന്നു.
ഞങ്ങള്‍ നിന്നെ കളിയാക്കി.
നീ ചാവുമെന്ന് പറഞ്ഞപ്പോള്‍
ഞങ്ങള്‍ നിന്നോട് ചത്തുകൊള്ളാന്‍ പറഞ്ഞു.
നിന്റെ കോമാളിക്കോലവും പരിഹാസ്യമായ ചാട്ടങ്ങളും
ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.

അടുത്ത ചാട്ടത്തിലും അതിന്റടുത്ത ചാട്ടത്തിലും
നീ മുടന്തി വീണു.
നിസ്സാരമായ ചില പരിക്കുകളല്ലാതെ നിനക്കൊന്നും സംഭവിച്ചില്ല.

ഇനി ഒരേ ഒരു നിലയേ ഉള്ളൂ
നിനക്കു മരിക്കുവാന്‍ ആ ഉയരം പോര.
എല്ലാവര്‍ക്കും ഈ വിനോദം നന്നായി രസിച്ചു.
ഇപ്പോള്‍ ധാരാളം കാണികളുണ്ട്.
നമ്മുടെ കുട്ടികള്‍,അയല്‍ക്കാര്‍...
മരിക്കാനുള്ള നിന്റെ ശ്രമം പോലും എത്ര പരിഹാസ്യമായിത്തീര്‍ന്നു
ഞങ്ങള്‍ ചിരിച്ച് മറിഞ്ഞുകൊണ്ടിരുന്നു.
ദേഷ്യവും നിരാശയും സഹിക്കാതെ
നീ വീണ്ടും ചാടി
നിനക്ക് വേറെ വഴിയില്ലായിരുന്നു.
താഴെ തറയില്‍ മുഖമടച്ച് വീണുകിടക്കുന്ന നിന്റടുത്തേക്ക്
ഞങ്ങള്‍(ഞാനും എന്റച്ഛനും )ഓടി വന്നു.
പല വീഴ്ചകളാല്‍ പലേടത്തായി ചതഞ്ഞ നിന്റെ ശരീരം
ഞങ്ങള്‍ തിരിച്ചും മറിച്ചുമിട്ടു നോക്കി.
നീ അനങ്ങുന്നില്ല.
നിന്റെ ശ്വാസം നിലച്ചിരിക്കുന്നു.





എന്തിനേയും എന്തായിട്ടും കരുതാമെന്ന വാദത്തെ തെളിയിക്കുവാന്‍

ഉദാഹരണത്തിന് തെങ്ങുകളെ കോഴികളാക്കുന്നത് നോക്കൂ:
തെങ്ങുകള്‍ എനത് തല കുഴിച്ചിട്ടു നില്‍ക്കുന്ന കോഴികളാണ്
ഓലമടലുകള്‍ അവയുടെ വിടര്‍ന്നു നില്‍ക്കുന്ന തൂവലുകളാണ്
അപ്പോള്‍ തേങ്ങകളോ എന്ന് നിങ്ങള്‍ ചോദിക്കും?
അതല്യോ കോഴിമൊട്ടകള്‍
കോഴിക്കാലും തെങ്ങിന്‍‌തടിയും ഒരേ സാധനമാണ്
ഒരേ വളയങ്ങള്‍
ഒരേ പരുപരുപ്പ്
കോഴി ചികയും തെങ്ങു ചികയുമോ
എന്നാണെങ്കി തെങ്ങും ചികയും
വെയിലു ചികഞ്ഞ് സൂര്യന്‍ എന്ന പഴുതാരയേയും
നിലാവ് ചികഞ്ഞ് ചന്ദ്രന്‍ എന്ന ചാണകപ്പുഴുവിനെയും
കൊത്തിത്തിന്നും.

ഇന്നു രാവിലെ എന്റെ ദുഷ്ടനായ അയല്‍‌വക്കക്കാരനെ
ഞാന്‍ എന്റെ വീട്ടിലെ ചായഗ്ലാസാക്കി
അയാളുടെ പ്‌ള്ന്തന്‍ ഭാര്യയെ പാല്‍ച്ചായയാക്കി
നീട്ടിയൊഴിച്ചു
കുറേശ്ശേ കുറേശ്ശേ ഞാന്‍ കുടിച്ചു തീര്‍ത്തു
പാവം ഞണുങ്ങിയ ചായഗ്ലാസ്
എന്നെ നോക്കിയിരിക്കുകയാണ്

ചൊറിച്ചില്‍

മരിച്ചതിന്റെ മൂന്നാം നാള്‍ പകല്‍
ഗുരുവിനെ അടക്കം ചെയ്ത കുന്നിലേക്ക്
ശിഷ്യന്മാര്‍ കയറിച്ചെല്ലുമ്പോള്‍
ഒരു വിജനത നീലാകാശം നോക്കി
മലര്‍ന്നു കിടക്കുന്നുണ്ടായിരുന്നു.
ഒരു സന്തോഷം ഒറ്റയ്ക്ക് ഓടി നടന്ന്
പന്തു കളിക്കുന്നുണ്ടായിരുന്നു.
ശിഷ്യന്മാര്‍ നോക്കുമ്പോള്‍
ഗുരുവിനെ അടക്കം ചെയ്ത മണ്ണ്
പല ഭാഗത്തു നിന്നും മാന്തിയിരുന്നു.

‘കുറുക്കന്മാരാവും.’
മണ്ണു നീക്കിയിട്ട് അവര്‍ മടങ്ങിപ്പോവുമ്പോള്‍
കുന്നിന്‍ പുറത്തെ *ചാവകള്‍ ചിരിച്ചു വണങ്ങി.
രണ്ടാഴ്ചകള്‍ക്കു ശേഷം വീണ്ടും അവര്‍
ഗുരുവിന്റെ കുഴിമാടത്തില്‍ വന്നു.
അതൊരു സന്ധ്യക്കായിരുന്നു.
ചന്ദ്രവൃത്തം ആകാശത്ത് ദൃശ്യമായിരുന്നു.
അന്നും കുഴിമാടം പലഭാഗങ്ങളിലും
മാന്തിയതായി കണ്ടു.

മണ്ണു നീക്കിയിട്ട് മുളകള്‍ കനത്തില്‍ വെച്ച്
ചടങ്ങുകള്‍ക്കു ശേഷം അവര്‍ ഇറങ്ങിപ്പോയി.
ഒരു മഴ പെയ്തു പോയിരുന്നു.
എങ്ങും കിളിക്കരച്ചിലുകള്‍ നിറങ്ങിരുന്നു.
കുഴിമാടം പതിവുപോലെ മാന്തിയതായി കണ്ടു.
മുള്ളുകളൊക്കെ പലവശങ്ങളില്‍ ചിതറിക്കിടന്നു.

പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന്
ശിഷ്യന്മാര്‍ തീരുമാനിച്ചു.
കുഴിമാടത്തിനു ചുറ്റും ശക്തമായ ഒരു മുള്ളുവേലി അങ്ങനെയാണുണ്ടായത്.
അതിനു ശേഷവും കുഴിമാടം മാന്തിയതായി കാണായി.

ശിഷ്യന്മാര്‍ ചിന്താമഗ്നരായി.
ജന്തുക്കളും പക്ഷികളുമല്ല,
ഗുരുവിനെ അപമാനിക്കാന്‍ കച്ചകെട്ടിയിറങ്ങിയ
ഒരു ശത്രു തന്നെയാവുമെന്ന് അവര്‍ ഊഹിച്ചു.
കുഴിമാടത്തിലെ മണ്ണ് നീക്കിയിട്ട്
അവര്‍ സമീപത്തൊരിടത്ത് ഒളിച്ചിരുന്നു.
ഒന്നും സംഭവിക്കുന്നില്ല.ഒരാളും അങ്ങോട്ട് വരുന്നില്ല.
രാത്രിയായി.
പെട്ടെന്ന് കുഴിമാടത്തില്‍ നിന്ന് രണ്ടു കയ്യുകള്‍
മണ്‍കട്ടകള്‍ തട്ടി സാവകാശം പുറത്തേക്കു നീണ്ടുവന്നു.
അത് തലങ്ങും വിലങ്ങും മാന്തിക്കൊണ്ടിരുന്നു.
ഭയചകിതരായ ശിഷ്യന്മാര്‍ കുന്നിറങ്ങിയോടി...
വവ്വാലുകള്‍ കൂട്ടത്തോടെ എങ്ങോട്ടോ പറക്കുന്നുണ്ടായിരുന്നു.
ശിഷ്യന്മാര്‍ ആലോചിച്ചാലോചിച്ച് ഉറക്കം വരാതെ കിടന്നു.
ഒരു പ്രത്യേക നിമിഷം എല്ലാവരും ഒരേസമയത്ത് ഉറങ്ങിപ്പോയി.
അവര്‍ ഒരു സ്വപ്നവും കണ്ടു.
അവര്‍ ആ കുന്നിന്‍പുറത്ത് കാവലിരിക്കുന്നു.
ആ ഭയാനക ദൃശ്യം ആവര്‍ത്തിക്കുന്നു.
വേണ്ടത്ര മാന്തി ആ കൈകള്‍ വന്നതുപോലെ ഇറങ്ങിപ്പോയപ്പോള്‍
ധൈര്യം സംഭരിച്ച് അവര്‍ ആ കുഴിമാടത്തില്‍ ചെന്ന്
എന്താണിതിന്റെ അര്‍ഥം എന്നു ചോദിച്ചു.
ശരീരമേ ഇല്ലാതായിട്ടുള്ളൂ
ചൊറിച്ചില്‍ ഇല്ലാതായിട്ടില്ല എന്ന് അപ്പോള്‍
അവരുടെ ഗുരുവിന്റെ ശബ്ദം അവര്‍ കേട്ടു.

---------------------------------

*ചാവ-പന്നല്‍ വര്‍ഗ്ഗത്തില്‍പെട്ട ഒരു സസ്യം.




പാതകളെക്കുറിച്ചെഴുതുന്ന കവി സ്വപ്നത്തില്‍ കണ്ട ഒരു പാതയെ വിവരിക്കുന്നു.

വെളിച്ചമെന്നോ ഇരുട്ടെന്നോ
പ്രഭാതമെന്നോ സന്ധ്യയെന്നോ
വ്യക്തമാക്കാനാവാത്ത ഒരു നേരം.
പാതയുടെ ഇരു വശങ്ങളിലും
നിശ്ശബ്ദമായ കെട്ടിടങ്ങള്‍
 മുളച്ചു നില്‍ക്കുന്ന തെരുവ്.

ഓരോരോ വീടുകളില്‍ നിന്നും
നഗ്നരും ദു:ഖികളുമായ മനുഷ്യര്‍
പാതയിലേക്ക് ഇറങ്ങി വന്നു.

എല്ലാവരും ഒരേ ദിശയില്‍ നടക്കുകയാണ്
കുട്ടികളുണ്ട്
സ്ത്രീകളുണ്ട്
വൃദ്ധരുണ്ട്
മിക്കവരുടേയും തല കുനിഞ്ഞാണ്
എല്ലാവരുടെയും മുഖം മ്ലാനമാണ്.
 സ്വന്തം നഗ്നതയെ പറ്റിയോ
അപര നഗ്നതയെ പറ്റിയോ
ആര്‍ക്കും ആശങ്കയും താത്പര്യവുമില്ല.
കഴുമരത്തിലേക്ക് യുദ്ധത്തടവുകാര്‍
പോവുന്നതു പോലെ അവര്‍ നടക്കുകയാണ്.

തെരുവിലെ ഒരു കെട്ടിടത്തൂണിന്റെ മറ പറ്റി
ഞാനവരെ തുറിച്ചു നോക്കി.
അവരുടെ ലിംഗങ്ങള്‍
സ്ത്രീകളുടെ മുലകള്‍,പിന്‍ഭാഗങ്ങള്‍...
ആരും എന്നെ കാണുന്നുണ്ടായിരുന്നില്ല.
എനിക്കൊന്നും തോന്നിയുമില്ല
ഏറ്റവും സുന്ദരമായ ശരീരങ്ങള്‍ പോലും
എന്നെ ഉണര്‍ത്തിയില്ല.
അവര്‍ എന്നെക്കടന്നുപോയിരിക്കുന്നു.
ഈ തെരുവ് ഒഴിഞ്ഞിരിക്കുന്നു.
അവര്‍ അകലെ ഇരുട്ടില്‍ അലിഞ്ഞു തീരുന്നു

കൂറ്റന്‍ കെട്ടിടങ്ങളുടെ
രണ്ടു വരിപ്പല്ലുകള്‍ക്കിടയിലൂടെ
നടന്നു പോകാന്‍ എനിക്ക് ഭയമായി.
എന്നെ പിടിച്ചു തിന്നുവാന്‍ മാത്രം ക്രൂരത
ഈ വിജനതയില്‍ എവിടെയോ വളരുന്നുണ്ടാവണം...









ചില ദിവസങ്ങളെങ്കിലും കാല്പനികമാണ്

ഒരുവളുംഅവളുടെ പൂന്തോട്ടവും കിണറും
ഒഴുകിവരാറുണ്ട് എന്റെ നീലാകാശത്ത്
ചെടികളെ നനച്ചുകൊണ്ട്
കിണറ്റില്‍ നിന്ന് വെള്ളം വലിച്ചുകൊണ്ട്
ചുരുള്‍മുടിയുടെ ഒരു കുഞ്ഞു നദിയെ ഉലച്ചുകൊണ്ട്
അവളെന്നോട് ചിരിക്കാറുണ്ട്
അത്ര ഉയരത്തില്‍ നിന്ന്.

അവളുടെ വീട്
അവള്‍ ഉണക്കാനിടുന്ന പഞ്ഞിക്കിടക്കകള്‍
എല്ലാം അവളോടൊപ്പം അങ്ങനെ പോകും.
ആകാശത്തിന്റെ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക്
മഴവെള്ളത്തിന്റെ അടരുകളിലൂടെ
അവള്‍ ഓടുകയോ നടക്കുകയോ ചെയ്യും
അവളുടെ കാലടികളില്‍ നിന്ന് ജലം തെറിച്ച്
ചില്ലുപൂവുകളുണ്ടാവും


എത്രയോ കാലത്തിനു ശേഷം
അവളെ ഞാനോര്‍ക്കുന്നു
അവളും അവളുടെ പൂന്തോട്ടവും
കിണറും വീടും ഉണക്കാനിട്ട പഞ്ഞിക്കിടക്കകളും
എവിടെയാണാവോ?

തെളിഞ്ഞു തെളിഞ്ഞു നീലമായിപ്പോയ
ആകാശത്തേക്ക് എന്റെ നിരാശ നോക്കും
ഒരു പകല്‍ അകത്തെ മുറിയില്‍
കണ്ണടയ്ക്കാതെ കിടക്കുമ്പോള്‍
മുറ്റത്ത് പരിചിതമായൊരു നിഴല്‍.
ഓടിച്ചെന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ അവള്‍.
ഒഴുകിക്കൊണ്ടിരിക്കുന്ന കിണറ്റില്‍ നിന്ന്
ഒരു തൊട്ടി വെള്ളം കോരി
അവളെന്റെ മുഖത്തേക്കൊഴിച്ച് ചിരിച്ചു.
എല്ലാ ഇലകളും പൂവുകളും മരങ്ങളും കിളികളും
എന്നോടൊപ്പം നനഞ്ഞു ചിരിച്ചു.





ലജ്ജ എന്ന അവയവം

പത്തേക്കര്‍ റബര്‍ തോട്ടത്തിലെ
രണ്ടുനിലബംഗ്ലാവിന്റെ രണ്ടാം നിലയില്‍
ഉറങ്ങാന്‍ കിടക്കുകയായിരുന്നു ഞാന്‍
തുറന്നുകിടന്ന ജനാല വഴി പെട്ടെന്ന്
ഒരു കൂട്ടം കൊതുകുകള്‍ പറന്നു വന്നു.
ചുറ്റിലും വട്ടമിട്ട് അവ പറഞ്ഞു:
ആദ്യായി വന്നിട്ട് നമ്മളെ പറ്റിച്ച് പോകാന്ന്
വിചാരിച്ച് കിടക്ക്ണ കിടപ്പ് കണ്ടില്ലേ...

എല്ലാം കൂടി ഇപ്പൊ കടിച്ചു പറിക്കും
എന്ന് കണ്ണടച്ച് ബലം പിടിച്ച് കിടന്നു.

കുറച്ചു നേരം പാട്ടു പാടി ചുറ്റിലും പറന്നശേഷം
അവ എന്നെ ഉപേക്ഷിച്ചു പറന്നുകളഞ്ഞു.
കീഴടങ്ങാന്‍ തയ്യാറായിട്ടും സ്വീകരിക്കപ്പെടാതെ
പാവം എന്റെ ചോര അപമാനിക്കപ്പെട്ടു.

കൊതുകുകള്‍ പോലും ഉപേക്ഷിച്ച ഈ ചോര
നാണംകെട്ട് വര്‍ഷങ്ങളോളം ഓടേണ്ട എന്റെ ശരീരത്തെക്കുറിച്ച്
ആലോചിച്ചാലോചിച്ച് എനിക്ക് ലജ്ജ എന്നൊരവയവം
ഈ രാത്രിയില്‍ ഉണ്ടായിപ്പോയി.
രക്തസാക്ഷിത്വത്തില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍
നേടിയെടുത്ത ഈ പുതിയ അവയവത്തെ
സ്വപ്നത്തില്‍ കൂട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു ഞാന്‍.
അപ്പോള്‍ അവരെല്ലാവരും അതുപോലൊന്ന്
എനിക്കും കാണിച്ചു തന്നു.




ഒറ്റയാള്‍ ഭൂഖണ്ഡം

ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നിങ്ങള്‍ എന്തെടുക്കുകയാണെന്ന്
കിളികള്‍ ചോദിച്ചു പറന്നു പോകുന്നു
മഴ എന്ന നാടകം എതാനും നിമിഷങ്ങള്‍ക്കകം
തുടങ്ങുമെന്ന് മേഘങ്ങള്‍ തിരശ്ശീല കെട്ടുന്നു.
കുളത്തില്‍ കുളിക്കാന്‍ പോയ ഒരുത്തന്റെ ജഡം
ആമ്പല്‍പ്പൂവെന്ന് കരുതി നീരുടലുകള്‍
ഉപരിതലത്തിലേക്ക് പൊക്കിപ്പിടിക്കുന്നു..
അവനവനിലേക്ക് സര്‍പ്പിളാകൃതിയില്‍
ചുരുങ്ങുന്നതിന്റെ ലഹരിയെ പറ്റി
ഒരു ചേരട്ട പറഞ്ഞത് ഒരു ശരീരത്തെ പിന്തുടര്‍ന്ന്
വളച്ചുകൊണ്ടിരിക്കുന്നു...

കാട്ടിലേക്ക് ഓടിപ്പോകുന്നു ഒരു കുളക്കോഴി
കാട് അതിന്റെ പാവാടയോ ബ്ലൌസോ?
ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നടക്കാനിറങ്ങുകയും
തന്നിലേക്കു തന്നെ തലകുത്തി വീഴുകയും ചെയ്യുന്ന ചെറുപ്പക്കാരാ
അടുത്ത ഭൂഖണ്ഡത്തിലും പിന്നെ അതിന്റടുത്ത ഭൂഖണ്ഡത്തിലും 
നിന്നെ ഒരാളും കാത്തിരിക്കുന്നില്ലെന്ന്
അറിയാവുന്നതുകൊണ്ട് ചോദിക്കുകയാണ്
ജന്മത്തിന്റെ സമയപരിധി കൊണ്ട്
ഈ ഭൂഖണ്ഡത്തെ നീ എന്തു ചെയ്യാന്‍ പോകുന്നു?




നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം

അമലനഗര്‍ ഹൌസിങ് കോളനിയില്‍
അന്‍പത്തൊന്ന് വീടുകളുണ്ട്.
അന്‍പത്തൊന്ന് വീടുകള്‍ക്കിടയില്‍
തണുത്ത് തണുത്ത് ചത്ത വഴിയുണ്ട്.

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തു

നമ്മുടെ പിച്ചക്കാരന്റെ കുട്ടിക്കാലത്ത്
ഉച്ചയ്ക്ക് വീട്ടിലേക്ക് സ്കൂള്‍ വിട്ടോടുമ്പോള്‍
മീന്‍ വറുക്കുന്ന മണത്തില്‍ പൊതിഞ്ഞ്
യേശുദാസിന്റെ പാട്ടുകള്‍ ഇറങ്ങി വരുമായിരുന്നു.

ഈ മീന്‍ വറുക്കുന്ന മണമാണ്
എന്റെ പേര് നട്ടുച്ചകളുടെ പാട്ട് എന്ന് പരിചയപ്പെടുത്തിക്കൊണ്ട്
നമ്മുടെ പിച്ചക്കാരന്റെ മയക്കത്തില്‍
ഇന്നലെയും വന്നുപോയത്.

നമ്മുടെ പിച്ചക്കാരന്‍
അന്‍പത്തൊന്ന് വീടുകളിലേക്കും
ഈ നട്ടുച്ചയ്ക്ക് ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി.
എല്ലാ വീടുകള്‍ക്കും മതിലുണ്ട്
എല്ലാ വീടുകള്‍ക്കും ഗേറ്റുണ്ട്
എല്ലാവീടുകളുടെയും മുന്‍‌വാതിലുകള്‍
അടഞ്ഞ് മോന്തകൂര്‍പ്പിച്ച് നില്‍ക്കുകയാണ്
ജനാലകള്‍ ഒരു കാലത്തും തുറക്കുകയില്ലെന്ന്
മീശ പിരിക്കുകയാണ്
എങ്കിലും എല്ലാ വീടുകളില്‍ നിന്നും ആ മണം ഇറങ്ങിവരുന്നുണ്ട്.
മണത്തെ പ്രക്ഷേപണം ചെയ്യാന്‍ പാകത്തില്‍
എല്ലാ വീടുകള്‍ക്കും അടുക്കള കാണും
ഗ്യാസടുപ്പ് കാണും
എല്ലാ അടുപ്പുകളിലും ഇപ്പോള്‍ ചട്ടി കാണും
എല്ലാ ചട്ടികളിലും പൊരിഞ്ഞുകൊണ്ടിരിക്കുന്ന മീന്‍ കാണും
എല്ലാ ചട്ടികളിലേയും മീനുകളെ ഇളക്കിയിട്ടുകൊണ്ട്
എല്ലാ വീടുകളുടേയും എല്ലാ അടുക്കളകളില്‍
ഓരോ പെണ്ണു കാണും...

നമ്മുടെ പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന
ഇടിഞ്ഞു പൊളിഞ്ഞ പീടികത്തിണ്ണയില്‍
നിറയെ കുഴിയാനകളുടെ കുഴികളുണ്ട്.
എല്ലാ കുഴികളിലും ഓരോ കുഴിയാന കാണും
കാണുമോ എന്ന സംശയത്തില്‍ അയാള്‍ ഊതി നോക്കും.
ഊതുമ്പോള്‍ മണ്ണ് പറന്നു മാറി
ഓരോ കുഴിയാനയെ കാട്ടിക്കൊടുക്കും

നട്ടുച്ചകളുടെ പാട്ട് ഒരു കറുത്ത തലേക്കെട്ടുമായി
അന്നും വന്ന് പരിചയപ്പെട്ടു.
‘ഞാനാണ് നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിച്ച മണം.’
എന്നിട്ട് അത് നടന്നു പോയി.

നമ്മുടെ പിച്ചക്കാരന്‍ ഒരേ സമയം
എല്ലാകുഴികളിലും ഊതി നോക്കുകയാണ്
എല്ലാ കുഴികളില്‍ നിന്നും മതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും ഇരുമ്പു പടിവാതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും വാതിലുകള്‍ ജനലുകള്‍
എല്ലാ കുഴികളില്‍ നിന്നും മേല്‍ക്കൂരകള്‍ ചുമരുകള്‍
എല്ലാ കുഴികളില്‍ നിന്നും അടുക്കളകള്‍ ഗ്യാസടുപ്പുകള്‍
എല്ലാ കുഴികളില്‍ നിന്നും മീന്‍ പൊരിക്കുന്ന ചട്ടികള്‍ പൊരിഞ്ഞ മീനുകള്‍
മണ്ണിനോടൊപ്പം പറന്നു പൊങ്ങി.

ഒടുക്കം എല്ലാ കുഴികളില്‍ നിന്നും
ഓരോ പെണ്ണുങ്ങള്‍ കയറിവന്നു.

അതാ നോക്കൂ
ഉറങ്ങിക്കിടക്കുന്ന നമ്മുടെ പിച്ചക്കാരനു ചുറ്റും
അന്‍പത്തൊന്ന് കുഴിയാനകള്‍!!!